വിത്തുപുരയിലെ കാവലാൾ
: ചെറുവയൽ രാമനും
പാരമ്പര്യത്തിന്റെ പച്ചപ്പും
: ടി .ശ്രീനിവാസൻ
കൃഷി എന്നത് ലാഭനഷ്ടങ്ങൾ കണക്കു കൂട്ടേണ്ട ഒരു വ്യവസായമല്ല, മറിച്ച് ശ്വാസം പോലെ ചേർത്തുപിടിക്കേണ്ട ജീവിതചര്യയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ മനുഷ്യനാണ് ചെറുവയൽ രാമൻ.
വയനാടിന്റെ പച്ചപ്പിൽ നിന്ന് പത്മശ്രീയുടെ തിളക്കത്തിലേക്കും ഇപ്പോൾ വടകരയുടെ ഹൃദയത്തിലേക്കും അദ്ദേഹം എത്തുകയാണ്.
മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വടകര ടൗൺ ഹാളിൽ നടക്കുന്ന 'ഹരിതാമൃതം 26' പരിപാടിയോടനുബന്ധിച്ചുള്ള ഭക്ഷ്യകൃഷി സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി എത്തുമ്പോൾ, അത് കേവലം ഒരു ചടങ്ങല്ല; മറിച്ച് വരുംതലമുറയ്ക്കുള്ള വലിയൊരു പാഠപുസ്തകമാണ്.
ആരോഗ്യരക്ഷയ്ക്ക് പൈതൃക ഭക്ഷണം
"ആരോഗ്യരക്ഷയ്ക്ക് അനുയോജ്യമായ ഭക്ഷണം" എന്ന വിഷയത്തെ ആധാരമാക്കി ഫെബ്രുവരി 12 മുതൽ 17 വരെ നടക്കുന്ന സമ്മേളനത്തിൽ രാമന്റെ സാന്നിധ്യം ഏറെ പ്രസക്തമാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അതിപ്രസരമുള്ള ഇക്കാലത്ത്, തനത് ഭക്ഷണരീതികളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ വൈസ് ചെയർമാൻ കൂടിയായ രാമൻ, വിത്ത് സംരക്ഷണത്തിലൂടെ എങ്ങനെ ഒരു ജനതയുടെ ആരോഗ്യം സംരക്ഷിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
മണ്ണറിഞ്ഞ മഹാത്ഭുതം
ഏഴാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിൽ 'മണ്ണിന്റെ മണമുള്ള രാമന്റെ കഥ' വായിച്ചു പഠിക്കുന്ന കുട്ടികൾക്ക് അദ്ദേഹം ഒരു വിസ്മയമാണ്. മാനന്തവാടി കമ്മനയിലെ തന്റെ പുല്ലുമേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത് അന്യംനിന്നുപോയ നൂറിലധികം നെൽവിത്തുകളിൽ നിന്ന് വീണ്ടെടുത്ത 55-ഓളം അപൂർവ്വ ഇനങ്ങളാണ്. തൊണ്ടിയും ചോമാലയും ഗന്ധകശാലയും ജീരകശാലയും അദ്ദേഹത്തിന്റെ പാടത്ത് ഇപ്പോഴും പവിത്രമായി വളരുന്നു.
"വയലിൽ ചേറിലിറങ്ങി പണിയെടുക്കാൻ മനസ്സില്ലാത്ത കാലം വരുമ്പോൾ പട്ടിണിയും വരും. വിശക്കുമ്പോൾ അന്നം വേണമെങ്കിൽ എല്ലാം കാലം തിരുത്തണം." – ചെറുവയൽ രാമൻ.
ലാഭമല്ല, ലക്ഷ്യം പൈതൃകം
നെൽകൃഷി നഷ്ടമാണെന്ന് പറഞ്ഞ് പാടങ്ങൾ നികത്തുന്നവർക്കിടയിൽ, പാരമ്പര്യ വിത്തുകൾ വരുംതലമുറയ്ക്കായി കരുതിവെക്കുന്ന ഒരു കാവൽക്കാരനാണ് അദ്ദേഹം. താൻ ശേഖരിച്ച വിത്തുകൾ ആവശ്യക്കാർക്ക് നൽകുമ്പോൾ അദ്ദേഹം പണമല്ല ആവശ്യപ്പെടുന്നത്. പകരം, ആ വിത്തിറക്കി കൃഷി ചെയ്ത് വിളവെടുക്കുമ്പോൾ അതേ അളവ് വിത്ത് തിരികെ നൽകണമെന്ന ഉറച്ച വ്യവസ്ഥയാണ്. വിത്തുകൾ കച്ചവടച്ചരക്കല്ല, മറിച്ച് കൈമാറേണ്ട അറിവാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഒരു പാഠശാലയായി ചെറുവയൽ
ജെ.എൻ.യു-വിലെ വിദ്യാർത്ഥികൾ മുതൽ കാർഷിക ഗവേഷകർ വരെ കമ്മനയിലെ ആ പുല്ലുമേഞ്ഞ വീട്ടിലെത്തുന്നത് ഒരു ഗവേഷകന്റെ സൂക്ഷ്മതയോടെ രാമൻ പങ്കുവെക്കുന്ന അറിവുകൾ തേടിയാണ്. പത്മശ്രീ പുരസ്‌കാരം ലഭിച്ച ശേഷവും മാറ്റമില്ലാത്ത ലാളിത്യത്തോടെ തന്റെ പാടത്ത് പണിയെടുക്കുന്ന ഈ കർഷകൻ നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്: മണ്ണിനെ സ്നേഹിക്കുക, വിത്തിനെ കാക്കുക.
വടകരയിലെ 'ഹരിതാമൃതം 26' വേദിയിൽ ചെറുവയൽ രാമൻ സംസാരിക്കുമ്പോൾ, അത് ആധുനിക കൃഷിരീതികൾക്കും ഭക്ഷണശീലങ്ങൾക്കും നേരെയുള്ള ഒരു തിരുത്തൽ കൂടിയാകും. മണ്ണിന്റെ മണവും മനസ്സിന്റെ നന്മയുമുള്ള ആ പാരമ്പര്യ കർഷകനെ വരവേൽക്കാൻ വടകര ഒരുങ്ങിക്കഴിഞ്ഞു.
ഭക്ഷ്യശ്രീ' യുടെ നേതൃത്വത്തിൽ കല്ലാമലയിൽ
നേന്ത്രവാഴ കൃഷിക്ക് തുടക്കമായി .
ചോമ്പാല : 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ നേതൃത്വത്തിൽ രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി ജൈവരീതിയിൽ നേന്ത്രവാഴകൃഷി പ്രോത്സാഹിപ്പിക്കുന്നു .
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷികളിലൊന്നായ നാടൻ നേന്ത്രവാഴക്കുലകൾ പൂർണ്ണമായും ജൈവരീതിയിൽ വിളയിച്ചെടുത്തുകൊണ്ട് അശേഷം മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണയിൽ ബനാന ചിപ്‌സ് നിർമ്മിക്കുന്നതിനായി 'കോവിലകം ഫുഡ് പ്രോഡക്‌ട്സ് 'എന്നപേരിൽ ഒരുസ്ഥാപനവും അഴിയൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട് .
1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത് സർക്കാർ അംഗീകാരം തുടർച്ചയായി നേടിയ ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ എന്ന ഖ്യാതി നേടിയ മന്നൻ അഗ്മാർക് വെളിച്ചെണ്ണയിലാണ് കോവിലകം ഫുഡ് പ്രോഡക്‌ട്സ് ബനാന ചിപ്‌സ് നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത് .അശേഷം മായം കലരാതെ ,പ്രിസർവേറ്റിവ്‌സ് ഒന്നുംതന്നെ ചേർക്കാതെ .
രോഗമില്ലാത്ത വാഴകളിൽ നിന്നും മൂന്നു നാല് മാസം പ്രായമുള്ള ആയിരം സൂചിക്കന്നുകൾ കല്ലാമല .കോവ്ക്കൽ കടവ് ഭാഗത്ത് ഭക്ഷ്യശ്രീയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും .നിലവിൽ 50 രൂപ വിലവരുന്ന വാഴക്കന്നുകൾ 50 ശതമാനം വിലക്കുറവിൽ 25 രൂപനിരക്കിലാണ് വിതരണം ചെയ്യുന്നത് .
ഈ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യശ്രീ സംഘടനയുടെ സംസ്ഥാന ചെയർമാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ .കെ .കെ എൻ കുറുപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ ജൈവ കർഷകൻ പത്മനാഭൻ കണ്ണമ്പ്രത്ത് നിർവ്വഹിച്ചു .
കോവിലകം ഫുഡ് പ്രൊഡക്ട് എം. ഡി .ശ്രീമതി. ഗീതാസുധാകരൻ വാഴക്കന്നുകൾ എറ്റുവാങ്ങി.
ചടങ്ങിൽ ഭക്ഷ്യശ്രീ സംഘടനയുടെ ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ , ഭക്ഷ്യശ്രീ സംസ്‌ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാല , പത്മനാഭൻ കണ്ണമ്പ്രത്ത് ,പ്രൊഫ.മാലിനിക്കുറുപ്പ് ,പ്രോഗ്രാം കോർഡിനേറ്റർ അഡ്വ.സന്തോഷ് .എ .എം , അഡ്വ.ലതികാ ശ്രീനിവാസൻ ,ഗീതാസുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
ഈ മഹനീയസംരഭത്തിൽ പങ്കാളികളാവാനും സ്വന്തം വീട്ടുവളപ്പിൽ വാഴക്കൃഷി ചെയ്യാനും താൽപ്പര്യമുള്ളവർ താമസിയാതെ ബന്ധപ്പെടുക .കോവിലകം ഫുഡ് പ്രോഡക്‌ട്സ് ഫോൺ :8547796094, പത്മനാഭൻ കണ്ണമ്പ്രത്ത് :9744889053
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












