കാലം മായ്ക്കാത്ത മഷിപുരട്ടലിൻ്റെ ഓർമ്മകൾ :ഡോ. കെ.കെ.എൻ. കുറുപ്പ്

കാലം മായ്ക്കാത്ത മഷിപുരട്ടലിൻ്റെ ഓർമ്മകൾ :ഡോ. കെ.കെ.എൻ. കുറുപ്പ്
കാലം മായ്ക്കാത്ത മഷിപുരട്ടലിൻ്റെ ഓർമ്മകൾ :ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Dec 11, 02:08 PM
vasthu
vasthu

കാലം മായ്ക്കാത്ത 

മഷിപുരട്ടലിൻ്റെ ഓർമ്മകൾ

:ഡോ. കെ.കെ.എൻ. കുറുപ്പ്


ഇന്ന് കേരളം പൊതുതിരഞ്ഞെടുപ്പിന്റെ മഹാമേളയിലാണ്. കൊച്ചിയിലെ തിരക്കുകളിൽ നിന്നെല്ലാം ഒരകലം പാലിച്ച്, വോട്ട് ചെയ്യാനായി അഴിയൂർ പഞ്ചായത്തിലെ കോവുക്കൽ കടവിലുള്ള 'പൂമാലികയിൽ' ഞാൻ ഒരു ദിവസം മുൻപുതന്നെ എത്തിച്ചേർന്നു. മരുമകൻ കല്ലാക്കോവിലകത്ത് സുധാകരനും ഭാര്യ ഗീതയ്ക്കുമൊപ്പം പനാട എം.യു.പി. സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കുമ്പോൾ, ചുറ്റും കണ്ടുമറന്ന മുഖങ്ങൾ വാത്സല്യത്തോടെ ഓർമ്മകൾ പുതുക്കി. എങ്കിലും, പോളിംഗ് ബൂത്തിൽവെച്ച് വിരലിൽ മഷി പുരളാനായി കൈനീട്ടിയ ആ നിമിഷം, എൻ്റെ മനസ്സ് ആധുനികതയുടെ ആരവങ്ങളെല്ലാം വിട്ട്, ഒരു അൻപതുകളിലേക്കും അറുപതുകളിലേക്കും അറിയാതെ സഞ്ചരിച്ചുപോയി. റിപ്പബ്ലിക് ഇന്ത്യയുടെ പിറവിയിലെ നിഷ്കളങ്കമായ ആവേശവും, ഗ്രാമീണ തിരഞ്ഞെടുപ്പ് കാഴ്ചകളും ഇന്നത്തെ തലമുറയ്ക്ക് ഒരു അദ്ഭുതകഥയായിരിക്കും.

ഴയ കാലത്തിൻ്റെ പ്രതിധ്വനി

: അരിവാളും കതിരും നുകം വെച്ച കാളയും 

1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്, 1952-ലെ ആ ചരിത്രസംഭവം, ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടന അംഗീകരിച്ച് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത് ഒരു വഴിത്തിരിവായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായ അരിവാളും കതിരും കർഷകൻ്റെ പ്രതീക്ഷയായി മാറി. എന്നാൽ, പ്രധാന പാർട്ടിയായിരുന്ന കോൺഗ്രസിൻ്റെ ചിഹ്നമായ നുകം വെച്ച കാള (കന്നുപൂട്ടുന്ന കർഷകൻ) ഗ്രാമങ്ങളിലെ സാധാരണക്കാരൻ്റെ മനസ്സിൽ ഉടക്കി നിന്നു. ഇന്നത്തെ ഇലക്ട്രോണിക് യുഗത്തെക്കുറിച്ച് അന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. ഓരോ പാർട്ടിക്കും പ്രത്യേകം പ്രത്യേകം വോട്ടുപെട്ടികൾ ബൂത്തിൽ ഒരുക്കിക്കൊണ്ടായിരുന്നു ജനങ്ങൾ തങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തിയത്. അന്ന് പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ ഈ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടായിരുന്നില്ല.


ഇലക്ഷൻ വാർത്തകൾ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തിയത് സോഷ്യൽ മീഡിയ വഴിയായിരുന്നില്ല; അത് മെഗാഫോണിലൂടെ ആയിരുന്നു. നേരിയ തകരപ്പാളികൾ വളച്ചുണ്ടാക്കിയ, ഒരറ്റം വീതികൂടിയ ആ ഉപകരണം ശബ്ദം പെരുപ്പിച്ച് ഗ്രാമവീഥികളെ ശബ്ദമുഖരിതമാക്കി. ശബ്ദബഹളമില്ലാത്ത പാതിരാത്രികളിൽ 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന് തുടങ്ങുന്ന ആ മെഗാഫോൺ വിളി, ഇന്നത്തെ തലമുറയ്ക്ക് ഒരു കാല്പനികമായ കേട്ടറിവ് മാത്രമാവാം.

ലളിത പ്രചാരണം: ചുമരെഴുത്തും ചായപ്പീടികയും

തിരഞ്ഞെടുപ്പടുക്കുമ്പോൾ കിളച്ചുറപ്പിച്ച മതിലുകളിലും പീടികച്ചുമരുകളിലും ചുമരെഴുത്ത് തുടങ്ങുന്നത് അക്കാലത്തെ പ്രധാന കാഴ്ചയായിരുന്നു. ഓരോ പ്രദേശത്തും ഓരോ പാർട്ടിക്കും വേണ്ടി മുന്നിൽ നിന്ന കലാകാരന്മാർക്ക് വലിയ സ്ഥാനമാണുണ്ടായിരുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലുമായിരുന്നു തിരഞ്ഞെടുപ്പ് യോഗങ്ങൾ അരങ്ങേറിയിരുന്നത്. ഇന്നത്തെ ബഹുവർണ്ണ പോസ്റ്ററുകളോ ഫ്ലക്സുകളോ വിരളം. വാഹന ജാഥകളോ കവലപ്രസംഗങ്ങളോ ഇല്ലാതെ തിരഞ്ഞെടുപ്പ് കാലം കടന്നുപോകുമായിരുന്നു. നാട്ടുമ്പുറങ്ങളിലെ ചായപ്പീടികയുടെ ചുമരുകൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രങ്ങളായി മാറി. സ്ഥാനാർത്ഥികൾ പ്രധാന പ്രമുഖ വീടുകളിൽ കയറിയിറങ്ങി നേരിട്ട് വോട്ട് അഭ്യർത്ഥിച്ചു.


ചരിത്ര മുഹൂർത്തങ്ങൾ: എ.കെ.ജി., ഇ.എം.എസ്., നെഹ്റു

ചില വ്യക്തിഗത ഓർമ്മകൾ ചരിത്രത്തിൻ്റെ ഏടുകളായി മനസ്സിൽ മായാതെ കിടക്കുന്നു. കാസർഗോഡ് പാർലമെന്ററി സീറ്റിൽ മത്സരിക്കാൻ വന്ന എ.കെ. ഗോപാലനെ (എ.കെ.ജി.) ഞാൻ ആദ്യമായി കാണുന്നത് ഞങ്ങളുടെ കുട്ടമത്ത് തറവാട്ടിൽ വോട്ടു ചോദിച്ച് ഗൃഹസന്ദർശനത്തിന് എത്തിയപ്പോഴാണ്. അവിടെ നിന്നും ചായസൽക്കാരം കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.


1956-ൽ കേരള സംസ്ഥാനം പിറന്ന ശേഷം 1957-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ നീലേശ്വരത്ത് മത്സരിച്ചു വിജയിച്ച ഇ.എം.എസ്സ് ലോകത്തുതന്നെ ആദ്യമായി ഭരണഘടനാപരമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിന് നേതൃത്വം നൽകി. അധികാരം ഏറ്റെടുക്കാൻ പോകുന്ന വഴിയിൽ ഇ.എം.എസ്സിന് കുഞ്ഞിപ്പള്ളിക്കടുത്തുള്ള ചിറയിൽപീടികയിലെ നവോദയ വായനശാലയിൽ ഉജ്വലമായ വരവേൽപ്പ് നൽകിയതും, വായനശാലയുടെ ഒന്നാം വാർഷികോത്സവം അദ്ദേഹം ഉത്‌ഘാടനം ചെയ്തതും മറക്കാൻ കഴിയാത്ത ഓർമ്മകളാണ്. ശ്രീ. പി. ചാത്തു, ഇ.എം. നാണുമാസ്റ്റർ, ടി.പി. കണാരൻ തുടങ്ങി ഒരുകൂട്ടം ആളുകൾക്കൊപ്പം ഞാനും ചേർന്നായിരുന്നു ഈ പരിപാടി വിജയിപ്പിച്ചത്. ആവേശം ഒട്ടും ചോരാതെ ആ ചടങ്ങിന് നേതൃത്വം നൽകിയവരിൽ പലരുമിന്നില്ല. ആ കാലത്ത് 21 വയസ്സ് പൂർത്തിയാകാത്തതുകൊണ്ട് എനിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.


പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

ആദ്യമായി ചോമ്പാലയുടെ മണ്ണിൽ പ്രസംഗിക്കാനെത്തിയതും

ചരിത്രമുഹൂർത്തമാണ്.

കല്ലും സിമൻ്റും ഉപയോഗിച്ച് കുഞ്ഞിപ്പള്ളി മൈതാനത്ത് നിർമ്മിച്ച ഉയരം കൂടിയ പ്രൗഢോജ്വലമായ പ്രസംഗ മണ്ഡപത്തിൽ ഗോവണിപ്പടികൾ ചവിട്ടിക്കയറിയ നെഹ്റുവിനെ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രദേശത്തെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും ഗാന്ധിയനുമായ മുല്ലപ്പള്ളി ഗോപാലൻ്റെ മുഖ്യനേതൃത്വത്തിൽ ചന്തൻ വൈദ്യർ, കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് തുടങ്ങിയ അക്കാലത്തെ ഇവിടുത്തെ കോൺഗ്രസുകാരുടെ നേതൃത്വത്തിലായിരുന്നു ഈ ചരിത്രസംഭവം ചോമ്പാലയിൽ നടന്നത്. നെഹ്രുവിനെ കാണാൻ ഞാനും അമ്മയും സഹോദരിമാരും എല്ലാം നേരത്തെ കാലത്തെ കുഞ്ഞിപ്പള്ളിയിൽ ചെന്നിരുന്നു. 

(പിൽക്കാലത്ത് ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രി പഥം വരെയെത്തി യ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, ഈ ചരിത്രസംഭവത്തിന് നേതൃത്വം നൽകിയ മുല്ലപ്പള്ളി ഗോപാലന്റെ മകനാണ്.)


കോഴിക്കോട് മുതൽ തുറന്ന കാറിൽ നെഹ്റുവിൻ്റെ ഡ്രൈവറായി വന്ന മുക്കാളിക്കാരൻ കണ്ണൻ ഡ്രൈവർക്ക് മികച്ച ഡ്രൈവിംഗിനുള്ള അനുമോദന സർട്ടിഫിക്കറ്റ് നെഹ്റു അന്ന് നൽകുകയുണ്ടായി.


kurup_1765442967

വോട്ടുപെട്ടി: പുഴ കടന്ന ഒരു പേടിസ്വപ്നം

1962-ൽ തൃക്കരിപ്പൂരിൽ ഇലക്ഷൻ നടത്തുന്ന പട്ടേലായി (വില്ലേജ് ഓഫീസർ) ഞാൻ പ്രവർത്തിച്ച കാലം, ഉത്തരവാദിത്തത്തിൻ്റെ ഭാരം മനസ്സിൽ നിറച്ച ഒരു ഓർമ്മയാണ്. കടപ്പുറത്ത് നിന്നും വലിയൊരു പുഴയിലൂടെ ചെറുതോണിയിൽ കയറി വേണമായിരുന്നു വോട്ടുപെട്ടികൾ മറുകരയിൽ എത്തിക്കുവാൻ. തുടർന്ന് അർദ്ധരാത്രിയിൽ ബസ്സിലൂടെ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിൽ എത്തണം. "ആ വോട്ടുപെട്ടി ചെറുതോണിയിൽ നിന്നും മറിഞ്ഞ് വെള്ളത്തിൽ പോയെങ്കിൽ സ്ഥിതി എന്തായിരിക്കും?" എന്ന ചിന്ത അന്നെന്നെ വല്ലാതെ അലട്ടി. ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് ആ കർമ്മം നിർവഹിച്ചത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയപ്പോൾ തഹസിൽദാർമാർ നൽകിയ അഭിനന്ദനം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.



malini

പ്രൊഫ. മാലിനിക്കുറുപ്പിൻ്റെ

സാഹസിക കഥ

യൂണിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ 1972-ൽ തിരൂരിൽ പ്രിസൈഡിങ് ഓഫീസറായി പോകാൻ ഞാൻ ചോദിച്ചു വാങ്ങിയത് ഒരു സാധാരണ അനുഭവമാണ്. എന്നാൽ, എൻ്റെ ഭാര്യ പ്രൊഫ. മാലിനിക്കുറുപ്പിൻ്റെ തിരഞ്ഞെടുപ്പ് അനുഭവം അക്കാലത്തെ സ്ത്രീകളുടെ ധൈര്യത്തിൻ്റെ മുദ്രയാണ്. അന്നത്തെക്കാലത്ത് സ്ത്രീ ഉദ്യോഗസ്ഥർ പ്രിസൈഡിംഗ് ഓഫീസറാകാൻ പേടിച്ച് മെഡിക്കൽ ലീവെടുത്ത് ഒഴിഞ്ഞുമാറുമായിരുന്നു. എന്നാൽ, എൻ്റെ ഭാര്യ പ്രൊഫ. മാലിനിക്കുറുപ്പ് പട്ടാമ്പി കോളേജിൽ നിന്ന് ആ ജോലി ചോദിച്ചുവാങ്ങിയത് എട്ടാം മാസം ഗർഭിണിയായിരിക്കുന്ന സമയത്തായിരുന്നു! വീർത്ത വയറുമായി വോട്ടുപെട്ടികൾ വാങ്ങാൻ പോയപ്പോൾ ആളുകൾ കൗതുകപൂർവ്വം നോക്കിനിന്നത് ഈ തിരഞ്ഞെടുപ്പ് ദിനത്തിൽ അവർ ഓർമ്മിച്ചു.


വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് 12 മണി വരെ ദാഹജലം പോലും കഴിക്കാതെ വിശന്നുവലഞ്ഞ അവർ, വീട്ടിലേക്കുള്ള യാത്രാമധ്യേ റോഡരികിലെ ഒരു മുസ്‌ലിം കല്യാണവീട്ടിനടുത്ത് വണ്ടി നിർത്തിച്ചു. ഒരു സങ്കോചവുമില്ലാതെ ധൈര്യപൂർവ്വം അവർ വിവാഹ വിരുന്നിൽ പങ്കെടുത്തു വയറുനിറച്ചു. ഇത് കണ്ടു പിന്നാലെ വന്ന മറ്റ് ഉദ്യോഗസ്ഥർ അവിടെയെത്തിയപ്പോഴേക്കും സദ്യ തീർന്നിരുന്നു! അന്ന് രാത്രി മുഴുവൻ ഏതോ ഗ്രാമത്തിലെ ഏകാന്തതയിൽ, വോട്ടുപെട്ടിയടങ്ങുന്ന ബാലറ്റ് പേപ്പർ സഞ്ചി തലയിണയാക്കി അവർ കിടന്നുറങ്ങി. പോലീസുകാരനോട് അടുത്ത വാതിൽക്കൽ തോക്ക് പിടിച്ച് നിൽക്കാൻ പ്രത്യേക നിർദ്ദേശം നൽകി ആ രാത്രി ശിവരാത്രിയാക്കിയ കഥ ഈ തിരഞ്ഞെടുപ്പ് കാലത്ത് അവരിപ്പോഴും ഓർമ്മിക്കുന്നു.


മാറ്റത്തിൻ്റെ കാലം: ആദർശം എവിടെ?

പഴയ കാലങ്ങളിൽ പോളിംഗ് ബൂത്തുകളിൽ യുവതികൾ ഏറ്റവും സുന്ദരമായ വേഷത്തിൽ അണിഞ്ഞൊരുങ്ങി, ഒരു ഉത്സവ പ്രതീതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. അമ്മമാരും കൈക്കുഞ്ഞുങ്ങളും അവരോടൊപ്പം ഉണ്ടാകും. വയ്യാത്ത ആളുകളെ താങ്ങിയും കസേരയിലിരുത്തിയും വോട്ട് ചെയ്യിക്കുന്നത് അന്ന് ചെറുപ്പക്കാർ ഒരു പുണ്യകർമ്മമായി കരുതിയിരുന്നു. ഇന്നും നമ്മുടെ ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തുന്നത് ആഘോഷത്തിനെന്നപോലെയാണ്. എങ്കിലും, ആർക്കുവേണ്ടി വോട്ട് ചെയ്യണം എന്നത് അതാതിടങ്ങളിലെ കൊച്ചു രാഷ്ട്രീയ നേതാക്കൾ പഠിപ്പിക്കുന്നതുപോലെയാണ് പലരും ചെയ്യുന്നത്.


ഞാൻ കണ്ട പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളിലെ വിദ്യാഭ്യാസം ഇന്ന് മാറിയെങ്കിലും, ലാഭകരമല്ലാത്ത സ്കൂളുകളും ജോലി സ്ഥിരതയില്ലാത്ത അധ്യാപകരും ഒരു ഇടതുപക്ഷ സർക്കാരിൻ്റെ കീഴിൽ നിലനിൽക്കുന്നുവെന്നത് അന്നത്തെ പോലെ എന്നെ ഇപ്പോഴും ദുഃഖിപ്പിക്കുന്നു. ഏറ്റവും വേദനാജനകമായ കാര്യം, ഇന്ന് ബോധപൂർവ്വം കള്ളവോട്ടുകളോ, ആൾ മാറി വോട്ടോ എല്ലാം നടത്തി ജനാധിപത്യത്തെ കൊല്ലുന്നത് ഞാൻ നോക്കിക്കാണുന്നു എന്നതാണ്. ഇന്ന് വോട്ട് ചെയ്യാനുള്ള പ്രായപരിധി 21-ൽ നിന്ന് 18-ലേക്ക് ചുരുങ്ങുകയും, പഞ്ചായത്തിലേക്കുള്ള മൂന്ന് വോട്ടുകൾ ചെയ്യേണ്ടി വരികയും ചെയ്യുന്ന ഈ കാലത്ത്, പഴയ തിരഞ്ഞെടുപ്പ് കാലത്തെ നിഷ്കളങ്കതയും ആവേശവും വരാനിരിക്കുന്ന തലമുറയ്ക്ക് ഒരു പാഠമായി മനസ്സിൽ മായാതെ നിൽക്കും.


bhakshysree-cover-photo
samudra-harithamrutham26
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI