അതിശക്തമായ റോബട്ടിക് ടെക്‌നോളജി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനി. 2025ല്‍ നിര്‍മിത ബുദ്ധി (എഐ) ശക്തിപകരുന്ന ഒരു ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടിനെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് നോയിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്‌വെര്‍ബ് ടെക്‌നോളജീസ് ( Addverb Technologies) ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അഡ്‌വെര്‍ബ് ടെക്‌നോളജീസിന് ഫണ്ട് നല്‍കുന്നത് റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ്. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് തന്റെ കമ്പനി നിര്‍മ്മിച്ചുവരുന്ന ഹ്യൂമനോയിഡ് റോബട്ടിന്റെ നിര്‍മാണ പുരോഗതി വര്‍ഷാവര്‍ഷം അറിയിച്ചു വരികയാണ്. ഇതിന് ഒപ്റ്റിമസ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും ബുദ്ധിയുള്ളതുമായ റോബട്ട് ആയിരിക്കും ഒപ്റ്റിമസ് എന്നാണ് വിലയിരുത്തല്‍.
ഒപ്റ്റിമസിനോട് കിടപിടിക്കത്തക്ക ശേഷികള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണ് അംബാനിയുടെ പിന്തുണയുള്ള അഡ്‌വെര്‍ബ് ടെക്‌നോളജീസ് ശ്രമിക്കുന്നതെന്നു പറയപ്പെടുന്നു. റിലയന്‍സിന്റെ ജിയോ എഐ പ്ലാറ്റ്‌ഫോംസ്, 5ജി സേവനങ്ങള്‍ തുടങ്ങിയവ അടക്കം പ്രയോജനപ്പെടുത്തിയാണ് റോബട്ടിനെ നിര്‍മ്മിക്കുന്നതെന്ന് അഡ്‌വെര്‍ബ് ടെക്‌നോളജീസ് അറിയിച്ചു. പ്രാദേശികമായി ഇത്തരം ടെക്‌നോളജി വികസിപ്പിക്കാന്‍ സാധിക്കുന്നത് രാജ്യത്തെ ടെക്‌നോളജി മേഖലയ്ക്ക് വലിയ നേട്ടമായിരിക്കുമെന്നു പറയുന്നു.
തത്സമയം തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും
ഒട്ടനവധി നൂതന ശേഷികളോടെയായിരിക്കും 2025ല്‍ റോബട്ടിനെ പുറത്തിറക്കുക. റോബട്ടിന് വന്‍തോതില്‍ മള്‍ട്ടിമോഡല്‍ ഡേറ്റ പ്രൊസസു ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും. കാഴ്ച, കേള്‍വി, ടച് ഇന്‍പുട്‌സ് തുടങ്ങിയവയില്‍നിന്നടക്കം ലഭിക്കുന്ന ഡേറ്റ താമസംകൂടാതെ പ്രൊസസ് ചെയ്യാന്‍സാധിക്കും. റോബട്ടിന് സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
തത്സമയം തീരുമാനങ്ങള്‍ എടുക്കാനും അതിന് സാധിക്കും. വിവിധ തരം തൊഴിലിടങ്ങള്‍ക്കായും അഡ്‌വെര്‍ബ് ടെക്‌നോളജീസ് നിര്‍മ്മിക്കുന്ന റോബട്ടിനെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഗോഡൗണുകള്‍, രാജ്യത്തിന്റെ പ്രതിരോധ മേഖല, ആരോഗ്യപരിപാലന വിഭാഗം തുടങ്ങി പലയിടങ്ങളിലും വിന്യസിക്കാന്‍പാകത്തിന് റോബട്ടിനെ പരുവപ്പെടുത്തിയെടുക്കാം എന്നാണ് കരുതുന്നത്.
ആധൂനിക ഗ്രാഫിക്‌സ് പ്രൊസസര്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ റോബട്ടിന് സങ്കീര്‍ണ്ണമായ കംപ്യൂട്ടേഷന്‍ വരെ നടത്താന്‍ സാധിക്കും. വിഷന്‍ പ്രൊസസിങ്, തീരുമാനമെടുക്കല്‍ തുടങ്ങിയവയില്‍ വരെ മികവുറ്റതാക്കാനാണ് ശ്രമം. അഡ്‌വെര്‍ബ് ടെക്‌നോളജീസിന്റെ റോബട്ടിന് എനര്‍ജി എഫിഷ്യന്റ്ആക്ചുവേറ്ററുകളും, പ്രവര്‍ത്തന സജ്ജമായ രണ്ടു കൈകളും, ഇരട്ടക്കാലുകളിലുള്ള ചലനവും സാധ്യമാക്കും. അതിനൊപ്പം വിഷ്വല്‍ ആന്‍ഡ് ലാംഗ്വെജ് ആക്ഷന്‍ (വിഎല്‍എ) ടെക്‌നോളജിയും ലഭ്യമാക്കും.
ഇന്ത്യയില്‍ ഹ്യൂമനോയിഡ് റോബട്ടുകളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനായിരിക്കും തങ്ങളുടെ ശ്രമം എന്ന് അഡ്‌വെര്‍ബ് ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ സംഗീത് കുമാര്‍ പറഞ്ഞു. ആഗോളതലത്തില്‍ ഇവയുടെ പ്രചാരം വര്‍ദ്ധിക്കുന്നതിനും കമ്പനിയുടെ ശ്രമം സഹായിക്കും. രാജ്യത്ത് റോബട്ടിക്‌സ്മേഖലയ്ക്ക് ഒരു കുതിപ്പായിരിക്കും പുതിയ ഉദ്യമം നല്‍കുക. മെയ്ക് ഇന്‍ ഇന്ത്യാ നീക്കത്തിനും തങ്ങളുടെ നീക്കം പ്രചോദനം പകരും. നൂതനത്വവും പുതിയ ടെക്‌നോളജിയും രാജ്യത്തെക്ക് എത്തും, അദ്ദേഹം പറയുന്നു.
ആഗോള തലത്തില്‍ ഹ്യൂമനോയിഡ് റോബട്ടുകളുടെ കാര്യത്തില്‍ ഏറ്റവും പ്രശസ്തം മസ്‌കിന്റെ ഒപ്റ്റിമസ് ആണ്. ഇത് 2025ല്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒപ്ടിമസിന്റെ ശേഷി, പ്രവര്‍ത്തനക്ഷമത തുടങ്ങി പല കാര്യങ്ങളിലും ഒട്ടനവധി പരീക്ഷണഘട്ടങ്ങളിലൂടെ അതിനെ ഇനിയും കടത്തിവിടേണ്ടതായിട്ടുണ്ട് എന്നാണ് വിദഗ്ധ മതം. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു റോബട്ട് എന്ന നിലയില്‍ അത് എത്രമാത്രം സുരക്ഷതമായിരിക്കുംഎന്ന കാര്യത്തിലും ഇനിയും പല പരീക്ഷണങ്ങളും നടത്താനുണ്ട് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അഡ്‌വെര്‍ബ് ടെക്‌നോളജീസിനും ഇത്തരത്തിലുള്ള ഒട്ടനവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരും.
തൃപ്തികരവും, സുരക്ഷിതവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹ്യൂമനോയിഡ് റോബട്ടിനെ പുറത്തിറക്കാന്‍ അഡ്‌വെര്‍ബ് ടെക്‌നോളജീസിനു സാധിക്കുമോ, അതോ ടെസ്‌ല വിജയിക്കുമോ എന്ന ചോദ്യമാണ് ഇന്ത്യന്‍ ടെക്‌നോളജി പ്രേമികളുടെ ചോദ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group