കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയ സി-വിജിൽ (cVIGIL) മൊബൈൽ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് വലിയ കരുത്താകുന്നു. വോട്ടർമാർക്ക് പണം നൽകുക, മദ്യവിതരണം, അനുമതിയില്ലാത്ത പോസ്റ്ററുകൾ, പ്രകോപനപരമായ പ്രസംഗങ്ങൾ തുടങ്ങി ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏത് കാര്യവും ഈ ആപ്പിലൂടെ വേഗത്തിൽ അധികാരികളെ അറിയിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പിലൂടെ പരാതിക്കാരന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താതെ തന്നെ പരാതി സമർപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
സംഭവസ്ഥലത്തുനിന്നും നേരിട്ട് പകർത്തിയ ചിത്രങ്ങളും വീഡിയോകളും മാത്രമേ ഈ സംവിധാനത്തിലൂടെ സ്വീകരിക്കുകയുള്ളൂ. ഫോൺ ഗാലറിയിലുള്ള പഴയ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്നത് ആപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുമ്പോൾ തന്നെ ജിപിഎസ് വഴി ലൊക്കേഷൻ രേഖപ്പെടുത്തുന്നതിനാൽ ഉദ്യോഗസ്ഥർക്ക് കൃത്യസ്ഥലം കണ്ടെത്താൻ എളുപ്പമാകും. പരാതി സമർപ്പിച്ചാൽ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതിയുടെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അത് ഫീൽഡ് യൂണിറ്റിന് കൈമാറുകയും 15 മിനിറ്റിനുള്ളിൽ ഫ്ലയിങ് സ്ക്വാഡ് സംഭവസ്ഥലത്തെത്തുകയും ചെയ്യും. വെറും 100 മിനിറ്റിനുള്ളിൽ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന മറുപടി പരാതിക്കാരന് ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിൽ സി-വിജിൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ അതിവേഗത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ന് (മാർച്ച് 20) മാത്രം ജില്ലയിൽ 517 പരാതികൾ ലഭിച്ചതിൽ 516 എണ്ണത്തിലും നടപടി പൂർത്തിയാക്കി. ജില്ലയിൽ ഇതുവരെ ലഭിച്ച 282 പരാതികളും പരിഹരിച്ചതായി നോഡൽ ഓഫീസർ അറിയിച്ചു. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇതുവരെ ആകെ 4881 പ്രചാരണ ബോർഡുകളാണ് നീക്കം ചെയ്തത്. ഇതിൽ ഇന്ന് മാത്രം വിവിധ രാഷ്ട്രീയ പാർട്ടികളുടെ 1357 പോസ്റ്ററുകളും 226 ബാനറുകളും 92 മറ്റ് പ്രചാരണ ബോർഡുകളും ഉൾപ്പെടെ 1675 എണ്ണം നീക്കം ചെയ്തു.
നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരും. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ സി-വിജിൽ ആപ്പിന് പുറമെ mccernakulam2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














