ശേഷം ശേഷൻ മാത്രം
: എം.പി.സൂര്യദാസ്
സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിൻ്റെ ശക്തിയും കെട്ടുറപ്പും നിർണയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമായി പ്രവർത്തിക്ക ണമെന്ന് വാശിപിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ടി.എൻ. ശേഷൻ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷനും കമ്മിഷണറും ചർച്ചാവിഷയമായി വരുമ്പോഴെല്ലാം ആദ്യം ഓർത്തുപോവുന്ന പേര് ടി.എൻ. ശേഷൻ്റേതാണ്.
ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ടുതവണയായി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുംവിധം ഉയർത്തിയ കടുത്ത ആരോപണങ്ങളെ യുക്തിസഹമായി നേരിടുന്നതിനു പകരം, ഒറ്റവാക്കിൽ നിഷേധിക്കുക മാത്രമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ചെയ്തത്. തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ നേരിട്ട് പൊതുസമൂഹത്തിനുമുന്നിൽ കമ്മിഷൻ വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്ന ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ യാണ് രാജ്യം കാണാനാഗ്രഹിച്ചത്. ചെറിയ ക്രമക്കേട് പോലും സൂക്ഷ്മമായി പരിശോധിച്ച് നടപടിയെടുത്ത ടി.എൻ. ശേഷനെ ഈ വേളയിൽ വീണ്ടും ഓർത്തുപോവുന്നത് സ്വാഭാവികം മാത്രം.
1990 ഡിസംബർ 12-ന് രാജ്യത്തെ ഒമ്പതാമത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ ണറായി (സി.ഇ.സി) ചുമതലയേൽക്കാൻ നിർവാചൻ സദനിലേക്ക് കാലെടു ത്തുവെച്ചപ്പോൾ തന്നെ "ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്" എന്ന് തോന്നിയതായി ശേഷൻ 'ത്രൂ ദ ബ്രോക്കൺ ഗ്ലാസ്' എന്ന തൻ്റെ ആത്മകഥ യിൽ പറയുന്നു. പൊട്ടിപ്പൊളിഞ്ഞ കസേരകൾ, വൃത്തിഹീനമായ ശുചിമു റി, പൊടിപിടിച്ച ഫയൽ കൂമ്പാരം. സി.ഇ.സിയുടെ മുറിയുടെ ചുവരിൽ നിറയെ ദൈവങ്ങളുടെ പഴയ ചിത്രങ്ങൾ. അട്ടകൾ നിറഞ്ഞ കസേര അപ്പോ ൾ തന്നെ നീക്കാൻ പറഞ്ഞു.
കമ്മിഷൻ്റെ ഓഫീസിൽ മാത്രമല്ല ശേഷൻ വൃത്തിയും വെടിപ്പും ഉറപ്പുവരു ത്തിയത്. രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി കുറ്റമറ്റതാക്കാ
നുള്ള ഇച്ഛാശക്തി കാണിച്ച ശേഷൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന പദവിയുടെ അധികാരവും ഉത്തരവാദിത്വവും എന്താണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ശേഷന് മുൻപും ശേഷവും തലയെടുപ്പോടെ പ്രവർത്തിച്ച ഒരേയൊരു തിരഞ്ഞെടുപ്പ് കമ്മിഷണറേ ഉണ്ടായിരുന്നിട്ടുള്ളൂ എന്ന് ജനം വിശ്വസിക്കുന്നത്.
കർക്കശക്കാരനായ റഫറി
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമനം ലഭിക്കുന്നതിന് മുൻപ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ക്യാബിനറ്റ് സെക്രട്റി യായിരുന്നു ശേഷൻ. ഒരുദിവസം ക്യാബിനറ്റ് കഴിഞ്ഞ് പിരിയും മുൻപ് രാജീവ് ഗാന്ധി അടുത്തേക്ക് വിളിച്ച് ശേഷനോട് പറഞ്ഞു: "നവംബറിൽ നമ്മൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ പോവുകയാണ്. നവംബർ 21, 22, 25 തീയതികളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പെരിശാസ്ത്രിയോട് പറയണം."
തിരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയോ തിയതി നിശ്ചയിക്കു ന്നത് ശരിയല്ല. കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയോ തിയതി നിശ്ചയി ക്കുന്നത് ശരിയല്ല എന്ന് ശേഷൻ മറുപടി നൽകി.
"നവംബറിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ നന്നാവുമെന്ന ആഗ്രഹം നമുക്ക് കമ്മിഷനെ അറിയിക്കാം. അല്ലാതെ കമ്മിഷന് നിർദ്ദേശം നൽകാനുള്ള അധികാരം നമുക്കില്ല" എന്ന ശേഷൻ്റെ മറുപടിയിൽ അതൃപ്‌തി പ്രകടമാ ക്കി രാജീവ് ഗാന്ധി പറഞ്ഞു: "താങ്കൾക്ക് പെരിശാസ്ത്രിയെ കണ്ട് സംസാരി ക്കാൻ മടിയുണ്ടെങ്കിൽ ഞാൻ പ്രിൻസിപ്പൽ സെക്രട്ടറി ദേശ്‌മുവിനെ പറഞ്ഞയക്കാം." ദേശ്‌മുഖ് അടുത്ത ദിവസം തന്നെ പെരിശാസ്ത്രിയെ കണ്ട് കാര്യം പറഞ്ഞു. രാജീവ് ഗാന്ധി ആവശ്യപ്പെട്ട അതേ പ്രകാരം തിരഞ്ഞെടു പ്പ് നടക്കുകയും ചെയ്തു. ശേഷൻ ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് വരെ എങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചത് എന്ന് മനസ്സിലാക്കാ ൻ വേണ്ടിയാണ് ഈ അനുഭവം അദ്ദേഹം ആത്മകഥയിൽ എടുത്തുപറ ഞ്ഞത്. പെരിശാസ്ത്രിയുടെ മരണത്തെ തുടർന്നാണ് അടുത്ത സി.ഇ.സി. ആയി ശേഷനെ ചന്ദ്രശേഖർ സർക്കാർ നിശ്ചയിച്ചത്.
നിർവാചൻ സദനിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച് തീരുമാന മെടുക്കണമെന്നായിരുന്നു ശേഷൻ്റെ ആദ്യത്തെ നിർദ്ദേശം. 1987-ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച 40,000 സ്ഥാനാർഥികളുടെ അപേക്ഷ പരിശോധിച്ചതിൽ 14,000 പേർ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർ പ്പിച്ചിരുന്നില്ല. ഇനിയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവരെയെ ല്ലാം അയോഗ്യരാക്കി ഉത്തരവിറക്കി.
ചുമതലയേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും 1991 മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയിട്ടും പെട്രോളിയം മന്ത്രി സത്യപ്രകാശ് മാളവ്യയും പ്രധാനമന്ത്രിയുടെ ഓഫീസി ൻ്റെ ചുമതലയുള്ള സഹമന്ത്രി കമാൽ മൊറാർക്കയും സ്പെഷ്യൽ ഓർഡ റായി ഗ്യാസ്, ടെലിഫോൺ കണക്ഷൻ അനുവദിച്ചുകൊണ്ടിരുന്നു. ഇത് പത്രവാർത്തയായപ്പോൾ, ആരുടെയും പരാതിക്കായി കാത്തുനിൽക്കാതെ കമ്മിഷൻ ഇടപെടാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടത്തുന്നതെന്ന് കാണിച്ച് ഇരു മന്ത്രിമാർ ക്കും ശേഷൻ നേരിട്ട് കത്തയച്ചു. അതുവരെ പതിവില്ലാത്ത നടപടി കമ്മി ഷൻ്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ മന്ത്രിമാർക്ക് അതിൻ്റെ ഗൗരവം പിടികി ട്ടിയില്ല.
കമ്മിഷന് സർക്കാരിൻ്റെ കാര്യത്തിൽ ഇടപെടാനുള്ള അവകാശമില്ലെന്നാ യി രുന്നു മന്ത്രിമാരുടെ നിലപാട്.
വിഷയം നേരിട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷൻ, സ്പെഷ്യൽ ഓർഡർ ഇറക്കുന്നത് നിർത്തിവെച്ചില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഓർമിപ്പിച്ചു.
ഒടുവിൽ മന്ത്രിമാർക്ക് പിറകോട്ട് പോവേണ്ടിവന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാരമെന്താണെന്ന് ആദ്യമായി മന്ത്രിമാർക്കും ഭരണാധികാരികൾക്കും കാണിച്ചുകൊടുക്കുകയായിരുന്നു ശേഷൻ.
1991 മേയ് 20-ന് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നപ്പോൾ ബിഹാർ, യു.പി., ഹരിയാന തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ബൂത്ത് കയ്യേറ്റവും പോലീസിനെ മാറ്റി നിർത്തി വ്യാപകമായി കള്ളവോട്ട് ചെയ്തതായും റിപ്പോർട്ട് വന്നു. പുർനിയ, പട്‌ന, ഇറ്റാവ, മീററ്റ്, ബുലന്ദഷഹർ തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലെയും 15 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് മരവിപ്പിച്ചു. ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് ശേഷൻ വിശദീകരിക്കുന്നു: 'തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷകരിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ ഗൗരവമുള്ളതായിരുന്നു.
ഇതിനു പുറമേ വിവിധ കേന്ദ്രങ്ങളിൽനിന്ന് കമ്മിഷൻ വിവരം ശേഖരിച്ചു. മാധ്യമങ്ങൾ, ആഭ്യന്തരമന്ത്രാലയം, ഇൻ്റലിജൻസ് ബ്യൂറോ, സംസ്ഥാന സർക്കാർ തുടങ്ങി വിവിധ തലങ്ങളിൽ വിവരം ശേഖരിച്ചു. ചിലർ നേരിട്ട് ഫോൺ ചെയ്ത് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടു. ടെലിഫോൺ, ഫാക്‌സ് വഴിയും പരാതി ലഭിച്ചു'.
കമ്മിഷൻ്റെ നടപടിക്കെതിരെ ബിഹാർ മുഖ്യമന്ത്രിയും ഐ.കെ. ഗുജ്റാളും പരസ്യമായ് പരാതി പറഞ്ഞു. ഛപ്ര മണ്ഡലത്തിൽനിന്ന് പരസ്‌പരവിരുദ്ധമായ റിപ്പോർട്ട് നൽകിയ ജില്ലാ കളക്‌ടറെ അന്ന് രാത്രിതന്നെ ചുമതലയിൽനിന്ന് നീക്കി. പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ മണ്ഡലമായ ബലിയയിലെ എട്ട് ബൂത്തുകളിൽ റീപോളിങ്ങ് നടത്തി.
ശേഷൻ്റെ ഈ വാക്കുകൾ ഇപ്പോൾ ഏറെ പ്രസക്തമാണെന്ന് തോന്നിപ്പോവും. രാഹുൽ ഗാന്ധിയുടെ പരാതിയിൽ ഇപ്പോഴത്തെ കമ്മിഷൻ നൽകിയ മറുപടി വിചിത്രമാണ്.
"വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതായി തിരഞ്ഞെടുപ്പ് സമയത്ത് ആരും പരാതിപ്പെട്ടില്ല. കോൺഗ്രസിൻ്റെ ബൂത്ത് ഏജൻ്റുമാർ ഉണ്ടായിരുന്നിട്ടും അവരും പരാതിപ്പെട്ടില്ല" എന്ന് പറഞ്ഞാൽ വോട്ടർപട്ടിക കുറ്റമറ്റതായിരി
ക്കണമെന്ന കാര്യത്തിൽ കമ്മിഷന് നിർബന്ധമില്ല എന്നല്ലേ പറയുന്നത്? സാധാരണക്കാർ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ടതുൾപ്പെടെ, വിവിധ കോണിലൂടെ വിവരം ശേഖരിച്ച് ബൂത്ത് കയ്യേറ്റം തിരിച്ചറിഞ്ഞ് വോട്ടെടുപ്പ് മരവിപ്പിക്കാൻ ശേഷന് അധികാരമുണ്ടായിരുന്നെങ്കിൽ, അതേ അധികാരം ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജമായി ചേർത്ത വോട്ടുകൾ റദ്ദാക്കാൻ ഇപ്പോഴും കമ്മിഷന് അധികാരവും ഉത്തരവാദിത്വവും ഇല്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പഞ്ചാബിൽ 1991 ജൂൺ 22-ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും അവിടെ ക്രമസമാധാനം ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു. 14 സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയി.
ലൂധിയാന റെയിൽവേ സ്‌റ്റേഷനിൽ വെച്ച് 110 യാത്രക്കാരെ ഭീകരർ വെടിവെച്ചുകൊന്നു. സ്ഥിതിഗതി നേരിട്ട് റിപ്പോർട്ട് ചെയ്യാൻ വന്ന ഗവർണർ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ശേഷനോട് ആവശ്യപ്പെട്ടു.
ഇത് പരിഗണിക്കാമെന്ന് ഉറപ്പും നൽകി. പിന്നാലെ അദ്ദേഹം പ്രധാനമന്ത്രിയെ ചെന്ന് കണ്ടു.
ആദ്യനിലപാട് മാറ്റി തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല എന്ന്ആവശ്യപ്പെട്ടു. ഗവർണറും കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഉറച്ച നിലപാ ടെടുത്തു. പക്ഷേ, നിഷ്പക്ഷമായ വോട്ടിങ്ങ് നടക്കില്ലെന്ന് ഉറപ്പായപ്പോൾ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുച്ഛേദം 324, 153 പ്രകാരം സ്വന്തം അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് നീട്ടിവെച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന അധികാരം ഉപയോഗി ച്ചാണ് അന്ന് മാറ്റിവെച്ചത്.
തന്നോട് ആലോചിക്കാതെ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കമ്മിഷൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബ് ഗവർണർ ഒ.പി. മൽഹോത്ര രാജിവെച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെടാൻ തുടങ്ങിയത് ഈ നടപടിക്ക് പിന്നാലെയാണ്.
ശേഷൻ്റെ വാക്കുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഫുട്‌ബോൾ റഫറിയെ പോലെയാണ്. വിവിധ തലത്തിൽ മുന്നറിയിപ്പ് നൽകും.
ആദ്യം മഞ്ഞ കാർഡ്, പച്ച കാർഡ്, ചുവപ്പ് കാർഡ്. ഒടുവിൽ ലോങ്ങ് വിസിൽ. കർണാടക നിയമസഭയിൽ അംഗമായിരിക്കെ രാമകൃഷ്ണ ഹെഗ്‌ഡേ പ്ലാനിങ് കമ്മിഷൻ ഉപാധ്യക്ഷനായത് വിവാദമായപ്പോൾ പ്ലാനിങ് കമ്മിഷൻ ഉപാധ്യക്ഷ പദവി ഓഫീസ് ഓഫ് പ്രോഫിറ്റ് ആണെന്ന് കണ്ട് രാമകൃഷ്ണ ഹെഗ്‌ഡേയുടെ നിയമസഭാംഗത്വം അയോഗ്യമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ഇതുപ്രകാരം അന്നത്തെ കർണാടക ഗവർണർ ഖുർഷിദ് ആലംഖാൻ ഹെഗ്ഡേയെ അയോഗ്യനാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കി.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ അന്നത്തെ നിയമമന്ത്രി വിജയഭാസ്‌കര റെഡ്ഡി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർലമെൻ്റിലെ ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിൻ്റെ ഭാഗമല്ലാത്തതിനാൽ ഉത്തരം തയ്യാറാക്കി നൽകേണ്ട ബാധ്യത ഇല്ലെന്ന നിലപാടിൽ ശേഷൻ ഉറച്ചുനിന്നു.
കമ്മിഷൻ സഹകരിക്കുന്നില്ലെന്ന് വിജയഭാസ്‌കര റെഡ്ഡി പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു. "കമ്മിഷൻ സഹകരിക്കാൻ ഒരു സഹകരണ സൊസൈറ്റിയല്ല" എന്ന് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രധാനമന്ത്രിക്ക് ശേഷൻ മറുപടി നൽകി.
1991-ലെ തിരഞ്ഞെടുപ്പിനുശേഷം അപ്രതീക്ഷിതമായി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ, നന്ദ്യാൽ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ റാവു മത്സരിച്ചു. നന്ദ്യാലിനൊപ്പം ഇറ്റാവ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം തയ്യാറാക്കി നിയമമന്ത്രാലയത്തിന് അയച്ചു. നിയമമന്ത്രാലയം ഇത് അനുമതിക്കായി രാഷ്ട്രപതിക്ക് അയക്കുകയും രാഷ്ട്രപതി അനുമതി നൽകിയാൽ വിജ്ഞാപനം ഇറക്കുകയും ചെയ്യുക എന്നതാണ് നിയമം.
എന്നാൽ കേന്ദ്രസർക്കാറിന് അന്ന് ഇറ്റാവയിൽ തിരഞ്ഞെടുപ്പ് നടത്താൻ താത്പര്യമുണ്ടായിരുന്നില്ല.
കരട് വിജ്ഞാപനത്തിൽനിന്ന് ഇറ്റാവയെ ഒഴിവാക്കണമെന്ന് നിയമമന്ത്രാലയ ഡപ്യൂട്ടി സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വിജ്ഞാപനത്തിൽനിന്ന് ഏതെങ്കിലും മണ്ഡലത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിന് അധികാരമില്ലെന്ന് ശേഷൻ വ്യക്തമാക്കി. വിജ്ഞാപനത്തിൽ നിയമപരമായി തെറ്റൊന്നു മില്ലെങ്കിൽ രാഷ്ട്രപതിക്ക് പോലും ഇത്തരം ആവശ്യം മുന്നോട്ടുവെക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിവേചനാധികാരത്തിൽ സർക്കാരി ൻ്റെ ഇടപെടൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ശേഷൻ വ്യക്തമാക്കി. "തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു കുതിരയും സർക്കാർ സവാരിക്കാരനുമാണെന്ന് ധരിക്കരുത്" എന്നാണ് പ്രധാനമന്ത്രിയെ കണ്ട് പറഞ്ഞതെന്ന് ശേഷൻ എഴുതിയിട്ടുണ്ട്.
നിയമമന്ത്രാലയത്തിൽനിന്ന് ക്ഷമാപണം രേഖാമൂലം വേണമെന്ന് തീർത്തുപറഞ്ഞു. അടുത്ത ദിവസം ഉച്ചയ്ക്ക് മുൻപ് ഡെപ്യുട്ടി സെക്രട്ടറി ക്ഷമാപണക്കത്ത് കൈമാറി.
വോട്ടർപട്ടികയിലെ ക്രമക്കേടിന് ഉത്തരവാദി ആര്?
കൃത്യമായ വോട്ടർപട്ടിക തയ്യാറാക്കുകയെന്നത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണ്.
ഇന്ത്യയിൽ ഈ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ടി.എൻ. ശേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നു. ഈ ജോലി ചെയ്യാൻ സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടു ത്തുന്നത്. പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയപ്പോൾ ബംഗാൾ സർക്കാരിൻ്റെ കടുത്ത എതിർപ്പ് വകവെ
ക്കാതെ തെറ്റുകൾ തിരുത്തി വീണ്ടും ലിസ്റ്റ് തയ്യാറാക്കാൻ അന്ന് ശേഷൻ ആവശ്യപ്പെട്ടു.
1992-ൽ ആന്ധ്രപ്രദേശിലെ ഒരു നിയോജകമണ്ഡലത്തിലെ വോട്ടർമാർ ആ മണ്ഡലത്തിലെ ആകെയുള്ള ജനസംഖ്യയെക്കാൾ കൂടുതലാണെന്ന് കണ്ടെ
ത്തി. ഇത് തിരുത്തിച്ചു. ഇപ്പോഴത്തെ കമ്മിഷണർ പറയും പോലെ ക്രമക്കേട് സംബന്ധിച്ച് ആരും തിരഞ്ഞെടുപ്പ് സമയത്ത് പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനല്ല ശേഷൻ ശ്രമിച്ചത്. രാഹുൽ ഗാന്ധിയുടെ ആരോപണം പൊതുമണ്ഡലത്തിൽ വിവാദമായി നിലനിൽക്കുമ്പോൾ, സംശയം ദൂരീകരി
ച്ച് കമ്മിഷൻ്റെ നിഷ്പക്ഷത ഉയർത്തിപ്പിടിക്കാൻ ശേഷൻ്റെ മാതൃകയാണ് ഗ്യാനേഷ് കുമാർ സ്വീകരിക്കേണ്ടത്.
1992-ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നഗരവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയെ നിരീക്ഷകനായി തിരഞ്ഞെടുത്തു.
തായ്‌ലൻഡിൽ പോവേണ്ടതിനാൽ അദ്ദേഹം തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയില്ല. വിശദീകരണം തേടിയപ്പോൾ ക്യാബിനറ്റ് സെക്രട്ടറി അദ്ദേഹത്തിന് വേണ്ടി മറുപടി നൽകി.
അതിൽ തൃപ്‌തനാവാതെ ജോയിൻ്റ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ശേഷൻ ആവശ്യപ്പെട്ടു.
തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥൻ അതേ ദിവസം എത്തി വിശദീകരണം നൽകി. കമ്മിഷൻ്റെ അധികാരം എന്താണെന്ന് ഒരിക്കൽകൂടി ശേഷൻ കാണിച്ചുകൊടുത്തു.
1993-ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്ക മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത് മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിൻ്റെ പേരിലാണ്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചശേഷം ചില വികസന പദ്ധതികൾ പ്രഖ്യാപിച്ചതിനാണ് ചരിത്രത്തിലാദ്യമായി അനുച്ഛേദം 324, 329 (ബി) വകുപ്പുകൾ ഉപയോഗിച്ച് കമ്മിഷൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ശേഷൻ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് നടത്തുന്നതിൽ കമ്മിഷനുള്ള അധികാരം അംഗീകരിച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ അച്ചടക്ക നടപടി എടുക്കാൻ കമ്മിഷന് അധികാരമുണ്ടോ എന്നൊരു തർക്കത്തിനും ശേഷൻ തുടക്കമിട്ടു. ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. അതുകൊണ്ട് അവർക്കെതിരെ അച്ചടക്കനടപടി എടുക്കാനുള്ള അധികാരം കമ്മിഷന് ഇല്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി വാദിച്ചു. ഉദ്യോഗസ്ഥർക്കുമേൽ നിയന്ത്രണമില്ലെങ്കിൽ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്താൻ കഴിയില്ലെന്ന നിലപാടിൽ ശേഷൻ ഉറച്ചുനിന്നു. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ശേഷൻ്റെ നിലപാട് അംഗീകരിച്ച സുപ്രീംകോടതിയുടെ ചരിത്രവിധി, സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷൻ്റെ അധികാരത്തെ ഉയർത്തി
പ്പിടിക്കുന്നതായിരുന്നു. ഭരിക്കുന്ന പാർട്ടിയുടെ താളത്തിനൊത്ത് ശേഷൻ തുള്ളില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിന്നീട് രണ്ട് കമ്മിഷണർമാരെ കൂടി നിയമിച്ച് കമ്മിഷൻ്റെ അംഗസംഖ്യ മൂന്നായി ഉയർത്തിയത്.
മാറ്റിമറിച്ച തീരുമാനങ്ങൾ
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്ന കാലത്ത് ബൂത്ത് തിരിച്ച് വോട്ടെ ണ്ണു മ്പോൾ വോട്ടിങ്ങ് പാറ്റേൺ ബൂത്ത് തിരിച്ച് ലഭിക്കുന്നത് തിരഞ്ഞെടു
പ്പിൻ്റെ രഹസ്യാത്മകതയെ ബാധിക്കുമെന്ന് ശേഷൻ വിലയിരുത്തി. ഉത്തരേന്ത്യയിൽ സമീന്ദാർമാർ ആയുധമേന്തി ഭീഷണി മുഴക്കി ഏതെങ്കിലും പാർട്ടികൾക്ക് വേണ്ടി നിർബന്ധിച്ച് വോട്ട് ചെയ്യിക്കുന്ന സാഹചര്യത്തിൽ, മറിച്ച് കൂട്ടമായി വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ ബൂത്ത് തിരിച്ചുള്ള വോട്ടെണ്ണൽ സഹായിക്കും.
ഇത് തടയാനാണ് എല്ലാ ബൂത്തുകളിലെയും വോട്ടുകൾ കൂട്ടിക്കലർത്തി എണ്ണണമെന്ന തീരുമാനമെടുത്തത്.
- മാധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനായി കമ്മിഷൻ നേരിട്ട് പാസുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.
- തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പൂർവ്വപശ്ചാത്തലം പരിശോധിക്കാൻ തുടങ്ങി. രാഷ്ട്രീയ പാർട്ടികളുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് നീക്കി.
- തിരഞ്ഞെടുപ്പ് ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
- സർക്കാർ, സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ചുമരെഴുത്ത് നടത്തുന്നത് വിലക്കി. ഇത് പാലിച്ചില്ലെങ്കിൽ സ്ഥാനാർഥിയുടെ ചെലവിൽ വീണ്ടും പെയിൻ്റ് അടിച്ചുനൽകണം.
- മൈക്ക് ഉപയോഗിക്കുന്നതിന് പുതിയ നിയമം കൊണ്ടുവന്നു.
- കേന്ദ്രമന്ത്രിയായിരുന്ന സന്തോഷ് മോഹൻ ദേവ് പ്രചാരണത്തിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ടാറ്റ അയേൺ ആൻ്റ് സ്റ്റീൽ കമ്പനിയുടെയും ഹെലികോപ്റ്റർ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഇതിൻ്റെ ചെലവ് ഇരുകമ്പനികൾക്കും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു.
ശേഷൻ്റെ കാലത്ത് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവ് ചെയ്യാവുന്നത് ഒന്നര ലക്ഷം രൂപയായിരുന്നു. പത്ത് ലക്ഷത്തോളം വോട്ടർമാരെ കണ്ട് പ്രചരണം നടത്താൻ വെറും ഒന്നരലക്ഷം രൂപ എന്നത് പരിഹാസ്യമാണെന്ന് ശേഷൻ തന്നെ പറയുന്നു. എങ്കിലും നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ തുക ഉയർത്തി നിശ്ചയിക്കണം.
തുക ഉയർത്തി നിശ്ചയിക്കാൻ നിയമഭേദഗതി പാർലമെൻ്റ് പാസാക്കണം. അത് കമ്മിഷൻ്റെ പരിധിയിൽ വരുന്ന വിഷയമല്ല.
ഒന്നരലക്ഷം രൂപയാണ് പരിധിയെങ്കിലും സ്ഥാനാർഥിയുടെ സുഹൃത്തുക്ക ളും അഭ്യുദയകാംക്ഷികളും ചെലവഴിക്കുന്ന തുക സ്ഥാനാർഥിയുടെ അക്കൗണ്ടിൽ വരില്ലെന്ന് നിയമഭേദഗതി കൊണ്ടുവന്നു. പണം ഉള്ളവർക്ക് ഈ പഴുത് ഉപയോഗിച്ച് എത്രവേണമെങ്കിലും ചെലവഴിക്കാനുള്ള സാഹചര്യം ഇത് വഴിവെച്ചു.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 171 (എച്ച്) എന്ന നിയമം സമർഥമായി ഉപയോഗിച്ച് ശേഷൻ സ്ഥാനാർഥിയുടെ അമിത പണച്ചെലവ് നിയന്ത്രിച്ചു. ഈ വകുപ്പ് പ്രകാരം പത്ത് രൂപയിലധികം ആരെങ്കിലും ഒരു സ്ഥാനാർത്ഥി ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെങ്കിൽ അത് സ്ഥാനാർഥിയുടെ അനുമതി യോടെയാവണം.
രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്ത് ഈ നിയമം കർശനമായി നടപ്പിലാക്കുമെന്ന് ശേഷൻ അറിയിച്ചു. ഇച്ഛാശക്തിയുണ്ടെങ്കിൽ എങ്ങനെ കാര്യങ്ങൾ കൃത്യമായി നടത്തിക്കൊണ്ടുപോവാമെന്ന് ശേഷൻ തെളിയിച്ചു.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾ അവരുടെ പാർട്ടി ഭരണഘടന തിരഞ്ഞെ ടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്ന് ശേഷൻ തീരുമാനിച്ചു. പാർട്ടി ഭരണഘ ടനയിൽ പറയുന്ന പ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി തീരുമാനിച്ചത് ശേഷൻ്റെ കാലത്താണ്.
1995 ജനുവരി ഒന്നിനുശേഷം നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകൾക്കും വോട്ടർ ഐ.ഡി. കാർഡ് നിർബന്ധമാക്കി 1993-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ ഉത്തരവ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അസ്വസ്ഥമാക്കി. ഓരോ വോട്ടർക്കും ഫോട്ടോ പതിച്ച,
പ്രത്യേക ക്രമനമ്പരുള്ള വോട്ടർ ഐഡി കാർഡ് നൽകുകയെന്നത് ഭാരിച്ച ചെലവ് വരുന്ന പ്രക്രിയയാണ്. പല സംസ്ഥാനങ്ങളും ഇതിൻ്റെ സാങ്കേതി കത്വം ചൂണ്ടികാട്ടി ഇത് പ്രായോഗികമല്ലെന്ന് ആദ്യം നിലപാടെടുത്തു. 180 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പശ്ചിമ ബംഗാൾ സർക്കാർ ഐ.ഡി. കാർഡ് വിതരണം നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഐ.ഡി. കാർഡ് വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകൾ ബംഗാളിൽ മാറ്റിവെക്കേണ്ടിവരുമെന്ന് ശേഷൻ വ്യക്തമാക്കി.
താമസിയാതെ എല്ലാ സംസ്ഥാന സർക്കാരുകളും ഐ.ഡി. കാർഡ് വിതരണ നടപടികൾ ആരംഭിച്ചു. വോട്ടർ ഐ.ഡി. ഇല്ലാതെ വോട്ട് രേഖപ്പെടുത്താ
നാവില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് ഒഡിഷ, ബിഹാർ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമപോരാട്ടങ്ങൾക്കൊടുവിൽ കള്ളവോട്ട് തടയിടുന്നതിൽ വലിയ പങ്ക് വഹിച്ച വോട്ടർ ഐഡി കാർഡ് ശേഷൻ നടപ്പിലാക്കുകതന്നെ ചെയ്തു. പരാതി വരുന്നതുവരെ കാത്തിരിക്കാതെ നവീകരണത്തിനും പഴുതടക്കുന്ന തിനും സ്വയം മുന്നിട്ടിറങ്ങിയതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ച് പറയുമ്പോൾ ശേഷന് മുൻപും ശേഷവും ഒരേയൊരു ശേഷൻ മാത്രം അവശേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












