ഒരു രൂപ നോട്ടുണ്ടോ? ലക്ഷങ്ങൾ കൂടെപ്പോരും;
വിശ്വസിച്ചവർക്ക് 'അടി' തെറ്റി!
"ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും..."
എന്ന് പണ്ട് അടൂർ ഭാസി പാടിയത് വെറുമൊരു തമാശയായിരുന്നില്ല, അതൊരു ദീർഘവീക്ഷണമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയേണ്ടി യിരിക്കുന്നു.
പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം; അന്ന് ലക്ഷങ്ങൾ കൂടെപ്പോരുമെന്നായിരുന്നു എങ്കിൽ ഇന്ന് ലക്ഷങ്ങൾ 'കൂടെപ്പോകാനാണ്' സാധ്യത എന്ന് മാത്രം.
കഴിഞ്ഞ ദിവസം ഒരു ചെരുപ്പുകടയുടെ ഉദ്ഘാടനത്തിന് ഒരു രൂപ നോട്ടുമായി വന്നാൽ വിലകൂടിയ വാച്ചും ഷൂവും കിട്ടുമെന്ന് കേട്ട് പുലർച്ചെ മൂന്ന് മണിക്ക് ക്യൂ നിന്ന വിരുതന്മാരെ കണ്ടപ്പോൾ നാം അക്ഷരാർത്ഥത്തി ൽ ഞെട്ടി. ലാഭത്തിന് പിന്നാലെ പായുന്ന മലയാളിയുടെ ആവേശം ഒടുവിൽ ചെന്നെത്തിയത് പോലീസിന്റെ ലാത്തിയടിയിലാണ്. സൗജന്യമായി ഷൂ വാങ്ങാൻ പോയവർക്ക് ഒടുവിൽ കാലിൽ ഇടാൻ പ്ലാസ്റ്റർ ഇടേണ്ടി വന്ന അവസ്ഥ!
വിശ്വാസവും വഞ്ചനയും
മറ്റൊരു വശത്ത്, വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത 'സുവിശേഷകന്റെ' വാർത്ത. ആത്മീയതയുടെ മറവിൽ ഇത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ നാം ചിന്തിക്കേണ്ടത് നമ്മുടെ സാമാന്യബോധത്തെ കുറിച്ചാണ്. സ്വർഗ്ഗത്തിൽ സീറ്റ് ബുക്ക് ചെയ്യാൻ പണം നൽകുന്നവരും, വിവാഹ പരസ്യങ്ങളിൽ വീണ് ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തുന്നവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
ഭാവിയിലെ പരസ്യങ്ങൾ ഇങ്ങനെയൊക്കെ ആകുമോ?
നിലവിലെ പോക്ക് കണ്ടിട്ട് ഇനി വരാനിരിക്കുന്ന പരസ്യങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെ ആയേക്കാം:
"വിധവയെ വിവാഹം കഴിക്കുന്നവർക്ക് രണ്ട് കുട്ടികൾ തികച്ചും സൗജന്യം!"
"ഒരു രൂപയ്ക്ക് ബിരിയാണി വാങ്ങുന്ന ആദ്യ പത്തുപേർക്ക് ആശുപത്രി
ചെലവിൽ 50% ഡിസ്കൗണ്ട്!"
"പള്ളിയിൽ സ്വർണ്ണക്കുരിശ് നേർച്ച നേരുന്നവർക്ക് നേരെ സ്വർഗ്ഗത്തിലേക്ക് എയർ ടിക്കറ്റ് ഫ്രീ!"
നമ്മുടെ അത്യാഗ്രഹമാണ് പലപ്പോഴും തട്ടിപ്പുകാർക്കുള്ള മൂലധനം.
സൗജന്യം ഒന്നിനും പകരമല്ല: ഒന്നും വെറുതെ കിട്ടില്ലെന്ന ബോധം വേണം.
പരസ്യങ്ങളിലെ ചതിക്കുഴികൾ: ആകർഷകമായ ഓഫറുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന നിബന്ധനകൾ വായിക്കാൻ ശ്രമിക്കുക.
ആത്മീയതയും സാമ്പത്തികവും:
പണം വാങ്ങി സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നവരെ പടിക്ക് പുറത്ത് നിർത്തുക.ആത്മീയരംഗത്തുമുണ്ട് ആട്ടിൻ തോലിട്ട ചെന്നായകൾ
ഒരു രൂപയ്ക്ക് ലക്ഷങ്ങൾ കിട്ടുമെന്ന് വിശ്വസിക്കുന്ന കാലത്തോളം തട്ടിപ്പുകാർക്ക് ഇവിടെ പഞ്ഞമുണ്ടാകില്ല.
ബുദ്ധിയും വിവേകവും പണയം വെക്കാതിരുന്നാൽ ലാത്തിയടി ഏൽക്കാതെയും പണം നഷ്ടപ്പെടാതെയും നമുക്ക് ജീവിക്കാം. ഒന്നു ഓർക്കുക, ജീവിതത്തിൽ 'ഫ്രീ' ആയി കിട്ടുന്നത് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുന്ന കെണികളായിരിക്കും. എലിക്കെണിയിൽ കുത്തിനിർത്തുന്ന കിഴങ്ങ് കഷണങ്ങളെപ്പോലെയാണത്
ഓപ്പറേഷൻ മൂട്ട: കോട്ടപ്പറമ്പിലെ ആ പഴയ 'ഈർക്കിൽ വിഷം' മുതൽ ഓൺലൈൻ 'പച്ചിരുമ്പ്' വരെ!
എൺപത് വർഷങ്ങൾക്കുമപ്പുറം വടകര കോട്ടപ്പറമ്പിലെ ആ പഴയ പൂമരച്ചുവട്... ഇന്നത്തെ തിരക്കില്ലെങ്കിലും അത്ഭുതങ്ങളുടെ ഒരു ലോകമായിരുന്നു അന്ന് അവിടെ. കൈനോട്ടക്കാർ, പച്ചമരുന്നുകാർ, തോർത്തുമുണ്ടു വിൽപ്പനക്കാർ, പിന്നെ സരോജിനിയുടെ 'കടുംകൈ' പാട്ടുപുസ്തകം നീട്ടിപ്പിടിച്ച് പാടുന്നവർ... ഇവർക്കിടയിലാണ് എന്റെ അച്ഛൻ ആ 'മഹാസംഭവത്തെ' ദർശിക്കുന്നത്.
അജ്ഞാതനായ 'വിഷ'വിദഗ്ദ്ധൻ
കൂട്ടത്തിൽ ഒരാൾ തൊണ്ട കീറി വിളിച്ചു പറയുന്നു: "മൂട്ടയോ? ഇനി പേടിക്കണ്ട! ആനയെ കൊല്ലുന്ന വിഷം, പുലിയെ കൊല്ലുന്ന മരുന്ന്... ഒരൊറ്റ പ്രയോഗം, വീട്ടിലെ സകല മൂട്ടകളും പമ്പകടക്കും!" അക്കാലത്ത് കട്ടിലുകളിലും കിടക്കക്കടിയിലും മൂട്ടകളുടെ വിളയാട്ടമാണ്. ഉറക്കം കളയുന്ന ഈ ശത്രുവിനെ തുരത്താൻ അച്ഛനു ലഭിച്ച അസുലഭാവസരമായി അത് തോന്നി. കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകൾ എണ്ണിപ്പെറുക്കി ആ 'മരുന്നുപൊതി' വാങ്ങി. വിൽപനക്കാരൻ അച്ഛന്റെ കാതിൽ രഹസ്യമായി മന്ത്രിച്ചു: "ഇതൊരു ഉഗ്രൻ വിഷമാണ്. രാത്രിയിൽ മാത്രം പൊതി തുറക്കുക. വെളിച്ചം കുറവുള്ളപ്പോൾ വേണം പ്രയോഗിക്കാൻ!"
രാത്രിയിലെ 'ഗൂഢാലോചന'
അച്ഛൻ വിജയശ്രീലാളിതനായി വീട്ടിലെത്തി. അമ്മയോട് രഹസ്യം പങ്കുവെച്ചു. രാത്രി മക്കൾ ഉറങ്ങിയ ശേഷം 'ഓപ്പറേഷൻ മൂട്ട' നടപ്പിലാക്കാൻ തീരുമാനമായി. മാരകമായ വിഷമായതുകൊണ്ട് അതീവ ജാഗ്രത വേണമെന്ന് അച്ഛൻ ആവർത്തിച്ചു പറഞ്ഞു. കൈയിലൊന്നും പുരളരുത്, അബദ്ധത്തിൽ പോലും വായിലാവരുത്... നിർദ്ദേശങ്ങൾ കടുപ്പമായിരുന്നു.
മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അച്ഛനും അമ്മയും കട്ടിലിനരികിൽ ഒത്തുകൂടി. അന്തരീക്ഷത്തിൽ ഒരു കുറ്റാന്വേഷണ സിനിമയിലെന്ന പോലെ പിരിമുറുക്കം! ചുവന്ന ട്രേസിങ് പേപ്പറിൽ പൊതിഞ്ഞ ആ മരുന്ന് അച്ഛൻ വിറയ്ക്കുന്ന കൈകളോടെ പതുക്കെ അഴിച്ചു.
സസ്പെൻസ് പൊളിയുന്നു!
ആദ്യത്തെ പൊതി തുറന്നപ്പോൾ ഉള്ളിൽ മറ്റൊരു പൊതി. രണ്ടാമത്തെ പൊതി തുറന്നപ്പോൾ കണ്ടത് ഒരു കുഞ്ഞു നോട്ടീസും അറ്റം കൂർപ്പിച്ച ഒരു ഈർക്കിൽ കഷ്ണവും! അച്ഛന്റെയും അമ്മയുടെയും കണ്ണ് തള്ളിപ്പോയി. ആ നോട്ടീസിൽ ഇങ്ങനെ എഴുതിയിരുന്നു:
"നിർദ്ദേശം: ഈ ഈർക്കിൽ കഷ്ണം കൊണ്ട് ഓരോ മൂട്ടയെയും കുത്തിക്കൊല്ലുക. മരണം ഉറപ്പ്!"
ഭീകരമായ ഒരു വിഷം പ്രതീക്ഷിച്ച അച്ഛനും അമ്മയും ആ ഈർക്കിൽ കഷ്ണം കണ്ട് സ്തബ്ധരായി. വടകര കോട്ടപ്പറമ്പിലെ ആ കൗശലക്കാരൻ തന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചതോർത്തപ്പോൾ അച്ഛന് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി. ആ രാത്രി മൂട്ട കടിച്ചെങ്കിലും, അതോർത്ത് ചിരിച്ച് ചിരിച്ച് അച്ഛനും അമ്മയ്ക്കും ഉറക്കം വന്നില്ലെന്നതാണ് സത്യം. എന്റെ കുഞ്ഞുപ്രായത്തിൽ അമ്മ ഈ കഥ പങ്കുവെക്കുന്നത് കേട്ട് ഞാനും ചിരിച്ചിട്ടുണ്ട്.
കാലം മാറി, കഥ മാറുന്നില്ല!
ഇന്നും ഇത്തരം 'ഈർക്കിൽ പ്രയോഗങ്ങൾ' ഡിജിറ്റൽ രൂപത്തിൽ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകാരും വ്യാജ പരസ്യക്കാരും നമ്മളെയും ഒരു ഈർക്കിൽ കഷ്ണം കാണിച്ച് പറ്റിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ അനുഭവം: ഈ അടുത്ത കാലത്ത് മരക്കൊമ്പുകൾ നിഷ്പ്രയാസം മുറിക്കാമെന്ന് ഓൺലൈൻ പരസ്യം കണ്ട് ഞാനൊരു 'അരിവാൾ' പോലുള്ള ഉപകരണം വാങ്ങി. അഞ്ഞൂറ് രൂപ പോയതല്ലാതെ, ഒരു പുല്ലുപോലും മുറിയാത്ത വെറും പച്ചിരുമ്പ് മിനുക്കിയെടുത്ത സാധനമായിരുന്നു അത്.
സ്ത്രീകളെ പറ്റിക്കുന്ന തൈലങ്ങൾ: മാറിടത്തിന് മുഴുപ്പില്ലാത്ത സ്ത്രീകൾ VPP ആയി ലഭിക്കുന്ന തൈലം പുരട്ടി നൂറുതവണ തടവിയാൽ അത്ഭുതങ്ങൾ മാറിടത്തിൽ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് ഉത്തരേന്ത്യൻ കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾ വേറെ. പരാതിപ്പെട്ടാൽ നാണക്കേടാകുമെന്ന് കരുതി സ്ത്രീകൾ ഇത് പുറത്തുപറയുന്നില്ല എന്നത് മറ്റൊരുസത്യം .ഗുരുമൂർത്തി ഗോപാലകൃഷ്ണ എന്നഎൻറെ തെലുങ്കൻ സുഹൃത്ത് പറഞ്ഞകഥയും ഞാൻ മറന്നിട്ടില്ല ,ഗുണം കിട്ടാത്ത സ്ത്രീകൾ നാണക്കേട് വിചാരിച്ച് പുറത്തുപറയുകയോ പരാതിപ്പെടുകയോ ഉണ്ടാവാറില്ല .
അതുതന്നെയാണത്രെ ആകള്ളക്കമ്പനിയുടെ വിജയം .ആർക്കെങ്കിലും മറിച്ച് പുരോഗതി ഉണ്ടായെങ്കിൽ അത് നോട്ടീസിൽ പറഞ്ഞപോലെ ഈ തൈലം പുരട്ടി നൂറുതവണ തടവിയത് കൊണ്ടുമാവാം .അല്ലാതെ മരുന്നിന്റെ മഹത്വം കൊണ്ടാവില്ല തീർച്ച .
പഴനിയിലെ 'ദൈവദൂതന്മാർ': പഴനി പോലുള്ള ക്ഷേത്രപരിസരങ്ങളിൽ നമ്മളാവശ്യപ്പെടാതെ ഭക്തരെ സഹായിക്കാനെന്ന വ്യാജേന എത്തുന്ന വ്യാജ പൂജാരിമാരും ഇടനിലക്കാരും നമ്മുടെ പോക്കറ്റ് കാലിയാക്കും.
കണ്ണൂർ ബസ്റ്റാന്റ് പരിസരത്തുനിന്നും കുറ്റിയാട്ടൂർ മാവിൻറെ ഒട്ടുതൈയ്യാണെന്നു പറഞ്ഞു 15 വര്ഷങ്ങൾക്ക് മുൻപ് ഞാൻ വാങ്ങിയ മാവ് ഇതുവരെ പൂത്തിട്ടില്ല ,
നമ്മൾ ആവശ്യപ്പെടാതെ നമ്മളെ സഹായിക്കാൻ എത്തുന്നവരിൽ പലരും നമ്മുടെ പോക്കറ്റിലാണ് കണ്ണ് വെക്കുന്നത്. അത്യാഗ്രഹമാണ് പലപ്പോഴും നമ്മളെ ചതിക്കുഴികളിൽ എത്തിക്കുന്നത്. അന്ന് അച്ഛന് പറ്റിയ അമളി കണ്ട് ചിരിച്ച നമുക്ക്, ഇന്ന് ലക്ഷങ്ങൾ നഷ്ടപ്പെടുമ്പോൾ ചിരിക്കാൻ പോലുമാകില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
ഒരു രൂപയ്ക്ക് ലക്ഷങ്ങൾ തരാമെന്ന് പറയുന്നവന്റെ കയ്യിൽ നമുക്ക് തരാൻ ഒരു 'ഈർക്കിൽ കഷ്ണം' മാത്രമേ കാണൂ എന്ന് തിരിച്ചറിയുക!
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








