മതിയായില്ലേ ഈ കൊലക്കളിയാട്ടം? :ദിവാകരൻ ചോമ്പാല

മതിയായില്ലേ ഈ കൊലക്കളിയാട്ടം? :ദിവാകരൻ ചോമ്പാല
മതിയായില്ലേ ഈ കൊലക്കളിയാട്ടം? :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 22, 11:48 AM
SAMUDRA
NISH
yoga

ഒരാളെ തളർത്താൻ നടത്തുന്ന ശ്രമം പരാജയപ്പെടുമ്പോൾ സ്വയം സമാധാനിക്കാനോ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് ഭാഷയിൽ: "വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോ?" എന്ന്. എന്നാൽ ഇന്ന് വെടിക്കെട്ടുകാരന്റെ പട്ടി മാത്രമല്ല, അവന്റെ കുടുംബവും നാടും നഗരവും മനുഷ്യമനസ്സാക്ഷിയും ഒരുപോലെ ഞെട്ടിവിറച്ചു നിൽക്കുന്ന ഭയാനകമായ ഒരവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്.

ഇനിയുമേറെക്കാലം നമ്മോടൊപ്പം ജീവിക്കേണ്ട മനുഷ്യർ വെടിക്കെട്ടുപുരകളിലെ സ്ഫോടനങ്ങളിൽ ചിന്നിച്ചിതറിപ്പോകുന്ന വാർത്തകൾ നിത്യസംഭവമാകുന്നു. ഈ വാർത്തകൾ കേൾക്കുമ്പോൾ, "അയ്യോ, വെടിക്കെട്ട് ഇല്ലാതാവുമോ?", "പൂരം പൊടിപൂരം എന്ന പ്രയോഗത്തിന് മങ്ങലേൽക്കുമോ?" എന്നൊക്കെ ശങ്കിക്കുന്ന വിവരദോഷികളുണ്ട്. അവരെക്കാൾ വലിയൊരു വിഭാഗം ഇന്ന് ആഗ്രഹിക്കുന്നത് മനുഷ്യനെ കുരുതികൊടുത്തുകൊണ്ടുള്ള ഈ ആസുരമായ ആഘോഷങ്ങൾക്ക് അറുതിവേണം എന്ന് തന്നെയാണ്. മാറ്റം പ്രകൃതിയുടെ നിയമമാണ്. ആ മാറ്റത്തിനനുസരിച്ച് നമ്മൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സാങ്കേതികവിദ്യയുടെ

കാലത്തെ കാളവണ്ടി ചിന്തകൾ


നമ്മൾ ജീവിക്കുന്നത് കാളവണ്ടി യുഗത്തിലല്ല;  മലഞ്ചൂരൽ മലയിറങ്ങി കാട്ടുപോത്തിനെ മെരുക്കി പണിയെടുപ്പിച്ച പ്രാകൃത കാലത്തുമല്ല. പരമ്പരാഗതമായി തിരി കൊളുത്തി നടത്തുന്ന അപകടകരമായ രീതികളിൽ നിന്ന് മാറി, കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമായ മാർഗ്ഗങ്ങൾ നിലവിലുള്ള കാലമാണിത്. തീപ്പെട്ടിയോ നേരിട്ടുള്ള അഗ്നി സ്രോതസ്സുകളോ ഇല്ലാതെ, ദൂരെ മാറി നിന്ന് സെക്കൻഡിന്റെ ആയിരത്തിലൊന്ന് ഭാഗം കൃത്യതയിൽ സ്ഫോടനം നിയന്ത്രിക്കാൻ ഇന്ന് സാധിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങൾ വഴി ഒരേസമയം നൂറുകണക്കിന് സ്ഫോടനങ്ങൾ ക്രമീകരിക്കുന്ന 'ഇലക്ട്രോ-പൈറോ ടെക്‌നിക്' വിദ്യകൾ ലോകം മുഴുവൻ വ്യാപകമായിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ പുതുവർഷം ആഘോഷിക്കാൻ വെടിക്കെട്ടുകാരെ ശിവകാശിയിൽ നിന്നോ തൃശ്ശൂരിൽ നിന്നോ ആരും കൊണ്ടുപോകുന്നില്ല. അവർ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്നു. നമുക്ക് മാത്രം എന്തേ ഈ മാറ്റം അന്യമാകുന്നു?

ആകാശത്ത് വിരിയുന്നത് ചോരപ്പൂക്കൾ

ഓരോ അമിട്ടുകൾ പൊട്ടി ആകാശത്ത് വിരിയുന്നത് വെറും വർണ്ണവിസ്മയങ്ങളല്ല.

പടക്കനിർമ്മാണശാലകളിൽ അന്നത്തിനുവേണ്ടി, കുടുംബം പോറ്റാൻ രാപകൽ വിയർപ്പൊഴുക്കുന്ന പാവപ്പെട്ട തൊഴിലാളിയുടെ ജീവരക്തമാണ് അവിടെ ചിന്നിച്ചിതറി നിറം പകരുന്നത്.

കൊല്ലം പുറ്റിങ്ങലിൽ 110 ജീവനുകൾ ഹോമിക്കപ്പെട്ടത് നമ്മൾ മറന്നോ? വിരുദുനഗറിലെ പടക്കശാലകളിൽ വെന്തുരുകിയ 25 മനുഷ്യരുടെ നിലവിളി നമ്മുടെ കാതുകളിൽ മുഴങ്ങുന്നില്ലേ? "കാലിൽ തോണി മറഞ്ഞെന്നു കരുതി മീൻപിടുത്തം നിർത്താനാകുമോ?" എന്നൊക്കെയുള്ള മുട്ടുചോദ്യങ്ങളല്ല നമുക്ക് വേണ്ടത്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ മനുഷ്യർ എന്ന് വിളിക്കാനാവുമോ?

ഉത്സവങ്ങളുടെ അന്തഃസത്ത മാറണം


കേരളത്തിലെ ഉത്സവങ്ങൾ നമ്മുടെ നാടിന്റെ സംസ്കാരവും കലകളും ഒത്തുചേരുന്ന വലിയൊരു സംഗമമാണ്. വിളവെടുപ്പും വിത്തുപൂജയും കാർഷിക വിഭവങ്ങളുടെ പ്രദർശനവുമാണ് പല ഉത്സവങ്ങളുടെയും കാതൽ. വടകരയിൽ നടന്നുവരാറുള്ള 'ഹരിതാമൃതം' പോലുള്ള കാർഷിക മേളകൾ ആധുനിക കാലത്തെ ഉത്സവങ്ങളുടെ ഉദാത്തമായ മാതൃകകളാണ്. പഴയകാലത്തെ കതിനയും ഓലപ്പടക്കവും വാണവും ഇളനീർപ്പൂവും ആധുനികമായ മ്യൂസിക്കൽ ഫയർവർക്സിലേക്കും ആകാശവിസ്മയങ്ങളിലേക്കും വഴിമാറിയിട്ടുണ്ട്. എന്നാൽ ഈ മാറ്റം നിർമ്മാണമേഖലയിലെ തൊഴിലാളിയുടെ സുരക്ഷയിലേക്ക് കൂടി പടരേണ്ടതുണ്ട്.

mmbbii

ഭരണകൂടത്തിന്റെ ബാധ്യത

ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ പരിഷ്കാരങ്ങളും പോലെ വിപ്ലവകരമായ മാറ്റങ്ങൾ വെടിക്കെട്ട് നിർമ്മാണ മേഖലയിലും ഉണ്ടായേ തീരൂ. തൊഴിലാളിവർഗ്ഗത്തിന്റെ കാവലാളാണെന്ന് അവകാശപ്പെടുന്ന ഒരു ഭരണകൂടം അവരുടെ ജീവൻ രക്ഷിക്കാനും ബാധ്യസ്ഥരാണ്. എല്ലാവർക്കും തൊഴിലും മാന്യമായ കൂലിയും ഉറപ്പാക്കുന്നതോടൊപ്പം അവരുടെ 'തൊഴിൽ സുരക്ഷ' എന്നത് ഭരണകൂടത്തിന്റെ പരമപ്രധാനമായ കടമയാണ്. 'തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം' എന്ന വാക്കിന്റെ അർത്ഥം പൂർണ്ണമാകണമെങ്കിൽ ഈ സാധാരണക്കാരുടെ ജീവന് സംരക്ഷണം ലഭിക്കണം.

ശ്രീനാരായണ ഗുരുദേവൻ 'കരിയും കരിമരുന്നും നമുക്ക് വേണ്ട' എന്ന് ആഹ്വാനം ചെയ്ത മണ്ണാണിത്. അദ്ദേഹത്തിന്റെ പ്രതിഷ്ഠ സാക്ഷിയായി തലശ്ശേരി ടെമ്പിൾ ഗേറ്റിലെ വെടിക്കെട്ടിനിടയിലുണ്ടായ തീവണ്ടി അപകടം പോലും നമ്മെ ഓർമ്മപ്പെടുത്തുന്നത് മറ്റൊന്നുമല്ല. അതുകൊണ്ട്, ഇനിയൊരു ദുരന്തവാർത്തയ്ക്ക് കൂടി കാതോർക്കാതെ,

ഒരു അടിയന്തര ഓർഡിനൻസ് വഴി അപകടകരമായ രീതിയിലുള്ള വെടിക്കെട്ടുകൾ നിരോധിക്കാൻ ഭരണകൂടം തയ്യാറാകണം. ലാഭക്കൊതിയന്മാരായ കരാറുകാർക്കും ആവേശക്കമ്മിറ്റിക്കാർക്കും വേണ്ടി പാവപ്പെട്ടവന്റെ ജീവൻ ഹോമിക്കുന്ന ഈ കൊലക്കളിയാട്ടം ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചു കൂടെ?

മതിയായില്ലേ, കൊതിതീർന്നില്ലേ ഈ ചോരക്കളിയാട്ടം ?

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA