കൂട്ടക്കൊലകൾക്കും ദുരന്തങ്ങൾക്കും കാരണമാവുന്ന അരക്ഷിതമായ വെടിക്കെട്ടു നിർമ്മാണവും കമ്പക്കെട്ടുകളും നിരവധി അപകടങ്ങൾക്കു ശേഷവും തുടരുന്നതിൽ ഒന്നാമത്തെ കുറ്റവാളി സർക്കാർ തന്നെയാണെന്ന് ഡോ. കെ. ജി. താര പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ പൂരത്തിനു വെടിക്കെട്ടു സാമഗ്രികളുണ്ടാക്കുമ്പോൾ മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തെ വെറുമൊരു അപകടമായി കാണാനാവില്ല. നിയമലംഘനങ്ങളും ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകളും സർക്കാരിൻ്റെ നിസ്സംഗതയുമൊക്കെ ഈ കൂട്ടക്കുരുതിക്കു കാരണമായിട്ടുണ്ടെന്ന് ഡോ. താര പറഞ്ഞു. ആഘോഷങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ ഏതു സാമൂഹ്യവിരുദ്ധതയേയും അംഗീകരിച്ചു കൊടുക്കുന്ന സർക്കാരുകളാണ് മുമ്പും ഇപ്പോഴും നമ്മെ ഭരിക്കുന്നതെന്ന് ഡോ. താര ചൂണ്ടിക്കാട്ടി.
മുണ്ടത്തിക്കോടും തമിഴ്‌നാട്ടിലെ വിരുദുനഗറിലും സമീപ ദിവസങ്ങളിൽ നടന്ന വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ, അത്തരം വെടിക്കെട്ട് / കമ്പക്കെട്ട് കൂട്ടക്കൊലകൾ തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 'തിരുവനന്തപുരം യുക്തിവാദിസംഘ' ത്തിൻ്റേയും 'ജനാധിപത്യ വേദി'യുടേയും 'നാസ്തിക് നേഷ' ൻ്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ നടന്ന സായാഹ്ന ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. താര.
സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ പോലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയിട്ടുള്ള വെടിക്കെട്ടുകൾ ദുരന്തങ്ങൾക്കു വഴി വച്ചിട്ടുണ്ടെന്ന് തുടർന്നു സംസാരിച്ച പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ പി.കെ. ഉത്തമൻ ഉദാഹരണങ്ങൾ വച്ചു കൊണ്ട് ചൂണ്ടിക്കാട്ടി. ശാസ്ത്ര ബോധവും മനുഷ്യത്വവുമുള്ള ബഹുജനങ്ങൾ ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും പേരിൽ നടക്കുന്ന, സമൂഹ വിരുദ്ധമായ ആന എഴുന്നെള്ളത്തിനും കമ്പക്കെട്ടുകൾക്കുമെതിരെ രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജനാധിപത്യവേദി കൺവീനർ പി.കെ. വേണുഗോപാലൻ ധർണ്ണക്ക് അദ്ധ്യക്ഷത വഹിച്ചു. ഇപി അനിൽ സ്വാഗതം ആശംസിച്ചു.
പി. സുശീലൻ, ടി.എസ്.പ്രദീപ്,
ഡോ. പ്രസാദ്, ബി.നാഗപ്പൻ, വെള്ളനാട് രാമചന്ദ്രൻ, നാഗേഷ്ചാർവാകം, മുണ്ടേല ബഷീർ, പ്രതീഷ് ബി,
എൻ.കെ. ഇസ്ഹാക്ക് തുടങ്ങിയവർ സംസാരിച്ചു. എം.സത്യദാസ് കൃതജ്ഞത രേഖപ്പെടുത്തി.
ടി. എസ്. പ്രദീപ്
പ്രസിഡൻ്റ്
തിരുവനന്തപുരം യുക്തിവാദി സംഘം
തിരുവനന്തപുരം
24/04/2026
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















