എഴുത്തു മുറി, വ്യസനം നിറഞ്ഞ കോലായ.
സത്യൻ മാടാക്കര.
ജനാധിപത്യത്തിന് ഏതൊക്കെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന ചോദ്യം നിസ്സാരവല്കരിക്കരുത്. ജാതി, ഉപരിവർഗ്ഗ അധീശത്വം, പ്രഭുത്വം അലങ്കരിക്കുന്ന സമൂഹത്തിൽ ജനാധിപത്യ ആശയവും പ്രയോഗവുമാണ് നവീന ചിന്തയിലേക്ക് നയിക്കുക. ഇന്ത്യയുടെ കെട്ടുറപ്പ് ബഹുസ്വരതയാവുന്നു. അതാകട്ടെ ഭാഷ, ഭക്ഷണം, വേഷം, ആചാരം,ജാതി-മത ബോധം കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ആശയത്തെ ജനകീയമാക്കുന്നതിൽ കാണിക്കുന്ന താല്പര്യമില്ലായ്മ സാമൂഹ്യ പുരോഗതി റദ്ദ് ചെയ്യുന്നു. ജനാധിപത്യമെന്ന ആശയം പാർലിമെന്ററി രാഷ്ട്രീയ സംവിധാനവുമായി കൂട്ടിവായിക്കാൻ പലരും കാണിക്കുന്ന വിമുഖത ജനാധിപത്യ സങ്കല്പം വികസിക്കേണ്ട വഴി ആശാവഹമാക്കുന്നില്ല. മാനവികത, മതമൈത്രി മൂല്യത്തോടെ നിലനില്ക്കണമെങ്കിൽ രാഷ്രടതന്ത്രവും പൗരധർമ്മവും എന്തെന്ന വകതിരിവ് വേണം. അതിലൂടെ പൗരന്റെ സമത്വം, അവകാശ സംരക്ഷണം, ഭയമില്ലാത്ത സ്വാതന്ത്ര്യം, വ്യത്യസ്ത അഭിപ്രായങ്ങൾ സംരക്ഷിക്കപ്പെടണം. ഓരോ മനുഷ്യനെയും ചിന്തയിലും ഇടപെടലിലും സക്രിയമാക്കുന്ന വഴി ജനാധിപത്യത്തിന്റെ വിശാല ഇടമാകുന്നു. വിഭിന്നതയിൽ സത്യം കണ്ടെത്തുന്ന വഴിയാണ് മുഖ്യം. എഴുത്തിനെ സംബന്ധിച്ചാണെങ്കിൽ എം.എൻ.വിജയൻ മാഷ് പറഞ്ഞതു പോലെ" നാം എത്തിച്ചേർന്നിരിക്കുന്ന ലോകം മാത്രമല്ല നമുക്ക് എത്തിച്ചേരാവുന്ന ലോകം എന്നു വിളിച്ചു പറയുകയാണ് കലയുടെ ധർമ്മം. ജീവിതത്തിന്റെ മറ്റൊരു സാധ്യത അത് മനുഷ്യന്റെ മുമ്പിൽ വെക്കുന്നു". എന്നാൽ വലയിടത്തും സ്വകാര വാചകമേളയാണ് നടക്കുന്നത്. ധാരാളിത്തത്തിന്റെ കെട്ടുകാഴ്ചകൾ നിരന്തരം മത്സരത്തിന് പ്രേരണ നല്കുന്നു. പൊതു നിലയിലെ തകർച്ച, അരികു വല്കരണ ആശങ്ക ആരെയും ആകുലപ്പെടുത്തുന്നില്ല. വീട്ടുകാര്യം മുതൽ സാമൂഹ്യതലം വരെ പടർന്നു കയറിയ ഈ രോഗത്തിന് മരുന്നില്ലായ്മ എന്താണ് ആരും കണ്ടില്ലെന്ന് നടിക്കുന്നത്? മാർക്കറ്റിംഗ് ഇക്കോണമി, ലാഭചിന്ത എല്ലാം ഒറ്റക്കാലിൽ നിർത്തുന്നു. അതിനിടയിൽ നേട്ടങ്ങളുടെ വിജയഗാഥ പാടി പാട്ടിലാക്കുന്ന ഉത്സവ ലഹരി. നേടൂ, സമ്മാനം കരസ്ഥമാക്കൂ ! പരസ്യവിപണിക്ക് അതാണ് ആവശ്യം. അതാകട്ടെ സാമാന്യ നിയമമായി സ്വകാര്യതയ്ക്ക് അംഗീകാരം നേടിക്കൊടുക്കുന്നു. തന്റേടം ( തന്റെ ഇടം ), ചോദ്യം ഉന്നയിക്കൽ നമ്മൾക്ക് കൈമോശം വരികയാണൊ?
തിളക്കുന്ന നട്ടുച്ചയിലുംപ്രതികരണം മരവിച്ചു നില്ക്കുന്നു. മിഡിൽ ക്ലാസ്സ് കൾച്ചർ എല്ലാം നിസ്സംഗതയോടെ നോക്കിക്കാണുന്ന പരിസരം സാമൂഹ്യപരമായി വളർച്ചയല്ല തളർച്ചയുടെ ലക്ഷണമാകുന്നു.
ജീൻപോൾ സാത്രിന്റെ നിലപാട് എത്ര പേർക്കറിയാം!
"ഒരു ബൂർഷ്വാസമൂഹത്തിൽ സാഹിത്യകാരമാർ വർഗ്ഗീകൃത ശ്രേണിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഈ ശ്രേണീ സമ്പ്രദായം വ്യക്തി മൂല്യത്തെ നിശ്ശേഷം നശിപ്പിക്കുന്നു. ഒരാളിനു മുകളിൽ അല്ലെങ്കിൽ താഴെ എന്നു പറയുന്നത് അയുക്തികമാണ്. അതുകൊണ്ടാണ് ഞാൻ നോബൽ സമ്മാനം നിരസിച്ചത്".
മദ്ധ്യവർഗ്ഗ മാറ്റം പൗരനെന്ന നിലയിൽ നിന്ന് ഉപഭോക്താവിലേക്ക് എത്തിയിരിക്കുന്നു. മദ്ധ്യവർഗ്ഗം പൗരബോധത്തിൽ കാണാക്കുന്ന ഉദാസീനത ഭാവിയിൽ ദുരിത ജീവിതമാവും സൃഷ്ടിക്കുക. പരിഷ്കാരങ്ങളുടെ ആവേശം കൊള്ളൽ മാത്രമല്ല ആധുനിക സമൂഹം. തുല്യതയാണതിന്റെ മുദ്ര. ഗബ്രിയേൽ മാർക്യൂസ് പറഞ്ഞതു പോലെ
"ജീവിച്ചിരിക്കുക എന്നതല്ല കാര്യം, ഓർമ്മിക്കുകയാണ്. ഓർമ്മിച്ചു വെക്കുക എന്നതിലല്ല കാര്യം, ഓർത്തു പറയുകയാണ്. "
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











