അന്തരീക്ഷത്തിലെ കാർബൺ പ്രവാഹം കുറക്കാൻ, കാർബൺ നികുതി ഏർപ്പെടുത്തണം:-
: ടി .ഷാഹുൽ ഹമീദ്
ലോക കാലാവസ്ഥാ സംഘടന (World Meteorological Organization WMO) ലോകത്തെ കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിഗിരണം നടത്തിയ വർഷമായി 2024 മാറി എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വ്യവസായ വിപ്ലവത്തോടെ ജൈവ ഇന്ധനങ്ങളായ പെട്രോളിയം, എണ്ണ, കൽക്കരി,പ്രകൃതി വാതകങ്ങൾ എന്നിവയുടെ ഉൽപാദനം വർദ്ധിച്ചത് കാർബൺ പുറന്തള്ളലിന് കാരണമായിട്ടുണ്ട്. ഭൂമിയിലെ ചൂടും സമ്മർദ്ദവും കാരണം കാലക്രമേണ രൂപപ്പെട്ട ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ കത്തിക്കുന്നത് കാരണവും അന്തരീക്ഷത്തിലേക്ക് വലിയ രീതിയിൽ കാർബൺഡയോക്സൈഡ് എത്തുന്നു. വനനശീകരണം, കാട്ടുതീ, ജൈവ വസ്തുക്കൾ ഉപയോഗിച്ചുള്ള ഭൂ നികത്തൽ, ഭൂമിയിലെ പച്ചപ്പും, നിലവും നികത്തൽ എന്നിവ കാരണവും അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം വർദ്ധിക്കുന്നു.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 179 സ്റ്റേഷനുകളിൽ നിന്നും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം സദാ നിരീക്ഷിച്ചുകൊണ്ടാണ് WMO റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
1960 നെക്കാൾ മൂന്നിരട്ടി വർദ്ധനവാണ് അന്തരീക്ഷത്തിൽ ഉണ്ടായിട്ടുള്ളത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2011ൽ കാർബൺഡയോക്സൈഡിന്റെ പുറന്തള്ളൽ വർദ്ധന പ്രതിവർഷം ശരാശരി 0.8 PPM ( പാർട്സ് പെർ മില്യൺ ) ആയിരുന്നുവെങ്കിൽ ഇന്ന് അത് 3.5 പി പി എം ആയി വർധിച്ചു. 2024 ൽ മാത്രം ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ പ്രതിവർഷം 37.4 ബില്യൺ ടൺ കാർബൺഡയോക്സൈഡ് പുറന്തള്ളുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 2024ൽ ആഗോളതലത്തിൽ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ശരാശരി അളവ് 423.8 PPM ( പാർട്സ് പെർ മില്യൺ ) ആണ് ഇത് വ്യവസായ വിപ്ലവ കാലഘട്ടത്തിന് മുൻപ് ഉണ്ടായതിനേക്കാൾ 50 % കൂടുതലാണ്. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ ചൈന, അമേരിക്ക, ഇന്ത്യ, യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾ, റഷ്യ,ബ്രസീൽ എന്നീ രാജ്യങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഏതാണ്ട് ആകെ കാർബൺഡയോക്സൈഡ് പുറന്തള്ളലിന്റെ 62.7 % വും ഈ രാജ്യങ്ങളിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകുന്നതാണ്. 2050 ആകുമ്പോഴേക്കും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് സാന്നിധ്യം 463 നും 685 PPM നും ഇടയിൽ എത്തുമെന്ന റിപ്പോർട്ടിലെ പ്രവചനം ആശങ്ക ഉളവാക്കുന്നു.
അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്ത് നിലനിർത്തുന്ന ഹരിത ഗൃഹവാതകങ്ങളാണ് കാർബൺഡയോക്സൈഡ്,മീഥെൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവ. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ഹരിത ഗൃഹവാതകങ്ങൾ ആവശ്യമാണ്,പക്ഷേ അതിന്റെ അളവ് ക്രമാതീതമാകുമ്പോൾ ദോഷങ്ങൾ സൃഷ്ടിക്കുന്നു. സൂര്യനിൽ നിന്നും വരുന്ന ആവ്യത്തി കൂടിയ വികിരണങ്ങളെ ഭൂമിയിലേക്ക് കടത്തിവിടുകയും ഭൂമിയിൽ നിന്നും വരുന്ന ആവർത്തി കുറഞ്ഞ ഇൻഫ്ര റെഡ് വിഗരണങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്ന പ്രവർത്തി കൂടി ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ ചെയ്യുന്നുണ്ട്. മനുഷ്യന്റെ പ്രവർത്തി മൂലം 1970 നേക്കാൾ ഹരിത ഗൃഹ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ 70% വർദ്ധിച്ചിട്ടുണ്ട്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ താപം തടഞ്ഞ് നിർത്തുന്നതിനാൽ, അധിക താപത്തിന്റെ ഭൂരിഭാഗവും സമുദ്രമാണ് ആകിരണം ചെയ്യുന്നത്. ഇത് സമുദ്രത്തെ ചൂടാക്കുന്നതിന് കാരണമാവുകയും മത്സ്യങ്ങൾ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് കൂടുമാറുകയും ചെയ്യുന്നു. സമുദ്രജലത്തിന്റെ ഓക്സിജന്റെ അളവ് കുറയുകയും ചില സ്ഥലങ്ങളിൽ Dead Zone രൂപപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. അന്തരീക്ഷ ബഹിർഗമനത്തിൽ ഹരിത ഗൃഹവാതകങ്ങളുടെ വാർഷിക ശരാശരി വർദ്ധനവ് 54 % രേഖപ്പെടുത്തുമ്പോൾ അതിൽ 81 % വും അന്തരീക്ഷത്തിൽ എത്തുന്നത് കാർബൺഡയോക്സൈഡ് ആണ് എന്ന കാര്യം റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ മൂലം ഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥകൾ കാർബൺ വലിച്ചെടുക്കുന്നതിന്റെ തോത് വർഷംതോറും കുറക്കുന്നു. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവും കാരണം കടലിനും കാർബൺ ആകിരണം ചെയ്യാനുള്ള ശേഷി കുറയുന്നു എന്ന് റിപ്പോർട്ട് കണ്ടെത്തുന്നുണ്ട്. കാർബൺഡയോക്സൈഡിന്റെ ബഹിർഗമനം അടിയന്തരമായി കുറച്ചില്ലെങ്കിൽ കാലാവസ്ഥ തന്നെ തകിടം മറിയും എന്ന് കഴിഞ്ഞദിവസം സമാപിച്ച ബ്രസീലിലെ ബൈലത്ത് ചേർന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടി COP-30 വ്യക്തമാക്കുന്നു. ഉച്ചകോടിയിൽ WMO യുടെ റിപ്പോർട്ട് ചൂടുള്ള ചർച്ചക്കാണ് വഴിയൊരുക്കിയത്. ഹരിതാ ഗ്രഹവാതക ബഹിർഗമനം കുറക്കുന്നത് സംബന്ധിച്ച് ഓരോ രാജ്യവും സ്വീകരിക്കേണ്ട കർമ്മപദ്ധതി തയ്യാറാക്കി നൽകുവാൻ ബ്രസീലിലെ കാലാവസ്ഥാ വ്യതിയാന സംബന്ധിച്ചുള്ള ഉച്ചകോടി രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം യാഥാർത്ഥ്യവും ആസന്നവുമാണെന്ന് ഉച്ചകോടി വ്യക്തമാക്കുന്നു കാർബൺ പുറന്തള്ളലിൽ വികസിത രാജ്യങ്ങൾ യാഥാർത്ഥ്യങ്ങൾ ഉയർത്തിപ്പിടിക്കണം എന്നും കാലാവസ്ഥ സംബന്ധിച്ചുള്ള ഉച്ചകോടി COP 30 അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഭൂമിയിൽ നിന്നും അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺഡയോ ക്സൈഡിന്റെ പകുതിയും അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുന്നു, ബാക്കി പകുതിയും കടലിലും ഭൂമിയുടെ പരിസ്ഥിതി വ്യവസ്ഥയിലും അലിഞ്ഞുചേരുന്നു. കടുത്ത ചൂടുകാരണം കടലിന്റെ ദ്രവത്വം കുറഞ്ഞതിനാൽ കാർബൺ വലിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് തടസ്സം നേരിടുന്നു, അന്തരീക്ഷത്തിലെ അധിക കാർബൺഡയോക്സൈഡ് സമുദ്രജലത്തിൽ ലയിച്ചു ചേരുമ്പോൾ അത് ജലത്തിന്റെ പിഎച്ച് മൂല്യം കുറക്കുകയും സമുദ്രജലം കൂടുതൽ അമ്ള ഗുണമുള്ളതായി തീരുകയും ചെയ്യുന്നു, ഇത് സമുദ്ര ആവാസ വ്യവസ്ഥയെയും ജീവികളെയും സാരമായി ബാധിക്കുന്നു. കാർബൺഡയോക്സൈഡ് വെള്ളത്തിൽ ലയിക്കുമ്പോൾ അത് കാർബോണിക്ക് ആസിഡായി മാറുന്നു, ഇത് പവിഴപ്പുറ്റുകളെയും, കക്കകൾ,ഞണ്ടുകൾ, സെല്ലുകളുള്ള ജീവികൾ എന്നിവയുടെ ജീവിതം ദുസ്സഹമാക്കുന്നു. ഭൂമിയിലെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന സ്ഥിരമായ വരൾച്ച,കാർബൺ ആഗിരണം ചെയ്യുന്നതിൽ നിന്നും ഭൂമിയെ പിന്നോട്ടടിപ്പിക്കുന്നു.
സൂര്യനിൽ നിന്നുള്ള ഊർജ്ജം ഭൂമിയിൽ എത്തുമ്പോൾ ഉപരിതലം ചൂടാകുന്നു ഈ ചൂട് തിരിച്ചുപോകുമ്പോൾ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്തുന്ന ഹരിത ഗൃഹ വാതകങ്ങളിൽ പെട്ട കാർബൺഡ യോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നത് ഭൂമിയിൽ കൂടുതൽ താപനം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ പ്രമുഖമായ ഒന്ന് ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിലും, അടിത്തട്ടിലും താപനില ഉയരുന്നതാണ് ആഗോളതാപന പ്രതിഭാസമാണ്. ഇതിന് മുഖ്യ ഹേതു കാർബ ൺഡയോക്സൈഡിന്റെ അന്തരീക്ഷത്തിലുള്ള വർദ്ധനവാണെന്ന് റിപ്പോർട്ട് അർത്ഥശങ്കങ്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
കാലം തെറ്റി പെയ്യുന്ന മഴ,വേനൽ തുലാവർഷത്തിനു പകരം കാലവർഷം, മഞ്ഞിന് പകരം ചൂട്, ആയിരങ്ങളുടെ ജീവനെടുക്കുന്ന ഉരുൾപൊട്ടൽ ഇത്തരം പ്രശ്നങ്ങളുടെ അടിവേരുകൾ ചെന്നെത്തി നിൽക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിലാണ്.
ഭൂമിക്ക് പനി കൂടുതലായതിനാൽ ധ്രുവ പ്രദേശങ്ങളിൽ നിന്നും വൻതോതിൽ മഞ്ഞുരുകി സമുദ്രജലം ഉയരാൻ കാരണമാകുന്നു. ഭൂപ്രദേശങ്ങൾ അപ്രതീക്ഷമാകുന്നതും, ഉയരമില്ലാത്ത സ്ഥലങ്ങളെ കടൽ വിഴുങ്ങുന്നതും, നദികൾ വരുണ്ടുണങ്ങുന്നതും, മഞ്ഞുമലകൾ അപ്രത്യക്ഷമാകുന്നതും, മഴയുടെ വിതരണത്തിൽ സാരമായി മാറ്റങ്ങൾ ഉണ്ടാകുന്നതും നാം അനുഭവിക്കുന്ന കാര്യങ്ങളാണ്.
മഴയുടെ വിതരണത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുന്നത് ജീവ വർഗ്ഗങ്ങളുടെ തീരോദാനത്തിന് കാരണമാകുന്നു ആഗോളതാപനം നിമിത്തം രോഗാണുക്കൾ പെരുകുകയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ കാർബൺഡയോ ക്സൈഡിന്റെ 75% വും വലിച്ചെടുക്കുന്നത് സസ്യങ്ങളാണ്, സസ്യങ്ങളെ വെട്ടിമാറ്റി പരിഷ്കൃത മനുഷ്യർ പ്രകൃതിയെ അപരിഷ്കൃതമാക്കുമ്പോൾ ആഗോള ചൂട് അനുദിനം വർദ്ധിക്കുന്നു.
പരിഹാരക്രിയ:-
വ്യക്തിപരമായി ദൈനംദിന ജീവിതത്തിൽ ഊർജ ഉപയോഗങ്ങൾ നിലവിലുള്ളതിൽ നിന്നും 10% കുറക്കുക. സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുക. യാത്രകൾക്ക് സൈക്കിൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുക. നടത്തം ശീലമാക്കുക 10000 അടി എങ്കിലും പ്രതിദിനം നടക്കുക. ക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക. പരിസ്ഥിതി സൗഹാർദമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങളും, പുനരൂപയോഗ ഊർജ്ജസ്രോതസ്സുകളും ശീലമാക്കുക.വനസംരക്ഷണവും വനവൽക്ക രണവും പ്രോത്സാഹിപ്പിക്കുക.
വേണം കാർബൺ നികുതി:-
അന്തരീക്ഷത്തിൽ കാർബൺ പുറന്തള്ളുന്നവർക്ക് നികുതി ഏർപ്പെടുത്തുക എന്നത് കാലം ആവശ്യപ്പെടുന്ന ഒരു പുതിയ നികുതി ഘടനയാണ്.
കാർബൺ നികുതി 2010 ജൂലൈ മുതൽ ഇന്ത്യയിൽ കൽക്കരിക്ക് ചുമത്തിയിട്ടുണ്ട്. സിംഗപ്പൂർ, യൂറോപ്പ്യൻ യൂണിയൻ തുടങ്ങിയ നാല്പതോളം രാജ്യങ്ങൾ നിലവിൽ കാർബൺ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നികുതി ഘടന ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം പഠിക്കേണ്ടതായിട്ടുണ്ട്.
കാർബൺ പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നതിന് ഒരു വില നിശ്ചയി ക്കുകയും, ഉൽപ്പന്നങ്ങളുടെ വിലയിൽ അത് ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് കാർബൺ നികുതി ഘടന. 1991ൽ തന്നെ സ്വീഡൻ കാർബൺ നികുതി ഏർപ്പെടുത്തിയിരുന്നു, അത് ആ രാജ്യത്തെ കാർബൺ ബഹിർഗമനത്തെ വലിയതോതിൽ കുറച്ചു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കു ന്നത്. ഇക്കാര്യത്തിൽ വരുമാനം കുറഞ്ഞവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ കാർബൺ നികുതി ഏർപ്പെടുത്തുന്നത് ഒഴിവാക്കിയാൽ ജനങ്ങൾ കാർബൺ നികുതിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നത് തീർച്ചയാണ്.
ആഗോളതാപനം മനുഷ്യരാശി നേരിടുന്ന വലിയ വിപത്താണ്. ആഗോളതാപനം ഉണ്ടാക്കുന്നത് മനുഷ്യനാണ്,മനുഷ്യൻ വിചാരിച്ചാൽ മാത്രമേ ആഗോളതാപനം കുറക്കാൻ കഴിയുകയുള്ളൂ എന്ന കാര്യം മനസ്സി ലാക്കേണ്ട സമയമാണ് സമാഗതമായിട്ടുള്ളത്. ആഗോളതാപനതിന് മരങ്ങൾ മാത്രമാണ് മറുപടി
By
ടി ഷാഹുൽ ഹമീദ്
9895043496
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












