തിരമാലകൾ താളമിടുന്ന അറക്കൽ പൂരം:
മണൽപ്പരപ്പിലെ വെടിക്കെട്ടും മടപ്പള്ളിയിലെ ഓർമ്മക്കാഴ്ച്ചകളും
വടക്കൻ കേരളത്തിന്റെ തീരദേശപ്പെരുമ വിളിച്ചോതുന്ന അറക്കൽ ഭഗവതി ക്ഷേത്രമുറ്റത്ത് ഇപ്പോൾ ഉത്സവാരവമാണ്.
കടലിരമ്പത്തിന് മീതെ മേളപ്പെരുക്കം ഉയരുമ്പോൾ, നാളെ ഉഷസ്സോടെ ഈ വർഷത്തെ പൂരത്തിന് കൊടിയിറങ്ങുകയാണ്. മീനമാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലിലും ഭക്തമനസ്സുകളിൽ കുളിർമഴയായ് പെയ്തിറങ്ങുന്ന അറക്കൽ പൂരം കേവലം ഒരു ഉത്സവമല്ല; അത് ഒരു നാടിന്റെ ഐക്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്.
അറക്കൽ ഭഗവതിയും കടലോരത്തെ വിസ്മയവും
മടപ്പള്ളി കോളേജിന് എതിർവശത്ത്, പടിഞ്ഞാറൻ കടലോരത്തെ മണൽത്തരികളിൽ തലയെടുപ്പോടെ നിൽക്കുന്ന അറക്കൽ ക്ഷേത്രം അരയ സമുദായക്കാരുടെ മാത്രമല്ല, പ്രദേശം ഒന്നടങ്കം നെഞ്ചേറ്റുന്ന അഭയകേന്ദ്രമാണ് ആഘോഷ വേദിയാണ്അറക്കൽ.
ശ്രീ ഭഗവതിയും 'മകൾ' ഭഗവതിയും കുടികൊള്ളുന്ന ഈ പുണ്യഭൂമിയിൽ, ഉപദേവതമാരുടെ സാന്നിധ്യവും കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന ആ അത്ഭുത 'താമരപ്പൊയ്ക'യും ഇന്നും വിസ്മയമായി തുടരുന്നു.
കടലിനോട് ഇത്രയേറെ ചേർന്നിട്ടും ഉപ്പുവെള്ളം തീണ്ടാത്ത ആ കുളത്തിലെ തെളിനീര് പ്രകൃതി കാത്തുവെച്ച ഒരത്ഭുതം തന്നെയാണ്.
കരിമരുന്നിന്റെ വർണ്ണക്കുടകൾ: അന്ന് മുതൽ ഇന്ന് വരെ
തൃശ്ശൂർ പൂരത്തോളം അല്ലെങ്കിൽ ഉത്രാളിക്കാവിലെപ്പോലുള്ള വെടിക്കെട്ട് ആവേശമാണ് അറക്കലിന്റെ മുഖമുദ്ര.
പഴയകാലത്തെ 'പൂവെടിക്കൊട്ട 'കളിൽ നിന്ന് ആധുനിക കാലത്തെ വെടിമുഴക്കങ്ങളിലേക്കും വർണ്ണവിസ്മയങ്ങളിലേക്കും മാറിയെങ്കിലും ആവേശം ഒട്ടും ചോർന്നിട്ടില്ല. ഓരോ തട്ടുകളിലായി കത്തിക്കയറുന്ന എലിവാണങ്ങളും, മേഘവെടികളും, മത്താപ്പൂക്കളും ആകാശത്ത് തീർക്കുന്ന കാഴ്ച്ചകൾ ഇന്നും കൗതുകമാണ്. മുളങ്കാലുകളിൽ നിരനിരയായി കെട്ടിത്തൂക്കിയ പതിനായിരക്കണക്കിന് ഓലപ്പടക്കങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ, തെങ്ങിൽ നിന്ന് കരിക്ക് വീഴുമോ എന്ന് ഭയന്ന് ദൂരെ മാറിനിന്ന് വെടിക്കെട്ട് ആസ്വദിച്ച ആ പഴയ കുട്ടിക്കാലം ഏതൊരു നാട്ടുകാരൻറെയും ഗൃഹാതുരമായ ഓർമ്മയാണ്.
ഇലക്ട്രോ പൈറോ ടെക്‌നിക്ക് പുരോഗതിയിലും അറക്കൽ പൂരത്തിൻ്റെ പാരമ്പരാഗത രീതിയിലെ കരിമരുന്നപ്രയോഗം മങ്ങലേൽക്കാതെ ഇന്നും തുടരുന്നു
അറക്കൽ ക്ഷേത്രോത്സവം: സ്‌മൃതിപഥത്തിലെ ഉത്സവരാവുകൾ
വെടിക്കെട്ടിന്റെ പ്രകമ്പനത്തിൽ തെങ്ങിൽ നിന്ന് കരിക്കുകൾ അടർന്നു വീഴുമോ എന്ന അങ്കലാപ്പോടെ, തെങ്ങിൻചുവടുകളിൽ നിന്ന് അകലം പാലിച്ചുനിന്ന് ആകാശപ്പൂരത്തിന്റെ വിസ്മയം നോക്കിക്കാണുന്ന ജനക്കൂട്ടം; അതൊരു അതിശയോക്തിയല്ല.അറക്കൽ ക്ഷേത്രോത്സവത്തിന്റെ മാറ്റുരയ്ക്കുന്ന കാഴ്ചയാണ്. കേരളത്തിലെ ഒരു കലാകാരനും ഒരിക്കലെങ്കിലും ചുവടുവെക്കാത്ത വേദികൾ ഇവിടെയുണ്ടാകില്ല. വേടൻ പാട്ടിന്റെ താളത്തിനൊത്ത് പതിനായിരങ്ങൾ ഒഴുകിയെത്തുന്ന ഈ പുണ്യഭൂമിയിലെ കലാപരിപാടികൾക്ക് ക്ഷണം ലഭിക്കുന്നത് ഒരു അവാർഡ് ലഭിക്കുന്നതിനേക്കാൾ വലിയ അംഗീകാരമായാണ് കലാകാരന്മാർ ഇന്നും കരുതുന്നത്.
പുലർച്ചെയുള്ള വെടിക്കെട്ടിന്റെ ആവേശം നുകരാൻ അത്താഴവുംകഴിച്ച് രാത്രിതന്നെ മണൽപ്പരപ്പിൽ സ്ഥാനം പിടിക്കുന്നവർ ഇവിടുത്തെ പതിവ് കാഴ്ചയാണ്.
കയ്യിൽ ചുരുട്ടിപ്പിടിച്ച പുൽപ്പായയുമായി എത്തുന്ന എത്രയോ വയോധികരായ സ്ത്രീകൾ എന്റെ ബാല്യകാലത്തെ മനോഹരമായ ഒരോർമ്മയാണ്.
തെങ്ങിൻതോപ്പുകളിൽ പായവിരിച്ച്, ഉത്സവരാവിന്റെ ആരവങ്ങൾക്കിടയിൽ മയങ്ങിയും ഉണർന്നും നേരം വെളുപ്പിക്കുന്ന നാട്ടുക്കൂട്ടങ്ങൾ ഈ ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ്.
ജാതിമത വേലിക്കെട്ടുകളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കാൻ വാദ്യഘോഷങ്ങൾക്കുള്ള കഴിവ് മറ്റൊന്നിനുമി ല്ലെന്ന് അറക്കൽ തെളിയിക്കുന്നു..
കേരളത്തിന്റെ തനത് കലകളുടെ സംരക്ഷണത്തിൽ ക്ഷേത്ര വാദ്യസംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ചെണ്ടയിൽ താളവിസ്മയം തീർക്കുന്ന വലിയൊരു വാദ്യസംഘം തന്നെ അറക്കൽ ക്ഷേത്രത്തിന്റെ അഭിമാനമായുണ്ട്. പൂരനാളുകളിൽ മാത്രമല്ല, മണ്ഡലകാലത്തും വിശേഷാവസരങ്ങളിലും ചെമ്പടയും പഞ്ചാരിയും പാണ്ടിമേളവും കൊണ്ട് ഇവർ അരങ്ങുണർത്തുന്നു. ഈ പ്രഗത്ഭരായ വാദ്യസംഘത്തിന്റെ സേവനം ലഭിക്കണമെങ്കിൽ മാസങ്ങൾക്കു മുമ്പേ ബുക്ക് ചെയ്യണമെന്നത് അവരുടെ മികവിന്റെ തെളിവ് .
കൊടിയേറ്റം മുതൽ കൊടിയിറക്കം വരെ വ്രതശുദ്ധിയോടെ ഭഗവതിയുടെ തിരുനടയിൽത്തന്നെ കഴിയുന്ന ഭക്തരുടെ നീണ്ട നിരയുമുണ്ട്. 'പൂക്കുട്ടികൾ' എന്നറിയപ്പെടുന്ന ഇവരുടെ സമർപ്പണം ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ആത്മീയതയ്ക്കൊപ്പം അറിവിനും പ്രാധാന്യം നൽകിക്കൊണ്ട് 'ശ്രീ അറക്കൽ പി.എസ്.സി കോച്ചിംഗ് സെന്റർ' എന്ന സ്ഥാപനവും ഈ നാടിന്റെ പുരോഗതിക്കായി ഇവിടെ പ്രവർത്തിച്ചുവരുന്നു.
കടലോരത്തെ ശുദ്ധജല വിസ്മയവും ചൂട്ടുവെളിച്ചത്തിലെ പൂരസ്മരണകളും
അറക്കൽ ക്ഷേത്രപരിസരത്തെ പ്രകൃതിവിസ്മയങ്ങളിൽ ഒന്നായിരുന്നു കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന ആ താമരപ്പൊയ്ക. ഉപ്പുകാറ്റടിക്കുന്ന തീരദേശമായിട്ടും അവിടുത്തെ വെള്ളത്തിന് തെല്ലും ഉപ്പുരസമില്ലായിരുന്നു എന്നത് ഇന്നും വിസ്മയമായി അവശേഷിക്കുന്നു. എന്റെ അച്ഛന്റെ സുഹൃത്തായ രാഘവൻ മരക്കാൻ ആ പൊയ്കയിൽ നിന്നും പറിച്ചെടുത്തു നൽകിയ താമരക്കിഴങ്ങ് മുക്കാളി കാപ്പിലെ വെള്ളത്തിൽ അച്ഛൻ കല്ലുകെട്ടി താഴ്ത്തിയ കഥകൾ ബാല്യത്തിൽ കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത്. കടലിനോട് ഇത്രയടുത്ത് എങ്ങനെ ഇത്ര തെളിനീരുള്ള ഒരു കുളം ഉണ്ടായെന്നത് ഇന്നും ചിന്തിക്കുമ്പോൾ ഒരത്ഭുതമാണ്.
ക്ഷേത്രത്തിനടുത്തുള്ള 'പൊടിക്കക്കളം' എന്ന ഇടത്തെക്കുറിച്ച് അച്ഛൻ പറയുമായിരുന്നുവെങ്കിലും അങ്ങോട്ട് എന്നെ കൊണ്ടുപോകാൻ അദ്ദേഹം മുതിർന്നിരുന്നില്ല. അവിടെ നടക്കുന്ന കോഴിവെട്ടും ഗുരുതിയും പോലുള്ള ചടങ്ങുകൾ കണ്ട് കുഞ്ഞു മനസ്സ് ഭയപ്പെടുമെന്ന കരുതലായിരുന്നു ആ പിതൃവാത്സല്യത്തിന് പിന്നിൽ.
ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളോ വൈദ്യുതി വെളിച്ചമോ ഇല്ലാതിരുന്ന അക്കാലത്ത്, അറക്കൽ പൂരമെന്നത് ദൂരദേശത്തുള്ളവർക്ക് പോലും ഒരു വികാരമായിരുന്നു.
തട്ടോളിക്കരയിൽ നിന്നും കൊളരാട് തെരുവിൽ നിന്നുമൊക്കെ പാതിരാത്രിയിൽ ചൂട്ടും കത്തിച്ച് റെയിൽവേ ട്രാക്കിലൂടെ കണ്ണൂക്കര വഴി നടന്നെത്തുന്ന ജനക്കൂട്ടം ഇന്നും മായാത്ത കാഴ്ചയാണ്. മടക്കയാത്രയ്ക്കായും ഒരു വലിയ ചൂട്ട് അവർ അധികമായി കരുതിയിരുന്നു.തട്ടോളിക്കരയിലെ കുഞ്ഞിപ്പറമ്പത്ത് ബാപ്പു ,തെക്കയിൽ ഗോപി ആശാരിതുടങ്ങിയവരുടെ ചൂട്ടുവെളിച്ചത്തിൽ അറക്കൽ പൂരം കണ്ടു മടങ്ങിയ ഓർമ്മക്കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടില്ല .കാലമേറെ കഴിഞ്ഞശേഷം അഴിയൂർ രത്നപ്രിന്റിങ് പ്രസ്സിലെ അനന്തേട്ടന്റെ അളിയൻ ജയദേവന് വേണ്ടി അറക്കൽപൂരം വെടിക്കെട്ട് ഞാൻ വീഡിയോ കാസറ്റിൽ റെക്കോർഡ് ചെയ്തുകൊടുത്തതും എന്റെ ഓര്മ്മക്കാഴ്ച്ച .
വൈദ്യുതി കടന്നുചെല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലെ വീടുകളിൽ, പാതിരാത്രിയിൽ ചൂട്ടു ചോദിച്ചെത്തുന്ന അപരിചിതരെപ്പോലും സഹായിക്കാൻ അട്ടങ്ങളിൽ ചൂട്ടുകെട്ടുകൾ കരുതിവെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്നേഹവും കരുതലും വിളിച്ചോതുന്ന ആ പഴയകാല 'നാട്ടുക്കൂട്ടായ്മയുടെ' മനോഹരമായൊരു അടയാളമായിരുന്നു ആ ചൂട്ടുവെളിച്ചം.
മടപ്പള്ളിയുടെ മണൽപ്പഥങ്ങളിൽ:
ഒരു പഴയകാല സ്കൂൾയാത്ര
ഏകദേശം അറുപത്തഞ്ചു വർഷങ്ങൾക്കു മുൻപുള്ള കാലം. മുക്കാളിയിൽ നിന്നും നടന്നു വേണം മടപ്പള്ളി ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെത്താൻ. ബസ്സുകൾ അന്ന് അത്യപൂർവ്വമാണ്; മൂരാട്-അഴിയൂർ റൂട്ടിൽ രണ്ടാം നമ്പർ ബസ്സും, ലോകനാർകാവ്-അഴിയൂർ എക്സ് സർവീസ് ബസ്സുമൊക്കെ വരുന്നത് വളരെ കഴിഞ്ഞാണ്. വടകര-തലശ്ശേരി റൂട്ടിലോടുന്ന 'പുഞ്ചിരി മോട്ടോഴ്സിനും' 'MPC'ക്കുമൊന്നും സ്കൂൾ കുട്ടികളെ കയറ്റാൻ അന്ന് അത്ര താല്പര്യവുമില്ലായിരുന്നു.
രാവിലെ തന്നെ കുട്ടികളുടെ വലിയൊരു സംഘം നടത്തം തുടങ്ങും. കണ്ണൂക്കര കള്ളുഷാപ്പിനടുത്തുള്ള വള്ളുപറമ്പത്ത് ഭരതനും മറ്റു കൂട്ടുകാരും എനിക്കൊപ്പം കൂടും. സാധാരണയായി കണ്ണൂക്കരയിൽ നിന്നും മാച്ചിനാരികയറ്റം കയറി മടപ്പള്ളി കോളേജ് വഴി നാദാപുരം റോഡിലെത്തി വീണ്ടും നടന്നുവേണം കടപ്പുറത്തെ സ്കൂളിലെത്താൻ. ഈ ദൂരക്കൂടുതൽ ഒഴിവാക്കാൻ ഞങ്ങൾ ഒരു 'എളുപ്പവഴി' കണ്ടെത്തി. കണ്ണൂക്കരയിലെ കേളു അച്ഛന്റെ ചായപ്പീടികയ്ക്കരികിലൂടെ താഴോട്ടിറങ്ങി അറക്കൽ ഭാഗത്തേക്കുള്ള ഇടവഴികളിലൂടെയുള്ള ആ യാത്ര ആവേശകരമായിരുന്നു.
ഭരതനും എന്റെ അയൽക്കാരൻ ജാഫറുമായിരുന്നു ഈ എളുപ്പവഴിയുടെ ഉപജ്ഞാതാക്കൾ. കാടു കുലുക്കിപ്പായുന്ന ഒരു കുട്ടിക്കൂട്ടമായിരുന്നു ഞങ്ങൾ. കൂട്ടത്തിൽ കണ്ണൂക്കരയിലെ കുഞ്ഞിരാമനുമുണ്ടാകും (പിന്നീട് അദ്ദേഹം തട്ടോളിക്കര സ്കൂളിലെ ഡ്രോയിങ് മാസ്റ്ററായി; ജാഫർ സർക്കിൾ ഇൻസ്പെക്ടറും ഭരതൻ മിലിട്ടറിയിലുമായി). ഇടയ്ക്ക് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ കയറി അവിടുത്തെ ഒരു പയ്യനെയും ഞങ്ങൾ കൂടെക്കൂട്ടും; അവന്റെ പേര് ഇന്ന് ഓർമ്മയിൽ തെളിയുന്നില്ല.
ഇടവഴികളും കുനിപ്പറമ്പുകളും താണ്ടി അറക്കൽ ക്ഷേത്രപരിസരത്തെ ത്തുമ്പോഴേക്കും കുട്ടികളുടെ എണ്ണം കൂടും. പെൺകുട്ടികൾ അന്ന് പ്രത്യേക ഗ്രൂപ്പുകളായാണ് നടക്കുക. ഇന്നത്തെപ്പോലെ ആൺകുട്ടികളോട് ചിരിച്ചും കളിച്ചും സംസാരിച്ചും 'എടാ പോടാ ' വിളിച്ച് മെസ്സേജുകൾക്ക് ജീവൻ കൊടുത്ത് വഴിനടക്കുന്ന കാലമായിരുന്നില്ല അന്ന് . പാവാടയും ജമ്പറും ധരിച്ച്, പുസ്തകങ്ങളും ചോറ്റുപാത്രവും നെഞ്ചോട് ചേർത്തുപിടിച്ച്, ഭൂമിക്ക് നോവാത്ത വണ്ണം നടന്നുപോകുന്ന ഉൾനാടൻ പെൺകുട്ടികൾ പഴയകാലത്തെ ഓർമ്മക്കാഴ്ച്ച .
ഭൂമിക്ക് നോവാത്ത വണ്ണമുള്ള ആ പഴയകാലത്തെ പെൺകുട്ടികളുടെ നടത്തം ഇന്നും കണ്മുന്നിലുണ്ട്. അറക്കൽ കടപ്പുറത്തെ ഭഗവതി ക്ഷേത്രവും പിന്നിട്ട് വേണം ഞങ്ങൾക്ക് സ്കൂളിലെത്താൻ. അക്കാലത്ത് ക്ഷേത്രത്തിന് ചുറ്റുമതിൽ ഇല്ലാതിരുന്നതുകൊണ്ട്, വളഞ്ഞുചുറ്റി പോകുന്നതിന് പകരം ക്ഷേത്രനിർമ്മിതിയുടെ തൊട്ടുമുന്നിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ഞങ്ങളുടെ കുറുക്കുയാത്ര. കൂട്ടുകാർക്കൊപ്പം ആ വഴിയിലൂടെ നടക്കുമ്പോഴും, തനിച്ച് ആ വഴിയിലൂടെ പോകാൻ എനിക്കെന്തോ അകാരണമായ ഭയമായിരുന്നു.
പിന്നീട് സർക്കിൾ ഇൻസ്പെക്ടർ പദവിയിലൊക്കെ എത്തിയെങ്കിലും എന്റെ സുഹൃത്ത് ജാഫർ അന്ന് തികച്ചും ഒരു പാവമായിരുന്നു. "മാപ്പിളക്കുട്ടികൾ അമ്പലമുറ്റത്തുകൂടെ നടന്നാൽ ദേവി ഉറക്കത്തിൽ പ്രത്യക്ഷപ്പെടും" എന്ന് വെറുതെ ഒരു തമാശയ്ക്ക് ഞാൻ അവനോട് തട്ടിവിട്ടു. പാവം ജാഫർ! അതുകേട്ട പേടിയിൽ പിന്നീട് ഒരിക്കൽ പോലും അവൻ ആ കുറുക്കുവഴിയിലൂടെ വന്നിട്ടില്ല. ആ തമാശയോർക്കുമ്പോൾ ഇന്നും നേരിയൊരു കുറ്റബോധത്തോടെ ഞാൻ ആ പരേതാത്മാവിനോട് മനസ്സിൽ ക്ഷമ ചോദിക്കാറുണ്ട്.
അതിനടുത്തുള്ള പള്ളിക്കുളത്തിൽ അന്ന് തിലാപ്പിയ മീനുകളുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. ഒരിക്കൽ ഭരതൻ തന്റെ പുസ്തകങ്ങൾ എന്റെ കയ്യിൽ തന്നു. എന്നിട്ട് എന്റെ ശീലക്കുട വാങ്ങി നിവർത്തി വെള്ളത്തിലാഴ്ത്തിപ്പിടിച്ചു. കീശയിൽ കരുതിയിരുന്ന കുറച്ച് അവിൽ അവൻ വെള്ളത്തിലേക്കിട്ടതും, നിമിഷനേരം കൊണ്ട് ഒരുക്കൂട്ടം മീനുകൾ കുടയ്ക്കുള്ളിൽ കുതിച്ചെത്തി. മിന്നൽ വേഗത്തിൽ കുട മുകളിലേക്കുയർത്തി അവൻ അവയെ കുടുക്കി. പിടയ്ക്കുന്ന മീനുകളെ കൊണ്ടുപോകാൻ അവൻ നേരത്തെ തന്നെ ഒരു ചില്ലുഭരണി കരുതിയിരുന്നത് ഞാനറിഞ്ഞില്ല. വീട്ടിലെ കിണറ്റിലിട്ടു വളർത്താനാണെന്നാണ് അന്ന് ഭരതൻ പറഞ്ഞത്.
അതൊക്കെ ഒരു കാലം! ഇന്ന് ഭരതനും ജാഫറുമില്ല; ആ സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം ബാക്കി.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














