കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാനവും ജപ്പാന്റെ രണ്ടാം തലസ്ഥാനവും തമ്മിൽ എന്ത് ബന്ധം? :മുരളി തുമ്മാരുകുടി

കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാനവും ജപ്പാന്റെ രണ്ടാം തലസ്ഥാനവും തമ്മിൽ എന്ത് ബന്ധം? :മുരളി തുമ്മാരുകുടി
കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാനവും ജപ്പാന്റെ രണ്ടാം തലസ്ഥാനവും തമ്മിൽ എന്ത് ബന്ധം? :മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2025 Oct 24, 10:09 PM
MANNAN
mannan

കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാനവും ജപ്പാന്റെ രണ്ടാം തലസ്ഥാനവും തമ്മിൽ എന്ത് ബന്ധം?

:മുരളി തുമ്മാരുകുടി


കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോഴാണ് കൊച്ചിൻ കോർപ്പറേഷൻ എന്ന ബോർഡിൽ പുതിയൊരു വമ്പൻ കെട്ടിടം ശ്രദ്ധയിൽ പെട്ടത്. ഹൈക്കോടതിയിൽ നിന്നും കണ്ടെയ്നർ റോഡിലേക്ക് വരികയായിരുന്നു ഞാൻ. കോർപ്പറേഷന് പുതിയ കെട്ടിടം പണിയുന്ന കാര്യം ഒന്നും കേട്ടിരുന്നില്ല. അന്ന് കണ്ടപ്പോൾ തന്നെ പണിയെല്ലാം പൂർത്തിയായി പൂർണ്ണമായും പ്രവർത്തന സജ്ജമായതായിട്ടാണ് തോന്നിയത്. കഴിഞ്ഞ ദിവസം ഉൽഘാടന വാർത്ത വായിച്ചപ്പോഴാണ് പ്രവർത്തനം ഇങ്ങോട്ട് മാറ്റിയില്ല എന്നറിഞ്ഞത്.

പക്ഷെ അന്ന് തന്നെ ഒരു വിഷമം തോന്നിയിരുന്നു. കാരണം കാലാവസ്ഥ വ്യതിയാനം കൊച്ചിയെ വളരെയധികം ബാധിക്കാൻ പോകുന്ന ഒന്നാണ്. പോരാത്തതിന് തീരദേശം ആയതുകൊണ്ട് സുനാമിയുടെ വെല്ലുവിളിയും ഉണ്ട്. ഇത് രണ്ടും കാരണം എറണാകുളത്ത് പുതിയതായി സ്ഥാപനങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ഉള്ളവ തന്നെ, (ഹൈക്കോർട്ട്, പോലീസ് കമ്മീഷണറുടെ ആസ്ഥാനം, ജനറൽ ആശുപത്രി ഇവയൊക്കെ) ബൈപ്പാസിനും പുറകിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റണം എന്നാണ് എന്റെ സുരക്ഷാ നിർദ്ദേശം. ഏറെക്കാലമായി അത് ഞാൻ പൊതുമണ്ഡലത്തിൽ പറയാറുമുണ്ട്. ഹൈക്കോടതി കെട്ടിടം അവിടെ നിന്നും മാറ്റുന്നു എന്നറിഞ്ഞതിൽ സന്തോഷിച്ചതുമാണ്. കോർപ്പറേഷന് ഈ അപകട സാദ്ധ്യതകൾ ഉള്ള പ്രദേശത്ത് പുതിയ ആസ്ഥാനം ഉണ്ടാക്കുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാൻ എന്റെ അഭിപ്രായം പറഞ്ഞേനെ.

ഉൽഘാടനത്തിന്റെ വാർത്തയുടെ കൂടെ ഈ പ്രോജക്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ‘വർക്ക് ഇൻ പ്രോഗ്രസ്സ്’ ആയിരുന്നു എന്നാണ് വായിച്ചത്. ഞാൻ കേരളത്തിലെ സുരക്ഷ കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത് 2008 ലാണ്. അതുകൊണ്ടാണ് ഈ പദ്ധതി ശ്രദ്ധയിൽ പെടാതിരുന്നത്.

രണ്ടു പ്രധാന കാര്യങ്ങൾ കൊണ്ടാണ് ഈ പ്രൊജക്ടിൽ ഞാൻ റിസ്ക് കാണുന്നത്.

1. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ ഇപ്പോൾ കോർപ്പറേഷൻ ഇരിക്കുന്ന സ്ഥലം ഉൾപ്പടെയുള്ള പ്രദേശങ്ങൾ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാൻ ഏറെ സാധ്യതയുള്ള പ്രദേശമാണ്. കോർപ്പറേഷന്റെ പഴയ കെട്ടിടം എൺപത് വർഷം നിലനിന്നു എന്നാണ് വായിച്ചത് (ശരിയാണോ എന്നറിയില്ല). പക്ഷെ പുതിയ കെട്ടിടം എൺപത് വർഷം പ്രവർത്തനക്ഷമം ആകില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്.

2. കൂടുതൽ പ്രധാനമായ കാര്യം കടലിനോട്/കായലിനോട് ഇത്രയും അടുത്ത് കിടക്കുന്നതിനാൽ കൊടുങ്കാറ്റും അതുണ്ടാക്കുന്ന വെള്ളപ്പൊക്കവും (storm surge) അപൂർവ്വമാണെങ്കിലും അങ്ങനൊന്ന് ഉണ്ടായാൽ ഒറ്റയടിക്ക് ഈ കെട്ടിടത്തിന്റെ പ്രവർത്തനത്തെ താൽകാലികമായിട്ടെങ്കിലും പ്രവർത്തനരഹിതമാക്കാനുള്ള വലിയ സാധ്യത ഉണ്ട്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് സഹായം നൽകാനുള്ള കേന്ദ്രങ്ങളാണ് കോർപ്പറേഷൻ ബിൽഡിങ്ങും ആശുപത്രിയും പോലീസ് ആസ്ഥാനവും ഒക്കെ. അതുകൊണ്ടാണ് അവയെ ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ എന്ന് പറയുന്നത്. ദുരന്തമുണ്ടാകുമ്പോൾ ഈ സംവിധാനങ്ങൾ തന്നെ ആദ്യം പ്രവർത്തനരഹിതമായാൽ പിന്നെ എങ്ങനെയാണ് ദുരന്ത നിവാരണം ഏകോപിപ്പിക്കുന്നത്?

കൊച്ചി കോർപ്പറേഷൻ കെട്ടിടം ഉൽഘാടനം ചെയ്ത അതേ ദിവസമാണ് ജപ്പാനിൽ നിന്നും മറ്റൊരു വാർത്ത വരുന്നത്. 2011 ൽ ജപ്പാനിലുണ്ടായ സുനാമി കടൽ തീരത്തു നിന്നും മൂന്നു കിലോമീറ്റർ വരെ ദൂരത്തിൽ എത്തി. കടൽതീരത്ത് ഇത് നാല്പത് മീറ്റർ ഉയരത്തിൽ വരെ എത്തി (13 നിലക്കെട്ടിടത്തിന്റെ ഉയരം, അവിശ്വസനീയമായി തോന്നാം). ഇത്തരത്തിൽ ഒരു സുനാമി തലസ്ഥാനമായ ടോക്യോവിൽ ഉണ്ടായാൽ അത് ഭരണ സിരാകേന്ദ്രങ്ങളെ മൊത്തം ബാധിക്കുമല്ലോ. അങ്ങനെ ഒരു സാഹചര്യം നേരിടാൻ ഒസാക്കയെ രണ്ടാമത്തെ തലസ്ഥാനമായി വികസിപ്പിക്കുകയും തലസ്ഥാന നഗരിയിൽ ഉള്ള പ്രധാന ഓഫീസുകൾ (പ്രധാനമന്ത്രിയുടെ മുതൽ താഴേക്ക്) എല്ലാം ഒസാക്കയിൽ മിറർ ചെയ്യുക എന്നതൊക്കെയാണ് പദ്ധതി. കഴിഞ്ഞയാഴ്ച ജപ്പാനിൽ ഭരണത്തിൽ എത്തിയ മുന്നണിയുടെ ഒരു സുപ്രധാന പരിപാടിയാണ് ഇത്.

ഇത്തരത്തിൽ ആണ് ദുരന്ത സാധ്യതയെ മുൻകൂട്ടി കണ്ടു രാജ്യങ്ങൾ തയ്യാറെടുക്കുന്നത്. നമ്മൾ അത്തരത്തിൽ ഉള്ള സുരക്ഷാ സംസ്കാരത്തിൽ എത്താൻ ഒരുപാട് നാളുകൾ എടുക്കും. ജപ്പാനിൽ തന്നെ ടോഹോക്കു സുനാമിയാണ് ആ പ്രോജക്ടിന് ആക്കം കൂട്ടിയത്. നിർഭാഗ്യവശാൽ നമ്മൾ ഇക്കാര്യങ്ങൾ കണ്ടുപഠിക്കാൻ വിമുഖരാണ്.

തൽക്കാലം കൊച്ചി കോർപ്പറേഷന് പുതിയ ആസ്ഥാനമായി എന്നതിൽ എല്ലാവരോടൊപ്പം ഞാനും സന്തോഷിക്കുന്നു. ഈ ആസ്ഥാനം ഉടനെയൊന്നും മാറ്റാൻ സാധ്യത ഇല്ലാത്തതിനാൽ മൂന്നു നിർദ്ദേശങ്ങൾ നൽകാം.

1. കോർപ്പറേഷനിലെ ദൈനംദിന ആവശ്യമില്ലാത്ത പ്രധാനപ്പെട്ട രേഖകളെല്ലാം ദുരന്ത സാദ്ധ്യതകൾ ഇല്ലാത്ത ഒരു പ്രദേശത്തെ കെട്ടിടത്തിലേക്ക് മാറ്റുക.

2. എല്ലാ രേഖകളും, ദൈനംദിന രേഖകൾ ഉൾപ്പടെ, ഡിജിറ്റൈസ് ചെയ്യുക. അത് ക്ലൗഡിൽ ഉൾപ്പടെ ബാക്ക് അപ്പ് ചെയ്യുക.

3. കോർപ്പറേഷന് വേണ്ടി ഒരു എമർജൻസി മാനേജമെന്റ് സെന്റർ കൂടുതൽ സുരക്ഷിതമായ ഒരു പ്രദേശത്ത് പുതിയതായി സ്ഥാപിക്കുക. ഒരപകടം ഉണ്ടായാൽ മേയർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യാനുള്ള സൗകര്യം അവിടെ ഉണ്ടാകണം.

ഇരുപത് വർഷമെടുത്ത് ഒരു വമ്പൻ ആസ്ഥാനം ഉണ്ടാക്കി സന്തോഷമായിരിക്കുന്ന മേയറോടും മറ്റുള്ളവരോടും ദുരന്തത്തെ പറ്റി പറയുന്നത് ഔചിത്യമല്ല എന്നെനിക്ക് അറിയാം. എന്ത് ചെയ്യാം, ദുരന്തങ്ങൾക്ക് അത്രപോലും ഔചിത്യബോധമില്ല.

സുരക്ഷിതമായിരിക്കുക!

ചിത്രം :പ്രതീകാത്മകം 


:മുരളി തുമ്മാരുകുടി








MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan