
ഇടപെടലുകൾ സാധാരണ
ആളുകളുടെ പ്രതികരണങ്ങളാകണം
:സത്യൻ മാടാക്കര .
എല്ലാവർക്കും ബാധകമായ നിത്യജീവിതത്തിലെ നിരവധി പ്രശ്നങ്ങളുണ്ട്. റേഷൻ കടയിൽ എന്തു കൊണ്ട് മണ്ണെണ്ണ വേണ്ട സമയത്ത് ലഭിക്കുന്നില്ല. റോഡ് ഉണ്ടാക്കാൻ ലേലം എടുത്തവർ അതു താറുമാറാക്കി യാത്ര എന്തുകൊണ്ട് ദുസ്സഹമാക്കുന്നു. കടൽ ഭിത്തികെട്ടി അവിടെ പാർക്കുന്നവരെ സംരക്ഷിക്കാൻ പഞ്ചായത്തിനും, ഫിഷറീസ് വകുപ്പിനും ബാധ്യതയില്ലേ. പാർട്ടിക്ക് സ്വാധീനമുള്ളിടത്തു മാത്രം എന്തെങ്കിലും ചെയ്യുക എന്നതാണോ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നതിന്റെ അർത്ഥം. മായം ചേർത്ത സാധനങ്ങൾ (വെളിച്ചെണ്ണ, കറി മസാല, നിത്യോപയോഗ സാധനങ്ങൾ) നിർലോഭം കടകളിലൂടെ വിറ്റഴിക്കപ്പെടുമ്പോൾ അത് നിരീക്ഷിക്കാനും, പരിശോധിക്കാനും, പിഴ ചുമത്താനും ശ്രമിക്കേണ്ടഉദ്യോഗസ്ഥർ അത് നിറവേറ്റുന്നുണ്ടോ ! മനുഷ്യപ്പറ്റിന്റെ ലോകം ചെറുതായി വരുന്നു. ഇതാരുo ചർച്ചയാക്കുന്നില്ല.ആ മറവിൽ രോഗിയെ മൾട്ടിനേഷണൽ ഹോസ്പിറ്റൽ പണം തീരുവോളം ചികിത്സയുടെ പേരിൽ മരുന്ന് തീറ്റിച്ചാലും, ഭക്ഷ്യവസ്തുക്കൾ മായം കലർത്തി പരസ്യം മുഖേന സൂപ്പർ മാർക്കറ്റിൽ വിലക്കുറവ് പറഞ്ഞ് ആകർഷിച്ച് വിറ്റാലും, വെളിച്ചെണ്ണം മായം കലർത്തി പായ്ക്കറ്റിൽ എത്തിയാലും,- ശരീരത്തിന് മാരകരോഗം വരുത്തുന്ന വിഷവസ്തുക്കൾ അടിച്ച് എത്തുന്ന പചക്കറികൾ, മത്സ്യം നിത്യേന ലോറിയിൽ നിന്ന് വില്പനക്ക് ഇറക്കിയാലും ആർക്കും പ്രശ്നമില്ല. ഈ അടിയറവ് തിരിച്ചറിയുക എന്നിടത്താണ് നമ്മൾ മനുഷ്യപ്പറ്റുള്ളവരായി മാറുക.
ഇങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട പാൽ, പഴങ്ങൾ, മത്സ്യം, കോഴി ഗുണനിലവാരം ഉറപ്പു വരുത്തി സാധാരണക്കാരന് ലഭിക്കേണ്ട പ്രതിരോധമാണ്, ബദൽ ഷോപ്പുകളിലൂടെയുള്ള മാതൃകകളാണ് ആവശ്യം. അത് പറയാൻ വലിയ പദവിയൊന്നും വേണ്ടതില്ല. ഇന്ത്യൻ പൗരനായ ആർക്കും പറയാം. എന്തു ചെയ്യാനാണ് അവസരവാദം എല്ലാം റദ്ദ് ചെയ്യുന്നു. ഇവിടെയാണ് പൗരൻ, ഉപഭോക്താവ്,കച്ചവടക്കാരൻ എന്നിവയുടെ വ്യത്യാസം മനസ്സിരുത്തി തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടത്.
അങ്ങനെ നടന്ന അവകാശ സമരങ്ങളാണ് ഇന്നത്തെ കേരളം. നവോത്ഥാനകാലത്ത് നടന്ന ചാന്നാർ ലഹള നോക്കുക:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം തിരുവിതാംകൂറിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ നടത്തിയ സമരമാണ് മാറ് മറക്കൽ സമരം. ലഹള നീണ്ടു നിന്നപ്പോൾ 1859 ജൂലൈ 6 ന് ഉത്രം തിരുനാൾ ഇപ്രകാരം ഒരു വിളംബരം പുറപ്പെടുവിച്ചു. "ചാന്നാർ സ്ത്രീകൾക്ക് ആഭിജാത്യ ബോധമനുസരിച്ച് ഏതു തരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നത കുലജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു "
എന്നാൽ ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന പ്രസ്താവന മദ്രാസ് ഗവർണർക്ക് ഇഷ്ടമായില്ല.( സർ . ചാൾസ്.ടി. വില്യം.). അങ്ങനെ ബ്രട്ടീഷ് അധികാരികളുടെ നിർബന്ധത്തിന് വഴങ്ങി തിരുവിതാംകൂർ മഹാരാജാവ് വ്യവസ്ഥ പിൻവലിച്ചു

ആരാധനയ്ക്കായി കീഴാളർ (വഴി നടന്നു പോകാനും) നടത്തിയ നിരവധി സമരങ്ങളുടെ കഥയാണ് ക്ഷേത്ര പ്രവേശന വിളംബരം. കേരളത്തിൽ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഈ സമരം അരങ്ങേറി. ഒടുവിൽ 1936 നവംബർ 12 ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. ചിത്തിര തിരുനാൾ ബാലരാമവർമ്മ വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബരം എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി നൽകി. ആരാധന നടത്താനുള്ള അവകാശം നൽകി. ഇത്
ആദ്യം തിരുവിതാംകൂറിലും പിന്നീട് കേരളമൊട്ടാകെയും വന്നു.
അയ്യങ്കാളിയുടെ സമരം
ദലിത് വിദ്യാഭ്യാസത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം ഓർക്കുക.. ബ്രാഹ്മണ ശാസനകളെ വില്ലുവണ്ടി ഉപയോഗിച്ച് പൊതുനിരത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം തിരസ്കരിച്ചു. ജാതിയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിച്ചവരോട് അയ്യങ്കാളി പറഞ്ഞു:
"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല. നെല്ലിനു പകരം അവിടെ പുല്ലും കളയും വളരും. " ഒടുവിൽ രാജാവ് അയ്യങ്കാളിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം ഉണ്ടായി. 1937 ജനുവരി 14ന് വെങ്ങാനൂരിൽ നടന്ന ഒരു മഹാ സമ്മേളനത്തിൽ മഹാത്മാ ഗാന്ധി അയ്യങ്കാളിയുടെ പ്രവർത്തനം ബഹുമാനിച്ച്" പുലയ മഹാരാജാവ്" എന്നു വിശേഷിപ്പിച്ചു.
ഗാന്ധിജി: "മിസ്റ്റർ അയ്യങ്കാളി...... ഞാൻ നിങ്ങൾക്കു വേണ്ടി എന്തു ചെയ്യണം? എന്നു ചോദിച്ചപ്പോൾ അയ്യങ്കാളി പറഞ്ഞ മറുപടി ഇതായിരുന്നു:

"എന്റെ വർഗത്തിൽ നിന്ന് പത്തു ബി.എ.ക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാൻ "ആ അഭ്യർത്ഥന കേട്ട ഗാന്ധിജി പറഞ്ഞു.
"പത്തല്ല നൂറു ബി.എ. ക്കാർ ഉണ്ടാകും" തന്റെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നുo അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു.
ഇത്രയും എഴുതിയത് അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ ത്യാഗോജ്ജലമായ വഴി മനസ്സിലാക്കാനാണ്. കേരളീയന്റെ ശരാശരി ജീവിതത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ മറന്ന് ഒരു സംവാദവും പൗരാവകാശ ബാഹ്യമായതിൽ ഊന്നി സുഖിപ്പിച്ചു കൂടാ. സമീപനത്തിൽ വരുന്ന ലാഘവം, ഉദാസീനത വലിയ ചില പ്രശ്നങ്ങളെ മറച്ചുപിടിക്കാനാണ് സഹായിക്കുക.ബഹുമുഖമായ നിരവധി പ്രശ്നങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നേരിടൽ വോട്ടിന്റെ വിലയറിയാൻ പൗരനോട് ആവശ്യപ്പെടുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group