പെട്ടിയിലെ വോട്ട്:
നാട്ടുമ്പുറത്തെ
മഷി മായാത്ത ഓർമ്മകൾ
:ദിവാകരൻ ചോമ്പാല
ഞാനൊരു സാക്ഷിയാണ്. 1945-ൽ ജനിച്ച എനിക്ക് ആദ്യമായി ജനാധിപത്യത്തിൻ്റെ കവാടം തുറന്നുകിട്ടിയത്, രാജ്യം സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ പിന്നിട്ട ശേഷമുള്ള ഒരു തിരഞ്ഞെടുപ്പ് ദിനത്തിലാണ്.
അവിടെ, എൻ്റെ തട്ടോളിക്കര സ്‌കൂളിൻ്റെ ഓടുമേഞ്ഞ ക്ലാസ് മുറി ഒരു പോളിംഗ് ബൂത്തായി രൂപാന്തരപ്പെട്ടിരുന്നു.
ഇന്നത്തെ ആരവങ്ങളും അലങ്കാരങ്ങളുമില്ലാത്ത, എന്നാൽ ആത്മാർത്ഥതയുടെയും സൗഹൃദത്തിൻ്റെയും മണമുള്ള ആ പഴയകാല വോട്ടുസമ്പ്രദായം ഏതൊരു ഗ്രാമീണൻ്റെ മനസ്സിലും ഗൃഹാതുരതയുടെ തിരമാലകൾ തീർക്കും.
ആശയവും ആത്മാർത്ഥതയും നിറഞ്ഞ 'വോട്ടുപിടുത്തം'
അന്ന് വോട്ടുപിടിക്കാൻ വന്ന നേതാവിന് വാഹനങ്ങളുടെ അകമ്പടിയില്ല; കുണ്ടനിടവഴികളിലൂടെയുള്ള കാൽനട യാത്രയായിരുന്നു പ്രചാരണത്തിൻ്റെ മുഖമുദ്ര.
സൈക്കിളായിരുന്നു ആകെയുള്ള അത്യാഢംബരം. ജനങ്ങളിൽ ഒരാളായി, അവരുടെ ഇടയിലൂടെ നടന്നു നീങ്ങുന്ന സ്ഥാനാർത്ഥിയുടെ ചിത്രം ഓരോ വോട്ടറുടെ മനസ്സിലും മായാതെ നിന്നു. അതൊരു അധികാരം ചോദിക്കലായിരുന്നില്ല, ഒരു സൗഹൃദ സന്ദർശനമായിരുന്നു.
സ്ഥാനാർത്ഥിത്വം അക്കാലത്ത് ആർക്കും പ്രാപിക്കാവുന്ന ഒന്നായിരുന്നില്ല. വിലയും നിലയുമുള്ള, സമൂഹം അംഗീകരിക്കുന്ന മഹദ് വ്യക്തിത്വങ്ങളെ മാത്രമായിയിരുന്നു അക്കാലങ്ങളിൽ എല്ലാ പക്ഷക്കാരും നിയോഗിച്ചി രുന്നത്.
യുവപ്രായക്കാർ വിരളം; സ്ത്രീ സാന്നിധ്യവും കുറവ്. പൊതുയോഗങ്ങൾ കേവലം മീറ്റിംഗുകളായിരുന്നില്ല; പ്രാദേശിക പ്രശ്നങ്ങളും ദേശീയ രാഷ്ട്രീയത്തിലെ ആശയങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന തുറന്ന ചർച്ചാ വേദിയായിരുന്നു അത്.
വോട്ട് വെറും സംഖ്യയായിരുന്നില്ല; അത് വ്യക്തിപരമായ വിശ്വാസത്തി ൻ്റെയും പ്രസ്ഥാനത്തിനുള്ള പിന്തുണയുടെയും പ്രതീകമായിരുന്നു.
ചുമരെഴുത്തിൻ്റെ നാടൻ ചന്തം
തിരഞ്ഞെടുപ്പ് ചൂട് ഗ്രാമത്തിലേക്ക് ആദ്യമെത്തിയിരുന്നത് ചുമരെഴുത്തുകളിലൂടെയാണ്. ചുണ്ണാമ്പുകലക്കി വെളുപ്പിച്ച കിളച്ചുറപ്പിച്ച കയ്യാലകളായിരുന്നു അന്നത്തെ ചുമരുകൾ. കട്ടനീലം, റോബിൻ ബ്ലൂ, ചുവന്ന മഷിഗുളികകൾ, കരി എന്നിവയായിരുന്നു എഴുത്തുകാരുടെ വർണ്ണക്കൂട്ടുകൾ. നാളികേരത്തിൻ്റെ കണ്ണി ചതച്ചെടുത്തതും 'ഒറോപ്പ കൈത'യുടെ ഇല ചതച്ചെടുത്തതുമായ ബ്രഷുകൾ ഉപയോഗിച്ച് അവർ മത്സരിച്ചെഴുതി.
പട്ടികയിൽ കോറത്തുണി ചുളിവില്ലാതെ പതിച്ച്, അതിൽ ചുണ്ണാമ്പ് കലക്കിതേച്ചുണക്കി സ്ഥാനാർത്ഥിയുടെ രേഖാചിത്രങ്ങൾ വരെ വരച്ച വിരുതന്മാർ അക്കാലത്തുണ്ടായിരുന്നു. ആ ചുമരെഴുത്തുകാർ, വിജയിച്ച സ്ഥാനാർത്ഥികളെ ആവേശത്തോടെ ചുമലിലേറ്റി നടക്കാനും മടിച്ചില്ല.
ബൂത്തിലെ തണലും തിക്കും തിരക്കും
തട്ടോളിക്കര സ്‌കൂളായിരുന്നു എൻ്റെ ആദ്യ പോളിംഗ് ബൂത്ത്. അക്കാലത്ത്, ഉൾനാടൻ ഗ്രാമങ്ങളിലെ പോളിംഗ് കേന്ദ്രങ്ങൾ മിക്കവാറും ഓടുമേഞ്ഞ, തറയും ചുമരുകളും സിമന്റിട്ട, വെളിച്ചവും വായുസഞ്ചാരവുമുള്ള സ്‌കൂൾ ക്ലാസ് മുറികളോ പഞ്ചായത്ത് ഓഫീസുകളോ ആയിരുന്നു.
ഉൾനാടൻ ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പ് ദിനം ഒരുത്സവം പോലെയായി രുന്നു.
സൂര്യനുദിക്കും മുൻപേതന്നെ ഇരുട്ടിൽ ഓലച്ചൂട്ടുമായി നാട്ടിടവഴികളി ലൂടെ വോട്ട് ചെയ്യാനെത്തുന്നവരുടെ കൂടെ പ്രദേശത്തെ പാർട്ടി പ്രവർത്തകരുണ്ടാകും,
ശബരിമലക്ക് പോകുന്നവരുടെ കൂടെ ഗുരുസ്വാമി പോകുന്നപോലെ. വോട്ടർമാരിൽ പലരും സാക്ഷരതയിൽ പിന്നിലായിരുന്നതിനാൽ, പാർട്ടിപ്രവർത്തകർ വീടുകളിലെ ഉമ്മറക്കോലായിലിരുന്ന്, മുട്ടവിളക്കിന്റെ വെട്ടത്തിൽ എങ്ങനെ വോട്ട് ചെയ്യണം, സീൽ പതിപ്പിക്കണം എന്നതിനെക്കുറിച്ച് പരിശീലനം നൽകിയിരുന്നു.
ഒരു ചെറിയ മരക്കുറ്റിയിൽ x എന്ന കോറിയെടുത്തതിൽ മഷിതൊട്ടായിരുന്നു സീൽ വെച്ചത്
തിരിച്ചറിയൽ രേഖകളായി ഇന്നത്തെ ഇലക്ടറൽ ഫോട്ടോ ഐ.ഡി. കാർഡ് അന്നില്ല. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാനം.
വോട്ടിംഗ് മുറിയിലെത്തുമ്പോൾ, മരപ്പലക കൊണ്ടുണ്ടാക്കിയ വോട്ടുപെട്ടികളാണ് കാത്തിരിക്കുന്നത്.
ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം പെട്ടി. കുടിൽ, പശുവും കിടാവും, അരിവാളും ചുറ്റികയും, കലപ്പയേന്തിയ കർഷകൻ ഇങ്ങനെയുള്ള പഴയകാല ചിഹ്നങ്ങൾ ആ പെട്ടിയിൽ പതിച്ചിരിക്കും.
ബാലറ്റ് പേപ്പറിൽ മുദ്ര പതിപ്പിച്ച ശേഷം, ഞങ്ങളുടെ വോട്ട് രഹസ്യമായി ആ ചിഹ്നപ്പെട്ടിക്കുള്ളിൽ നിക്ഷേപിക്കും.
അതിനുശേഷം, ഞങ്ങളുടെ ഇടത് ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും.
ലുങ്കിയും ഷർട്ടുമിട്ട പുരുഷന്മാരും മുണ്ടും നേരിയതും ധരിച്ച സ്ത്രീകളും തങ്ങളുടെ തനത് വേഷങ്ങളിലായിരുന്നു വോട്ടു ചെയ്യാനെത്തിയിരുന്നത്. എന്നാൽ, ജനാധിപത്യത്തോടുള്ള ആവേശം വസ്ത്രധാരണ രീതികളെ അപ്രസക്തമാക്കി.
വയ്യാതെ കിടക്കുന്ന വൃദ്ധന്മാരെയും ഗർഭിണികളെയും കൈത്താങ്ങായും കസേരയിലിരുത്തിയും മഞ്ചലിൽ കിടത്തിയും തണ്ടു ചുമന്ന് വോട്ടുചെയ്യി ച്ച മനുഷ്യസ്നേഹികൾ തട്ടോളിക്കരയിലും പരിസരങ്ങളിലും ഇന്നും ജീവിച്ചിരിപ്പുണ്ട്.
ഫലം വന്നാൽ, കമ്യൂണിസ്റ്റ് കാരണാണ് ജയിച്ചതെങ്കിൽ, ഞങ്ങളുടെ വീട്ടിലെ മദ്രാസ് ചെക്കി മരം ചുവന്ന പൂക്കൾക്കായി മൊട്ടയടിക്കുന്ന ആ കാഴ്ച ഞങ്ങൾക്ക് സങ്കടമുണ്ടാക്കിയിരുന്നു .
അതായിരുന്നു അന്നത്തെ രാഷ്ട്രീയോത്സവം! വോട്ട് ചെയ്തു വിരലിൽ പുരട്ടിയ മഷി വെളിച്ചെണ്ണ പുരട്ടി ഉരസിമാറ്റി അക്കാലങ്ങളിൽ പലരും കള്ളവോട്ട് ചെയ്തുവെന്നത് മറ്റൊരു സത്യം.
ചുരുക്കത്തിൽ, അരനൂറ്റാണ്ടിനപ്പുറത്തെ വോട്ടുസമ്പ്രദായം, നേരിട്ടുള്ള മനുഷ്യബന്ധങ്ങൾ, ലളിതമായ രീതികൾ, രാഷ്ട്രീയ ആശയങ്ങളുടെ കൈമാറ്റം എന്നിവയിൽ അധിഷ്ഠിതമായിരുന്നു. ഓർമ്മകളിൽ സുഗന്ധം പരത്തുന്ന ആ നാട്ടുമ്പുറത്തെ രാഷ്ട്രീയ കാലം, ഇന്നത്തെ ഹൈടെക് തിരഞ്ഞെടുപ്പ് രീതികൾക്കിടയിൽ ഒരു ഗൃഹാതുര സ്മരണയായി ഇന്നും നിലനിൽക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















