മലയാളിയും വിദേശ ലഹരിയും : ദിവാകരൻ ചോമ്പാല

മലയാളിയും വിദേശ ലഹരിയും : ദിവാകരൻ ചോമ്പാല
മലയാളിയും വിദേശ ലഹരിയും : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 02, 10:41 PM

നമ്മുടെ നാട്ടിൽ പണ്ട് തൊട്ടേ ഉള്ളൊരു അലിഖിത നിയമമുണ്ട്; സംഗതി എന്തായാലും അതിനൊരു 'വിദേശി' ലേബൽ ഉണ്ടെങ്കിൽ കച്ചവടം പൊടിപൊടിക്കും.

സ്വന്തം വീട്ടുമുറ്റത്തെ ചക്കയ്ക്ക് വിലയില്ലെങ്കിലും വിദേശത്തെ സൂപ്പർ മാർക്കറ്റിൽ അത് 'ജാക്ക് ഫ്രൂട്ട്' എന്ന പേരിൽ തിളങ്ങുമ്പോൾ മലയാളിയുടെ കണ്ണുതള്ളും. ഈയൊരു മാനസികാവസ്ഥയെ കുറിച്ചും നമ്മുടെ 'പരിഷ്കൃത' സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ കുറിച്ചും ചാക്യാർകൂത്തിലെ പരിഹാസം പോലെ ഒന്ന് വിശകലനം ചെയ്യാം.


നമ്മുടെ നാട്ടിൽ 'നാടൻ' എന്ന് പറഞ്ഞാൽ അത് മോശവും 'ഇന്റർനാഷണൽ' എന്ന് പറഞ്ഞാൽ അത് നിലവാരവുമാണ്. നാട്ടിൻപുറത്തെ പുൽത്തകിടിയിൽ അലഞ്ഞുനടക്കുന്ന പശുവിന്റെ ഗോമൂത്രം ആർക്കും വേണ്ടെങ്കിലും, അതെടുത്ത് കുപ്പിയിലാക്കി, നല്ല മിനുസമുള്ള ലേബലൊട്ടിച്ച് ഒരു എയർകണ്ടീഷൻഡ് ഷോപ്പിലെ ചില്ലലമാരയിൽ വെച്ചാൽ നമ്മൾ വിലപേശാതെ വാങ്ങും.


അവിടെ വസ്തുവിന്റെ ഗുണമല്ല, മറിച്ച് ആ ഇംഗ്ലീഷ് അക്ഷരങ്ങളാണ് നമ്മളെ തോൽപ്പിക്കുന്നത്. ഈ യടുത്ത ദിവസം വടകര ടൗൺഹാളിൽ നടന്ന ഹരിതാമൃതം പരിപാടിയോടനുബന്ധിച്ച് നടന്ന കാർഷികമേളയി ൽ ഒരു സുന്ദരിയായ യുവതി ഉണക്കിപ്പൊടിച്ച ചാണകത്തിൻറെ പാക്കറ്റ് വിലകൊടുത്തുവാങ്ങി ഷോൾഡർ ബാഗിലിടുന്ന കാഴ്ച്ച എനിക്കൊരു കൗതുകക്കാഴ്ച്ചയായി തോന്നി.


രാമൻ മൂർത്തിയായ കഥ


65 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ പേരെടുത്ത ഒരു ഡോക്ടറുണ്ടായിരുന്നു— ഡോ. ആർ. മൂർത്തി.

 ഒഴുക്കുള്ള മലയാളത്തിൽ സംസാരിക്കുന്ന, ആന്ധ്രയിൽ നിന്ന് വന്ന ആ ഡോക്ടർക്ക് മുന്നിൽ രോഗികളുടെ നീണ്ട നിരയായിരുന്നു.

 എന്നാൽ പലർക്കും അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. പണ്ട് നാട്ടിൽ നിന്ന് ചെറുപ്പത്തിലേ നാടുവിട്ടുപോയ നമ്മുടെ പഴയ 'രാമൻ' തന്നെയായിരുന്നു ആ മൂർത്തി!


ഹൈസ്കൂളിന്റെ പടികയറിയോ മെഡിക്കൽ കോളേജിൽ പോയോ എന്നൊന്നും ആർക്കും അറിയില്ലെങ്കിലും, മൂർത്തി എന്ന പേരിന് മുന്നിലൊരു 'ആർ' (R) വെച്ചപ്പോൾ ജനങ്ങൾ അത് 'രാമൻ' എന്നല്ല, മറിച്ച് ഏതെങ്കിലും ഉന്നത ബിരുദമാണെന്ന് അങ്ങ് വിശ്വസിച്ചു. രാമൻ എന്ന പേരിൽ ചികിത്സിച്ചിരുന്നെങ്കിൽ അന്ന് ആരും തിരിഞ്ഞുനോക്കില്ലായിരുന്നു. ആർക്കും ദോഷം ചെയ്യാത്ത ആ പാവം മനുഷ്യന്റെ വിജയം ആ പേരിലെ 'വിദേശ' ടച്ചിലായിരുന്നു.


അദ്ദേഹത്തിൻറെ വീട്ടുപറമ്പിൻറെ ഒരരികിൽ സ്ഥാപിച്ച അവധൂത സമാധി മണ്ഡപംപോലും അറിയപ്പെടുന്നത് 'മൂർത്തിക്കാവ് ' എന്നപേരിൽ .ഉഗ്രമൂർത്തിയുടെ പ്രതിഷ്‌ഠ ഉള്ളതുകൊണ്ടല്ല ആ പേരുവന്നത് .മൂർത്തി ഡോക്റ്ററുടെ പറമ്പിലായതു കൊണ്ടാണെന്ന് വ്യക്തം .

വിദേശികളുടെ ബുദ്ധിയും നമ്മുടെ 'കൊക്കിന്മേൽ പൊന്നും'

ഇവിടെയാണ് മറ്റൊരു വൈരുദ്ധ്യം. നമ്മുടെ കളരിമുറകളും ആയുർവേദവും യോഗയും കൃഷിരീതികളും കണ്ടും കേട്ടും സ്വായത്തമാക്കാൻ കടൽ കടന്ന് വിദേശികൾ ഇങ്ങോട്ട് വരുന്നു. അവർ അത് പഠിച്ച് സ്വന്തം നാട്ടിൽ പോയി അഭിമാനത്തോടെ പ്രയോഗിക്കുന്നു. എന്നാൽ അവർ ഒരിക്കലും "എന്നോളം പൊന്നുണ്ടോ കോലത്തിരിക്ക്, കൊക്കിന്മേൽ പൊന്നുണ്ടോ കോലത്തിരിക്ക്" എന്ന് പാടി അഹങ്കരിക്കാറില്ല.


കൊക്കിന്മേൽ മഞ്ഞവരയുള്ള ഒരുകിളി കോലത്തിരി രാജാവിനേക്കാൾ വലിയവൻ ഞാനാണെന്ന് അഹങ്കരിച്ചു പാടിയ പാട്ടാണത്രേ അത്.

വിദേശികൾ ഇവിടുത്തെ വിദ്യകൾ കൊണ്ടുപോയി നേട്ടമുണ്ടാക്കുമ്പോഴും, നമ്മൾ ഇപ്പോഴും കൊക്കിന്മേൽ പൊന്നുണ്ടെന്ന് വിചാരിക്കുന്ന ആ കിളിയെപ്പോലെ വെറും അഹങ്കാരത്തിലും അന്യദേശത്തോടുള്ള അന്ധമായ ആരാധനയിലും ഇൻറ്റർ നേഷണൽ പെരുമ പാടിനടക്കുന്നു....

ഹോട്ടൽ ഡി പാരീസും ഇന്നത്തെ ഗമയും

പണ്ട് മാഹി പാലത്തിനടുത്ത് 'ഹോട്ടൽ ഡി പാരീസ്' എന്നൊരു കടയുണ്ടായിരുന്നു. പേരിൽ തന്നെ ഒരു ഫ്രഞ്ച് ഗമ!

ഇന്നവിടെ ഒരു ബ്രാണ്ടി ഷോപ്പാണെന്നു തോന്നുന്നു. പേര് പാരീസായാലും വിദേശി എന്നൊരു ലേബൽ ഉണ്ടെങ്കിൽ അവിടെ ആൾക്കാർ ഇടിച്ചുകയറും. നമ്മുടെ നാട്ടിലെ ഏത്' കെടുമുതലിനും ഫോറിൻ' അല്ലെങ്കിൽ 'ഇന്റർനാഷണൽ' എന്ന് പേരിട്ട് വിളിച്ചാൽ അത് ചൂടപ്പം പോലെ വിറ്റഴിക്കാമെന്ന നിലയിലാണ് നമ്മളിൽ ചിലരിപ്പോഴും...


കലികാല വൈഭവം

സ്വന്തം നാടിനെയും ഉൽപ്പന്നങ്ങളെയും പുച്ഛത്തോടെ കാണുകയും, അന്യനാട്ടിലെ എന്തിനെയും തൊഴുതു സ്വീകരിക്കുകയും ചെയ്യുന്ന ഈ അവസ്ഥയെ 'കലികാല വൈഭവം' എന്നല്ലാതെ എന്ത് പറയാൻ? ചാക്യാർകൂത്തിൽ നമ്പ്യാർ മിഴാവിലടിക്കുന്നത് പോലെ ഈ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ചിലർക്കെങ്കിലും പൊള്ളിയേക്കാം. പക്ഷേ, ആ പൊള്ളലിൽ നിന്നാണ് മാറേണ്ടത് നമ്മുടെ ഈ അന്ധമായ വിദേശ ലഹരി!

ചിത്രം :പ്രതീകാത്മകം 

samudra
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്ലാവ് വെട്ടുന്നവന് ജയിൽ ശിക്ഷ! - ദിവാകരൻ ചോമ്പാല