
വെല്ലുവിളികളെ അതിജീവിക്കാൻ പൗരധർമ്മപ്രധാനമായ വിശാല വീക്ഷണം വേണം.
:സത്യൻ മാടാക്കര .
നമുക്കിടയിൽ ഒരുപാട് വെല്ലുവിളികൾ സാമൂഹ്യമായി നിലനില്ക്കുന്നു. ഇതിനെയെല്ലാം ഒറ്റയടിക്ക് തീർപ്പാക്കാനും കഴിയില്ല. അതിന് എല്ലവർക്കും സ്വീകാര്യമായ പൗരധർമ്മപ്രധാനമായ വിശാല വീക്ഷണം ഇടപെടലിൽ നടക്കണം. പൊതു മണ്ഡലത്തിന്റെ ആത്മാവ് എന്നു പറയുന്നത് ബഹുസ്വരത നിറഞ്ഞ സമത്വഭാവനയാകുന്നു. എന്തുകൊണ്ടോ നമുക്കത് സ്വാംശീകരിക്കാനാവുന്നില്ല. ബ്രാഹ്മണിക്കൽ അധികാര ഘടന പല വിലക്കുകളുമായി നമ്മളെ ബുദ്ധിമുട്ടിക്കുന്നു.
" ബ്രാഹ്മണ്യം വ്യത്യസ്ത സമുദായങ്ങളെ നിയന്ത്രിക്കുന്നത് ആത്മീയ അടിമകളാക്കിക്കൊണ്ടാണ്. സമുദായം എന്ന ജനഭാവനയെ ജാതിയാക്കി ശ്രേണീകരിച്ചാണ്ബ്രാഹ്മണ്യം അതിന്റെ നിയന്ത്രണാധികാരം ഉറപ്പു വരുത്തുന്നത്. ബ്രാഹ്മണ ദൈവ സങ്കല്പങ്ങളിലൂടെയും വിശ്വാസ പാരമ്പര്യങ്ങളിലൂടെയുമാണ് അവർണ സമുദായങ്ങളെ നിരന്തരം അടിമയാക്കാൻബ്രാഹ്മണ്യം ശ്രമിക്കുന്നത്.
'ഈഴവശിവൻ ' എന്ന പ്രയോഗത്തിലൂടെ നാരായണ ഗുരുസ്വാമികൾ ബ്രാഹ്മണ്യ സാമൂഹ്യക്രമം സ്ഥാപിച്ച ദൈവ ഭാവനകളുടെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കുകയായിരുന്നു. ഈഴവ സമുദായത്തിന് മാത്രമല്ല, വ്യത്യസ്ത സമുദായങ്ങൾക്ക് അവരവരുടേതായ ദൈവ സങ്കല്പങ്ങളുണ്ട്. മനുഷ്യരുടെ വൈവിധ്യ പൂർണ്ണമായ ദൈവ ഭാവനകളെ ഹിംസാത്മകമായി ഉന്മൂലനം ചെയ്തു കൊണ്ടാണ് ബ്രഹ്മണ്യ ക്രമം അതിന്റെ ദൈവ ഭാവനകളെ ആധിപത്യ പൂർണമായി ഉറപ്പിച്ചത്. ഭരണഘടനാ വിദഗ്ദനും നിയമ പണ്ഡിതനുമായ ഡോ. മോഹൻ ഗോപാലിന്റെ സൈദ്ധാന്തിക വാദങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:
"ഈഴവശിവൻ" എന്നു വെച്ചാൽ അവിടെ പ്രാദേശിക ഈഴവരുടെ വിശ്വാസത്തിൽ രൂപം കൊണ്ട ശിവസങ്കല്പം എന്നാകാം.
ഇത് ശൈവ ബ്രാഹ്മണർ ആരാധിക്കുന്ന ശിവസങ്കല്പത്തിൽ നിന്ന് വ്യത്യസ്തമാണ്.(ചില സമാനതകൾ ഉണ്ടെങ്കിലും ). ബ്രാഹ്മണർക്കു വിശ്വാസമുള്ള ശിവസങ്കല്പം 'ബ്രാഹ്മണ ശിവൻ ' ആയിരിക്കും.
ഇതിലൂടെ ദൈവ സങ്കല്പത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണരുടെmonopoly യെ ഗുരു അവസാനിപ്പിക്കുകയാണ് എല്ലാവർക്കും അവരവരുടെ ദൈവസങ്കല്പത്തെ സൃഷ്ടിക്കാനും സ്വീകരിക്കാനും പുജിക്കാനും ഉള്ള പരമാധികാരം ഉണ്ടെന്നു ഗുരു പഠിപ്പിക്കുന്നു.

'ഈഴവശിവൻ ' എന്ന് പറയുമ്പോൾ, ഗുരു ബ്രാഹ്മണരുടെ ശിവനെ വെറും 'ബ്രാഹ്മണ ശിവൻ ' മാത്രം ആയി ചുരുക്കുകയല്ലേ?
അതല്ലേ ' ഈഴവശിവൻ' എന്നുള്ള വളരെ Powerful ആയ ഗുരു സങ്കല്പം? ഇങ്ങനെ ആര്യൻ ദൈവ ഭാവനകളിലൂടെ മറ്റു സമുദായങ്ങളെ ബ്രാഹ്മണ്യ ക്രമം പിടിമുറുക്കുന്നത് തടയുക എന്ന ലക്ഷ്യം ഗുരുവിന്റെ 'ഈഴവ ശിവ ' പ്രയോഗത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്.
'ഈഴവശിവൻ ' എന്ന് ഗുരു പറഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ബ്രാഹ്മണ്യ സേവകരായ ശൂദ്ര പണ്ഡിതന്മാർ സമുദായം എന്ന ജനാധിപത്യ സംവർഗത്തെയാണ് യഥാർത്ഥത്തിൽ എതിർക്കുന്നത്. ഈഴവശിവൻ എന്ന പ്രയോഗത്തിലൂടെ ബ്രാഹ്മണ്യത്തിന്റെ ദൈവ ഭാവന അവർണ സമുദായങ്ങളെ ആധിപത്യ ഹിംസ നടത്തുന്നതിൽ നിന്നും ഗുരു തടയുന്നു. രാമന്റെയും കൃഷ്ണന്റെയും മതം വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയതിലൂടെയും 'മതം' എന്നാൽ അഭിപ്രായമാണെന്നു പ്രസ്താവിച്ചതിലൂടെയും ഗുരു, ഹിംസാ യുക്തിയിലൂടെ സംഘടിതമായ (organized ) മത ബോധ്യങ്ങളെ വിചാരണയ്ക്ക് വിധേയമാക്കുന്നു. ചുരുക്കത്തിൽ 'ബ്രാഹ്മണ ശിവൻ' എല്ലാവരുടേയും ശിവനാണെന്ന പൊതുബോധമാണ് വിമർശനവിധേയമാക്കപ്പെടുന്നത്. ബ്രാഹ്മണ ശിവനിലൂടെ വർണ്ണാശ്രമധർമ്മം അടിച്ചേല്പിക്കാനാണ് ബ്രാഹ്മണിസം ശ്രമിക്കുന്നത്. ഇതിനെയാണ് ഗുരു ഈഴവ ശിവനിലൂടെ തടയുന്നത്".
(ഹിന്ദുത്വം കേരളത്തിൽ - ഡോ.ടി.എസ്.ശ്യാംകുമാർ, പച്ചക്കുതിര മാസിക, ജൂലൈ 2024 )
കീഴാളൻ ജോലി റിട്ടയറാകുമ്പോൾ ശുദ്ധികലശം ചെയ്യുന്ന, നിറത്തിന്റെ (കറുപ്പ്) കളിയാക്കൽ തുടരുന്ന, ഇന്ന ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇപ്പോഴും നിലനില്ക്കുന്നു. പാരമ്പര്യം തുടരുന്നത് സ്വീകരിക്കണമെന്ന ആഢ്യശാസനകളിൽ നിന്ന് രക്ഷപ്പെടാനായി നമ്മുടെ ബുദ്ധിയുള്ള തലച്ചോറുകൾ അന്യ രാജ്യങ്ങളിൽ ജോലി തേടി പോകുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ ഐ.ടി. ജോലി ചെയ്യുമ്പോൾ ചില വീണ്ടുവിചാരം സമൂഹവും നടത്തണം. യുവത്വം സ്വീകരിക്കുന്ന അതിജീവനത്തിന്റെ രസതന്ത്രം നമുക്ക് ഭാവിയിൽ ചർച്ചയാക്കേണ്ടിവരും.ആ വിശാലതയിൽ നിന്ന് നോക്കുമ്പോൾ മഹാത്മാ ഗാന്ധിയിൽ നിന്ന് നമുക്ക് പകർത്താൻ ഒരുപാടുണ്ട്. വരേണ്യ സംസ്കാര അധീശത്തിനു മുമ്പിൽ വെച്ച് ഗാന്ധി പ്രസംഗിച്ച വാക്കുകൾക്ക് ഇന്നും പ്രസക്തി ഉണ്ട്.
"കർഷകരുടെ അദ്ധ്വാനഫലം മുഴുവൻ നമ്മൾ കവരുകയോ മറ്റുള്ളവരെ കവരാനനുവദിക്കുകയോ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. രാജ്യത്തിന്റെ മോചനം ഡോക്ടർമാരിലൂടെയോ, വക്കീലന്മാരിലൂടെയോ, സമ്പന്ന ഭൂപ്രഭുക്കളിലൂടെയോ മാത്രം സാധ്യമാകുമെന്ന് കരുതുന്നത് മൗഢ്യമാണ്".
ചൂഷണത്തിനെതിരെ അണിനിരക്കേണ്ട ഈ പ്രസംഗം 1916-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ആരംഭത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിലാണ് ഗാന്ധിജി പറഞ്ഞത്. അന്ന് സ്വതന്ത്ര്യ സമര പ്രസ്ഥാനം വളർന്നു വരുന്നതേയുള്ളൂ.
മാനവികതയിലൂന്നിയുള്ള വിമോചനോത്സാഹം സാമൂഹ്യപരമായി നിറവേറ്റുന്ന ദൗത്യം വിശാലമാകണമെങ്കിൽ അത് പൊതു സമൂഹത്തെ അറിയിച്ചുള്ള പ്രവർത്തനവും കൂടി നടക്കണം.
നാരായണ ഗുരുവിനെക്കുറിച്ച് നമുക്കറിയാം. എന്നാൽ അയ്യാ വൈകുണം സ്വാമികൾ,അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വാഗ്ഭടാനന്ദൻ എന്നിവർ സാമൂഹ്യ തിന്മയ്കെതിരെ നടത്തിയ എതിരിടൽ വേണ്ടത്ര അടിത്തട്ടിലുള്ള ജനങ്ങളിൽ എത്തിയിട്ടില്ല. അതറിയിക്കാൻ ശ്രമിക്കാത്ത വിസമ്മതം സവർണ്ണ - ബ്രാഹ്മണിക്കൽ മൂല്യങ്ങൾക്ക് നേടിക്കൊടുക്കുന്ന സ്വീകാര്യത ചർച്ച ചെയ്യാപ്പടേണ്ടതുണ്ട്. സോഷ്യൽ ക്രിട്ടിക്കുകൾക്ക് അതൊക്കെ ചെയ്യാമെന്നിരിക്കെ മൗനം ജനാധിപത്യ, പൗര വികാസത്തിന് സഹായിക്കില്ലയെന്നു പറയാൻ നമ്മൾതയ്യാറാകണം.

കൾച്ചർ, കമ്യൂൺ എന്നിവയൊക്കെ കൺസ്യൂമറിസം ഏതാണ്ട് സ്വന്തമാക്കിയ കാലത്ത് നുഴഞ്ഞുകയറി വരുന്ന മാടമ്പി വാക്കുകളെയും, ആഢ്യതയുടെ വിലക്കുകളെയുമാണ് സാഹിത്യത്തിനു പുതുക്കാനുള്ളത്. ആവിഷ്ക്കാരത്തിന്റെ സവർണ്ണ മാതൃക തന്റേടത്തിലൂടെയേ നേരിടാനാകൂ. തുറന്നു പറച്ചിൽ ഭൂതകാല ആത്മരതിയാക്കാതെ സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാനുള്ള വികേന്ദ്രീകരണ സാഹിത്യ ചലനം എന്ന നിലയ്ക്ക് കാണണം.ആ നിലയ്ക്ക് 'ആത്രേയകം ' (ആർ.രാജശ്രീ )' മരണ വംശം ' (പി.വി.ഷാജികുമാർ) എന്നീ നോവലുകളും വേടന്റെ റാപ്പ് മുന്നേറ്റവും നമുക്ക് വായിച്ചെടുക്കാം. ജാതിമേധാവിത്വത്തിനു വീര്യം കൂട്ടുന്ന, ന്യൂ ജനറേഷൻ ടെക്നോപൊളിക്ക് കീഴടങ്ങുന്ന, പൗരാവകാശത്തിനു കോടതി നിരങ്ങി നടക്കേണ്ട, അവസ്ഥയിൽ എതിർ വാക്ക് വിമർശന യോഗ്യതയുള്ള സർഗ്ഗാത്മകത തന്നെയാകുന്നു. പൊതു ബോധ വിരുദ്ധതയുടെ രോഗാവസ്ഥ, രോഗ ലക്ഷണം തിരിച്ചറിഞ്ഞു പെരുമാറുക ചില്ലറക്കാര്യമല്ല. അതിലൂടെ അടിയറവ് പറയാത്ത, കുനിയാൻ പറഞ്ഞാൽ കുമ്പിടുന്ന സാംസ്കാരികത വിചാരണ ചെയ്യപ്പെടണം. രോഗാതുരതയുടെ വൈറസ് പടരുമ്പോൾ ജാഗ്രത നല്കിയ സുകുമാർ അഴീക്കോട്, എം.എൻ. വിജയൻ, കെ.പി. അപ്പൻ, ടി.കെ. രാമചന്ദ്രൻ, രവീന്ദ്രൻ, ബാബു ഭരദ്വാജ് എന്നിവരുടെ വിയോഗം നന്നായി എന്റെ തലമുറ തിരിച്ചറിയുന്നു. തൃപതി പ്പെടുത്തുക എന്നതല്ല സർഗ്ഗാത്മക ധർമ്മം. കള്ളനും വേശ്യയും കഥാപാത്രമാക്കായപ്പോൾ ബഷീർ അതിലൊരു നീതി കണ്ടു. ആ നീതിയാണ് ആഗോളീയതയുടെ വെടിക്കെട്ട് ഒറ്റ ദിവസത്തെ ഉത്സവ പെടിക്കെട്ടാക്കി പൊട്ടിക്കുന്നത്.
ഒരാളിലെ പുറത്തുവരാത്ത ചോദ്യം
അടിയറവ്.
അയാൾ ചോദ്യം വിഴുങ്ങിയ പരേതൻ.
പെരുമാൾ ദാഹമുള്ള കടലെഴുത്ത്
ഒന്നിലും രാജിയാകുന്നില്ല.
'ഒന്നങ്ങനെ ഒന്നിങ്ങനെ,
കൊച്ചുബാവയെ ഞാൻ ഓർക്കുന്നു.
ദയാനിധികളേ;
എവിടെ രക്തം വീഴാത്ത തെരുവ്
അഭയാർത്ഥികൾക്ക്
സമചിത്തത കിട്ടുന്ന വീട്.
മനസ്സിൽ വെളിച്ചം നിറയണമെങ്കിൽ
നന്മ സമരം തുടരണം.
അത്, ഒഴുകിപ്പോകുമ്പോഴുള്ള പിടിവള്ളി,
കാഴ്ചയുടെ കടലിലെ പച്ച വിളക്ക്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group