തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ തമാശ 'ക്ഷേമം' എന്ന വാക്കിന് കിട്ടുന്ന അമിതമായ മൂർച്ചയാണ്. സാധാരണ കാലത്ത് വരാൻ മടിക്കുന്ന പെൻഷൻ തുകയ്ക്ക് വോട്ടുകാലത്ത് ഒരു പ്രത്യേക വേഗതയുണ്ട്. പണ്ട് നാട്ടിൻപുറങ്ങളിൽ സൈക്കിൾ യജ്ഞക്കാർ നടത്തിയിരുന്ന കോഴിലേലം ഓർമ്മയില്ലേ? 'നൂറ്.. ഇരുനൂറ്.. വിട്ടുകൊടുക്കില്ല.. മുന്നൂറ്!'. അതേ ശൈലിയിലാണ് ഇപ്പോൾ പെൻഷൻ പ്രഖ്യാപനങ്ങളും നടക്കുന്നത്. ഒരു കൂട്ടർ രണ്ടായിരം പറഞ്ഞാൽ മറ്റവർ അയ്യായിരം വരെ എത്തും. തോൽക്കാൻ ആർക്കും മനസ്സില്ല, കാരണം പണം പോകുന്നത് പാർട്ടിയുടെ അക്കൗണ്ടിൽ നിന്നല്ലല്ലോ, നമ്മുടെ നികുതിപ്പണമല്ലേ!
വിഷു വരുന്നു, കൂടെ വോട്ടും വരുന്നു. ചിലരുടെ കയ്യിൽ പെൻഷൻ പണമെത്തിയാതായി കേൾക്കുന്നു , ബാക്കിയുള്ളവർ ബാങ്കിന് മുന്നിൽ ശരണം വിളിച്ചു നിൽക്കുകയാണ്. ഈ ബാങ്ക് അവധി എന്നത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ എന്ന് ചോദിക്കരുത്.
ജനത്തിന് വിഷുക്കണിയായിട്ടെങ്കിലും ഈ തുക കയ്യിൽ കിട്ടുമെന്ന് വലിയ പ്രതീക്ഷയാണ്.
ബാങ്കുകാർ പണി മുടക്കിയാലും തിരഞ്ഞെടുപ്പിന് തലേദിവസമെങ്കിലും പണം കിട്ടുമെന്ന് ചിലർ വിശ്വസിക്കുന്നു.
കിട്ടാതിരിക്കില്ല എന്ന ആ ശുഭപ്രതീക്ഷയിലാണ് മലയാളിയുടെ ജീവിതം മുന്നോട്ട് പോകുന്നത്.
പെൻഷൻ എന്നത് ജനത്തിന്റെ അവകാശമാണെങ്കിലും, തിരഞ്ഞെടുപ്പ് കാലത്ത് അതൊരു വലിയ 'ഔദാര്യമായി' അവതരിപ്പിക്കപ്പെടുന്നു.
വർഷം മുഴുവൻ മുടങ്ങിക്കിടന്നാലും വോട്ടിന് തൊട്ടുമുൻപ് പെൻഷൻ എത്തുന്നതിലെ 'മാജിക്' ഒന്ന് വേറെത്തന്നെ.
വോട്ടർമാരെ സംബന്ധിച്ചിടത്തോളം രണ്ടു കൂട്ടരും വാഗ്ദാനങ്ങളുടെ കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്.
സത്യത്തിൽ വോട്ടുകാലത്ത് പെൻഷൻ കൊടുക്കുന്നവർ കാണിക്കുന്ന ആ ഒരു പ്രത്യേക 'ഔദാര്യം' കാണുമ്പോൾ ചിരി വരും. ജനത്തിന്റെ അവകാശമായ പണം കൊടുക്കുന്നത് എന്തോ വലിയ പുണ്യം ചെയ്യുന്നതുപോലെയാണ് പലരുടെയും ഭാവം. വോട്ട് പെട്ടിയിൽ വീഴാൻ ഈ ഔദാര്യം ഒരു ഇന്ധനമാണ്.
പക്ഷേ അവസാനം കാര്യം വരുമ്പോൾ പഴഞ്ചൊല്ല് പോലെ തന്നെ സംഭവിക്കുന്നു; ഏതച്ഛൻ വന്നാലും അമ്മയ്ക്ക് ചവിട്ടും കുത്തും മാത്രം ബാക്കി! ഭരണവും ഭരണാധികാരികളും മാറിയേക്കാം, പക്ഷേ സാധാരണക്കാരന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് വലിയ മാറ്റമൊന്നുമില്ല. മാറ്റം വരുമെന്ന പ്രതീക്ഷയിൽ വരി നിന്ന് വോട്ട് കുത്തും, ആ മാറ്റം വരുന്നത് വരെ അടുത്ത പെൻഷൻ ലേലം കാത്തിരിക്കും. പ്രതീക്ഷയാണല്ലോ എല്ലാം!
ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














