
ഹെഡ്‌ഫോൺ ഉപയോഗിക്കുക, സ്വകാര്യത സംരക്ഷിക്കുക: പൊതു ഇടങ്ങളിലെ ഫോൺ മര്യാദ :ഡോ. റിജി ജി നായർ
ജനശതാബ്ദി എ. സി. യിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി കൊച്ചി മുതൽ തിരുവനന്തപുരം വരെ തന്റെ ബിസിനസ് സെയിൽസും മാർക്കറ്റിങ്ങും സംബന്ധമായ ഒരേ കാര്യം തുടർച്ചയായി വിവിധ കക്ഷികളോട് അത്യുച്ചത്തിൽ സംസാരിക്കുകയാണ്. റേഞ്ചു കുറഞ്ഞു സംസാരം മുറിയുമ്പോൾ കുറേക്കൂടി ഉച്ചത്തിലാകും സംസാരം. അദ്ദേഹത്തിന് ഇനി ഒരു രഹസ്യവും സ്വകാര്യതയും ഇല്ല. എല്ലാം എല്ലാവർക്കും മനസ്സിലായി.
അദ്ദേഹം മാത്രമല്ല, മറ്റ് പലരും ഉണ്ട്. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുമായി കളിക്കുന്ന അപ്പൂപ്പൻ, ഭാര്യയുമായി വീട്ടുകാര്യങ്ങൾ ഉറക്കെ പങ്കു വയ്ക്കുന്ന ഭർത്താവ്, കീഴ്ദ്യോഗസ്ഥനെ ഫയർ ചെയ്യുന്ന ബോസ്, മേലുദ്യോഗസ്ഥനെ സോപ്പിടുന്ന സ്റ്റാഫ്, മൊത്തക്കച്ചവടക്കാരനോട് വിലപേശുന്ന ചില്ലറ വ്യാപാരി ഇങ്ങനെ എന്തെല്ലാം കഥാപാത്രങ്ങൾ സ്വന്തം അസ്തിത്വവും വ്യക്തിത്വവും മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തുന്നു. കാമുകിയുമായി സല്ലപിക്കുന്ന കാമുകൻ മാത്രമാണ് ചുണ്ടനക്കുക മാത്രം ചെയ്യുന്നത്.
എന്തിനാണ് ഇതെല്ലാം ഇഷ്ടമില്ലെങ്കിലും ഈ പംക്തിയിൽ വിളമ്പിയത്?നമുക്ക് ഓരോരുത്തർക്കും സ്വകാര്യതയുണ്ട്. മൊബൈലിൽ വിളിച്ചു കൂവുമ്പോൾ ഇതൊന്നും ഓർക്കുന്നില്ല. മറ്റുള്ളവർക്ക് ഇതെന്തുമാത്രം ശല്യവും ഉപദ്രവവും ആകുമെന്ന് ചിന്തിക്കുന്നില്ല.
അവനവൻ ആത്മ സുഖത്തിന്നാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. സുഖം വരുത്തിയില്ലെങ്കിലും അവരെ ഉപദ്രവിക്കരുത്.
ആദ്യം സൂചിപ്പിച്ച ആൾ സ്വയം ഒരു വലിയ കാര്യം ചെയ്തുവെന്നും സമയം ലാഭിച്ചുവെന്നുമാണ് സ്വയം കരുതുന്നത്. ഒരേ കാര്യം ആവർത്തിച്ച് മണിക്കൂർ കണക്കിന് കേൾക്കാൻ വിധിക്കപ്പെട്ട സഹയാത്രികർക്ക് അത് ഒട്ടും തന്നെ സുഖകരമായ അനുഭവമല്ല നൽകുന്നത്. മറ്റുള്ളവർ പ്രതികരിക്കാതിരിക്കുന്നത് നമ്മുടെ ശക്തിയല്ല, അവരുടെ മഹാമനസ്കതയാണ്.
നമ്മുടെ ഫോൺ മറ്റാരുടെയും ക്ഷമ പരീക്ഷിക്കാനുള്ള ഉപകരണമല്ല. അൽപ്പം സ്വസ്ഥമായും സമാധാനമായും യാത്ര ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. അവരുടെ കയ്യിൽ ഫോണില്ലാത്തതുകൊണ്ടല്ല, നമ്മളെപ്പോലെ ഉച്ചത്തിൽ പാട്ടു വെയ്ക്കാത്തതും, സിനിമയും കോമഡിയും വീഡിയോകൾ ഉറക്കെ വയ്ക്കാത്തതും. മര്യാദയുടെ കൂടുതൽ കൊണ്ടാണ്. നമ്മളും അതുൾക്കൊള്ളണം.
യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ, ബാങ്കിൽ പോകുമ്പോൾ, ഓഫീസുകളിൽ കാര്യ സാധ്യത്തിനായി പോകുമ്പോൾ, ആശുപത്രികളിൽ, മരണവീടുകളിൽ, വിവാഹ ചടങ്ങുകളിൽ ഒക്കെ, ഫോൺ ഒന്നുകിൽ സൈലന്റ് അല്ലെങ്കിൽ വൈബ്രേറ്റിങ് മോഡിലാണെന്ന് ഉറപ്പു വരുത്തണം. അവിടങ്ങളിൽ വച്ച് വിളി വന്നാൽ ഒന്നുകിൽ ശബ്ദം താഴ്ത്തി അറ്റൻഡ് ചെയ്യുക, തിരിച്ചു വിളിക്കാമെന്ന് പറയുക അല്ലെങ്കിൽ പുറത്തു പോയി സംസാരിക്കുക.
മാന്യമായ പെരുമാറ്റരീതികൾ കൊണ്ടാണ്, ഹൃദയങ്ങളിൽ കടന്നു കയറേണ്ടത്. മര്യാദ കെട്ട പെരുമാറ്റം കൊണ്ട് ഹൃദയങ്ങളിൽ നിന്ന് അകലുകയല്ല വേണ്ടത്. നമ്മുടെ മൊബൈൽ ഫോൺ ഈ കാലഘട്ടത്തിൽ ഈ രണ്ട് സാഹചര്യങ്ങൾക്കും കാര്യവും കാരണവും നിമിത്തവും ആകുന്നുണ്ട്.
(ഡോ. റിജി ജി നായർ )

വിവേകവും മര്യാദയും നിറഞ്ഞ ഈ നിരീക്ഷണങ്ങൾ വളരെ പ്രസക്തമാണ്.
പൊതുഇടങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നാം പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ചാണ് ഡോ. റിജി ജി. നായർ ഇവിടെ ഓർമ്മിപ്പിക്കുന്നത്.
ഒരു യാത്രയിൽ, അല്ലെങ്കിൽ പൊതു സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ള ആളുകളുടെ സ്വകാര്യതയെയും സമാധാനത്തെയും മാനിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
ആരുമില്ലാത്ത ഒരു സ്ഥലത്ത് ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും, പാട്ടുകൾ വെക്കുന്നതും ഒരു പ്രശ്നമല്ല.
എന്നാൽ, മറ്റുള്ളവരും ഉള്ള ഒരു സ്ഥലത്ത് ഇത് ചെയ്യുമ്പോൾ, അത് അവർക്ക് ശല്യമാവില്ലേ എന്ന് ചിന്തിക്കണം.
പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
- മറ്റുള്ളവരെ ശല്യപ്പെടുത്താതെ സംസാരിക്കുക.
- ഫോണിൽ സംസാരിക്കുമ്പോൾ സ്വകാര്യമായ വിവരങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയാതിരിക്കുക.
- പലതരം വിനോദങ്ങൾക്കായി ഫോൺ ഉപയോഗിക്കുമ്പോൾ ഹെഡ്ഫോണുകൾ ഉപയോഗിക്കുക.
- പ്രധാനപ്പെട്ട ചടങ്ങുകളിലും, മീറ്റിംഗുകളിലും ഫോൺ സൈലന്റ് മോഡിൽ വെക്കാൻ ശ്രദ്ധിക്കുക.
മറ്റുള്ളവരുടെ സമാധാനം നശിപ്പിക്കാതിരിക്കുക എന്നത് നമ്മുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാണ്. ഈ മര്യാദകൾ പാലിക്കുന്നതിലൂടെ നമുക്ക് ഒരു മികച്ച സമൂഹത്തെ വളർത്തിയെടുക്കാം. മറ്റുള്ളവരുടെ ക്ഷമ പരീക്ഷിക്കാനുള്ളതല്ല നമ്മുടെ ഫോൺ എന്ന ഓർമ്മപ്പെടുത്തൽ വളരെ പ്രധാനമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group