
സ്‌കൂളിലെ അപകടം :മുരളി തുമ്മാരുകുടി
രാവിലെ മകനെയോ മകളെയോ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്‌കൂളിലേക്ക് വിടുന്ന അമ്മ.
അമ്മക്ക് ഉമ്മയും റ്റാറ്റായും കൊടുത്തു പോകുന്ന മക്കൾ. പിന്നെ വരുന്നത് ഒരു ഫോൺ കോൾ ആണ്, സ്‌കൂളിലേക്കുള്ള വഴിയിലോ, സ്‌കൂളിലോ, സ്‌കൂളിൽ നിന്നും വരുമ്പോഴോ ഒരു അപകടം ഉണ്ടായി, കുട്ടിക്ക് ഗുരുതരമായി പരുക്ക് പറ്റിയിരിക്കുന്നു, ചിലപ്പോൾ മരിച്ചുപോയെന്നും വരാം.
ആ അമ്മയുടെ ദുഃഖത്തിന് അതിരുണ്ടോ? ആ കുടുംബത്തിന് പിന്നെ സന്തോഷത്തോടെ ഒരു ദിനം ഉണ്ടോ ജീവിതത്തിൽ? ഇതൊരു സാങ്കൽപ്പിക കഥയല്ല. കേരളത്തിൽ എത്രയോ വീടുകളിൽ വർഷാവർഷം ഈ സാഹചര്യം ആവർത്തിക്കുന്നു. ഇന്നും ഇങ്ങനെ ഒരു സംഭവം വായിച്ചു.
ഓരോ അപകടവും ഓരോ തരത്തിലാണ് ഉണ്ടാകുന്നത്, അതുകൊണ്ട് ഒരപകടം ഉണ്ടായിക്കഴിയുമ്പോൾ ആ അപകടം എങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നതിൽ കാര്യമില്ല.
ആ അപകടത്തിന് ഉത്തരവാദികളായി ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്താൽ ആ കുടുംബത്തിന്റെ നഷ്ടത്തിനും ദുഖത്തിനും പരിഹാരമാകുമോ?
ഇന്നത്തെ ദുരന്തത്തിൽ നിന്നും പഠിച്ചു നാളത്തെ ദുരന്തം ഒഴിവാക്കുക എന്നതാണ് ശരിയായ കാര്യം. എല്ലാ വലിയ അപകടങ്ങളും ഉണ്ടാകുന്നത് വലിയ ഒരു പിഴവുകൊണ്ടല്ല എന്നും, ചെറിയ ഒന്നിലധികം പിഴവുകൾ ഒരുമിച്ചു വരുന്നതുകൊണ്ടാണെന്നും, അതുകൊണ്ടുതന്നെ എല്ലാ അപകടങ്ങളും ഒഴിവാക്കാവുന്നതാണെന്നും ആണെന്നാണ് ഞങ്ങൾ ദുരന്ത ലഘൂകരണക്കാർ ഏറെ പഠനങ്ങളിൽൽ നിന്ന് മനസ്സിലാക്കിയിരിക്കുന്നത്. കേരളത്തിലെ സ്‌കൂളുകളിൽ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ ഒഴിവാക്കാവുന്നതാണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല.
എങ്ങനെയാണ് സ്‌കൂളുകൾ അപകടമുക്തം ആക്കുന്നത് ?
ഓരോ സ്കൂളിലും അപകടം ഉണ്ടാകാൻ പലവിധ സാധ്യതകളുണ്ട്. അത് സ്കൂളിന്റെ ലൊക്കേഷൻ, നിർമ്മിച്ചരിക്കുന്ന വസ്തുക്കൾ, ഒരു നിലയാണോ, ഒന്നിൽ കൂടുതൽ നിലകൾ ഉണ്ടോ, സ്‌കൂളിനകത്തോ അടുത്തോ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിങ്ങനെ അനവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഇവ ഓരോന്നും മുൻകൂട്ടി കണ്ടുപിടിക്കാവുന്നതും, ദുരന്ത സാധ്യത അനുസരിച്ച് മുൻകരുതലുകൾ എടുക്കാവുന്നതും, കൂടുതൽ ശ്രദ്ധയോടെ പെരുമാറാൻ കുട്ടികളെ പരിശീലിപ്പിക്കാവുന്നതും ആണ്.
ഇതിന് ആദ്യം ചെയ്യേണ്ടത് സ്‌കൂളിൽ ഒരു സുരക്ഷാ ഓഡിറ്റ് നടത്തുകയാണ്. അതിൽ അപകട സാധ്യത കണ്ടുപിടിച്ച് പറ്റുന്നവെയെല്ലാം ഒഴിവാക്കണം.
ബാക്കി ഉള്ളതിനെപ്പറ്റി സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ ഒരു മണിക്കൂർ സമയം എടുത്ത് എല്ലാ വിദ്യാർത്ഥികളേയും ബോധവൽക്കരിക്കണം. ഈ വർഷം കേരള ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി ഇത്തരത്തിൽ ഒരു ഓഡിറ്റ് നടത്താൻ നിർദ്ദേശം നൽകിയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്ങനെയാണ് ഈ അപകട സാധ്യത കണ്ണിൽ പെടാതിരുന്നത്? ഓഡിറ്റ് നടന്ന മറ്റു സ്‌കൂളുകളിലും ഇത്തരം സാദ്ധ്യതകൾ ബാക്കിയുണ്ടോ?
കേരളത്തിൽ ഓരോ സ്‌കൂൾ വർഷം തുടങ്ങുമ്പോഴും ഒരു സുരക്ഷാവിദഗ്ദ്ധൻ എന്ന നിലയിലും രക്ഷിതാവ് എന്നനിലയിലും ഞാൻ ആശങ്കാകുലൻ ആണ്.
മിക്കവാറും സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ ഒന്നിൽ കൂടുതൽ കുട്ടികളുടെ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത് കണ്ട് സഹികെട്ട് 2003 ൽ തന്നെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗരേഖ ഞാൻ ഇംഗ്ളീഷിലും മലയാളത്തിലും എഴുതി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിരുന്നു.
‘സ്‌കൂളുകളിലെ സുരക്ഷ’ എന്ന പേരിൽ ഞാൻ തയ്യാറക്കി കേരളത്തിലെ വിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ച ലഘുലേഖയുടെ കോപ്പി ഇവിടെ അറ്റാച്ച് ചെയ്യുന്നു. ഇതിന്റെ ഇംഗ്ളീഷ് വേർഷനും ഉണ്ട്, വേണമെങ്കിൽ ചോദിച്ചാൽ മതി.
ഏറെ സങ്കടത്തോടെ, മരിച്ച കുട്ടിക്ക് ആദരാഞ്ജലികളോടെ, ഇനി ഒരു കുട്ടിയും സ്‌കൂൾ അങ്കണത്തിൽ മരിച്ചു വീഴരുതെന്ന ആഗ്രഹത്തോടെ,
മുരളി തുമ്മാരുകുടി





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group