ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് തിരഞ്ഞെടുപ്പ്.
എന്നാൽ ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങുമ്പോൾ രാജ്യം കാണുന്നത് ആഘോഷമല്ല, മറിച്ച് അധികാരക്കസേര ലക്ഷ്യമാക്കി നടക്കുന്ന നീക്കുപോക്കില്ലാത്ത ' വടംവലികളാണ്.
ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പദം എന്ന അപ്പക്കഷണത്തിന് വേണ്ടി കടിപിടികൂടുന്ന കാഴ്ച ഏതൊരു പൗരനെയും ലജ്ജിപ്പിക്കുന്നതാണ്.
മഹാത്മാഗാന്ധി ലോകത്തിന് നൽകിയ വലിയൊരു പാഠമുണ്ട് -
'തത്ത്വങ്ങളില്ലാത്ത രാഷ്ട്രീയം' (Politics without Principles) എന്നത് അദ്ദേഹം ഒരു സാമൂഹിക പാപമായാണ് കണക്കാക്കിയത്. എന്നാൽ ഇന്നത്തെ നേതാക്കൾക്ക് തത്ത്വങ്ങളല്ല, തൽസ്ഥാനങ്ങളാണ് വലുത്.
"സേവനത്തിനുള്ള ഏറ്റവും വലിയ പ്രതിഫലം ആ പദവിയിലൂടെ കൂടുതൽ പേരെ സേവിക്കാൻ കിട്ടുന്ന അവസരമാണ്" എന്നാണ് മഹാത്മജി പഠിപ്പിച്ചത്....
എന്നാൽ ഇന്ന് പദവി എന്നത് സേവനത്തിനുള്ള ഉപാധിയല്ല, മറിച്ച് തങ്ങളുടെ ഗ്രൂപ്പിന്റെ അധീശത്വം ഉറപ്പിക്കാനുള്ള കോട്ടയായാണ് പലരും കാണുന്നത്. ഓരോ വർഷവും മുഖ്യമന്ത്രി പദം വീതം വെച്ച് എടുക്കാം എന്നെങ്കിലും തീരുമാനിച്ചാലും വേണ്ടില്ല ഈ കരച്ചിലും കാലിട്ടടിയും ഒതുക്കാമായി രുന്നില്ലേ എന്നാണ് പൊതുജനം ചിന്തിക്കുന്നത് .
അധികാരം വെറുമൊരു കച്ചവടച്ചരക്കായി അധഃപതിച്ചു എന്ന് പറയേണ്ടി വരും.
വഴിതെറ്റുന്ന മൂരിയും വെപ്രാളപ്പെടുന്ന മുരി ക്കാരനും
നാട്ടുചൊല്ലുകളിൽ പറയുന്നത് പോലെ, 'വയറ്റുപോക്കുള്ള മൂരിയെ പൊന്നാനിയിലെത്തിക്കാൻ പാടുപെടുന്ന പഴയ മൂരിക്കാരൻ പറഞ്ഞ നാട്ടുചൊല്ല് ജനങ്ങൾ ഇപ്പോൾ ഓർത്തെടുക്കുന്നു
'' ഇപ്പംതന്നെ ഇങ്ങിനെ വയറ്റുന്നു പോന്ന മൂരീനെങ്ങിനെയാ പൊന്നാനീലെത്തിക്കുക '' ?
ആ അവസ്ഥയാണിപ്പോൾ കേരളത്തിലുള്ളത് .
സ്വന്തം നേതാക്കളെ നിയന്ത്രിക്കാനോ തർക്കങ്ങൾ പരിഹരിക്കാനോ കഴിയാതെ, അധികാരത്തിന്റെ മണം പിടിച്ചു നടക്കുന്നവരെ അനുനയിപ്പി ക്കാൻ പാടുപെടുകയാണ് നേതൃത്വം.
ലാളിത്യം ജീവിതവ്രതമാക്കിയ ഒരു പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ, ഒരു കൊടിവച്ച കാറിനും കസേരയ്ക്കും വേണ്ടി ജനവിധിയെ തെരുവിൽ ലേലം വിളിക്കുന്നത് കഷ്ടമാണ്.നാണക്കേടാണ് ,ജനം കാർക്കിച്ചതുപ്പാൻ തുടങ്ങിയെങ്കിൽ കുറ്റം പറയാനാകില്ല .
തഴയപ്പെടുന്ന യോഗ്യതകൾ
ഗാന്ധിജി പറഞ്ഞിട്ടുണ്ട്, "ആത്മത്യാഗം ചെയ്യാൻ തയ്യാറുള്ളവനേ നേതൃത്വത്തിന് അർഹതയുള്ളൂ" എന്ന്. പക്ഷേ ഇവിടെ നടക്കുന്നത് ആത്മത്യാഗമല്ല, അന്യന്റെ അവസരങ്ങൾ കൂടി തട്ടിയെടുക്കാനുള്ള 'കായബല' പ്രകടനങ്ങളാണ്. യോഗ്യരായ പല നേതാക്കളും ഈ ഗ്രൂപ്പ് കളിയിൽ തഴയപ്പെടുന്നു. നേതാക്കൾ ഇളംതലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നത് 'സേവനമല്ല, മറിച്ച് എങ്ങനെ ആരെയും ചവിട്ടിമെതിച്ച് അധികാരത്തിലെത്താം' എന്ന വികലമായ പാഠമാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണചക്രം തിരിക്കേണ്ട സമയത്ത് പല്ലിളിച്ചും മുരണ്ടും തമ്മിൽ തല്ലുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അധികാരം എന്നത് എറിഞ്ഞുകൊടുക്കുന്ന 'എച്ചിൽ' അല്ലെന്ന് നേതാക്കൾ തിരിച്ചറിയണം. ഗാന്ധിയൻ മൂല്യങ്ങൾ പ്രസംഗങ്ങളിലും വേഷത്തിലും മാത്രം ഒതുക്കാതെ, അത് പ്രവൃത്തിയിൽ കൂടി കൊണ്ടുവരാൻ ഇവർ തയ്യാറാകണം. അല്ലാത്തപക്ഷം, ഈ രാഷ്ട്രീയ വടംവലികൾ ജനാധിപത്യത്തിന്റെ അന്തകനായി മാറും എന്നതിൽ തർക്കമില്ല.
ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















