ഏകദേശം അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ വായിച്ച ആരുടെയോ ഒരു ചെറുകഥ ഇന്നും എന്റെ മനസ്സിൻ്റെ കോണിൽ മായാതെ നിൽക്കുന്നു.
ഗുരുവായൂരമ്പലത്തിൽ ഭഗവാനെ കാണാൻ വേഷ്ടിയും തോർത്തുമെല്ലാം എയർ ബാഗിലാക്കി നേരം പുലരാൻ കാത്തിരുന്ന ഒരു ഗ്രാമീണ കുടുംബത്തിന്റെ പഴയകാല കഥ.
അതിൽ ആറാം ക്ലാസ്സുകാരിയായ അമ്മിണിക്കുട്ടിക്ക് ഉണ്ടായിരുന്ന ആവേശം വാക്കുകൾക്ക് അതീതമായിരുന്നു. എന്നാൽ, ആ ആവേശം മുഴുവൻ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് അവൾ ഓർക്കാപ്പുറത്ത് ഋതുമതിയായതുകൊണ്ടായിരുന്നു
കഥ അവസാനിക്കുന്നത് ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട അച്ഛനും അമ്മയും കൊച്ചുമകളെ തൊട്ടടുത്ത വീട്ടിലെ അമ്മൂമ്മയുടെ അടുത്ത് നിർത്തി യാത്ര തുടരുന്നിടത്താണ്. ആ കൊച്ചു പെൺകുട്ടിയുടെ കണ്ണീരും നിസ്സഹായാവസ്ഥയും വായനക്കാരെ അന്ന് വല്ലാതെ വേദനിപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് കാലം മാറി. എൻറെ പ്രിയ സുഹൃത്ത് സുജേഷ് പുനത്തിലിൻ്റെ മകൾ ദേവ്ന എന്ന ആറാം ക്ലാസ്സുകാരി മിടുക്കിക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കിയ ഒരു കുടുംബ വീഡിയോ കാണാനിടയായപ്പോഴാണ് ഈ പഴയ കഥ ഞാൻ വീണ്ടും ഓർത്തത്.
സുജേഷിന്റെ അടുത്ത ബന്ധു നിമ്മി സുഹേഷ് പങ്കുവെച്ച ആ വീഡിയോ, ആർത്തവത്തെയും ഋതുമതിയാകുന്ന ചടങ്ങിനെയും സമൂഹം എത്രത്തോളം പോസിറ്റീവായി കാണുന്നു എന്നതിൻ്റെ വലിയൊരു തെളിവാണ്.
ഒരു പെൺകുട്ടി ശാരീരികമായി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനെയാണ് നാം 'ഋതുമതിയാകുക' എന്ന് പറയുന്നത്. പഴയകാലത്ത് കേരളത്തിലെ ഹൈന്ദവ കുടുംബങ്ങളിൽ ഇത് വലിയൊരു ആഘോഷമായിരുന്നു. എന്നാൽ ആ ആഘോഷങ്ങൾക്കിടയിലും ചില 'അയിത്തങ്ങൾ' ഒളിഞ്ഞിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
പഴയകാലത്തെ വേർതിരിവുകൾ അഥവാ അകലം പാലിക്കൽ
മുൻകാലങ്ങളിൽ ഒരു പെൺകുട്ടി ഋതുമതിയായാൽ അവളെ വീടിന്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തുമായിരുന്നു. 'അകലം പാലിക്കൽ' എന്ന പേരിൽ നടന്ന ആചാരം യഥാർത്ഥത്തിൽ ഒരുതരം ഒറ്റപ്പെടുത്തലായിരുന്നു.വീട്ടിലെ മറ്റുള്ളവരെ തൊടാനോ അടുക്കളയിൽ പ്രവേശിക്കാനോ അനുവാദമുണ്ടായിരുന്നില്ല.ഒരുതരത്തിൽപ്പറഞ്ഞാൽ ഒരുതരം സമ്പർക്ക വിലക്ക്
ഏറ്റവും വലിയ വിലക്ക് ക്ഷേത്രങ്ങളിൽ പോകുന്നതിനായിരുന്നു. ആർത്തവകാലം 'അശുദ്ധി'യായി കണക്കാക്കപ്പെട്ടിരുന്നതിനാൽ ദൈവത്തിന് മുന്നിൽപ്പോലും അവൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ശാരീരികമായ മാറ്റങ്ങൾ സംഭവിക്കുന്ന ആ ഘട്ടത്തിൽ സ്നേഹവും കരുതലും നൽകുന്നതിന് പകരം മാറ്റിനിർത്തുന്നത് ആ കുട്ടിയുടെ മനസ്സിനെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് നാം ചിന്തിക്കേണ്ട തുണ്ട്.
'തീണ്ടൽ' എന്ന വാക്കിൽ നിന്നാണ് 'തീണ്ടാരി' ഉണ്ടായത്. ഇത് പഴയകാല ത്തെ ജാതീയമായ അയിത്തത്തോട് ചേർന്നുനിൽക്കുന്ന പ്രയോഗമാണ്.
ഇതിൽ ഒരുതരം അകറ്റിനിർത്തലും അശുദ്ധിയും കലർന്നിരിക്കുന്നു. ആ പെൺകുട്ടി തൊട്ടുകൂടാത്തവളാണ് എന്ന ക്രൂരമായ അർത്ഥമാണ് ഈ വാക്ക് പേറുന്നത്.
വീടിന് പുറത്തോ പ്രത്യേക മുറിയിലോ അവളെ തളച്ചിട്ടിരുന്ന ഇരുണ്ട കാലത്തിന്റെ അടയാളമാണിത്.
ആർത്തവം' :ഋതു' എന്ന വാക്കിൽ നിന്നാണ് ആർത്തവം ഉണ്ടാകുന്നത്. പ്രകൃതിയിലെ മാറ്റങ്ങൾ പോലെ പെൺശരീരത്തിൽ സംഭവിക്കുന്ന കാലികമായ മാറ്റം.
നമ്മുടെ ഭാഷയിലെ കുറച്ചുകൂടി മാന്യവും അർത്ഥവത്തുമായ പദമാണിതെന്നു പറഞ്ഞാൽ തെറ്റാവില്ല
'തീണ്ടാരി. പണ്ട് ഇത് വീട്ടുമുറ്റത്ത് പോലും ഉച്ചരിക്കാൻ മടിയുള്ള ഒരു വാക്കായിരുന്നു. ഇൻഗ്ളീഷ് ഭാഷ വശമായതോടെ 'മെൻസസ് പിരീയഡ് ' എന്ന വാക്ക് പുതിയ തലമുറയുടെ ആത്മവിശ്വാസത്തിൻറെ അടയാളവാക്യമായിമാറി.
ഇന്ന് നമ്മുടെ പെൺകുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കു ന്നവാക്കും ഇതാണ്.
ഈ വാക്കിന് പിന്നിൽ ഒളിച്ചുവെക്കലുകളില്ല. ഇതൊരു 'മെഡിക്കൽ' അല്ലെങ്കിൽ 'ബയോളജിക്കൽ' അവസ്ഥയാണെന്ന തിരിച്ചറിവ് ഇതിലുണ്ട്.
എനിക്ക് മെൻസസ് ആണ്" എന്ന് ഒരു പെൺകുട്ടി പറയുമ്പോൾ അവൾ ഒരു അശുദ്ധിയെക്കുറിച്ചല്ല, മറിച്ച് തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് വ്യക്തതയോടെ സംസാരിക്കുകയാണ്. പഴയകാലത്തെ നാണക്കേടിന്റെയും പേടിയുടെയും തടവറയിൽ നിന്ന് അവൾ പുറത്തുവന്നു എന്നതിന്റെ തെളിവാണിത്
തറവാട്ടിലെ കട്ടിലും 'തൊട്ടുകളിയും'
എന്റെ ഓർമ്മയിൽ മറ്റൊരു ചിത്രം കൂടിയുണ്ട്. ഏകദേശം 75 വർഷങ്ങൾ ക്കപ്പുറം ഞങ്ങളുടെ തറവാട്ടുവീട്ടിൽ ആർത്തവസമയങ്ങളിൽ സ്ത്രീകൾ കിടപ്പുമുറി മാറ്റുമായിരുന്നു.
എന്റെ അച്ഛന്റെ സഹോദരി മുകളിലെ മുറിയിലേയ്ക്ക് കയറുന്ന ഗോവണിയുടെ ചുവട്ടിൽ ഇത്തരം ആവശ്യങ്ങൾക്കായി മാത്രമിട്ട ഒരു കട്ടിലിലായിരുന്നു ആ ദിവസങ്ങളിൽ കിടക്കുക.
ആ ദിവസങ്ങളിൽ അവർ ഞങ്ങളാരെയും തൊടില്ല; ആഹാരം കഴിക്കുന്ന പാത്രം പോലും വേറെയായിരുന്നു.കുട്ടികളായ ഞങ്ങൾക്കിതൊരു മായക്കാഴ്ച്ചയായിരുന്നു .
എന്നാൽ അന്ന് ഒരു ചെറിയ കുസൃതിയിലൂടെ ഞാൻ ഈ ആചാരത്തെ മറികടക്കാൻ ശ്രമിച്ചിരുന്നു. ഈ സമയങ്ങളിൽ ഞാൻ പോയി അവരെ തൊടും!
തീർന്നില്ല, ആ കൈകൊണ്ട് അടുക്കളയിൽ ചെന്ന് കണ്ടവരെയെല്ലാം വെറുതെ തൊട്ട് തലോടി ഓടിക്കളയുമായിരുന്നു.
എന്റെ അച്ഛൻറെ അമ്മ വിറകുംകൊള്ളിയെടുത്ത് എന്റെ പിന്നാലെ പായും .പറമ്പ്നിറയെ ഓടിത്തളർന്നാവും അവർ തിരിച്ചുപോവുക.
ആസമയങ്ങളിൽ ഞാൻ ഏതെങ്കിലും മരക്കൊമ്പിൽ കയറി ഇലയനക്ക മില്ലാത്ത ഇരിക്കുന്നുണ്ടാവും .
'തീണ്ടാരി' യുള്ള ആളിനെതൊട്ട കൈവിരൽ കൊണ്ട് ഞാൻ സ്പർശിച്ച മറ്റ് ചിലർ ഉടനെ കുളിമുറിയിൽ കയറി കുളിച്ചു ശുദ്ധമായിട്ടേ അടുക്കളയി ൽ കയറിയിരുന്നുള്ളൂ .
കുട്ടിക്കാലത്തെ ആ തമാശകൾക്ക് പിന്നിൽ ആചാരങ്ങൾക്കിടയിലും മനുഷ്യത്വത്തെ മുറുകെപ്പിടിച്ച ചില വലിയ മനുഷ്യരുടെ സാന്നിധ്യ മുണ്ടായിരുന്നു.
എന്റെ അച്ഛന്റ്റെ അച്ഛൻ ഇതിനോടോന്നും വലിയ യോജിപ്പുള്ള ആളായിരുന്നില്ല.അച്ഛനും ഏറെക്കുറെ അങ്ങിനെത്തന്നെ .
എന്റെ കുട്ടിക്കാലങ്ങളിൽ പ്രദേശത്തെ പെൺകുട്ടികൾ ഋതുമതികളാ യെങ്കിൽ അവളെയുംകൊണ്ട് റെയിലിനടുത്തുള്ള വിശാലമായ ചെറിയാ ണ്ടിത്തോട്ടിലെത്തും .
ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം ജാഥയായി .തലയിൽ ചുരുട്ടിപ്പിടിച്ച പായയുംകൊണ്ടാവും പെൺകുട്ടി നടക്കുക.
കൂറെ പഠിക്കുന്ന കുട്ടികളെ കണ്ടാൽ അവളുടെ നാണിച്ച മുഖത്തിൻറെ നാട്ടുചന്തമൊന്നുവേറേ .ഇതെന്താണെന്നോ എന്തിനെന്നോ ഒന്നുമറിയാത്ത കൊച്ചുപിള്ളേരായ ഞങ്ങൾക്കിതൊരു തമാശ ...പൊട്ടൻ പൂരംകാണാൻപോയപോലെ നോക്കിനിൽക്കും ...
മടപ്പള്ളിക്കുന്നിൽ കോളേജ് ന്നതോടെ വിദ്യാഭ്യാസത്തിന് അവസരം കൂടി.
ഇവിടെ മാറ്റലും മന്ത്രവാദവും പ്രേതംകൂടലും വരവിൽ കുടുങ്ങ ലും കുറഞ്ഞു .പ്രേതങ്ങളും ബ്രഹ്മരക്ഷസ്സുമെല്ലാം പുതിയമേച്ചിൽപുറം തേടി യാത്രയായി.ചരട് മന്ത്രിച്ച് കെട്ടുന്നവരുടെ എണ്ണവും കുറഞ്ഞു .
മാറ്റത്തിന്റെ അടയാളങ്ങൾ
തുറന്നുപറയുന്ന കരുത്ത്: "എനിക്ക് ഇന്ന് വരാൻ കഴിയില്ല, മെൻസസ് ആണ്" എന്ന് യാതൊരു മടിയും കൂടാതെ പറയാൻ നമ്മുടെ പെൺകുട്ടികൾ ഇന്ന് പഠിച്ചു കഴിഞ്ഞു.
ഒളിഞ്ഞും പതുങ്ങിയും വേണ്ട: സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഇന്ന് പഴയതുപോലെ കറുത്ത കവറിന്റെയോ നാണത്തിന്റെയോ മറ ആവശ്യമില്ല. അത് തന്റെ ശാരീരിക ആവശ്യമാണെന്ന ബോധ്യം അവർക്കുണ്ട്.
പഴയകാലത്ത് മാറ്റിനിർത്തലുകളുടെയും വിലക്കുകളുടെയും സമയമായിരുന്നു ഇതെങ്കിൽ, ഇന്ന് ദേവ്നയുടെ വീഡിയോയിൽ കണ്ടതുപോലെ കുടുംബം മുഴുവൻ ഒത്തുചേർന്ന് ആ മാറ്റത്തെ സന്തോഷത്തോടെ വരവേൽക്കുന്നു.ആഘോഷനിലവിലുള്ള അനുകരണീയമായ വളർച്ച.
ക്ഷേത്രപ്രവേശനം പോലുള്ള കാര്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിലക്കുകളെ നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ദൈവത്തിന്റെ സന്നിധിയിൽ എല്ലാവരും തുല്യരാണെങ്കിൽ, പ്രകൃതിദത്തമായ ഒരു ശാരീരിക പ്രക്രിയ എങ്ങനെയാണ് അശുദ്ധമാകുന്നത്? അമ്മിണിക്കുട്ടിക്ക് അന്ന് നഷ്ടപ്പെട്ട ആ ഗുരുവായൂർ യാത്ര ഇനിയൊരു പെൺകുട്ടിക്കും ഉണ്ടാകരുത്.ഇനി മാറേണ്ടത് അതല്ലേ ?
പഴമയെ നാം ബഹുമാനിക്കണം, പക്ഷേ അത് പുരോഗതിക്ക് തടസ്സമാകുന്ന രീതിയിലാകരുത്.
ദേവ്നയെയും അവളുടെ കുടുംബത്തെയും പോലെ ആർത്തവത്തെ ഒരു സ്വാഭാവിക മാറ്റമായി കാണാൻ എല്ലാവർക്കും സാധിക്കട്ടെ. ഈ മാറ്റം നമുക്ക് നൽകുന്നത് വലിയൊരു പ്രതീക്ഷയാണ് — ഒരു സ്വതന്ത്ര ചിന്താഗതിയുള്ള തലമുറയുടെ വളർച്ച.മാറ്റം പ്രകൃതിയുടെ നിയമമാണ് .
ആർത്തവവും പുരാണ കഥാപാത്രങ്ങളും
പുരാണകാലത്ത് ആർത്തവത്തെ വിശ്രമത്തിനുള്ള ഒരു കാലയളവായാ ണ് കണ്ടിരുന്നത്.
കഠിനമായ വീട്ടുജോലികളിൽ നിന്നും പൂജകളിൽ നിന്നും സ്ത്രീകൾക്ക് വിട്ടുനിൽക്കാൻ ഇത് അവസരം നൽകിയിരുന്നു.
എന്നാൽ കാലക്രമേണ ഇത് പല തെറ്റായ വിശ്വാസങ്ങൾക്കും മാറ്റിനിർത്തലുകൾക്കും കാരണമായി മാറി എന്നുവേണം കരുതാൻ .
പുരാണങ്ങളിൽ ആർത്തവം പലപ്പോഴും ഒരു ശുദ്ധീകരണ പ്രക്രിയയായും ചില ശാപങ്ങളുടെ ഭാഗമായുമാണ് ചിത്രീകരിക്കപ്പെട്ടി രിക്കുന്നത്.
മഹാഭാരതത്തിലെ വസ്ത്രാക്ഷേപ വേളയിൽ ദ്രൗപതി 'ഏകവസ്ത്ര 'യായും 'രജസ്വല'യുമായിരുന്നു എന്ന് പരാമർശമുണ്ട്.
അതായത്, ആ സമയത്ത് ദ്രൗപതി ആർത്തവത്തിലായിരുന്നു. ആർത്തവകാലത്ത് സ്ത്രീകൾ കുടുംബത്തിൽ നിന്ന് മാറി നിൽക്കണമെന്ന അന്നത്തെ ആചാരപ്രകാരമാണ് ദ്രൗപതി ഒറ്റമുണ്ട് ധരിച്ച് മാറി ഇരുന്നിരുന്നത്. ദുശ്ശാസനൻ ദ്രൗപതിയെ സഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത് ആർത്തവകാലത്തെ അവശതകൾ പോലും കണക്കിലെടുക്കാതെയായിരുന്നു എന്നത് ആ കൃത്യത്തിന്റെ ക്രൂരത വർദ്ധിപ്പിക്കുന്നു.
https://www.youtube.com/watch?v=ucTrJXev6ck
ലിങ്കിൽക്ളിക്ക് ചെയ്ത്വീഡിയോ കണ്ടാലും
പഴമയെ നാം ബഹുമാനിക്കണം, പക്ഷേ അത് പുരോഗതിക്ക് തടസ്സമാകുന്ന രീതിയിലാകരുത്. ദേവ്നയെയും അവളുടെ കുടുംബത്തെയും പോലെ ആർത്തവത്തെ ഒരു സ്വാഭാവിക മാറ്റമായി കാണാൻ എല്ലാവർക്കും സാധിക്കട്ടെ. ഈ മാറ്റം നമുക്ക് നൽകുന്നത് വലിയൊരു പ്രതീക്ഷയാണ് — ഒരു സ്വതന്ത്ര ചിന്താഗതിയുള്ള തലമുറയുടെ വളർച്ച.മാറ്റം പ്രകൃതിയുടെ നിയമമാണ് .
ലോറലിൽ എല്ലാം കിട്ടും
കല്യാണ തിരക്കിൽ ആശ്വാസത്തോടെ ഇരിക്കാം.
കല്യാണം ലോറലിൽ ആണെങ്കിൽ എല്ലാം ഒരു കുടക്കീഴിൽ കിട്ടും.
#laurelgarden #weddingvenue #laurelgardenkerala #sarvammaaya #eventmanagement
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















