
ആത്മീയതയും കമ്യുണിസവും
: ഗുരുദേവ് ശ്രീശ്രീ രവിശങ്കർ
എന്താണ് കമ്മ്യൂണിസം?
കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനമെന്താണ്?
എങ്ങനെയാണ് കമ്മ്യൂണിസം തുടങ്ങിയത്?
കരുതൽ മനോഭാവം വളർത്തുക, പങ്കിടുക, സാമൂഹിക വർഗം, ജാതി, മതം എന്നിവയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക മുതലായവയാണ് കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനം.
മുൻകാലങ്ങളിൽ മതം, ജനങ്ങളിൽ കുറ്റബോധവും ഭയവും സൃഷ്ടിച്ചിരുന്നു.
അവർ ഭാവിയിലേക്കുള്ള പ്രതീക്ഷയോടെ, ഒരിക്കലും സാക്ഷാത്കരിക്കാത്ത പ്രതീക്ഷയോടെയാണ് ജീവിച്ചിരുന്നത്.
അപ്പോഴാണ് കമ്മ്യൂണിസം നിലവിൽ വരുന്നത്. ഭൂതകാലത്തെ മറക്കാനുള്ള നിർദേശം ആളുകൾക്കു ലഭിച്ചു. മനുഷ്യരാശി പണ്ടൊരുകാലത്ത് സമൃദ്ധിയിൽ ആയിരുന്നു എന്നും ക്രമേണ കൃപ നഷ്ടപ്പെട്ടു എന്നും തങ്ങൾ സർവനാശത്തിലേക്ക് കുതിക്കുകയാണെന്നും ആളുകൾ വിശ്വസിച്ചു.
ഇത് അവരിൽ വലിയൊരു അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അപ്പോഴാണ് ഒരു സുവർണ്ണ ഭാവിയുടെ ചിത്രവുമായി കമ്മ്യൂണിസമെത്തുന്നത്.
“ഭൂതകാലം വെറും ചവറാണ്. സ്വർഗത്തിലെവിടെയോ ഇരിക്കുന്ന, പക്ഷഭേദം കാണിച്ചുകൊണ്ട് ‘ഇവരാണ് എൻ്റെ മക്കൾ’, ‘ഇവർ എൻ്റെ മക്കളല്ല’ എന്ന് പറയുന്ന ആ ‘ദൈവത്തെ’ മറക്കൂ.
കോപിഷ്ഠനായി സ്വന്തം മക്കളെ ശിക്ഷിക്കുന്ന ദൈവത്തെ മറക്കൂ...
കോപിഷ്ഠനും പക്ഷപാതം കാണിക്കുന്നവനും കുറച്ചുപേരെ മാത്രം ശ്രദ്ധിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കുന്നവനുമായ ദൈവത്തെ ഞങ്ങൾക്കു വേണ്ട”
എന്ന് കമ്മ്യൂണിസം പറഞ്ഞു. ഈയൊരു തരം ദൈവത്തെയാണ് കമ്മ്യൂണിസം തിരസ്കരിക്കുകയും ഒഴിവാക്കുകയും എതിർക്കുകയുംചെയ്‌തത്.
ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ മതത്തിൻ്റെ പേരിൽ നിരവധി യുദ്ധങ്ങളും ഹിംസാപ്രവൃത്തികളും നടന്നിട്ടുണ്ട്. അർഥമില്ലാത്ത ഈ ആചാരങ്ങളെ മറക്കൂ.
സ്വർഗത്തിൻ്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളാണവ.
സേവനം ചെയ്യാൻ പ്രതിജ്ഞയെടുത്തിരിക്കുന്നവർ തന്നെ സുഖലോലുപതയിൽ ജീവിക്കുകയാണ്. അവർതന്നെയാണ് ദുർബലരെ ചൂഷണം ചെയ്യുന്നത്.
ആരാധനാലയങ്ങൾ നോക്കൂ.
ആളുകൾക്ക് തലചായ്ക്കാൻ ഒരു മേൽക്കൂര പോലുമില്ല. അതേസമയം അത്യന്തം ആഡംബരപൂർവമാണ് ആരാധനാലയങ്ങൾ നിർമ്മിക്കുന്നത്.
മറ്റുള്ളവർ ഇത്രയധികം ദുരിതമനുഭവിക്കുമ്പോൾ ഒരു വലിയ പള്ളിയുടെയോ ക്ഷേത്രത്തിൻ്റെയോ ആവശ്യമില്ല. ഇത്തരക്കാരെ ഒഴിവാക്കൂ, ദൈവത്തെ ഒഴിവാക്കൂ. അത്തരക്കാരനായ ദൈവത്തെ നമുക്കു വേണ്ട എന്ന് കമ്മ്യൂണിസം പറയുന്നു.
കമ്മ്യൂണിസത്തിൻ്റെ സത്തയും പരാജയവും
കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനം അതിൻ്റെ സത്തയായ സ്ഥിതിസമത്വവും കരുതൽ മനോഭാവവും പങ്കിടൽ മനോഭാവവുമാണ്.
എന്നാൽ, കരുതൽ മനോഭാവത്തിൽ നിന്നും പങ്കിടൽ മനോഭാവത്തിൽ നിന്നും ഉടലെടുക്കുന്ന സമത്വമാകട്ടെ വിനാശകാരിയാണ്. കമ്മ്യൂണിസം തുടങ്ങിവെച്ചവർ കരുതൽ മനോഭാവത്തിനും പങ്കിടൽ മനോഭാവത്തിനും വേണ്ടി വാദിച്ചിരുന്നെങ്കിലും പിൽക്കാലത്ത് കമ്മ്യൂണിസം ഒരു അവകാശവാദമായി മാറി. നിങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുമ്പോൾ നിങ്ങൾ ദുർബലരായിക്കൊണ്ടേയിരിക്കുന്നു.
ശക്തൻ തൻ്റെ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയുന്നു. ദുർബലൻ മാത്രമാണ് അവകാശവാദം നടത്തുന്നത്. അതാണ്, കമ്മ്യൂണിസത്തിലും സംഭവിച്ചത്.
വളരെ വേഗംതന്നെ അവർ സ്വന്തം ദൗർബല്യം പ്രദർശിപ്പിച്ചുതുടങ്ങി.
അവർ സ്വന്തം അവകാശങ്ങൾക്കുവേണ്ടി വാദിച്ചു.
ഉത്തരവാദിത്തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌തു.
ഞാൻ പറഞ്ഞതുപോലെ കമ്മ്യൂണിസത്തിൻ്റെ ശരിയായ അർഥം അതിലെ കരുതൽ മനോഭാവത്തിലും പങ്കിടൽ മനോഭാവത്തിലുമാണ് അടങ്ങിയിരിക്കുന്നത്.
ആത്മീയതയാകട്ടെ കരുതൽ മനോഭാവവും പങ്കിടൽ മനോഭാവവുമല്ലാതെ മറ്റൊന്നുമല്ല.
“എന്നെ നിങ്ങളോട് തുല്യമാക്കൂ” എന്ന് ആത്മീയത ഉൾക്കൊണ്ട വ്യക്തിക്ക് പറയാൻ പറ്റാത്തതിനാൽ, അയാൾക്കു മാത്രമേ കമ്മ്യൂണിസ്റ്റാകാൻ കഴിയൂ.
“ഞാൻ നിങ്ങൾക്ക് തുല്യനാണ്.
നിങ്ങൾക്കുവേണ്ടി എനിക്കെന്താണ് ചെയ്യാൻ കഴിയുക?” എന്നാണ് ആ വ്യക്തി പറയുക. “നിങ്ങൾക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്?” എന്നാണ് ശരിയായ കമ്മ്യൂണിസത്തിൽ ചോദിക്കേണ്ടത്.
“എനിക്കുവേണ്ടി നിങ്ങളെന്താണ് ചെയ്തത്?” എന്ന ചോദ്യത്തിൽ നിന്നു തുടങ്ങുമ്പോൾ, നിങ്ങളും ഞാനും തുല്യരല്ല എന്ന് നിങ്ങൾ വിചാരിക്കുന്നു എന്നാണർഥം.
കമ്മ്യൂണിസ്റ്റുകാരുടെ ഈ ചോദ്യം ഒരിക്കലും പ്രാവർത്തികമാക്കാൻ പറ്റിയതല്ല.
അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയായതുകൊണ്ടാണ് കമ്മ്യൂണിസം പരാജയപ്പെട്ടത്.
“എന്താണ് എനിക്കുവേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുക?” എന്നാണ് അത് ചോദിക്കുന്നത്.
ആത്മീയതയും കമ്മ്യൂണിസവും
ആത്മീയതയിലൂന്നിയ ഒരാൾക്ക് കരുതൽ മനോഭാവവും പങ്കിടൽ മനോഭാവവും ഉണ്ടായിരിക്കും. അയാൾ സേവനത്തിന് സ്വയം അർപ്പിക്കുന്നു.
സ്നേഹം ദൈവമാണെന്നും ദൈവം സ്നേഹമാണെന്നും അയാൾക്കറിയാം. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് ഈ സ്നേഹത്തെ തള്ളിപ്പറയാൻ കഴിയുക?
തള്ളിപ്പറയുകയോ പരിഹസിക്കുകയോ ചെയ്‌താൽ എങ്ങനെയാണ് സമചിത്തത ഉണ്ടാവുക? സ്നേഹമില്ലാത്തപ്പോൾ എങ്ങനെയാണ് കരുതലും പങ്കിടലും വളരുക?
സ്നേഹം ദൈവമാണെങ്കിൽ എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ ദൈവവിരുദ്ധനാകുക? സ്നേഹം ദൈവമാണെങ്കിൽ എന്തിനാണ് കമ്മ്യൂണിസ്റ്റുകാരന് ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇത്രയധികം മാനസികവിക്ഷോഭം?
ആരാധന എന്നാൽ എന്താണ്? സ്നേഹത്തോടെ അഗാധമായ കൃതജ്ഞത പ്രകടിപ്പിക്കുന്നതാണ് ആരാധന. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരന് കൃതജ്ഞതാ മനോഭാവത്തോട് എതിർപ്പു തോന്നുക?
എൻ്റെ വീക്ഷണത്തിൽ ഇത് ചിന്തയില്ലായ്മയും വിഡ്ഢിത്തവുമാണ്.
കമ്മ്യൂണിസ്റ്റുകാർക്ക് ദൈവവിരുദ്ധരാകാൻ കഴിയില്ല. കമ്മ്യൂണിസത്തിന് ആത്മീയതയോട് എതിർപ്പുണ്ടാകാനും കഴിയില്ല. ആത്മീയതയ്ക്കെതിരാണെങ്കിൽ അത് കമ്മ്യൂണിസമല്ല.
ഈ രാജ്യത്തെ ഓരോ കമ്മ്യൂണിസ്റ്റുകാരനും, ലോകത്ത് മറ്റിടങ്ങളിലുള്ള എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും ഈ സന്ദേശം എത്തിക്കണം. നിങ്ങൾക്ക് കമ്മ്യൂണിസ്റ്റാകണം എന്നുണ്ടെങ്കിൽ നിങ്ങൾ ‘സ്നേഹിക്കണം’.
സ്വന്തം ആഴങ്ങളിലേക്കു പോകാതെ ഒരാൾക്ക് എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക? നിങ്ങളുടെ മനസ്സിൻ്റെ ഉറവിടം സ്നേഹമാണ്.
ആ ഉറവിടത്തിലെത്താൻ നിങ്ങൾ ചെയ്യുന്നതെന്തും ആത്മീയ സാധനയാണ്. നിങ്ങൾ എന്താണോ, ആ ആത്മാവുമായി സ്വയം ബന്ധിപ്പിക്കുകയും അതിനെ വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യുന്നതാണ് ആത്മീയ സാധന.
ആത്മാവിൻ്റെ സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് ആലോചിക്കൂ...
അവയാണ്, ആനന്ദം, ഉൽസാഹം, ആത്മവിശ്വാസം, കരുതൽ, പങ്കിടൽ, സൗന്ദര്യം, സ്നേഹം എന്നിവ. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയ്ക്ക് എങ്ങനെയാണ് നിങ്ങൾക്ക് സ്നേഹത്തിനും ഉൽസാഹത്തിനും, ആനന്ദത്തിനും എതിരാകാൻ കഴിയുക?
കമ്മ്യൂണിസ്റ്റാകണമെങ്കിൽ നിങ്ങൾക്ക് ആത്മീയത ഉണ്ടായാലേ പറ്റൂ.
ആത്മീയതയുടെ പ്രാധാന്യം
കമ്മ്യൂണിസ്റ്റാകണമെങ്കിൽ നിങ്ങൾക്ക് ആത്മീയത ഉണ്ടായാലേ പറ്റൂ. അതില്ലെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെയും മറ്റുള്ളവരെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.
നിങ്ങൾക്ക് കരുതലിൻ്റെ അഗാധതയില്ലെങ്കിൽ, നിങ്ങളിൽ സൂക്ഷ്മതയുടെ അഗാധതയില്ലെങ്കിൽ, ചുറ്റുമുള്ളവരോട് സ്നേഹമെന്ന വികാരമില്ലെങ്കിൽ എങ്ങനെയാണ് നിങ്ങൾ കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിക്കുക?
എല്ലാവരും നിങ്ങളുടേതാണെന്ന തോന്നൽ നിങ്ങൾക്കില്ലെങ്കിൽ എങ്ങനെയാണ് ആരെങ്കിലുമായി എന്തെങ്കിലും പങ്കിടുക? സ്നേഹമില്ലെങ്കിൽ ആത്മീയതയും ഉണ്ടാകില്ല.
ഈയൊരു സത്യം മനസ്സിലാക്കി നിങ്ങൾ മാറേണ്ടിയിരിക്കുന്നു. ഒപ്പം, നിങ്ങളുടെ തലങ്ങളും വീക്ഷണങ്ങളും മാറ്റേണ്ടിയിരിക്കുന്നു.
ആത്മീയതയില്ലാത്ത, വിശാല വീക്ഷണമില്ലാത്ത, ലോകവുമായി ഒരു ബന്ധവും തോന്നാത്ത, പ്രപഞ്ചം മുഴുവനുമായി ഒരു ബന്ധവും തോന്നാത്ത ഒരാൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ല.
ആ വ്യക്തിക്ക് ആത്മീയതയുമില്ലായിരിക്കും. “എനിക്ക് ആത്മീയതയുണ്ട്.
എന്നാൽ, എനിക്ക് ആരോടും കരുതൽ മനോഭാവമില്ല” എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ ആ വ്യക്തിക്ക് ആത്മീയതയില്ലെന്നാണ് അർഥം.
ആത്മീയതയുള്ള ആൾക്ക് മാത്രമേ കരുതൽ മനോഭാവവും പങ്കിടൽ മനോഭാവവും കമ്മ്യൂണിസവും ഉണ്ടാകൂ. ശരിയായ കമ്മ്യൂണിസ്റ്റുകാരന് ആത്മീയത ഉണ്ടായാലേ പറ്റൂ.
എല്ലാം അറിയാൻ നമുക്ക് കഴിയില്ല. തങ്ങൾ ചന്ദ്രനിലേക്ക് സന്ദർശനം നടത്തി എന്ന് അമേരിക്കക്കാരും റഷ്യക്കാരും നമ്മോടു പറയുന്നു.
അത് ഉറപ്പുവരുത്താൻ എല്ലാവർക്കും ചന്ദ്രനിൽ പോകാൻ കഴിയില്ല എന്നതുകൊണ്ട് നമ്മൾ അത് വിശ്വസിച്ചേ പറ്റൂ. മനുഷ്യർ ചന്ദ്രനിൽ നടന്നു എന്ന് വിശ്വസിക്കാത്തവർ ഇപ്പോഴുമുണ്ട്.
പഴയതെല്ലാം ചീത്തയാണെന്നും പുതിയതെല്ലാം നല്ലതാണെന്നും കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നു. നമ്മൾ തത്വങ്ങളെ ആദരിക്കുകയും അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യേണ്ടതാണ്.
നമ്മുടെ ഈ മനസ്സിനെയും ഓർമയെയും അഹംബോധത്തെയും ആത്മാവിനെയും ജീവിതത്തിൻ്റെ ഉറവിടത്തെയും ജീവിതത്തെയും മനസ്സിലാക്കുന്നതാണ് ആത്മീയത.
കമ്മ്യൂണിസത്തിൽ കരുതൽ മനോഭാവം അടങ്ങിയിട്ടുണ്ടെങ്കിൽ ജീവിതമെന്താണെന്ന് മനസ്സിലാക്കി, നാം അത് പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെക്കുറിച്ച് പഠിക്കുന്നതാണ് ആത്മീയത.
ജീവിതംതന്നെ ആത്മീയതയാണ്.
ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും ഈ സന്ദേശം എത്തിക്കൂ... എന്നിട്ട് ശരിയായ ആത്മീയരായില്ലെങ്കിൽ അവർക്ക് ശരിയായ കമ്മ്യൂണിസ്റ്റുകാരാകാൻ പറ്റില്ലെന്ന് പറയൂ.
ഇല്ലെങ്കിൽ അത് കാപട്യമാകും. കമ്മ്യൂണിസ്റ്റുകാർ മതവിശ്വാസികളെ കാപട്യമുള്ളവരായാണ് കണക്കാക്കാറുള്ളത്. കമ്മ്യൂണിസ്റ്റുകാർക്ക് ആത്മീയതയില്ലെങ്കിൽ അവരും കാപട്യമുള്ളവരാകുമെന്ന് ഞാൻ പറയുന്നു .( ഫയൽകോപ്പി )
courtesy : Art of Living organization
സമ്പാദകൻ :ദിവാകരൻ ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group