'സ്ത്രീ 'എന്ന വാക്കിൻ്റെ വാച്യാർത്ഥം തന്നെ സൃഷ്ടിയെ വിപുലമാക്കുന്നവൾ അഥവാ രക്ഷിച്ച് നിർത്തുന്നവൾ എന്നൊക്കെയാണ്.
അത് യഥാർത്ഥത്തിൽ അനന്തതയെ സൂചിപ്പിക്കുന്നു,
പുരുഷൻ ആകട്ടെ പഞ്ചഭൂതങ്ങളെ സൃഷ്ടിയിലേക്ക് വിന്യസിക്കുന്നവൻ മാത്രം. മനുഷ്യസമൂഹത്തിൻ്റെ പരമാത്മാവിൽ ശക്തിയുടെ രൂപമായി പ്രകാശിച്ച്, നിൽക്കുന്ന ബുദ്ധിസാനിദ്ധ്യമാണ് സ്ത്രീ. സൃഷ്ടിയുടെ ഗൂഡാതിഗൂഡ രഹസ്യങ്ങൾക്കുള്ളിൽ ആദിമം മുതൽ സജീവമായ സ്ത്രീയുടെ പ്രസാരണ വിശേഷമാണുള്ളത് .പ്രകൃതിയുടെ രൂപവും, പ്രതിരൂപവും, പ്രകൃതി തന്നെയും അവളാകുന്നു. ജഗത്തിൻ്റെ നിലനിൽപ്പിനെയും സംസ്കാരത്തിൻ്റെ വികാസഗതിയേയും അക്ഷയം ചുമന്നും ,വിന്യസിച്ചും നിലക്കൊള്ളുന്ന ശാശ്വത ശക്തിദുർഗ്ഗമാണ് സ്ത്രീത്വം . സ്ത്രീ എന്നത് ജൈവ സങ്കൽപമെന്നതിനു മപ്പുറം ഭൗതിക-ആത്മീയ-ബൗദ്ധിക - സാംസ്കാരിക-മാനവിക പ്രതീകത്വം നിറഞ്ഞ നിറവാർന്ന ഉൺമയാകുന്നു. സ്നേഹത്തിൻ്റെ അമൃതധാരയും ത്യാഗത്തിൻ്റെ ദീപശിഖയും കരുണയുടെ അനന്ത സ്രോതസ്സും പ്രകൃതിയുടെയും പിറവിയുടേയും അങ്കുരവും അവളിൽ സാക്ഷാത്കാരമാവുന്നു. മാതൃത്വത്തിൻ്റെ മഹാമഹിമയാൽ പ്രകൃതിയുടെ ആദി ഗാനവും അവസാന പ്രാർത്ഥനയും അവളാകുന്നു .മനുഷ്യ ചരിത്രത്തിൻ്റെ വിശാലാകാശത്തിൽ സ്ത്രീയുടെ മുദ്രകൾ ദൃശ്യവും, സ്രാവ്യവും, ശ്രോത്യവുമായ ചരിതങ്ങളായി അനേകമിടങ്ങളിൽ പതിഞ്ഞ് കിടക്കുന്നു. കുടുംബത്തിൻ്റെ ശാന്തി മണ്ഡലത്തിൽ നിന്നും സമൂഹത്തിൻ്റെ പ്രബുദ്ധ വേദികളിലേക്ക് വരെ അവളുടെ ആത്മബലം മനുഷ്യരാശിയുടെ പുരോഗതിക്ക് നിർണായക ചാലകശക്തിയായി വർത്തിച്ചുകൊണ്ടിരിക്കുന്നു.
സ്ത്രീയുടെ അന്തർ ലോകം അനന്തമായ അനുഭൂതികളുടെ ഗഹന ഭൂമിയും അസഹനീയമായ അനുഭവങ്ങളുടെ സഹന ഭൂമിയും ആകുന്നു.
അവളുടെ ചിന്തകൾ സൂക്ഷ്മ ബുദ്ധി സൗന്ദര്യത്തിൽ ശോഭിതമാവുന്നു.
അവളുടെ ആർദ്രത വ്യാവഹാരിക കഠിനതകളെ മൃദുലമാക്കുന്ന ദിവ്യ സ്പർശമായി ഭവിക്കുന്നു.
സ്നേഹവും സഹനവും സൃഷ്ടി പ്രതിഭയും സമന്വയിക്കുന്ന അപൂർവ്വമൂല്യങ്ങളുടെ മാനസസരസ്സാകുന്നു പ്രകൃതിയിലെ സ്ത്രീ.
കാലത്തിൻ്റെ പീഢാനുഭവങ്ങളെയും അവഗണനകളേയും ഋണാത്മക നിയന്ത്രണങ്ങളേയും മറികടന്ന് അവൾ ആത്മ ഗൗരവത്തിൻ്റെ തേരിൽ പാഞ്ചജന്യം മുഴക്കിയും ദീപം തെളിച്ചും മുന്നേറിയിരിക്കുന്നു.
അങ്ങിനെ ആത്മവീര്യത്തിൻ്റെ ജ്വാലാമുഖിയായി സ്ത്രീ സമൂഹത്തിൻ്റെയാകെ നൈതിക പഥദീപമായി പുതു തലമുറയെ വാർത്തും, പരിചരിച്ചും , നയിച്ചും തൻ്റെ സവ്യസാചിത്വം തെളിയിച്ചു.
ആയതിനാൽ ഈ മാർച്ച് 8 വനിതാ ദിനം എന്നത് വെറുമൊരു ആഘോഷ ദിനമെന്നതിലുപരി സ്ത്രീയുടെ ആദ്യാങ്കുരത്തെയും ആദിപരാശക്തിത്വത്തെയും സ്മരിക്കുകയും അവളുടെ അവകാശങ്ങളെ ആദരിക്കുകയും അവളുടെ ഇടം വകവെച്ച് കൊടുക്കുകയും ചെയ്യുന്ന വിശ്വമാനവികതാ പ്രതിജ്ഞാ ദിനമായി ആചരിക്കേണ്ടതാണ്.
സ്ത്രീയെ ആദരിക്കുന്ന സമൂഹം മാത്രമേ സംസ്കാരാഭ്യുന്നതിയിലെത്തുകയുള്ളൂ. സ്ത്രീ ജീവിതത്തിൻ്റെ സംഗീതത്തിൽ അനിവാര്യമായ സ്വരവും
ആദിതാളവും ആകുന്നു.
സൃഷ്ടിയുടെ മഹാകാവ്യരചന ഏറ്റെടുത്ത് മനുഷ്യരാശിയുടെയും പ്രകൃതിയുടേയും ഭാവിയെ ദീപ്തമാക്കുന്ന അതുല്യ ശക്തിയായി സ്ത്രീത്വംഎന്നും ശാശ്വതസത്യമായി പ്രപഞ്ചത്തിൽ നില നിൽക്കുക തന്നെ ചെയ്യും.
" യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ :
യത്രൈതാസ്തു ന പൂജ്യന്തേ
സർവ്വാസ്തത്രാ ഫലാ: ക്രിയ : ''
''ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദ പിഗരീയസീ''
''യാ ദേവീ സർവ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ ''
സ്നേഹാദരങ്ങളോടെ
സന്തോഷ് AM
അഡ്വക്കേറ്റ് വടകര
9447079574
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









