മലബാർ തിരുവനന്തപുരത്തിന്റെ കോളനി; വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ 'മലബാർ എജ്യുക്കേഷൻ മൂവ്‌മെന്റ്' ശക്തമായ പോരാട്ടത്തിലേക്ക്: ഡോ. കെ.കെ.എൻ കുറുപ്പ്
മസ്‌കത്ത്: മലബാർ മേഖലയോടുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെയും വിദ്യാഭ്യാസ വിവേചനത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ് 'മലബാർ എജ്യുക്കേഷൻ മൂവ്‌മെന്റ്' എന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്. പ്രസ്ഥാനത്തിന്റെ പ്രചാരണാർത്ഥം മസ്‌കത്തിലെത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തി നൽകിയ അഭിമുഖത്തിൽ കേരളത്തിലെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചു.
തിരൂർ ജില്ല അനിവാര്യം; രാഷ്ട്രീയക്കാർ പന്തുതട്ടുന്നു
മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ച് തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കുളങ്ങര നടത്തിയ നിരീക്ഷണം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 1969-ൽ ജില്ല രൂപീകരിച്ച കാലം മുതൽ മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഇത്തരം ആവശ്യങ്ങൾ ഉയരുന്നുണ്ട്.
"1975-ൽ മൂർക്കോത്ത് രാമനുണ്ണിയും ഞാനും ചേർന്ന് ഇതിനായി സമിതിയുണ്ടാക്കിയിരുന്നു. പിന്നീട് എം.ഇ.എസ് അധ്യക്ഷൻ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലും ശ്രമങ്ങൾ നടന്നു. തിരൂർ കേന്ദ്രമാക്കി പുതിയ ജില്ല സ്ഥാപിച്ചാൽ മാത്രമേ ആ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ സാമൂഹിക മോചനമുണ്ടാകൂ. രാഷ്ട്രീയക്കാർ ഈ വിഷയം വെച്ച് പന്തുതട്ടിക്കളിക്കുകയാണ്. ഒരു സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ പഠനം നടത്തിയാണ് താൻ ഇക്കാര്യം സംസാരിക്കുന്നത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ."
'മലബാർ തിരുവനന്തപുരത്തിന്റെ കോളനി'
മലബാർ നേരിടുന്ന വിദ്യാഭ്യാസ അവഗണന വെറുമൊരു ആരോപണമല്ല, മറിച്ച് കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ (Statistics) നിരത്തി തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘മലബാർ തിരുവനന്തപുരത്തിന്റെ കോളനിയാണ്’ എന്ന പേരിൽ തന്നെ പ്രസ്ഥാനം പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
ഓരോ ഇടത്തുമുള്ള പി.ജി കോഴ്‌സുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ കുറവ് ഇതിൽ വ്യക്തമാണ്. കാസർകോട് ജില്ലയിലെ ഗവൺമെന്റ് കോളജുകളിൽ പത്തു പി.ജി കോഴ്‌സുകൾ പോലുമില്ല. വയനാടിന്റെ അവസ്ഥയും സമാനമാണ്.
സാധാരണക്കാരന്റെ ദുരിതം:
സർക്കാർ മേഖലയിൽ സൗകര്യങ്ങളില്ലാത്തതിനാൽ സാധാരണക്കാരന്റെ മക്കൾക്ക് സയൻസോ ചരിത്രമോ പഠിക്കാൻ കഴിയുന്നില്ല. പ്രൈവറ്റ് കോളജുകളിൽ പഠിക്കാൻ പണമില്ലാത്ത അവസ്ഥയാണ്. സി.എച്ച്. മുഹമ്മദ് കോയയും ഇ.എം.എസും ചേർന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് കൊണ്ടാണ് താൻ പോലും ഇന്ന് ഈ നിലയിലെത്തിയത്. ആ കടപ്പാട് സമൂഹത്തിന് തിരിച്ചു നൽകാനാണ് ഈ പ്രസ്ഥാനത്തിലൂടെ ശ്രമിക്കുന്നത്.
ട്രൈബൽ യൂണിവേഴ്‌സിറ്റിയും തുളുനാട് റിപ്പോർട്ടും
വയനാട് കേന്ദ്രമാക്കി ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയും അതിന്റെ ഉപകേന്ദ്രങ്ങൾ കാസർകോട്ടും ഇടുക്കിയിലും വരികയും ചെയ്യണമെന്നത് പ്രധാന ആവശ്യമാണ്.
"ആദിവാസി കുട്ടികൾ മറ്റ് സർവകലാശാലകളിൽ വലിയ സാംസ്‌കാരിക ഇടച്ചിൽ (Cultural Clash) നേരിടുന്നുണ്ട്. പിന്നാക്ക സാഹചര്യങ്ങളിൽ നിന്ന് വരുന്ന അവർക്ക് പ്രത്യേക പാക്കേജും ട്രെയിനിംഗും ആവശ്യമാണ്. ഇതിനായി കെട്ടിടങ്ങൾ മാത്രം പോര, പുതിയ വിഷയങ്ങളും അത് പഠിപ്പിക്കാൻ ആളുകളും വേണം."
കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങളുടെ പിന്നാക്കാവസ്ഥ യെക്കുറിച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് 60 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയതായും ഡോ. കുറുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 'തുളുനാട് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ' രൂപീകരിച്ചു. കാസർകോട് ജില്ലയിലെ പണിഷ്മെന്റ് ട്രാൻസ്ഫറുകൾ നിർത്തലാക്കണമെന്നും മലബാറിൽ മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂട ധൂർത്തും ഇടതിന്റെ തളർച്ചയും
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകളെ ഡോ. കുറുപ്പ് തുറന്നുകാട്ടി. താനൊരു ഇടതുപക്ഷക്കാരനാണെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ധൂർത്ത്:
മുഖ്യമന്ത്രി 40 അകമ്പടി വാഹനങ്ങളുമായി പോകുന്നത് ജനങ്ങളിൽ അതൃപ്തിയുണ്ടാക്കി. ഇ.എം.എസോ നായനാരോ അച്യുതമേനോനോ ഇത്തരം ധൂർത്ത് കാണിച്ചിട്ടില്ല.
തമിഴ്‌നാട്ടിലെ പോലെ വീരാരാധനയിലേക്കും താരാരാധനയിലേക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയതാണ് പരാജയത്തിന് കാരണം.
ഭരണവിരുദ്ധ വികാരം: ഭരണകൂടം പാവങ്ങളിൽ നിന്ന് അകന്നുപോയി. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ തന്നെ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന അവസ്ഥയു ണ്ടായി.
ഇടതുപക്ഷവും കോൺഗ്രസും ഗാന്ധിയൻ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായും എല്ലാം അധികാരത്തിന് വേണ്ടിയുള്ള മത്സരമായി മാറിയതായും അദ്ദേഹം പരിതപിച്ചു. ലോകം മുഴുവൻ ഗാന്ധിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും മൂല്യങ്ങൾ പ്രചരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















