
ഗസ്സ കുഞ്ഞുങ്ങളുടെ സങ്കട കരച്ചിൽ നിറഞ്ഞ കടലാണ്
സത്യൻ മാടാക്കര.
"ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഏത് മനുഷ്യന് നേരെയും നടക്കുന്ന അനീതിയും തന്റേത് കൂടിയാണെന്ന രീതിയിൽ കാണാൻ കഴിയുക. അതാണ് ഒരു വിപ്ലവകാരിയുടെ ഏറ്റവും മഹത്വ സുന്ദരമായ സവിശേഷത"
(ചെഗുവേര )
2000 തുടങ്ങി മൂന്ന് വർഷം കഴിഞ്ഞ് ഫലസ്തീൻ, ബോംബാക്രമണത്തിൽ ചിതറിപ്പോയ മകളെ ( ചിതറിയ ശരീരഭാഗങ്ങൾ തുണിക്കഷ്ണത്തിൽ പൊതിഞ്ഞ് )യുമെടുത്ത് ഖബറിടത്തിലേക്ക് അടിവെച്ചു നീങ്ങുന്ന വൃദ്ധന്റെ നിസ്സഹായത നിറഞ്ഞ ചിത്രം ഏല്പിച്ച ആഘാതം - തരിപ്പ് വലുതായിരുന്നു.ആ പിതാവിന്റെ നൊമ്പരമായിരുന്നു ഫലസ്തീൻ.
അതൊക്കെ കവികളിൽ മുറിവായിത്തീർന്നു. മനുഷ്യാവസ്ഥയുടെ നെഞ്ചു പൊള്ളിച്ച കവിതകൾ ലോകത്തെല്ലായിടത്തും പിറവി കൊണ്ടു.
ഫലസ്തീൻ കവി മുഹമ്മദ് ദർവീഷ് എഴുതി:
അവസാനത്തെ അതിരും കഴിഞ്ഞാൽ നാം എവിടെപ്പോകും
അവസാനത്തെ ആകാശവും കഴിഞ്ഞാൽ പക്ഷികൾ എവിടെപ്പോകും?
ഇന്നിപ്പാൾഗസ്സ കുഞ്ഞുങ്ങളുടെ സങ്കട കരച്ചിൽ നിറഞ്ഞ കടലാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നല്കാവുന്ന മാനുഷികഭാവം കാരുണ്യമാണ്. അതെന്തുകൊണ്ട്സാധിക്കുന്നില്ല. കച്ചവടലാഭം ഇല്ലാത്തിടത്ത് യുദ്ധം - മരണം ചർച്ചയല്ലല്ലോ. അതാണ് വിപണി. മനുഷ്യാവകാശ ലംഘനം പോലും പരിഗണിക്കപ്പെടാത്തിടത്ത് വാക്ക് പ്രതിരോധ ആയുധം ആകുന്നു. കണ്ണിന്റെ ഭാഷയ്ക്ക് ലിപി വേണ്ടതില്ല.ലോകത്ത് ഏത് മനുഷ്യനും മുഖത്ത് തെളിയുന്ന ഭാവത്തിലൂടെ അർത്ഥം സൃഷ്ടിക്കാനാവും. അതെങ്കിലും ഉണ്ടാകണം.
മുതലാളിത്തത്തിന്റെ പ്രയോജനവാദത്തിൽ നിന്നാണ് സാമ്രാജ്യത്വ മോഹം ഉടലെടുക്കുക. പാവങ്ങളുടെ അരികുവല്ക്കരണം അതിനായി എപ്പോഴും നടക്കുന്നു.
മനുഷ്യാവസ്ഥയ്ക്കു മേൽ ഉണ്ടാകുന്ന ചെകുത്താൻ ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്നതു കൊണ്ടാണ് ഇറ്റലിയിലെ ജനങ്ങൾ ഇപ്പോൾ നടത്തുന്ന സൗഹാർദ്ദപ്രതികരണം.
ആക്രമണത്തിന് സമാധാന പ്രേമികളുടെ പിന്തുണ ലഭിക്കില്ലെന്ന് അത് അടിവരയിടുന്നു. അതേ, ഗസയിലെ കുഞ്ഞുങ്ങൾ എന്തിന്റെ പേരിലാണ് ശിക്ഷയേറ്റു വാങ്ങുന്നത് !
സുഹൃത്തും കവിയുമായ ഇസ്മായിൽ മേലടി വിവർത്തനം ചെയ്ത ഫലസ്തീൻ കവിത കൂടി ഇതിനൊപ്പം ചേർത്തുവായിക്കുക.:
പലസ്തീൻ കവയിത്രി നിഅമ ഹസ്സന്റെ കവിത
എന്റെ ഭയത്തെക്കുറിച്ച്
നിങ്ങൾ എന്നോട് ചോദിക്കുമ്പോൾ,
കാപ്പിക്കടക്കാരന്റെ മരണത്തെക്കുറിച്ചാണ്
എനിക്ക് പറയാനുള്ളത്.
എന്റെ പാവാട,
അതൊരു കൂടാരത്തിന്റെ
മേൽക്കൂരയായി മാറി.
എന്റെ പൂച്ചയെക്കുറിച്ച് പറയട്ടെ,
അതൊരു കത്തിച്ചാമ്പലായ
നഗരത്തിൽ ഉപേക്ഷിക്കപ്പെട്ടു,
ഇപ്പോഴും അതിന്റെ മ്യാവൂകൾ
എന്റെ തലയിൽ തുടരെത്തുടരെ മുഴങ്ങുന്നു.
ഇനിയെനിക്ക് വേണം
മഴയുതിർക്കാത്തൊരു വലിയ മേഘം,
മിഠായി എറിഞ്ഞു തരുമൊരു വിമാനവും,
നിറമുള്ള ചുവരുകളും വേണം,
അവിടെയെനിക്കൊരു കുട്ടിയെ വരയ്ക്കണം,
തുറന്ന കൈകളോടെ പുഞ്ചിരിക്കുന്ന കുട്ടി.
എന്റെ കൂടാരത്തിന്റെ സ്വപ്നങ്ങളാണിവ.
എനിക്ക് സ്നേഹമുണ്ട്, മതിയായ ധൈര്യവുമുണ്ട്,
അസ്തമിച്ചു പോയ കെട്ടിടങ്ങളിൽ കയറാൻ,
എന്നിട്ടെൻ സ്വപ്നത്തിൽ
നിങ്ങളുടെ കൈകളിലേക്ക് ചാടണം
അങ്ങനെയെങ്കിൽ,
ഞാനിപ്പോൾ സുഖമായിരിക്കുന്നു
എന്നെനിക്കേറ്റു പറയാം.
ദയവായി എന്റെ സ്വപ്നത്തെക്കുറിച്ച്
ഒന്നുകൂടി എന്നോട് ചോദിക്കൂ,
ദയവായി എന്റെ ഭയത്തെക്കുറിച്ച്
വീണ്ടും എന്നോട് ചോദിക്കൂ.
മൊഴിമാറ്റം: ഇസ്മയിൽ മേലടി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group