ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര

ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Aug 07, 09:33 PM
mannan

ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു

:സത്യൻ മാടാക്കര 

ബഹുസ്വരതയുടെ സംവാദ അന്തരീക്ഷം മൗനത്തിലാകുന്ന കെട്ട കാലത്തിലാണ് നമ്മൾ. പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, പരിസ്ഥിതി, ഭക്ഷണം, വേഷം, ഭാഷ, എന്നിങ്ങനെയുള്ള നിരവധി പ്രത്യയശാസ്ത്ര കേന്ദ്രങ്ങളുടെ ഉപപ്രതിരോധങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ജീവവായു. അങ്ങിനെയുള്ള പ്രബുദ്ധതയാണിപ്പോൾ നിശ്ചലമാകുന്നത്. വിമോചനോന്മുഖമായ ചിന്തകൾ ഇല്ലാതാകുമ്പോൾ ജനാധിപത്യം തന്നെയാണ് തുരുമ്പെടുക്കുക. വാണിജ്യയുക്തിയെ ചോദ്യം ചെയ്യുമ്പോൾ അത് ദേശീയ - ജനാധിപത്യ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നത് ശുഭകരമല്ല. പൊതു സമൂഹത്തെ നിലനിർത്താനുള്ള വഴികൾ അടയുന്നു. ആചാരം നിലനിർത്താനുള്ള അഭിരുചിയുടെ ശ്രമങ്ങളിൽ വർഗീയ താല്പര്യങ്ങൾ നുഴഞ്ഞു കയറുന്നു. ജാതീയത തടയുന്ന ശ്രമങ്ങളെ ഭക്തിയുടെ കൂട്ടുപിടിച്ച് തോൽപ്പിക്കുന്നു. ഇതിനെ മാനവികതയിലൂടെയേ നേരിടാനാകൂ. അത്തരം ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണ ഗുരു,അയ്യങ്കാളി, വാഗ്ഭടാനന്ദൻ തുടങ്ങിയവരൊക്കെ അതാണ് നമ്മളോട് പറഞ്ഞത്.

whatsapp-image-2025-08-07-at-09.47.42_02ce73e8


" നവ ഉദാരവത്ക്കരണം ജനങ്ങളെ ഇരയാക്കി മാറ്റുക മാതമല്ല ചെയ്യുന്നത്. ഇരയാക്കപ്പെടുന്ന ജനങ്ങളുടെ ചെറുത്തു നില്ക്കാനുള്ള ശേഷി ഇല്ലാതാക്കാനുള്ള സ്വാഭാവിക നടപടികളും ഭരണകൂടം ചെയ്യുന്നുണ്ട്. ജനങ്ങൾ ദുർബലമാക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമായി അനുഭവപ്പെടുന്നത് വൻകിട ബൂർഷ്വസിയുടെ ശാക്തീകരണമാണ്. നവ ഉദാരവൽക്കര കാലഘട്ടത്തിൽ വൻകിട ബൂർഷ്യാസിയുടെ ഇടപെടൽ ശേഷി ക്രമാതീതമായി വർദ്ധിക്കുകയാണ് ചെയ്യുന്നത്. "(പൊതുമേഖലയും ജനാധിപത്യത്തിന്റെ നിലനിൽപും - പ്രഭാത് പട്നായിക്ക് )


ജാതിയെക്കുറിച്ച് പി.കെ.ബാലകൃഷ്ണൻ നടത്തിയ പഠനം ശ്രദ്ധേയമായ ഒന്നാകുന്നു.


" ലോക ചരിത്രത്തിലെ മഹാത്ഭുതമാണ് ഇന്ത്യയിലെ ജാതിസമൂഹം. അടിമത്ത സമ്പ്രദായങ്ങൾ നില നിന്നിട്ടില്ലാത്ത ഒരു പ്രദേശവും ലോക ചരിത്രത്തിലില്ല. ഭാരതീയ ജാതിയോടു രൂപസാദൃശ്യമുള്ള വർഗങ്ങൾ തന്നെയും ഓരോരോ കാലത്തു ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ വന്നതായും കാണാം.പക്ഷേ, കാലാന്തരത്തിൽ ആ സമൂഹങ്ങൾ പുതിയ രൂപങ്ങളിലേക്കു മാറി. അടിമകളുടെയും പതിത വർഗങ്ങളുടെയും സംഘടിത കലാപമുണ്ടാകാതിരുന്ന രാജ്യങ്ങളിൽ പോലും സ്വന്തം അധ:കൃതാവസ്ഥയിൽ അവർ അമർഷികളായിരുന്നെന്നു കാണാം. ഇന്ത്യയിൽ പക്ഷെ അതൊന്നുമുണ്ടായില്ല. ഒരിക്കൽ രൂപം കൊണ്ടതാനു ശേഷം നീക്കുപോക്കില്ലാതെ അതേ വർഗഘടന തന്നെ നിലനിർത്തിപ്പുലർന്നു എന്നതു മാത്രമല്ല ഭാരതീയ ജാതി സമൂഹത്തിന്റെ പ്രത്യേകത."



whatsapp-image-2025-08-07-at-09.49.20_199add28

അടിമകൾ ലോകത്തൊരിടത്തും പരമ്പരാകൃതമായ അടിമ വർഗമായിരുന്നില്ല. നിവാരണമില്ലാത്ത നിത്യ പരാധീനതയായിരുന്നില്ല ഓരോ അടിമയുടെയും അടിമത്തം. നിയതമായ അധ:കൃത പദവിയുമായി ജനിക്കുക, ജൻമ നിയതമായ തൊഴിൽ മാത്രം പരീക്ഷിക്കുക അങ്ങനെ മരണം വരെയുള്ള പദവിയും ജീവിത മാർഗങ്ങളും ജൻമനാ നില നിർണിതമാവുന്ന അടിമ വർഗങ്ങളും പതിത വർഗങ്ങളും ലോക ചരിത്രത്തിനജ്ഞാതമാണ്.

എന്നാൽ ഇന്ത്യാചരിത്രത്തിലെ പരമ പ്രധാനമായ വസ്തുത അതാണ്. അസമത്വങ്ങളുടെ നിയതമായ ശ്രേണിയിൽ അടുക്കിയ ഈ ഭാരതീയ ജാതി സമൂഹം ഒരു മാറ്റവും കൂടാതെയും ഉലച്ചിൽ തട്ടാതെയും രണ്ടായിരം കൊല്ലം നിലനിന്നു എന്നിടത്താണ് അതിന്റെ അസദൃശ്യമായ അത്ഭുതകാരിത്വം കുടി കൊള്ളുന്നത്. ഈ വിചിത്ര സാമൂഹ്യക്രമം സമുദായശാസ്ത്രത്തിനും നരവംശ ശാസ്ത്രത്തിനും താല്പര്യപ്പെട്ട പഠന വിഷയമായിട്ട് 200 കൊല്ലമാകുന്നു


ഭാരതീയ ജാതി വ്യവസ്ഥിതി ശ്രേണീകരമായ അസമത്വം മൂലം ശിലയായ ഒരു സാമൂഹ്യ പ്രത്യയ ശാസ്ത്രമാണെന്നും അതിലെ ഓരോ വിഭാഗവും അസമത്വത്തോടൊപ്പം താഴെയുള്ളവർ തങ്ങളോട് ആചരിക്കേണ്ട അസമത്വത്തിൽ കൂടി വിശ്വസിക്കുക വഴി ജാതി പ്രത്യയ ശാസ്ത്രശാസ്ത്രത്തിൽ വിശ്വാസപൂർവം പങ്കു പറ്റുന്നുവെന്നും ഇക്കാരണം കൊണ്ടാണ് ലംഘനം കൂടാതെ സജീവമായി നിലനില്കാൻ അതിനു കഴിഞ്ഞതെന്നും ലൂയി ഡ്യൂമണ്ട് തുടങ്ങിയ നരവംശശാസ്ത്ര പ്രതിഭകൾക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഈ സമീപകാലത്തു മാത്രമാണ്.


നമ്മുടെ നാടോടി വിജ്ഞാനീയം നോക്കുക. ഗോവിന്ദ സ്വാമി എന്ന പണ്ഡിതന് ബ്രാഹ്മണസ്ത്രീയിൽ ജനിച്ച മകനാണ് വരരുചി. വിക്രമാദിത്യൻ ക്ഷത്രിയ സ്ത്രീയിൽ, ഭട്ടി വൈശ്യ സ്ത്രീയിൽ, ഭർത്തൃഹരി ശൂദ്ര സ്ത്രീയിൽ, അങ്ങനെ പോകുന്നതാണ് വംശ പരമ്പരയുടെ ജാതിയില്ലാ കൊളുത്തുകൾ. പേർഷ്യൻ ചരിത്രമെടുത്താലോ അവിടെയും കാണാം കൊടുക്കൽ വാങ്ങലുകളുടെ നിരവധി ചരിത്രമുഹൂർത്തങ്ങൾ. ഭക്തി പ്രസ്ഥാനം, സൂഫി പരമ്പര, ഡൽഹി സുൽത്താന്മാർ തുടങ്ങിയവയോടൊപ്പം തന്നെ മത മൈത്രിയുടെ വിശാലത തിരിച്ചറിഞ്ഞാലേ ബഹുസ്വരതയിലൂന്നിയ ഇന്ത്യാ ചരിത്രം പൂർണ്ണതയിലെത്തൂ. 

ഉറുദു കീഴാളത പ്രതിഫലിച്ച കാലഘട്ടമായിരുന്നു ഭക്തി പ്രസ്ഥാന നവോത്ഥാനകാലം. നെയ്തുകാരനായ കബീർ, ധാന്യക്കച്ചവടക്കാരനായിരുന്ന തുക്കാറാം, തയ്യൽക്കാരനായ നാമദേവൻ, മൺപാത്ര തൊഴിലാളിയായ ഗോറാ, ഇഷ്ടിക പണിക്കാരനായ ചൊക്കാമേള, സ്ത്രീയെന്ന നിലയിൽ ദുരിതമനുഭവിച്ച് വേദനകൾ കവിതയാക്കി മാറ്റിയ മീരാ, ആണ്ടാൾ, അക്ക മഹാദേവി, സൂഫി കവികളായ ബാബ ഫരീദ്, ബുള്ളാ ഷേ, ഷാ അബ്ദുൾ ലത്തീഫ്, ഇവരെല്ലാം ആഢ്യത്വ വൈദികത നിരാകരിച്ച് വ്യക്തി ജീവിതം പുതുക്കിപ്പണിതവരും സ്വയം ആവിഷ്കാരം നിറവേറ്റിയവരുമായിരുന്നു.


ഉറുദുവിനെക്കുറിച്ചുതന്നെ നോക്കുക:


" വിശ്വ ദാർശനിക കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമായ നവംബർ 9 ലോക ഉറുദു ദിനമായി ആചരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരന്റെ ഭാഷയായി പിറവിയെടുത്ത ഉറുദു ഇന്ന് പ്രമുഖ ആഗോള ഭാഷകളിലൊന്നാണ്. ഇന്ത്യയിലേക്കുള്ള മുസ്‌ലീംകളുടെ ആഗമനത്തോടെ ഇവിടെ ഒരു പുതിയ സംസ്കാരം വികാസം പ്രാപിക്കാൻ തുടങ്ങി.


സംസ്ക്കാരങ്ങൾക്കൊപ്പം ഭാഷകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. അറബി, പേർഷ്യൻ, തുർക്കി, പദങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് ചേക്കേറി. അതോടൊപ്പം ഹിന്ദു, മുസ്‌ലീം ഐക്യത്തിന്റെ പ്രതീകമായി ഒരു പുതിയ ഭാഷ ജന്മമെടുത്തു. കച്ചവട കേന്ദങ്ങളിലും പട്ടാളക്യാമ്പുകളിലും സൂഫി ഖാൻ ബാഹുകളിലും സംസാരിച്ചിരുന്ന ഈ സംസാര ഭാഷ അതിവേഗം വ്യാപിച്ചു കൊണ്ടിരുന്നു. പൊതു ജനങ്ങളുടെ ഈ ഭാഷയാണ് അവരോട് സംവദിക്കാൻ ഏറ്റവും അനുയോജ്യമായത് എന്ന് മനസ്സിലാക്കിയ പ്രസിദ്ധ സൂഫി വര്യനായ അമീർ ഖുസ്റു( റ) ആണ് ആദ്യമായി ഈ ഭാഷക്ക് ലിപി നൽകി രചന നടത്തിയത്.


അമീർ ഖുസ്റുവിന് ശേഷം പിന്നീട് കൂടുതൽ രചനകളുണ്ടായത് ബാമിനി, ഖുത്ബ് ഷാഫി, ആദിൽ ഷാഫി, രാജവംശങ്ങളുടെ കാലഘട്ടത്തിലാണ്. 1700-ൽ വലി ദക്കനി എന്ന കവി ദില്ലി സന്ദർശിക്കുകയും തന്റെ ഗസലുകൾ അവതരിപ്പിക്കുകയും ചെയ്തപ്പോൾ ദില്ലിയിലുണ്ടായിരുന്ന പേർഷ്യൻ കവിമാർ ഉറുദുവിന്റെ മനോഹാരിത ഉൾക്കൊണ്ട് ഫാർസിക്ക് പകരം ഉറുദുവിലേക്ക് തിരിഞ്ഞു. ഇതോടെ ഉറുദു സാഹിത്യത്തിന്റെ വളർച്ച ദ്രുതഗതിയിലായി.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉറുദു നിർണായകമായ പങ്ക് വഹിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത അവസാന മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമൻ ഉറുദുവിലെ പ്രമുഖ കവികളിലൊരാളാണ്. മിർസാ ഗാലിബിനെ പോലുള്ള കവിമാർ ആ സമരത്തിന് പ്രചോദനം നല്കി. ദില്ലി അഖ്ബാർ, സ്വാദിഖുൽ അക്ബാർ തുടങ്ങി നിരവധി ഉറുദു പത്രങ്ങൾ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്നു. ബ്രിട്ടീഷുകാർ സമരത്തെ അതിക്രൂരമായി അടിച്ചമർത്തി. ബഹദൂർഷാ സഫറിന്റെ മക്കൾ നിഷ്കരുണം കൊലചെയ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി കൂട്ടക്കൊലകൾ അരങ്ങേറി. സ്വാദിഖുൽ അഖ്ബാർ പത്രത്തിന്റെ പത്രാധിപരായിരുന്ന മൗലവി ജലീലുദ്ദീനെ ജയിലിലടച്ചു. ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാഖിറിനെ ബ്രിട്ടീഷുകാർ വെടി വെച്ചു കൊന്നു. ബഹദൂർഷാ സഫറിനെ മ്യാൻമറിലെ റംഗൂണിലേക്ക് നാട് കടത്തി. ഹസ്റത്ത് മൊഹാനി, അല്ലാമാ ഇഖ്ബാൽ. മുർഷി പ്രേംചന്ദ്, ചക് ബസ് ത്, മൗലാനാ സഫർ അലിഖാൻ, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷാക്കത്ത് അലി, മുഹമ്മദ് അലി ജാഹർ, അബ്ദുൾ കലാം ആസാദ് തുടങ്ങി നിരവധി ഉറുദു കവിമാരും സാഹിത്യകാരന്മാരും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകി. 'ഇൻക്വിലാബ് സിന്ദാബാദ്, എന്ന മുദ്രാവാക്യം ഉറുദുവിന്റെ സംഭാവനയായിരുന്നു.


ഉറുദു സാഹിത്യ ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ . ഇഖ്ബാൽ കവിതകൾ ചിന്തയിലും വിഷയ വൈവിധ്യത്തിലും വേറിട്ടു നിന്നു.'സാരെ ജഹാം സെ അച്‌ഛാ' എന്ന് തുടങ്ങുന്ന അതുല്യമായ ഗീതം ഓരോ ഭാരതീയന്റെ സിരകളിലും പുതിയ ഊർജ്ജവും ആവേശവും പകർന്നു "


( കെ.ടി. ജമാലുദ്ദീൻ )


ഉറുദുവിനോടൊപ്പം തന്നെ പരാമർശിക്കേണ്ട ഭാഷയാണ് അറബി. ഇൻഡോ-അറബ് ബന്ധത്തിന്റ അതിപുരാതനമായ പഴക്കത്തിൽ പലതും കണ്ടെടുക്കാനുണ്ട്. വ്യാപാര ബന്ധത്തോടൊപ്പം തന്നെ ഒട്ടനവധി ഇന്ത്യൻ ഉപകരണങ്ങളും മരുന്നു കളും അറബ് ലോകത്ത് പ്രചരിച്ചതിന്റെ കാര്യം വേണ്ടത്ര ഇനിയും പഠനത്തിൽ വന്നിട്ടുമില്ല. കംഫർ ( കറുപ്പ്) സാൻഡൽ ( ചന്ദനം ) കാഫൂർ ( കർപ്പൂരം ) ഊദ് (അ ഗുരി ) എന്നിവയൊക്കെ അറബിയിലെ സുപരിചിതമായ പദങ്ങളാണ്. മലയാളവും അറബി ഭാഷയും തമ്മിലുള്ള ഇടപഴകലിനെക്കുറിച്ച് വി.ടി.കുമാരൻ മാഷിന്റെ ലേഖനം വേറിട്ടതും ഉൾകാഴ്ച നിറഞ്ഞതുമാകുന്നു. 


" മുസ്ലിം മാപ്പിളയുടെ ഉടുപ്പും നടപ്പും കലയും സംഗീതവുമെല്ലാം കേരളത്തിലെ തദ്ദേശീയ സംസ്ക്കാരങ്ങളിൽ നിന്നുയിർ കൊണ്ടതാണ്. സാമൂതിരി രാജാവിന് ശക്തി പകരാൻ കോയമാർക്ക് കഴിഞ്ഞത് ഇസ്‌ലാമിന്റെ ബഹുസ്വരതയുടെ ഫലമാണ്. അരിയിട്ടു വാഴ്ചക്കും മാമാങ്കത്തിനും സാക്ഷി നിൽക്കാനും നിലപാടെടുക്കാനും കോഴിക്കോട്ടെ ഖാസിക്കും കോയക്കും കഴിഞ്ഞത് ഈ മതത്തിന്റെ വിശാലമായ സമന്വയത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാതീയതയ്ക്കെതിരെ സമസൃഷ്ടി ഭാവനയോടെ പ്രവർത്തിക്കാൻ സൂഫികൾക്കും മുസ്‌ലീം ആചാര്യന്മാർക്കും സാധിച്ചത്.


പതിനൊന്നാം നൂറ്റാണ്ടിൽ അൽ ബിറൂനി ഇന്ത്യയിൽ വരികയും യോഗഭ്യാസത്തെക്കുറിച്ച് വിവരിക്കുന്ന സംസ്കൃത ഗ്രന്ഥമായ, പതഞ്ജലിയുടെ യോഗസൂത്രം അറബിക്കിലേക്കു മൊഴിമാറ്റുകയും ചെയ്തതോടെ യോഗാഭ്യാസം മുസ്‌ലീങ്ങളിലേക്കും പടർന്നു. അവർ സംസ്കൃതത്തിലെ ദേവ സ്തോത്രത്തിനു പകരം അറബിക്കിൽ ബിസ്മില്ലാ ചൊല്ലി യോഗാഭ്യാസം തുടങ്ങി. ബിസ്മില്ലാ എന്നാൽ പടച്ചതമ്പുരാന്റെ നാമത്തിൽ എന്നർത്ഥം. അങ്ങനെ എല്ലാ മതക്കാരും അവരവരുടെ ദൈവനാമം ഉച്ചരിച്ച് ആരോഗ്യം നന്നാക്കി. ഇതിനിടയ്ക്കെപ്പോഴാണ് ഹറാം കയറി വന്നതെന്നറിയില്ല. യോഗാഭ്യാസത്തിൽ ഇന്ത്യയിലെ സൂഫികൾ വളരെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ചിശ്‌കി സൂഫികൾ യോഗാഭ്യാസ മുറകൾ സ്വായത്തമാക്കിയിരുന്നു. ശത്താരി സൂഫിയായ മുഹമ്മദ് ഗാസ് 'അമൃത കുണ്ഡ ' എന്ന യോഗകൃതി പേർഷ്യനിലേക്കു വിവർത്തനം ചെയ്യുകയും അതിലെ പല അഭ്യാസങ്ങളും തന്റെ സൂഫി പരിശീലനത്തിലുൾപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ പള്ളിപ്പാഠശാലകൾക്ക( ദർസ്) രൂപം കൊടുത്ത ശൈഖ്സൈനുദ്ദീൻ മഖ്ദൂം എന്ന ഋഷി വര്യൻ തന്റെ ദർസ് തുടങ്ങിയത് ബിസ്മില്ല ചൊല്ലി വിളക്കു കത്തിച്ചുകൊണ്ടാണ്. ഇങ്ങനെ പുണ്യ പൂർവ്വം തെളിക്കുന്ന വിളക്കിന്റെ ചാരത്തിരിക്കുന്നത് പഠിതാക്കൾ പുണ്യമായിത്തന്നെ ഗണിച്ചിരുന്നു. വലിയ കിത്താബുകൾ വായിക്കുന്നവർക്കു മാത്രമേ ഈ വിളക്കിന്റെ ചാരത്തിരിക്കാനുള്ള അർഹതയുണ്ടായിരുന്നുള്ളു. മഹാപുരുഷന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കുടീരങ്ങളിൽ വിളക്കു കത്തിക്കുന്നത് പുണ്യകർമ്മമായി ഇന്നും തുടരുന്നു."


ഡോ.ഹുസൈൻ രണ്ടത്താണിയുടെ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "ഈയിടെ ഗോവധം നിരോധിച്ചപ്പോൾ അതൊരു മുസ്‌ലീം പ്രശ്നമായി പലരും അവതരിപ്പിച്ചു. പശുവിനെ അറക്കണമെന്ന് ഇസ്‌ലാമിന്റെ ഒരു കിത്താബിലും പറഞ്ഞിട്ടില്ല. പ്രവാചകന്റെ അറേബ്യയിലോ ദമാസ്കസിലോ ബാഗ്ദാദിലോ പശു തന്നെ ഉണ്ടായിരുന്നില്ല. പാൽ തരുന്ന മൃഗങ്ങളെ സംരക്ഷിക്കാനാണ് മുഹമ്മദ് നബിയുടെ നിർദ്ദേശം. ബക്രീദിന് ആടിനെ അറക്കുന്ന പെരുന്നാൾ എന്നേ അർത്ഥമുള്ളു. ബ്രക്രീദ് ബകരി ഈദ് ആണ്. ബകരി എന്നാൽ ആട്. പശുവിനെ അറക്കണമെന്ന വകുപ്പേ ഇല്ല. പോത്തിനേയോ ആടിനേയോ അറക്കുന്നതിന് ഒരു തടസ്സവും ഈ രാജ്യത്തിലില്ല.കാരണം, ഇവയൊന്നും തത്ക്കാലംദൈവങ്ങളുടെ ലീസ്റ്റിലില്ല. അതിനാൽ പശു വധം നിരോധിച്ചാൽ മുസൽമാൻ കുഴങ്ങിക്കിട്ടുമെന്ന ടെൻഷൻ ആർക്കുമുണ്ടാവേണ്ട കാര്യമില്ല. സാമൂതിരിയുടെ നാട്ടിൽ ബലി പെരുന്നാളിന് മുസ്‌ലീംങ്ങൾ പശുവിനെ അറത്തിരുന്നില്ല. സാമൂതിരിക്കു പശു ഇഷ്ട ദൈവമായത് കൊണ്ടാവാം മുസ്ലീങ്ങൾ ഇങ്ങനെ തീരുമാനിച്ചത്. പശുക്കളെ വധിക്കുന്നത് നിരോധിക്കണമെന്ന് മുഗൾ ചകവർത്തിയായ ബാബർ, പുത്രൻ ഹുമയൂണിനോടു നിർദ്ദേശിച്ചിരുന്നു. അക്ബറും ജഹാംഗീറും ഔറഗസീബും രജപുത്രരോടും ജൈനരോടുമുള്ള ആദര സൂചകമായി പശു ബലി നിയന്ത്രിച്ചിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ മാംസത്തിനു വേണ്ടി പശുക്കളെ അറക്കുന്നതു നിരോധിച്ചു. ഹിന്ദു - മുസ്‌ലീം മൈത്രി ഉച്ചിയിലെത്തിയ സന്ദർഭത്തിൽ ഖിലാഫത്ത് നേതാവ് മാലാനാ അബ്ദുൾ ബാരി തന്റെ കേന്ദ്രത്തിൽ ബലി പെരുന്നാളിന് കാളയെ ബലിയറുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ദിയോ ബന്ദ് പണ്ഡിതമാരും ഇതു സംബന്ധിച്ച നിർദ്ദേശം കൊടുത്തിരുന്നു. മൈസൂർ സുൽത്താൻ ഹൈദരലി ഖാൻ തന്റെ രാജ്യത്ത് പശു ബലി നിയമം മൂലം നിരോധിച്ചിരുന്നത്രേ. ഇതൊക്കെ പരസ്പര സ്നേഹത്തിന്റെ ഭാഗമായിരുന്നു; ആരും സമ്മർദ്ദം ചെലുത്തിയിട്ടല്ല."


whatsapp-image-2025-08-07-at-09.40.57_87fc6167

സംവാദ സാധ്യതകളാണ് സംസ്കാരങ്ങളെ മനസ്സിലാക്കാനുള്ള താക്കോൽ. വൈദിക സംസ്കാരത്തിൽ തന്നെ ആര്യേതരമായ ഭാഷ കടന്നു കൂടിയതിനു പിന്നിൽ സ്വീകാര്യതയുടെ ഘടകങ്ങൾ ഉണ്ട്. സാംസ്കാരിക പരിണാമത്തെ വിശകലന വിധേയമാക്കുമ്പോൾ കുടിയേറ്റത്തിനിടയിൽ മതപരമായ അതിർത്തികൾ പാരസ്പര്യത്തിന്റെ വഴി സ്വീകരിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മതങ്ങൾ തമ്മിൽ നടത്തിയ കൊടുക്കലും വാങ്ങലും കലയിലും ഭാഷയിലും വസ്ത്രത്തിലും ഭക്ഷണത്തിലും വരുത്തിയ കൂടിക്കലരൽ നമ്മൾ കണ്ണ് തുറന്നു കാണണം.അങ്ങനെ വരുമ്പോൾ ബഹുസ്വരതയിലാണ് നമ്മൾ എത്തിച്ചേരുക.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും യുദ്ധവും എഴുത്തും  :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
mannan