
ഉത്സവാരവം : ടി. ബി. ലാൽ
ഇരുന്നാസ്വദിച്ചു കഴിക്കാൻ കൈയിൽ കുറച്ചു നേരവും കാശുമുള്ളപ്പോൾ ബൈപ്പാസിലെ ‘Hoy Punjab’ എന്ന റെസ്റ്റോറന്റിൽ പോകാറുണ്ട്.
‘hoy.. ഹോയ്… .അതേ പഞ്ചാബികളുടെ അതേ ഉത്സവാരവം തന്നെ.
‘പഞ്ചാബികൾ എവിടെയും വിജയിക്കട്ടെ..’ ‘പഞ്ചാബിന് എന്നും വിജയമായിരിക്കട്ടെ’.. ‘റിയൽ പഞ്ചാബി സ്പിരിറ്റ് ആഘോഷിക്കാം..’ എന്നൊക്കെയാണ് ഈ ഹോയ് ..ഹോയ് താളത്തിന്റെ സാധാരണ മട്ടിലുള്ള അർഥം.
ഇവിടെ നല്ല ആംബിയൻസും ആതിഥേയരുമാണ്. അസ്സൽ പഞ്ചാബി തീമിലുള്ള ഇന്റീരിയർ. ചുമരുകളിൽ ട്രാക്ടർ, ഗോതുമ്പുപാടങ്ങൾ തുടങ്ങി അന്നാട്ടിലെ സംസ്കാരത്ത വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങൾ. ബോളിവുഡ് സ്റ്റൈൽ പോസ്റ്ററുകളും കാണാം. മഞ്ഞ ഗോൾഡ് ടോൺ ലൈറ്റിങ്ങും
വുഡൻ ഫർണിച്ചറും ചേർന്ന് അകത്ത് ആകപ്പാടെയൊരു വാം ഫീലാണ്. പശ്ചാത്തലത്തിൽ എപ്പോഴും കുറഞ്ഞ വോളിയത്തിൽ ഹിന്ദി, പഞ്ചാബി പാട്ടുകൾ. കേൾക്കാം. ഡൈനിങ് മൂഡ് സുന്ദരം.
പറയാൻ വരുന്നതു മറ്റൊരു കാര്യമാണ്. ഇന്നവിടെ പോയപ്പോൾ തീർത്തും വ്യത്യസ്തമായൊരു കാഴ്ചയ്ക്കു സാക്ഷിയായി. ഗ്രൂപ്പ് ഡൈനിങ്ങിനുള്ള ടേബിളിനു പുറത്ത് കുലീനയായ ഒരു വനിതയുടെ ഫോട്ടോ മാല ചാർത്തി വച്ചിരിക്കുന്നു. അതിനു ചുറ്റുമുള്ള കസേരകളിൽ ഫോട്ടോയില്‍ കാണുന്ന വനിതയുടെ പ്രായമുള്ള കുറച്ചു സ്ത്രീകൾ. ആഴത്തിൽ ആത്മബന്ധമുള്ള സ്ത്രീകളാണെന്ന് ആദ്യകാഴ്ചയിലേ ബോധ്യപ്പെട്ടു. അവർ സ്നേഹം പങ്കിട്ടു സംസാരിക്കുകയും പരപസ്പരം വിളമ്പി ശാന്തമായി കഴിക്കുകയും ചെയ്യുന്നു. മലയാളികളാണ്.
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ചില റിട്ടയർമെന്റ് പാർട്ടികൾ കണ്ടിട്ടുണ്ട്. ഓഫിസുകളിൽ നിന്നും കോളജുകളിൽ നിന്നും ഗ്രൂപ്പായി വന്ന് ആഘോഷവേളകളിൽ ഭക്ഷണത്തിന് ചുറ്റുമിരിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും ഒരിടത്തും ഇങ്ങനെയൊരു ഫോട്ടോ കണ്ടിട്ടില്ല.
റിഫ്രഷ്മെന്റ് ഏരിയയിൽ ഇടയ്ക്കുവച്ച് അവരിലൊരാളെ കണ്ടുമുട്ടി. . കാർഷിക സർവകലാശാലയിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപികമാരുടെ കൂട്ടായ്മയാണ്. ജോലിയിൽ ഇരുന്നപ്പോഴും റിട്ടയർ ചെയ്തതിനു ശേഷവും പതിവായി ഒന്നിച്ചു കൂടുന്നവർ. മതമോ രാഷ്ട്രീയമോ സമ്പത്തോ അല്ല അതിന് ഇടയാക്കിയത്. സൗഹൃദമാണ് അവരെ ഒന്നിപ്പിച്ചത്. വിഷമ സന്ദർഭങ്ങളിൽ തങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന വലിയ ബോധമാണ് അവരിൽ ഓരോരുത്തരിലും ഉണ്ടാക്കിയത്.
ഇതൊരു വലിയ റിലീഫാണ്. നാട്ടുവിശേഷങ്ങളും കുടുംബകാര്യങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമൊക്കെ പറഞ്ഞിരിക്കും. പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും വൈഷമ്യങ്ങളുണ്ട്. അതൊന്നും കാര്യമാക്കാറില്ല. കൃത്യമായ ഇടവേളകളിൽ ഓരോരുത്തരുടേയും വീടുകളിൽ ഒത്തുകൂടും. വിശേഷ അവസരങ്ങളിൽ ഇതുപോലെ ഏതെങ്കിലും റെസ്റ്റോറന്റിൽ എത്തും. ഈ കൂട്ടായ്മയ്ക്കു രൂപം കൊടുക്കാൻ ഉത്സാഹിച്ച അവരുടെ സഹപ്രവർത്തകയുടെ ചിത്രമാണ് ടേബിളിനു മുകളിൽ ആദരവോടെ വച്ചിരിക്കുന്നത്. അപ്രതീക്ഷതമായാണ് അവർ അവരിൽ നിന്നും വേർപിരിഞ്ഞത്. ഇന്ന് അവരുടെ ഓർമ ദിവസമായിരുന്നു. കൂട്ടുകാരികൾ വീണ്ടും ഒന്നിച്ചു കൂടാൻ തീരുമാനിച്ചപ്പോൾ തങ്ങളോടൊപ്പമില്ലാത്ത ആത്മമിത്രവും ഉണ്ടാകണമെന്ന് അവർ തീരുമാനിച്ചു . അങ്ങനെയാണ് മരിച്ചുപോയ ആ കൂട്ടുകാരിയുടെ ചിത്രവുമായി അവർ വന്നത്. സൗഹൃദം സൂക്ഷിക്കുന്ന മനസ്സുകൾക്കിടയിലെ സ്നേഹത്തിന്റെ തിളക്കം പോലെ ഒരു ഫോട്ടോ.
ആ ടീച്ചേഴ്സിനോടു വലിയ ആദരവു തോന്നി. ഒരു റെസ്റ്റോറന്റിൽ ഇങ്ങനെയൊരു കാഴ്ച മലയാളികൾക്കിടയിൽ അത്ര പരിചിതമല്ല. തങ്ങളുടെ സുഹൃത്തിനോടുള്ള ആ അധ്യാപികമാരുടെ സ്മരണയും ആദരവും ആത്മാർഥമായിരുന്നു. അവരോടൊപ്പമില്ല എങ്കിലും ജീവനുള്ള ആ ചിത്രത്തിലൂടെ വേർപിരിഞ്ഞു പോയ ആ സുഹൃത്തും ആ കൂട്ടായ്മയിലേക്കു വന്നെത്തിയതായി അവർ കരുതുന്നു. ആ സന്തോഷമല്ലേ വലുത് !
മേശപ്പുറത്തെ ചിത്രത്തിൽ നോക്കിയപ്പോൾ നേരിട്ടു പരിചയമില്ലാത്ത ആ ടീച്ചർ എന്നെയും നോക്കി ചിരിക്കുന്നതുപോലെ തോന്നി
(ഒപ്പമുള്ളത് എഐ ചിത്രം)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group