പായസത്തിലെ മധുരമല്ല,
ഇലയിലെ കീറലാണ് ചിലർക്ക് വിഷയം...
:ദിവാകരൻ ചോമ്പാല
വിമർശനം: കലയോ വൈകൃതമോ?
വിമർശനം എന്നത് യഥാർത്ഥത്തിൽ ഒരു കലയാണ്. അത് ക്രിയാത്മകമാകുമ്പോൾ ഒരു വ്യക്തിയെ വളരാൻ സഹായിക്കുന്നു.
എന്നാൽ, ദോഷൈകദൃക്കുകളുടെ വിമർശനം ക്രിയാത്മകമല്ല, മറിച്ച് 'വിനാശകരമാണ്'. എന്തൊരഴകുള്ള തലമുടി എന്ന് പറഞ്ഞാലുടനെ അവളുടെ മുടിയിലാകെ പേനാണെന്നു പറയുന്നവരും, പ്രസംഗത്തിന്റെ ആന്തരാർത്ഥം നോക്കാതെ ഉച്ചാരണപ്പിശകും എഴുത്തിലെ അക്ഷരപ്പിശകും മാത്രം ചർച്ച ചെയ്യുന്നവരും സമൂഹത്തിന് പകരുന്ന നെഗറ്റീവ് എനർജി ചെറുതല്ല.തീർച്ച .
ഈ അടുത്ത ദിവസം ഒരു ഗൃഹപ്രവേശചടങ്ങിനൊപ്പം നടന്ന സദ്യയിൽ പങ്കെടുക്കുമ്പോൾ കണ്ട ചില കാഴ്ചകൾ അക്ഷരങ്ങളായി മാറിയതാണ് ഈകുറിപ്പ് ;
പായസത്തിന് മധുരം കുറവാണെന്ന് പറയുന്നതിന് മുൻപ്, അത് വിളമ്പിയവന്റെ സ്നേഹത്തിന് മധുരമുണ്ടോ എന്ന് പരിശോധിക്കുക. കണ്ണിലല്ല, കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്.
വിമർശനം എന്നത് സ്വഭാവവൈകൃതമായി മാറുമ്പോൾ, അത് പ്രകടിപ്പിക്കുന്ന വ്യക്തിയു ടെ മാനസികവളർച്ച മുരടിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ.
അതുകൊണ്ട്, ഇത്തരം 'കൊതുകു' സ്വഭാവക്കാരെ കാണുമ്പോൾ രോഷം കൊള്ളുന്നതി
നേക്കാൾ നല്ലത്, അവരോട് സഹതപിക്കുന്നതാണ്.
കാരണം, അവർക്ക് നന്മയുടെ മധുരത്തേക്കാൾ താല്പര്യം കുറവുകളുടെ കയ്പ്പിനോടാണ് എന്നത് അവരുടെ തന്നെ ജീവിതത്തിലെ വലിയൊരു ട്രാജഡിയാണ്.
മറ്റുള്ളവരിൽ എപ്പോഴും കുറ്റം കണ്ടെത്തുന്ന സ്വഭാവം ഒരാളുടെ ആന്തരികമായ അസംതൃ പ്തിയുടെ പ്രതിഫലനമാണ്.
തന്നിലുള്ള അപകർഷതാബോധവും പരാജയഭീതിയും മറികടക്കാൻ, മറ്റുള്ളവരുടെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടുക വഴി ഇവർ ഒരു താത്കാലിക 'സുരക്ഷിതത്വം' കണ്ടെത്തു ന്നുവെന്നാണ് വിദഗ്ധാഭിപ്രായങ്ങൾ വ്യക്തമാക്കുന്നത് ,
സദ്യയിലെ ഉപ്പില്ലായ്മയോ ,ഇലത്തുമ്പിലെ ചെറിയ കീറലോ ,മറ്റൊരാളുടെ വസ്ത്രത്തിലെ കറയോ പെരുപ്പിച്ച്ചൂണ്ടിക്കാണിക്കുമ്പോൾ ,വിളിച്ചുപറയുമ്പോൾ, യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത് സ്വന്തം ആത്മവിശ്വാസമില്ലായ്മയെ ഒളിപ്പിച്ചുവെക്കാ നുള്ള വിഫലശ്രമമാണെന്ന് . മനഃശാസ്ത്രം പഠിച്ച സുഹൃത്ത് പറയുകയുണ്ടായി .
അപരന്റെ വിജയം സ്വന്തം പരാജയമായി കാണുന്നു:
മറ്റൊരാൾ അഭിനന്ദിക്കപ്പെടുമ്പോൾ ഇവർക്ക് അത് സ്വന്തം പരാജയമായി തോന്നുന്നു.
ആ അംഗീകാരത്തെ തകർക്കാൻ വിമർശനം ഒരു ആയുധമാക്കുന്നു.
വിമർശനത്തിലൂടെ സദസ്സിന്റെയോ സാഹചര്യത്തിന്റെയോ നിയന്ത്രണം ഏറ്റെടുക്കാൻ ഇവർ ശ്രമിക്കുന്നു.
നെഗറ്റീവ് കമന്റുകൾ വഴി മറ്റുള്ളവരെ പ്രതിരോധത്തിലാക്കുന്നത് ഇവർക്ക് ഒരുതരം 'പവർ' നൽകുന്നു.
നിരന്തരമായ കുറ്റപ്പെടുത്തലുകൾ പലപ്പോഴും വ്യക്തിയുടെ ഉള്ളിലെ സന്തോഷമില്ലാ യ്മയുടെ ലക്ഷണമാണത്രെ . ലോകത്തെ സുന്ദരമായി കാണാൻ കഴിയാത്തവണ്ണം അവരുടെ ആന്തരിക ലോകം കലുഷിതമായിരിക്കും.
പാലുണ്ടെങ്കിലും രക്തം കുടിക്കാൻ താല്പര്യപ്പെടുന്ന കൊതുകിനെപ്പോലെ, ജീവിതത്തിലെ സൗന്ദര്യങ്ങളെ അവഗണിച്ച് വൈരൂപ്യങ്ങളെ മാത്രം തിരഞ്ഞുപിടിക്കുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്.
മലയാള ഭാഷ അവരെ 'ദോഷൈകദൃക്കുകൾ' എന്ന് വിളിക്കുന്നു. വിഭവസമൃദ്ധമായ സദ്യയുടെ രുചി ആസ്വദിക്കു ന്നതിന് പകരം ഇലയുടെ കോണിലെ കീറലോ സാമ്പാറിലെ ഉപ്പിന്റെ ഏറ്റക്കുറച്ചിലോ ചർച്ചയാക്കുന്നതിലാണ് ഇക്കൂട്ടർക്ക് ആത്മനിർ വൃതി ലഭിക്കുന്നത്.
എന്തിനാണ് ഈ നിഷേധചിന്ത?,
മറ്റുള്ളവരെ വിമർശിക്കുന്നത് ഒരു പ്രകടനകലയായി മാറ്റുന്നതിന് പിന്നിൽ പ്രധാനമായും ചില കാരണങ്ങളുണ്ടാകാം...
ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രം : എല്ലാവരും പുകഴ്ത്തുന്ന ഒന്നിനെ അഥവാ അംഗീകരി ക്കുന്ന എതിർത്തു സംസാരിക്കുമ്പോൾ സ്വാഭാവികമായും സദസ്സിന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിയുന്നു.
"എല്ലാവരും പറയുന്നതല്ല ശരി, എനിക്ക് മാത്രമാണ് വസ്തുതകൾ അറിയാവുന്നത്" എന്ന ഭാവം ഇവരിലുണ്ടാകും. ഇവർ തുടർന്ന് കത്തിക്കയറും .
വിവാഹവേദി അഥവാ സദസ്സ് അലങ്കോലമാകാതിരിക്കാനാവും പലപ്പോഴും സദസ്സിലുള്ളവർ പ്രതികരിക്കാതെ മൗനം വിദ്വാന് ഭൂഷണം എന്ന നയം സ്വീകരിക്കുന്നത്
വിമർശനം വിജ്ഞാനത്തിന്റെ ലക്ഷണമാണെന്ന് ഇക്കൂട്ടർ തെറ്റായി ധരിക്കുന്നു. പോസിറ്റീവ് ആയി ചിന്തിക്കുന്നവർ നിഷ്കളങ്കരാണെന്നും, കുറ്റങ്ങൾ കണ്ടുപിടിക്കുന്നവർ കാര്യങ്ങൾ ആഴത്തിൽ പഠിച്ചവരാണെന്നുമുള്ള ഒരു അഹന്ത ഇവരെ നയിക്കുന്നു. തന്നേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥ തയാണ് പലപ്പോഴും നെഗറ്റീവ് കമന്റുകളായി പുറത്തുവരുന്നത്. മറ്റൊരാളുടെ പ്രഭാവം കുറച്ചുകാട്ടുന്നതിലൂടെ തങ്ങളുടെ പദവി ഉയരുമെന്ന് ഇവർ വിശ്വസിക്കുന്നു.
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം"
ഈ പഴയ ചൊല്ല് അന്വർത്ഥമാക്കുന്നത് പോലെ, നന്മയുടെ ഉറവിടത്തിൽ പോലും തിന്മ മാത്രം തിരയുന്നത് ഒരു തരം മാനസിക വൈകൃതമാണ്.
സ്വന്തം ജീവിതത്തിലെ ശൂന്യത മറയ്ക്കാൻ മറ്റുള്ളവരുടെ പരിശ്രമങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണിവർ.
നമ്മിലെല്ലാം ഒരു പരിധിവരെ ഇത്തരം 'കുറ്റാന്വേഷി ' ഒളിഞ്ഞിരിപ്പുണ്ടാകാം. മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കാനും, കുറവുകളെ സ്നേഹപൂർവ്വം ചൂണ്ടിക്കാട്ടാനും സാധിക്കുമ്പോഴാണ് ഒരാൾ പരിഷ്കൃതനാ കുന്നത് .പ്രിയങ്കരനാകുന്നത് .
വിമർശനം രഹസ്യമായും പരസ്യമായും തൊടുത്തുവിടുന്നതിന് മുൻപ്, അത് ഗുണകരമാണോ അതോ വെറും വിഷം ചീറ്റലാണോ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്.
പായസത്തിന് മധുരം കുറവാണെന്ന് പറയുന്നതിന് മുൻപ്, അത് വിളമ്പിയവന്റെ സ്നേഹത്തിന് മധുരമുണ്ടോ എന്ന് പരിശോധിക്കുക. കണ്ണിലല്ല, കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്.
മറ്റുള്ളവരിൽ അഴുക്ക് തിരയുന്നവർ ഒന്നോർക്കുക; അഴുക്കുചാലുകൾ തിരയുന്ന പന്നിയുടെയും ,തേൻ നുകരുന്ന തേനീച്ചയുടെ കാഴ്ചപ്പാടുകളും സഞ്ചാരപഥങ്ങളും രണ്ടും വ്യത്യസ്ഥമാണ് .
വിമർശനം ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു ശസ്ത്രക്രിയ പോലെയാകണം, അല്ലാതെ ജീവൻ ഇല്ലാതാക്കാൻ വേണ്ടിയുള്ള കശാപ്പുകാരൻറെ കയ്യിലെ കത്തി പോലെയാകരുത്.കുറവുകൾ മാത്രം കാണുന്നവർക്ക് കാഴ്ചയുണ്ടായിരിക്കാം, പക്ഷേ ദർശനമില്ല.ഇതൊക്കെ ചില കേട്ടറിവുകൾ .നാട്ടറിവുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












