തുല്യ ശബ്ദങ്ങളെ സ്വീകരിക്കാനുള്ള മനസ്സിലൂടെയേ മാറ്റം വരുത്താനാവൂ : സത്യൻ മാടാക്കര .

തുല്യ ശബ്ദങ്ങളെ സ്വീകരിക്കാനുള്ള  മനസ്സിലൂടെയേ മാറ്റം വരുത്താനാവൂ :  സത്യൻ മാടാക്കര .
തുല്യ ശബ്ദങ്ങളെ സ്വീകരിക്കാനുള്ള മനസ്സിലൂടെയേ മാറ്റം വരുത്താനാവൂ : സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Jul 23, 07:37 PM
diploma

തുല്യ ശബ്ദങ്ങളെ സ്വീകരിക്കാനുള്ള

മനസ്സിലൂടെയേ മാറ്റം വരുത്താനാവൂ.

:സത്യൻ മാടാക്കര .

ഭൂരിപക്ഷത്തെ ഈ ന്യായം അംഗീകരിപ്പിച്ചു ചോദ്യം ഭയന്നു വിലക്ക് കല്പിക്കുന്നത്.

ഇത് മാറണം. ഈ മാറ്റത്തിനാണ് അയ്യാ വൈകുണ്ഠസ്വാമികൾ, നാരായണ ഗുരു, അയ്യങ്കാളി വരെ ശ്രമിച്ചത്.

ഇതെല്ലാം പഴയതിന്റെ തുടർച്ച തന്നെ എന്ന് പറഞ്ഞു സാധൂകരിക്കുമ്പോൾ മാറ്റത്തെയാണ് നവ നാഗരികതയിലും നമ്മൾ റദ്ദ് ചെയ്യുന്നത്.

അതുകൊണ്ട് ആരെ വേണമെങ്കിലും പ്രേമിച്ചോ, ആള് നമ്മുടെ ആളാകണം എന്ന അധികാര സ്വരം ഇപ്പോഴും നിലനില്ക്കുന്നു. ഈ കേന്ദ്രീകരണം വിക്രീകരണത്തിലേക്ക് കൊണ്ടുവരിക എളുപ്പമല്ല.

നിരന്തര പ്രക്ഷോഭവും, ചങ്കൂറ്റവും, കർമ്മനിരതമായ പ്രവർത്തനവും ചേർന്നാലേ മാറ്റം സാധ്യമാവൂ.

അതാണ് സൊസൈറ്റി നമുക്ക് നല്കുന്ന പാഠം. തുല്യതയില്ലാത്ത നിലപാടാണ് കീഴാളതയിൽ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറ്റം ഉണ്ടായതെന്ന് ചരിത്രരേഖകൾ പറയുന്നു.

സ്വാമി വിവേകാനന്ദന് പോലും മലബാർ സന്ദർശന വേളയിൽ അതായിരിക്കാറായില്ല. അദ്ദേഹം പറഞ്ഞു:


zzzz

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനു മുമ്പ് ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ ? സവർണർ നടക്കുന്ന തെരുവിലൂടെ പാവപ്പെട്ട പറയന് നടന്നു കൂടാ.

ഈ മലബാറുകാരെല്ലാം ഭ്രാന്തൻമാരാണ്. അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങളും ".

ഈ അവസ്ഥയെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ചുള്ള ലേഖനത്തിൽ കെ.ദാമോദരൻ അപഗ്രഥിക്കുന്നതിങ്ങനെ

" ഉയർന്ന ജാതിയിൽ ജനിച്ചവരായാലും താണ ജാതിയിൽ ജനിച്ചവരായാലും ശരി, ദൈവത്തിനു മുമ്പിൽ എല്ലാ മനുഷ്യരും സമന്മാരാണെന്ന സിദ്ധാന്തമാണ് ഭക്തി പ്രസ്ഥാനത്തിന്റെ കാതൽ. പൗരോഹിത്യത്തിനും ജാതിമർദ്ദനത്തിനും എതിരായി പോരാടുന്നതിന് ജനങ്ങളെ ആവേശം കൊള്ളിച്ച് അണിനിരത്തിയ ഒരു സിദ്ധാന്തമായിത്തീർന്നു അത്. മധ്യയുഗത്തിലെ വ്യത്യസ്ത ഭാഷകളോടും വ്യത്യസ്ത ജാതികളോടും വ്യത്യസ്ത മതങ്ങളോടും കൂടിയ വിവിധ ജനവിഭാഗങ്ങളെ യോജിച്ചണിനിരത്തിയ മഹത്തായ ഈ പ്രസ്ഥാനം ഒരു സങ്കരസംസ്കാരത്തിന്റെ വികാസത്തെ സഹായിക്കുകയും നാടുവാഴിത്ത മർദ്ദനത്തിനെതിരെ യോജിച്ച സമരങ്ങൾക്ക് പ്രചോദനം നല്കുകയും ചെയ്തു.

രാമാനുജന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ രാമാനന്ദന്റെയും വേദാന്തസിദ്ധാന്തങ്ങളാണ് ഈ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുഖ്യമായ ഉറവിടം. എല്ലാ മനുഷ്യർക്കും ഭക്തിയിലൂടെ ദൈവവുമായി താദാത്മ്യം പ്രാപിക്കാനും അങ്ങനെ ശാശ്വതാനന്ദം അനുഭവിക്കാനും കഴിയുമെന്നുള്ള രാമാനുജന്റെ പ്രഖ്യാപനമാണ് ഈ പുതിയ മതപ്രക്ഷോഭത്തിന് അസ്ഥിവാരമിട്ടത്. രാമാനന്ദൻ ഊരു തോറും ചുറ്റിസഞ്ചരിച്ച് ബ്രാഹ്മണ മേധാവിത്വത്തേയും ജാതിവ്യവസ്ഥയേയും രൂക്ഷമായി വിമർശിച്ചു . ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. " ഒരാൾ മറ്റൊരാളുടെ ജാതിയൊ മതവിഭാഗമൊ എന്തെന്നു ചോദിക്കാതിരിക്കട്ടെ. ദൈവത്തെ പൂജിക്കുന്ന വർ ദൈവത്തിന്റെ സ്വന്തമാണ്. "

രാമനന്ദന് പന്ത്രണ്ട് ശിഷ്യന്മാരുണ്ടായിരുന്നു. അവരിൽ രായി ദാസ് ഒരു ചെരുപ്പു കുത്തിയായിരുന്നു ധരണൻ അയിത്തക്കാരനായ ഒരു ജാട്ട് കർഷകനായിരുന്നു. കബീർ നെയ്ത്തുകാരനായിരുന്നു.

മറ്റു മത പരിഷ്ക്കർത്താക്കളുടെയും സ്ഥിതി ഇതു തന്നെ. അക്ബറുടെ കാലത്ത് ജീവിച്ചിരുന്ന തുളസീദാസ് മഹാകവി ജന്മനാൽ ഒരു ബ്രാഹ്മണനായിരുന്നു. എന്നാൽ, അദ്ദേഹം ദൈവത്തിന്റെ ഗായകൻ ആയി മാറാൻ വേണ്ടി കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കമാരെ ഉപേക്ഷിച്ചു. രജപുത്താനയിലെ ഭക്തി പ്രസ്ഥാനത്തിന്റെ നായകനായ ദാദു താണ ജാതിയിൽപ്പെട്ട ഒരു നൂൽനൂൽപ്പുകാരനായിരുന്നു.


മറാഠി കവി നാമദേവ് ഒരു തുന്നൽക്കാരനായിരുന്നു. തുക്കാറാം താണ ജാതിയിൽപ്പെട്ട ഒരു കച്ചവടക്കാരനായിരുന്നു.

ചൈതന്യൻ ബംഗാളിലെ ഒരു ദരിദ്ര കുടുംബത്താലാണ് ജനിച്ചത്. ആന്ധ്രയിലെ സുപ്രസിദ്ധ കവി ദേവണ്ണ അക്ഷരജ്ഞാനമില്ലാത്ത ഒരുകർഷകനായിരുന്നു. മലയാള സാഹിത്യത്തിന്റെ പിതാവ് എന്നു കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ താണ ജാതിയിൽപ്പെട്ട ഒരു ചക്കാലനായിരുന്നു"

( ഭക്തിപ്രസ്ഥാനം: കെ.ദാമോദരൻ )

ഭക്തി പ്രസ്ഥാനം കൊണ്ടു വന്ന കീഴാള മുന്നേറ്റത്തിൽ പറ്റിയത് ഭൂരിഭാഗം വരുന്ന താഴത്തട്ടിലുള്ളവരായിരുന്നു. പണം, അധികാരം, പൗരോഹിത്യം, അനാചാര - അന്ധവിശ്വാസങ്ങൾ എല്ലാറ്റിനെയും പ്രാന്തവൽക്കരിക്കപ്പെട്ടവർ ചോദ്യം ചെയ്തു.

മീര, ആണ്ടാൾ, അക്ക മഹാദേവി എന്നിങ്ങനെ സ്ത്രീകൾ, കുംഭകാരനായ ഗോറ, ഇഷ്ടികപ്പണിക്കാരനായ ചൊക്കാമേള, സൂഫികളായ ബാബ ഫരീദ്, ബുള്ളാഷാ, അബ്ദുൾ ലത്തീഫ് ഇവരെല്ലാം ബാഹ്യാചാരം, ജാതി - വർണ്ണ വ്യവസ്ഥ എന്നവയെ നിരാകരിച്ചവരും ചോദ്യം ചെയ്തവരുമായിരുന്നു.

ഇന്ത്യയിലെ സൂഫിസവും ഏതാണ്ട് വലിയ നിലയിൽ പ്രാന്തവൽക്കരി ക്കപ്പെട്ടവർക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. "പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടിയാണ് അഖിലേന്ത്യാ തലത്തിൽ സൂഫിസം നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അജ്മീർ കേന്ദ്രമാക്കി മുഈനുദ്ദീൻ ചിശ്തി നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ സൂഫിസത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള ചിശ്തി വിഭാഗത്തിന്റെ അനുയായികളാണ് ഇന്ത്യൻ സൂഫികളിൽ മിക്കവാറും.

ബഹാഉദ്ദീൻ സകരിയ്യയുടെ നേതൃത്വത്തിൽ വളർന്ന സുഹ്രവർദ്ദി വിഭാഗത്തിൽപ്പെട്ടവരും കുറച്ചുണ്ട്. പിൽക്കാലത്ത് നല്ശബ്ദ്ദി പ്രസ്ഥാനത്തിന് കുറേ പ്രചാരം ലഭിക്കുകയുണ്ടായി. ഖാദരിയ്യ വിഭാഗത്തിന് കേരളം പോലുള്ള സ്ഥലങ്ങളിൽ നല്ല സ്വാധീനം കാണാം. മറ്റു ചില സൂഫി വിഭാഗങ്ങളും ഇന്ത്യയിൽ ചിലയിടങ്ങളിൽ വേരോടിയിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ സൂഫി പ്രസ്ഥാനങ്ങൾ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പുതന്നെ ദക്ഷിണേന്ത്യയിൽ, വിശേഷിച്ച് കേരളത്തിൽ അറബികളുമായുള്ള വ്യാപാരങ്ങളിലൂടെയും മറ്റും ഇസ്ലാമിന്റെ ആഗമനവും അതോടൊപ്പം സൂഫി പ്രസ്ഥാനങ്ങളുടെ പ്രവർത്തനവും ഉണ്ടായിട്ടുണ്ടെന്ന് തീർച്ചയാണ്.

ഇപ്രകാരം ഇസ്ലാമിന്റെ ആവിർഭാവകാലം തൊട്ടു തന്നെ കേരളം പോലുള്ള ചില സ്ഥലങ്ങളിലും പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉത്തരേന്ത്യയിലും ഇസ്ലാമിക സംസ്കാരം ഇന്ത്യൻ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുകയും ഒപ്പം ഇന്ത്യയിൽ രൂപപ്പെട്ടു വന്ന പല സാംസ്കാരിക ഘടകങ്ങളെയും സ്വാംശീകരിക്കുകയും ചെയ്തു കൊണ്ട് ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും പരിപുഷ്ടമാക്കി.

ആ പ്രക്രിയയ്ക്ക് നിർണ്ണായകമായ പങ്ക് വഹിച്ചത് സൂഫിസമാകുന്നു.


ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള വികാരം സാമാന്യ ജനങ്ങൾക്കിടയിൽ ശക്തിപ്പെടുത്തി എന്നതാണ് സൂഫിസത്തിന്റെ മറ്റൊരു സംഭാവന. ഹിന്ദു സമുദായത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചവർ മുമ്പും ഉണ്ടായിട്ടുണ്ട്.

ബുദ്ധ-ജൈനമതക്കാരും ലോകായതരും മറ്റും. പക്ഷേ, ക്രിസ്തുവർഷാരംഭമായപ്പോഴേക്കും അവരുടെയെല്ലാം എതിർപ്പിന്റെ മുനയൊടിഞ്ഞു കഴിഞ്ഞിരുന്നു. ലളിതമായ ജീവിതം നയിച്ചു കൊണ്ട് ദീനാനുകമ്പയുടെ പര്യായമെന്നപോലെ അധ:സ്ഥിത വിഭാഗങ്ങളു

ടെയിടയിൽ നിലനിന്ന സൂഫി ഖാൻ ഖാഹുകളുടെ വർഗരഹിതമായ അന്തരീക്ഷം ഇന്ത്യയിൽ തികച്ചും പുതുമയായിരുന്നു.

തങ്ങളുടേതിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു സാമൂഹ്യവ്യവസ്ഥയെയാണ് പാവങ്ങളായ അധ:കൃതവിഭാഗങ്ങൾ അവിടെ കണ്ടത്. ഹിന്ദു സമൂഹം തങ്ങൾക്ക് മേൽ അടിച്ചേല്പിച്ച ഭേദബുദ്ധികൾക്കും ഉച്ച നീചത്വങ്ങൾക്കുമൊന്നും അവിടെ ഒരർത്ഥവുമുണ്ടായിരുന്നില്ല. എല്ലാവരും ഒന്നിച്ചു ജീവിച്ചു, ഉറങ്ങി, ഭക്ഷണം കഴിച്ചു. മതഗ്രന്ഥങ്ങൾ എല്ലാവർക്കും അഭികാമ്യമായിരുന്നു. ഇപ്രകാരം സാമൂഹ്യ ജീവിതത്തിൽ ഇസ്ലാമിന്റെ തൗഹീദ് പ്രായോഗികമായി കാട്ടിക്കൊടുത്തു കൊണ്ട് മധ്യകാല സൂഫി ഖാൻ ഖാഹുകൾ ഇസ്ലാമിക സംസ്കാരത്തത്തിന്റെ മുൻ നിര മാതൃകകളായി പരിലസിച്ചു. "

(ഇന്ത്യൻ സൂഫിസത്തിന്റെ സംഭാവന - ഡോ.എൻ.വി.പി.ഉണ്ണിത്തിരി )

ഈ വിഷയത്തെക്കുറിച്ച് ഡോ.ഹുസൈൻ രണ്ടത്താണിയുടെ നിരീക്ഷണം ഇങ്ങനെയാകുന്നു:

"സാമൂഹിക രംഗത്ത് ഇസ്‌ലാം വരുത്തിയ പരിഷ്കരണങ്ങളുടെ ആഴവും വ്യാപ്തിയും വേണ്ട വിധം പഠനവിധേയമാക്കി കാണുന്നില്ല. പരിഷ്കരണങ്ങളെക്കുറിച്ച് പറയുമ്പോഴാവട്ടെ, ഇസ്‌ലാം ഇത്തരത്തിൽ അവതരിപ്പിക്കപ്പുമില്ല.

പരിഷ്കരണങ്ങളെ ജാതി തിരിച്ചു പരിചയപ്പെടുത്തുന്നതിനു പകരം കേരളീയ സാമൂഹിക വ്യവസ്ഥിതിയിൽ ഇസ് ലാമോ ക്രിസ്തുമതമോ വരുത്തിയ പരിവർത്തനം ചർച്ച ചെയ്യപ്പെടുന്നില്ല.

കേരളത്തെ, പ്രത്യേകിച്ചും മലബാറിനെ ജാതി ചിന്തയിൽ നിന്ന് രക്ഷപ്പെടുത്തായതിൽ വലിയ പങ്ക് വഹിച്ച പ്രസ്ഥാനമായ ഇസ് ലാമിനെ ആ നിലക്ക് കൂടി പഠന വിധേയമാക്കണം.

ഇസ്ലാമിലേക്ക് നടന്ന വ്യാപകമായ മതം മാറ്റങ്ങൾ ജാതിക്കെതിരെ കീഴ്ജാതിക്കാരും തൊട്ടുകൂടാത്തവരും നടത്തിയ പ്രതികരണവും പ്രതിരോധവും കൂടിയാണെന്ന് മനസ്സിലാക്കണം. അതേക്കുറിച്ച് ചില വസ്തുതകൾ മാത്രം ഇവിടെ സൂചിപ്പിക്കയാണ്.

തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ കേരളത്തിലെ ഭൂരിപക്ഷം ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ച കാലം. പലവിധ ജാതിക്കാരും പലവിധ നിയമങ്ങളുമായി കേരള ജനത പൊരുതി മുട്ടുകയായിരുന്നു. സവർണർ നടക്കുന്ന വഴിയിൽ കൂടി സഞ്ചാരം നിഷേധിക്കപ്പെട്ട തിയ്യനും പുലയനും പാണനും പറയനും സഹിക്കേണ്ട പാരതന്ത്ര്യത്തിന്റെ അളവ് കോലുകൾ വേറെ വേറെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പോലും ഇതായിരുന്നു സ്ഥിതി. നമ്പൂതിരി ഒരു പ്രത്യേക ശബ്ദം (ഒച്ചാട്ട്) പുറപ്പെടുവിക്കും.

അത് കേൾക്കുമ്പോൾ താണ ജാതിക്കാർ വേറെ ശബ്ദം പുറപ്പെടുവിക്കും. ഓരോ ജാതിക്കും വേറെ വേറെ ശബ്ദങ്ങൾ. മലബാറിന്റെ തെരുവോരങ്ങളിൽ നിന്ന് സ്ഥിരമായി കേട്ടിരുന്ന ജാതി പ്രേതങ്ങളുടെ നിലവിളികൾ

. ഷൊർണൂരിൽ ഭാരതപ്പുഴയ്ക്കു മീതെ പാലം കെട്ടിയപ്പോൾ അതിന്റെ മേലെ കൂടി കീഴ്ജാതിക്കാരന് പോകാൻ പാടില്ലെന്ന വിധി. കാരണം ജാതിപരമായ അയിത്തം.

ജന്മിക്കനുകൂലമായി കൊളോണിയൽ സർക്കാർ അനുവദിച്ചു കൊടുക്കുന്ന നിയമങ്ങൾ. പാവം പുലയൻ പാലം വന്നിട്ടും പത്ത് മൈൽ ചുറ്റി തോണി വഴി ഇക്കരെയെത്തണം. കാൽമുട്ടിന്റെ മേലെ ഒറ്റമുണ്ടും ധരിച്ച് കുനിഞ്ഞ് പഞ്ചപുച്ഛമടക്കി നടക്കാൻ വിധിക്കപ്പെട്ട മനഷ്യർ. താമസിക്കുന്ന ചെറ്റക്കുടിലൊന്നു മേയാൻ പോലും തമ്പ്രാക്കളുടെ സമ്മതം വേണം. നിയമം തെറ്റിച്ചാൽ നാട് കടത്തും.

അല്ലെങ്കിൽ നായർ പടയാളികൾ വെട്ടിക്കൊല്ലും. കീഴ്ജാതിക്കാരൻ അറിയാതെ നായർ സ്ത്രീയെ തൊട്ടു പോയാൽ മതി; പിന്നെ ജീവൻ കാണില്ല. നായർ സ്ത്രീക്കും രക്ഷയില്ല.

നാട് വിട്ട് കൊള്ളണം. എല്ലാ കുറ്റങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരേയൊരു മാർഗവേയുള്ളു. മതം മാറുക; സമൂഹത്തിൽ ഒരു പുതിയ മനുഷ്യനായി അവതരിക്കുക. നായരും നമ്പൂതിരിയും ആ മനുഷ്യനെ ആദരിച്ചു കൊള്ളും. വ്യാപകമായ മതം മാറ്റങ്ങൾക്ക് പിന്നെന്ത് കാരണമാണ് വേണ്ടത്. "

(മലബാറിലെ സാമൂഹ്യ പരിഷ്ക്കരണത്തിൽ ഇസ്ലാം - ഡോ.ഹുസൈൻ രണ്ടത്താണി, മുഖ്യധാര - 2014 ഒക്ടോബർ).

ജനാധിപത്യ ഇന്ത്യയിലും ഏ.ഐ.ടെക്നോളജിയും സ്വീകരിക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകൾ സമത്വബോധത്തിൽ നിന്ന് യാഥാസ്ഥിതികതയിലേക്ക് എങ്ങനെയൊക്കെ മാറിപ്പോകുന്നു എന്ന് ബോധ്യപ്പെടുത്തുന്നവയാണ് യുവചിന്തകനും സംസ്കൃത പണ്ഡിതനുമായ ഡോ.ടി.എസ്.ശ്യാംകുമാറിന്റെ പഠനങ്ങൾ.

നമ്മൾ നിസ്സാരമായിക്കാണുന്ന സവർണവല്ക്കരത്തെക്കുറിച്ച് അദ്ദേഹം പറയുന്നു:


amma

"ആധുനിക കേരളത്തെ സൃഷ്ടിച്ചത് മഹാത്മാ അയ്യൻകാളി, നാരായണ ഗുരു, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അവർണ ജനമഹത്തുക്കളും സാധു ജന പരിപാലന സംഘവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഉൾപ്പെടെയുള്ള അവർണ സാമൂഹ്യ സംഘാടനങ്ങളുമാണ്. അതായത് കേരളത്തെ ജനാധിപത്യവൽക്കരിച്ചത് അവർണ ബഹുജന ബുദ്ധിജീവിതങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളുമാണെന്ന് സാരം. അവർണ ജനത സൃഷ്ടിച്ച കേരളത്തെ സവർണ വൽക്കരിച്ചു കൊണ്ടാണ് ഹിന്ദുത്വം വളർന്നു വികസിക്കുന്നത്. നവോത്ഥാന പുരോഗമന സാമൂഹ്യ സൃഷ്ടിക്കായി യത്നിക്കുകയും ബ്രാഹ്മണ്യത്തെ നിശിത വിമർശനം ചെയ്യുകയും ചെയ്ത നാരായണ ഗുരുവിനെയും മറ്റും ബ്രാഹ്മണ്യവൽക്കരിച്ചു കൊണ്ടാണ് ഹിന്ദുത്വം കേരളത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത്. നാരായണ ഗുരു ഹിന്ദു സന്യാസിയാണെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്.' ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ'

എന്ന് സുചിന്തതമായി പ്രസ്താവിച്ച ഗുരുവിനെയാണ് ഇവ്വിധം ഹിന്ദു സന്യാസിയാക്കാൻ തുനിയുന്നത്....... മഹാത്മാ അയ്യൻകാളിയുടെ ചരിത്ര സ്പർശനത്താൽ പ്രസിദ്ധമായ വെങ്ങാനൂരിനെ ചിലർ തീർത്ഥാടന കേന്ദ്രമായി ചിത്രീകരിക്കുന്നതും ഹിന്ദുത്വവൽക്കരണത്തിന്റെ ഭാഗമാണ്. അവർണ ജനതയുടെ ആരാധനാ സ്ഥാനങ്ങളെയും ഭൂസ്വത്തുക്കളെയും തീർത്ഥ സ്ഥാനങ്ങളായി പരിവർത്തിപ്പിച്ചാണ് ബ്രാഹ്മണ്യം അവർണ ജനതയുടെ ഭൂസ്വത്തുക്കളും അധികാരങ്ങളും കവർന്നെടുത്തത്. സ്കന്ദപുരാണത്തിലെ തിരുപ്പതി മാഹാത്മ്യം ഇത് കൃത്യമായി തെളിയിക്കുന്നു. തിരുപ്പതി ആദ്യകാലത്ത് ചോളം കൃഷി ചെയ്തിരുന്ന ആദിമ നിവാസികളുടെ ആവാസസ്ഥാനമായിരുന്നു.

അവരുടെ ആരാധനാ മൂർത്തിയായിരുന്നു വരാഹം. എന്നാൽ പിന്നീട് ഇവിടേക്ക് കടന്നുകയറിയ ബ്രാഹ്മണർ തിരുപ്പതിയെ അവരുടെ തീർത്ഥ സ്ഥാനമാക്കുകയും വരാഹത്തെ വിഷ്ണുവിന്റെ അവതാരമായി സ്ഥാനാന്തരപ്പെടുത്തുകയും ചെയ്തു.

അങ്ങനെ തിരുപ്പതിയിലെ ആദിവാസികൾ അവിടെ നിന്നും കുടിയിറക്കപ്പെട്ടതായി സ്കന്ദപുരാണം വായിച്ചാൽ അറിയാൻ കഴിയും. ബഹുജനങ്ങളുടെ ആരാധനാസ്ഥലികളെ തീർത്ഥ സ്ഥാനങ്ങളാക്കി മാറ്റിപ്പണിഞ്ഞാണ് ബ്രാഹ്മണ്യം അവിടങ്ങൾ കൈയേറിയത്. ഇങ്ങനെ നോക്കിയാൽ തീർത്ഥസ്ഥാന വൽക്കരിക്കൽബ്രാഹ്മണ്യവൽക്കരണം തന്നെയാണെന്ന് സ്പഷ്ടമാണ്.

അതു കൊണ്ടു തന്നെ അയ്യൻകാളിയുടെ വെങ്ങാനൂരിലേക്കുള്ള യാത്ര ചരിത്രത്തെ വീണ്ടെടുക്കലാണ്, ബ്രഹ്മണ്യത്തിനെതിരായ പോരാട്ടത്തിന്റെ അതുല്യമായ സ്മരണയാണ്.

മറിച്ച് അതിനെ തീർത്ഥാടനമാക്കി മാറ്റുക എന്നത് ഹിന്ദുത്വ അജണ്ടയാണ്. തീർത്ഥാടനമാക്കുന്നതിലൂടെ പോരാട്ടത്തിന്റെ ചരിത്രത്തെ അതിഹൈന്ദവവൽക്കരിക്കുകയാണ് ചെയ്യുന്നത്.

അവസാന വിശകലനത്തിൽ ബ്രാഹ്മണ വ്യവസ്ഥയെ ഉറപ്പിക്കലായി ഇത് കലാശിക്കും. "

(ഹിന്ദുത്വം കേരളത്തിൽ: ഡോ.ടി.എസ്.ശ്യാംകുമാർ -- പച്ചക്കുതിര, ജൂലൈ 2004)



rammanohaer

ഡോ. റാം മനോഹർ ലോഹ്യയുടെ വാക്കുകളിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 

" ഇന്ത്യൻ ജനതയാണ് ഭൂമിയിൽ ഏറ്റവും ദു:ഖിതരെങ്കിൽ ജാതിയും സ്ത്രീകളോടുള്ള മനോഭാവവുമാണ് ഈ തകർച്ചയ്ക്ക് പ്രാഥമികമായി ഉത്തരവാദികൾ. രണ്ടു വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതും പരസ്പരം നിലനിർത്തുന്നതുമാണ്"

(റാം മനോഹർ ലോഹ്യ)



manna-firs-page-shibin
mannan-small-advt-
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അഴിയൂരിൽ സാന്ത്വന രംഗത്ത്  വിപ്ലവം സൃഷ്ടിക്കണം.
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും യുദ്ധവും എഴുത്തും  :സത്യൻ മാടാക്കര
mannan