
അപരനിന്ദയുടെ
പൊള്ളൽ ഹൃദയ
ശൂന്യത തുറന്നുകാട്ടുന്നു.
സത്യൻ മാടാക്കര .
വെളുപ്പിന്റെ അപ്രമാദിത്വം അപര നിന്ദയായി കറുപ്പ് നിറത്തെ കളിയാക്കുന്നത് നാം അടുത്തിടെ പത്രത്തിലൂടെ വായിച്ചറിഞ്ഞു. അത് ചീഫ് സെകട്ടറി (കേരള) ശാരദാ മുരളീധരന് ഏല്പിച്ച മുറിവ് അവർ തുറന്നെഴുതിയപ്പോഴാണ് അപരത്വം ഒട്ടും പരിഗണിക്കപ്പെടുന്നില്ല എന്ന വാസ്തവം ഹൃദയ ശൂന്യമായ സാമൂഹ്യതയെ മുൻ നിർത്തി ചിന്തിക്കേണ്ടി വരുന്നത്. കേരളത്തിന്റെ ഏറ്റവും ഉന്നതമായ ഉദ്യോഗക്കസേരയിലിരുന്നിട്ടും സമകാലിക കേരളം നിറത്തിന്റെ പേരിൽ നല്കിയ ആത്മസംഘർഷം ഒറ്റ വായന കൊണ്ട് മറന്നു കൂടാ. അവരുടെ വേദന അടഞ്ഞു പോകുന്ന സാക്ഷരതയുടെ നാണക്കേടായി നമ്മളറിയണം. ജയമോഹൻ എന്ന എഴുത്തുകാരന്റെ നൂറു സിംഹാസനം എന്ന കൃതിയിലെ അനുഭവം, ഗായിക സയനോര ഫിലിപ്പ്, നൃത്താദ്ധ്യാപകൻ ആർ.എൽ.വി.രാമകൃഷ്ണൻ, നിറത്തിന്റെ പേരിൽ കളിയാക്കലും അവസര നിഷേധവും അനുഭവിച്ചവരാണ്. ഒന്നോർത്താൽ നമ്മളിലെ പുരോഗമനാശയം, ആഗോള നവീന സ്വതന്ത്ര പൗരൻഎന്നിവയിൽ യാഥാസ്ഥിതികത്വം ഒഴിയാത്ത അറകളുണ്ടെന്ന് ശരിവെക്കുന്നു. എല്ലാവരും ആ യാഥാസ്ഥിതിക ശവത്തെ മനസ്സിൽ ചുമന്നു നടക്കുന്നു.
നിറത്തിന്റെ പേരിലുള്ള വിവേചനം എല്ലായിടത്തുമുണ്ട്. അതുകൊണ്ട് അതൊരു സാർവ്വലൗകിക പ്രതിഭാസം എന്ന് പറഞ്ഞു തള്ളിക്കളയാനാവുമോ!കെ.രാധാകൃഷ്ണൻ എം പി പറഞ്ഞത് പോലെ" കറുപ്പ് മോശമല്ല എന്ന ചിന്തയിലേക്ക് ഓരോ മനുഷ്യനും എത്തുമ്പോഴാണ് കറുപ്പിനും വെളുപ്പിനും തമ്മിൽ വ്യത്യാസമില്ലെന്ന് തിരിച്ചറിയാൻ കഴിയുക.ഇത്തരം വിവേചനം തുറന്നു പറയുകയും അത് ചർച്ച ചെയ്യുകയും സമൂഹം അതേറ്റെടുക്കുകയും ചെയ്യുമ്പോഴാണ് അതിനെതിരായ ചിന്തകൾ വളർന്നു വരിക."
ചീഫ് സെകട്ടറി ശാരദാ മുരളീധരൻ എഴുതിയ കുറിപ്പ് വിവേചനത്തോടുള്ള നിലപാടിന്റെ സാക്ഷ്യപത്രമായതിനാൽ അതിലെ വരികൾ നമുക്കൊന്നു കൂടി വായിക്കാം....
"കറുപ്പെന്നാൽ കറുപ്പ് തന്നെയാണ്. കറുപ്പ് വെറുമൊരു നിറം മാത്രമല്ല. നല്ലതൊന്നും ചെയ്യാത്ത, അസ്വസ്ഥതയുണ്ടാക്കുന്ന - തണുത്ത സേച്ഛാധിപത്യമുള്ള, ഇരുട്ടിന്റെ ഹൃദയമുള്ള എന്ന നിലയിലാണ് കറുപ്പെന്ന മുദ്ര കുത്തൽ. പക്ഷേ, കറുപ്പിനോട് എതാനാണിത്രയും നിന്ദ? കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്. എന്തും ആഗിരണം ചെയ്യാൻ കഴിയുന്ന ഒന്നാണ്. മനുഷ്യവർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജ സ്പന്ദനമാണിത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്: ഓഫീസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്ന വേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴമേഘപ്പൊരുൾ."

" ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
എന്ന് അരുവിപ്പുറത്തും
പിന്നീട്
അവനവനാത്മസുഖത്തിനാചരിപ്പത്
അപരന്ന് സുഖത്തിനായ് വരേണം
തീർത്തു പറഞ്ഞ നാരായണ ഗുരുവിനെയാണ് നമ്മളിവിടെ കാണാതെ പോകുന്നത്. അതുകൊണ്ട് വരേണ്യതയുടെ ഇരുട്ടിലേക്ക് തീപ്പാറുന്ന ചൂട്ട് കത്തിച്ച് വെളിച്ചം കാണാക്കുകയെന്ന ഉത്തരവാദിത്വം എല്ലാ മലയാളിക്കും ഉണ്ട്. അതിലൂടെയേ ജനാധിപത്യ വികാസം, സമഭാവന, ബഹുസ്വരത നിലനിർത്തുന്ന മനുഷ്യരായി മാറുകയുള്ളൂ. അരുന്ധതീ റോയ് പറഞ്ഞത് പോലെ
" ഏതൊരുവനും ഏതൊരുവൾക്കും സ്വയം തന്നെ സംസാരിക്കാൻ സാധിക്കുന ഒരു സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്"

മീനുകൾ അടിത്തട്ടിലൂടെ നീന്തുന്നു. എല്ലാ മീനും ചൂണ്ടയിൽ കുരുങ്ങണം എന്നില്ല. അതുകൊണ്ട് അപരനിൽ തെറ്റുകൾ കണ്ടെത്തി വിധി വാചകം പറയുന്നത് സമുഹത്തിന് അഭികാമ്യമല്ല. എല്ലാം അളന്നു തൂക്കിപ്പറയുന്ന കാലത്തിൽ നിന്ന് ലോകം മാറിയിരിക്കുന്നു. വാക്കും, ആശയവും തീർക്കുന്ന സഹവർത്തിത്വം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജാഗ്രതയുടെ ചിഹ്നം തന്നെ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group