ചോമ്പാല ഹാർബറിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് എത്തി: യാത്രാദുരിതത്തിന് അറുതി; എം.എൽ.എയ്ക്ക് അഭിവാദ്യ പ്രവാഹം!
ഒഞ്ചിയം/ചോമ്പാല: പതിറ്റാണ്ടുകളായി കടലോരമേഖലയിലെ ജനങ്ങൾ അനുഭവിച്ച കടുത്ത യാത്രാക്ലേശത്തിന് അറുതിയായി. ചോമ്പാല ഹാർബറിനെ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സർവീസ് നവംബർ 4 മുതൽ ഓടിത്തുടങ്ങും. നിരന്തരമായ ജനകീയ ആവശ്യത്തെ ത്തുടർന്ന് എം.എൽ.എ. കെ.കെ. രമയുടെ ഇടപെടലിലൂടെയാണ് ഈ സുപ്രധാന നേട്ടം യാഥാർത്ഥ്യമായത്.
കടലോര മേഖലയുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ഈ ബസ് സർവീസ് അനുവദിച്ചതിൽ, രാഷ്ട്രീയ കക്ഷിഭേദമന്യേ നാട്ടുകാർ എം.എൽ.എ. ക്ക് ഹാർദ്ദവമായി അനുമോദനമർപ്പിക്കാനൊരുങ്ങുന്നു
ചോമ്പാലയുടെ യാത്രാ സ്വപ്നം പൂവണിയുന്നു
നിലവിൽ വില്യാപ്പള്ളി വഴി ഒഞ്ചിയത്തേക്ക് ഒരു ബസ് സർവീസ് ഉണ്ടെങ്കിലും, ചോമ്പാല ഹാർബറിനെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസില്ലാത്തത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ദിവസേന നാടിന്റെ പല ഭാഗങ്ങളിൽനിന്നും ഹാർബറിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ദേശീയപാതയിലെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന തട്ടോളിക്കര-കുന്നുമ്മക്കര വഴി പെരിങ്ങത്തൂരിലേക്കുള്ള ബസ് സർവീസ് നിലച്ചതോടെ ഓട്ടോറിക്ഷകൾ മാത്രമായിരുന്നു ഏക ആശ്രയം.
ഒഞ്ചിയം കേന്ദ്രീകരിച്ചാണ് പുതിയ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, ചോമ്പാല ഹാർബർ എന്നിവിടങ്ങളിലേക്ക് മൂന്ന് ട്രിപ്പുകളിലായി ഈ ബസ് സർവീസ് നടത്തും.
പുതിയ ബസ് സർവീസിന്റെ സമയക്രമം
ഒഞ്ചിയം, ഏറാമല, ചോറോട് പഞ്ചായത്തുകളിലെ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന രീതിയിലാണ് ട്രിപ്പുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്:
രാവിലെ ഹാർബറിലേക്ക്:
5.30-ന് വടകരയിൽനിന്ന് കൈനാട്ടി, കണ്ണൂക്കര വഴി ചോമ്പാല ഹാർബറിലേക്ക് ആദ്യ ട്രിപ്പ് പുറപ്പെടും.
ഹാർബറിൽനിന്ന് തിരികെ: 6.10-ന് ഹാർബറിൽനിന്ന് കണ്ണൂക്കര, ഒഞ്ചിയം, ഓർക്കാട്ടേരി, മലോൽമുക്ക് വഴിയാകും വടകരയിലേക്കുള്ള മടക്കയാത്ര.
കോഴിക്കോട്ടേക്ക്: രണ്ടാമത്തെ ട്രിപ്പ് 7.25-ന് വടകരയിൽനിന്ന് പുറപ്പെട്ട് വൈക്കിലശ്ശേരി, മലോൽമുക്ക് വഴി ഓർക്കാട്ടേരി, ഒഞ്ചിയം കടന്ന് 8 മണിക്ക് കണ്ണൂക്കരയിലെത്തും. 8.55-ന് ഇവിടെനിന്നും തിരിച്ച് ഓർക്കാട്ടേരി, വൈക്കിലശ്ശേരി, വടകര വഴിയാണ് കോഴിക്കോട്ടേക്കുള്ള യാത്ര.
തലശ്ശേരിയിലേക്ക്: മൂന്നാമത്തെ ട്രിപ്പ് 4.40-ന് വടകരയിൽനിന്ന് പുറപ്പെട്ട് വൈക്കിലശ്ശേരി, ഓർക്കാട്ടേരി, ഒഞ്ചിയം വഴി 5.50-ന് തലശ്ശേരിയിൽ എത്തിച്ചേരും.
തലശ്ശേരിയിൽനിന്ന് തിരികെ: 6.25-ന് തലശ്ശേരിയിൽനിന്ന് കണ്ണൂക്കര, ഒഞ്ചിയം, മലോൽമുക്ക് വഴി 7.40-ന് വടകരയിൽ തിരിച്ചെത്തും.
കൂടുതൽ സർവീസുകൾ വേണം
KSRTC ബസ് സർവീസ് തുടങ്ങുന്ന വാർത്ത അതീവ സന്തോഷത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. കടലോരവാസികളുടെ ഈ ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസമാകും ഈ പുതിയ സർവീസ്. എന്നാൽ, തൊട്ടടുത്ത ഗ്രാമപ്രദേശങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് കൂടുതൽ ബസുകൾ ചോമ്പാല ഹാർബറിൽനിന്ന് സർവീസ് നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെ ടുന്നത്. ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















