'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' ? :ദിവാകരൻ ചോമ്പാല

'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് '   ?  :ദിവാകരൻ ചോമ്പാല
'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' ? :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 21, 12:39 AM
ed
bh
ED

ഇന്ന് ലോക വന ദിനം 


കാട് വെറുമൊരു മരക്കൂട്ടമല്ല; അത് ചരിത്രത്തിന്റെയും പുരാണത്തിന്റെയും പോരാട്ടത്തിന്റെയും പച്ചപ്പിന്റെയും മഹാസംഗമമാണ്. ആധുനികതയുടെ ശീതീകരിച്ച മണിമാളികകളിൽ പട്ടുനൂൽ മെത്തകളിൽ അന്തിയുറങ്ങുന്ന ആധുനിക മനുഷ്യൻ ഒന്ന് തിരിഞ്ഞു നോക്കണം—നമ്മുടെ അപ്പനപ്പൂപ്പന്മാർ കാറ്റാടിമരങ്ങളിൽ കെട്ടിയ ഏറുമാടങ്ങളിൽ വന്യതയെ പ്രണയിച്ച് കഴിഞ്ഞവരായിരുന്നു. കാട്ടുചോലകളിൽ മുങ്ങിക്കുളിച്ച്, മുളങ്കാടുകളുടെ സംഗീതത്തിനൊപ്പം കാട്ടാനകളുടെ ആക്രോശങ്ങളെയും താളമായി സ്വീകരിച്ച ആ പഴയ തലമുറയുടെ കരുത്താണ് നമ്മെ ഇവിടം വരെ എത്തിച്ചത്. കടമ്മനിട്ടയുടെ വരികൾ നാം വീണ്ടും ഓർമ്മിക്കണം: "നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്".


ഇതിഹാസവും ആത്മാവും

വനമില്ലാതെ ഭാരതീയ ചിന്തകളില്ല. മാനിഷാദ പാടിയ വാത്മീകി കാടിന്റെ നോവിനെ കാവ്യമാക്കിയപ്പോൾ, മലഞ്ചൂരൽ മലയിറങ്ങിയെത്തിയ കുറത്തിയും വയനാടൻ മലനിരകളിലെ കരിഞ്ചാത്തനും കാടിന്റെ ആത്മീയ ഗാഥകളായി. ഗരുഡപ്പച്ചയും മൃതസഞ്ജീവനിയുമൊക്കെ കാട് കരുതിവെച്ച വിസ്മയങ്ങളാണ്. കാടിനെ അറിഞ്ഞവർക്ക് അത് അമ്മയായിരുന്നു; എന്നാൽ കാടിനെ ഭോഗിക്കാനുള്ളതാണെന്ന് കരുതിയവർക്ക് അത് വെറുമൊരു ചരക്ക് മാത്രമായി.


കാറ്റും ജീവശ്വാസവും

കാട് നമുക്ക് നൽകുന്ന ഏറ്റവും വലിയ നിധി അത് ചുറ്റിക്കറങ്ങുന്ന കാറ്റാണ്. വനത്തിനുള്ളിലെ കാറ്റിന് മണ്ണിന്റെ ഗന്ധമുണ്ട്, ഔഷധങ്ങളുടെ ഗുണമുണ്ട്. വെറുമൊരു വായുപ്രവാഹമല്ല അത്, മറിച്ച് ഭൂമിയുടെ ശ്വാസമാണ്. മാരകമായ അണുവായുധ ശേഖരവുമായി സൗരമണ്ഡലപ്പരപ്പിലൂടെ സ്വൈര്യവിഹാരം നടത്തുന്നവരെ നോക്കി ഭൂമിക്ക് ചരമഗീതം പാടിയ മഹാകവി ഒ.എൻ.വി. കുറുപ്പും, പ്രകൃതിയുടെ വിലാപം കവിതയാക്കിയ സുഗതകുമാരി ടീച്ചറും നമ്മെ ഓർമ്മിപ്പിച്ചത് ഈ ജീവവായുവിന്റെ വിലയെക്കുറിച്ചാണ്. കാറ്റില്ലെങ്കിൽ ജീവനില്ല, കാടില്ലെങ്കിൽ ആ ശ്വസിക്കുന്ന കാറ്റില്ല. പശ്ചിമഘട്ടത്തിന്റെ കണ്ണുനീർ ഗാഡ്‌ഗിൽ റിപ്പോർട്ടിലുണ്ടായിരുന്നിട്ടും നാം അത് അവഗണിച്ചു. മാധവ് ഗാഡ്‌ഗിലിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തിയതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ.


ആഘോഷമാകുന്ന പരിസ്ഥിതി ദിനങ്ങൾ

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകൾ വഴി കഴിഞ്ഞ പത്തു വർഷത്തിനിടെ വിതരണം ചെയ്ത വൃക്ഷത്തൈകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും—ഏകദേശം 8 കോടി 75 ലക്ഷം തൈകളിലേറെ ! ശരാശരി ഒരുവർഷം പത്തുകോടി രൂപയിലേറെ പൊതുമുതൽ വിനിയോഗിച്ചാണ് ജൂൺ 5-ന് നാം ചെടി നടുന്നത്. ഈ തൈകളിൽ പകുതിയെങ്കിലും വളർന്നിരുന്നുവെങ്കിൽ കേരളം എന്നോ ഒരു മഹാവനമായി മാറിയേനെ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. കോടികൾ മുടക്കി വിതരണം ചെയ്ത തൈകളിൽ പത്തുശതമാനം പോലും ഇന്ന് നിലനിൽക്കുന്നില്ല എന്നതാണ് കയ്പേറിയ സത്യം.


"കാട് വീടാകുമ്പോൾ ആശാരി പുറത്ത്" എന്ന പഴഞ്ചൊല്ല് പോലെ, പ്രകൃതി അതിന്റെ തനിമ നിലനിർത്തുമ്പോൾ അവിടെ കൃത്രിമമായ കടന്നുകയറ്റങ്ങൾക്ക് പ്രസക്തിയില്ല. ആയിരം തൈകൾ നടുന്നതിലല്ല, മറിച്ച് നടുന്ന ഒന്നിനെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയിലാണ് കാര്യം.


വനരോദനമാകാത്ത കരുതലുകൾ

ഇന്ന് നാം നേരിടുന്ന വലിയ വെല്ലുവിളി കാവുകളുടെ നാശമാണ്. ഓരോ കാവും ഓരോ കൊച്ചു വനമാണ്, ഓരോ ആവാസവ്യവസ്ഥയാണ്. വനദിനത്തിന്റെ പ്രമേയം "വനങ്ങളും സമ്പദ്‌വ്യവസ്ഥകളും" എന്നാകുമ്പോൾ, നാം മനസ്സിലാക്കേണ്ടത് കാട് നൽകുന്ന ശുദ്ധവായുവും ജലവുമാണ് ലോകത്തിലെ ഏറ്റവും വലിയ ആസ്തിയെന്നാണ്. അന്തരീക്ഷ ഊഷ്‌മാവ്‌ കുറക്കുന്നതിനും മണ്ണിലെ ജലസാന്നിദ്ധ്യം നിലനിർത്താനും പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനും വൃക്ഷനിബിഡമായ വനമേഖലകൾ അനിവാര്യമാണ്.


ജൂൺ അഞ്ചിന് അലക്കിത്തേച്ച വെളുത്തമുണ്ടുടുത്ത്  കുനിഞ്ഞിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒരു തൈ നടുന്നതുകൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷിക്കപ്പെടില്ല.


'തണലും കുളിർ നിഴലും പകലുറക്കത്തിന് മലർവിരിയും' നൽകുന്ന ഭൂമി മനുഷ്യന്റേതല്ലെന്നും, മനുഷ്യൻ ഭൂമിയുടെ വിലപ്പെട്ട സ്വത്താണെന്നും നാം തിരിച്ചറിയണം.

കാടിന്റെ മണമുള്ള, മണ്ണറിവുള്ള ഒരു തലമുറയുടെ പിന്മുറക്കാരാണ് നാം. ആ പൈതൃകം കാത്തുസൂക്ഷിക്കാൻ നമുക്ക് ബാധ്യതയുണ്ട്. വനപാതകൾ ഇല്ലാതായാൽ മനുഷ്യന്റെ നിലനിൽപ്പിന്റെ പാതകളും അടഞ്ഞുപോകും. കാടിനെ നമുക്ക് തിരിച്ചുപിടിക്കാം; അത് നമ്മുടെ വീടുകളെയും ആത്മാവിനെയും സംരക്ഷിക്കാനാണ്.

kavith
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചട്ടലംഘനങ്ങൾ തടയാൻ 'സി-വിജിൽ'; എറണാകുളത്ത് നടപടി കർശനം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം