ബി.എൽ.ഒ മാർക്കെതിരെ പരാതിയുമായി പ്രവാസി കുടുംബം
മാഹി: ഇലക്ഷൻ കമ്മീഷന്റെയും ബി.എൽ.ഒ (BLO) മാരുടെയും നിരുത്തരവാദപരമായ നിലപാട് മൂലം പ്രവാസി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയ വോട്ടർമാർ ദുരിതത്തിലാകുന്നു. ന്യൂമാഹി വില്ലേജ് പരിധിയിൽ പ്രവാസി വോട്ട് ചേർക്കാൻ ശ്രമിച്ച പെരിങ്ങാടി സ്വദേശി ബഷീർ ഏരത്തിന്റെ കുടുംബത്തിനാണ് ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ കാരണം ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നത്.
സംഭവത്തെക്കുറിച്ച് ബഷീർ ഏരത്ത് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ജനുവരി 27-നാണ് മരുമകളുടെ മകൻ ഫിദിൻ ഷംസീറിന്റെ പ്രവാസി വോട്ട് ചേർക്കാനായി അപേക്ഷ സമർപ്പിച്ചത്. ഫെബ്രുവരി 4-ന് അപേക്ഷ ബി.എൽ.ഒ സുമ ടി-ക്ക് കൈമാറിയതായി ഇലക്ഷൻ കമ്മീഷന്റെ സന്ദേശം ലഭിച്ചു. എന്നാൽ തന്റെ പരിധിയിലുള്ള വീടല്ലെന്ന് പറഞ്ഞ് ഇവർ അപേക്ഷ പത്ത് ദിവസത്തോളം വെച്ചുതാമസിപ്പിച്ചു. പിന്നീട് പല ബി.എൽ.ഒ മാർക്കും മാറി മാറി കൈമാറിയ അപേക്ഷ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയായ ഫെബ്രുവരി 15-ന് വൈകുന്നേരം സുജിത്ത് സി എന്ന ബി.എൽ.ഒ യ്ക്ക് ലഭിക്കുകയും മിനിറ്റുകൾക്കുള്ളിൽ തന്നെ അപേക്ഷ നിരസിക്കപ്പെടുകയും (Reject) ചെയ്തു.
നിയമങ്ങൾ അറിയാത്ത ഉദ്യോഗസ്ഥർ?
പ്രവാസി വോട്ട് (Form 6A) ചേർക്കാൻ അപേക്ഷിക്കുമ്പോൾ അപേക്ഷകൻ നാട്ടിൽ നേരിട്ട് ഹാജരാകണമെന്നും വീട്ടിൽ താമസമില്ലാത്തവരുടെ വോട്ട് ചേർക്കാൻ കഴിയില്ലെന്നുമുള്ള വിചിത്രമായ വാദമാണ് ചില ബി.എൽ.ഒ മാർ ഉന്നയിക്കുന്നതെന്ന് ബഷീർ ആരോപിക്കുന്നു. വിദേശത്തുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ സർക്കാർ നൽകിയ ആനുകൂല്യത്തെക്കുറിച്ച് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ധാരണയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അധികൃതരുടെ മൗനം:
അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് ന്യൂമാഹി വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പരാതിയുമായി എത്തിയെങ്കിലും വ്യക്തമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം അപേക്ഷ നിരസിക്കപ്പെട്ട സാഹചര്യത്തിൽ വോട്ടർക്ക് സമയനഷ്ടവും വീണ്ടും അപേക്ഷിക്കാനുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരിക്കുകയാണ്. ഒടുവിൽ വീണ്ടും പുതിയ അപേക്ഷ നൽകി ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിലവിലെ ബി.എൽ.ഒ അപേക്ഷ സ്വീകരിച്ചത്.
ഇലക്ഷൻ കമ്മീഷന്റെ മെസേജ് ലഭിച്ചിട്ടും കൃത്യസമയത്ത് റിപ്പോർട്ട് നൽകാതെ വോട്ടർമാരെ വട്ടം കറക്കുന്ന ബി.എൽ.ഒ മാർക്കെതിരെയും ഏകോപനമില്ലാത്ത സംവിധാനങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇതിന് മറുപടി പറയണമെന്നും പാവപ്പെട്ട വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ബഷീർ ഏരത്ത് ആവശ്യപ്പെട്ടു.
ചിത്രം :പ്രതീകാത്മകം
പ്രതികരണം:
ബഷീർ ഏരത്ത് (പെരിങ്ങാടി).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








