പൊന്നാടയണിയിക്കൽ
ആദരവുകൾ അർപ്പിക്കുന്നത് ആത്മബന്ധത്തിന്റെ അടയാളമായാണ്. ആദരവിന്റെയും സ്നേഹത്തിന്റെയും അടയാളമായി ഒരാളെ ഷാൾ അണിയിക്കുന്ന ചടങ്ങിനെയാണ് നമ്മൾ 'പൊന്നാടയണിയിക്കൽ' എന്ന് പറയുന്നത്.
എന്നാൽ നാം ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല പ്രയോഗങ്ങളും നൂറ്റാണ്ടുകൾക്ക് പിന്നിലെ രാജവാഴ്ചയുടെയും പ്രഭുത്വത്തിന്റെയും അവശിഷ്ടങ്ങളാണ്. 'പൊന്നാട അണിയിക്കൽ',പട്ടും വളയും നൽകി ആദരിക്കൽ,പണക്കിഴിനൽകി ആദരിക്കൽ തുടങ്ങിയവ
എന്താണ് പൊന്നാട?
സ്വർണ്ണനൂലുകൾ അഥവാ കസവ്പാകിയ വസ്ത്രം എന്നാണ് 'പൊന്നാട'യുടെ അർത്ഥം.
'പൊന്ന്' എന്ന ലോഹവും 'ആട' എന്ന വസ്ത്രവും ചേർന്ന ഈ പദം പണ്ട് രാജാക്കന്മാർ നൽകിയിരുന്ന ഉന്നതമായ പദവിയുടെ പ്രതീകമായിരുന്നു.
എന്നാൽ ഇന്ന്,പത്തു രൂപയുടെ പ്ലാസ്റ്റിക് കസവുള്ള തോർത്ത് പുതപ്പിച്ചാലും നാം അതിനെ 'പൊന്നാട' എന്ന് വിളിക്കുന്നു.
ജനാധിപത്യയുഗത്തിൽ, സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന നാം എന്തിനാണ് ഇന്നും ഇത്തരം പൊങ്ങച്ചം നിറഞ്ഞ പഴമയെ , 'പഴഞ്ചൻ' അലങ്കാരങ്ങളെ നെഞ്ചിലേറ്റുന്നത്?
അമിതമായ ആഡംബര പ്രകടനങ്ങളേക്കാൾ, മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധത്തിനും ബഹുമാനത്തിനും മുൻതൂക്കം നൽകുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ ഈ വാക്കിന് വലിയ പ്രസക്തിയുണ്ട്. വസ്ത്രത്തിന്റെ പകിട്ടല്ല, അത് നൽകുന്നവരുടെ ഉള്ളിലെ സ്നേഹമാണ് പ്രധാനം എന്ന് ഈ വാക്ക് ഓർമ്മിപ്പിക്കുന്നു.
സാംസ്കാരിക കൂട്ടായ്മകളിലും പൊതുപരിപാടികളിലും 'പൊന്നാട അണിയിക്കുന്നു' എന്നതിന് പകരം 'സ്നേഹാദരം അർപ്പിക്കുന്നു' എന്ന് ഉപയോഗിക്കുന്നത് കേൾക്കാനും ഏറെ സുഖകരമാണ്.
മാറ്റത്തിന്റെ കാറ്റ് വടകരയിൽ നിന്ന്
ഈയടുത്ത് വടകരയിൽ നടന്ന 'ഹരിതാമൃതം 26' വാർഷികച്ചടങ്ങിൻ്റെ ഭാഗമായി നടന്ന സ്നേഹാദരം പരിപാടിഏറെ ശ്രദ്ധേയമായിരുന്നു
.വടകരയുടെ അഭിമാനമായ മുൻ മന്ത്രി സി .കെ .നാണുവിനെ പ്പോലുള്ള വിശിഷ്ട വ്യക്തികളെ സ്വീകരിച്ചതും ആദരിച്ചതും പകിട്ടുള്ള പൊന്നാട നൽകിയല്ല, മറിച്ച് ശുദ്ധമായ പരുത്തിനൂലിൽ കൈത്തറിയിൽ നെയ്തെടുത്ത പുതപ്പുകൾ നൽകിയാണ്. 'പുതച്ചുകിടക്കാനെങ്കിലും ഉപകാരപ്പെടട്ടെ' എന്നായിരുന്നു ചെയർമാൻ ടി.ശ്രീനിവാസന് അന്ന് പറഞ്ഞത് .
പൊന്നാടയണിയിക്കുന്നതിൽ ഹരിതാമൃതം സംഘാടകരുടെ പ്രായോഗിക ബുദ്ധിയും ലാളിത്യവുമാണ് യഥാർത്ഥ ജനാധിപത്യ സംസ്കാരമെന്ന്പറഞ്ഞു വടകര ടൗൺഹാളിൽ അഭിനന്ദിച്ചവരിൽ ഏറെയും പ്രമുഖർ .
ഉപയോഗശൂന്യമായി അലമാരയിൽ ഇരിക്കുന്ന പട്ടുഷാളുകളേക്കാൾ, ഗുണമേന്മയുള്ള പരുത്തി വസ്ത്രങ്ങളോ പുതപ്പുകളോ നൽകുന്നത് സ്വീകർത്താവിനും ഉപകാരപ്രദമാകും.
'സ്നേഹാദരം':
അർത്ഥവത്തായ പുതിയ ശൈലി
പൊന്നുവെക്കേണ്ടിടത്ത് പൂവെച്ചുകൊണ്ട് എന്ന നിലയിൽ, ആചാരങ്ങളുടെ അന്തസ്സു ചോരാതെ തന്നെ നമുക്ക് ഭാഷയിൽ മാറ്റം വരുത്താം. 'പൊന്നാട അണിയിച്ചു' എന്ന പ്രയോഗത്തിന് പകരം 'സ്നേഹാദരം നൽകി' എന്നാക്കുന്നത് എത്രയോ ഹൃദ്യമാണ്!
ഇത് നൽകുന്നവനും സ്വീകരിക്കുന്നവനും തമ്മിലുള്ള ആത്മീയമായ ബഹുമാനത്തെ സൂചിപ്പിക്കുന്നു.
പണക്കിഴിയും പട്ടുംവളയും പദവിയുടെ അടയാളമാണെങ്കിൽ, സ്നേഹാദരം മനുഷ്യത്വത്തിന്റെ അടയാളമാണ്.
ഉപയോഗശൂന്യമായി അലമാരയിൽ ഇരിക്കുന്ന സിന്തറ്റിക്ക് പട്ടുഷാളുകളേ ക്കാൾ, ഗുണമേന്മയുള്ള പരുത്തി വസ്ത്രങ്ങളോ പുതപ്പുകളോ നൽകുന്നത് സ്വീകർത്താവിനും ഉപകാരപ്രദമാകും.
കാലം മാറുകയാണ്. അധികാരത്തിന്റെ ഭാഷയിൽ നിന്ന് പൊതു
സമൂഹത്തിൻ്റെ ഭാഷയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു .
'സ്നേഹാദരം' എന്ന പ്രയോഗം കേവലം ഒരു വാക്കുമാറ്റമല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പി ടിക്കുന്ന ഒരു നവ സമൂഹത്തിന്റെ സാംസ്കാരികമായ മുന്നേറ്റമാണ്.
ഈ മാറ്റം അനിവാര്യമാണ്; അത് വടകരയിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു എന്നത് മലയാളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്
ചിത്രം .വടകര ടൗൺഹാളിൽ നടന്ന ഹരിതാമൃതം 26 പരിപാടിയുടെ ഭാഗമായി മുഖ്യസഹകാരിയായിരുന്ന മുൻമന്ത്രി സി കെ നാണുവിൻറെ വീട്ടിൽ ചെന്ന് സംഘാടകർ കൈത്തറിപ്പുതപ്പ് തോളിലിട്ടുകൊണ്ട് സ്നേഹാദരമർപ്പിച്ചു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















