കാസർകോട്: മനുഷ്യ ശരീരത്തിലെ അലർജി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിന് സ്മാർട്ട് വാച്ചിൽ ഉപയോഗിക്കാവുന്ന ‘അലർട്ട്’ ആപ് വികസിപ്പിച്ച് കാസർകോട് സ്വദേശി. തിരുവനന്തപുരത്ത് കോളജ് ഓഫ് ആർക്കിടെക്ചർ ബാച്‌ലർ ഓഫ് ഡിസൈൻ ബിരുദധാരിയായ ആയിഷ ഫസലുറഹ്മാൻ ആണ് അസോഷ്യേറ്റ് പ്രഫ. ചൈതന്യ സോളങ്കിയുടെ മാർഗനിർദേശ പ്രകാരം അലർട്ട് ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് പ്രബന്ധം അവതരിപ്പിച്ചത്.
ആപ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് വാച്ച് ധരിക്കുന്നവർക്ക് മാത്രമല്ല ചികിത്സാ സമയത്തും മറ്റും ഡോക്ടർമാർക്കും ആപ് പരിശോധിച്ച് രോഗിയുടെ അലർജി തിരിച്ചറിയാൻ സാധിക്കും. ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്കെങ്കിലും അലർജി ഉണ്ടെന്നാണ് പഠനമെന്ന് ആയിഷ പറയുന്നു. സ്മാർട്ട് വാച്ചുകൾ ഇല്ലാത്തവർക്ക് ക്യുആർ കോഡ് സംവിധാനം ഉള്ള റിസ്റ്റ് ബാൻഡും രൂപകൽപന ചെയ്തിട്ടുണ്ട്.മെഡിസിൻ അലർജിയുള്ള തന്റെ ഒരു കുടുംബാംഗത്തിൽ നിന്നാണ് ആയിഷയ്ക്ക് ഇങ്ങനെയൊരു പ്രബന്ധത്തിന് പ്രചോദനം ലഭിച്ചത്. കഴിക്കാൻ പാടില്ലാത്ത മരുന്നുകളുടെ ഒരു കുറിപ്പടി കൈവശം വയ്ക്കേണ്ട ബുദ്ധിമുട്ട് ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ ഒഴിവാക്കാം.
അലർജിയുള്ളവർ അപകടത്തിലോ മറ്റു അവസരങ്ങളിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ഇവരെ പരിശോധിക്കുന്ന മെഡിക്കൽ സംഘത്തിന് അലർജി സംബന്ധമായ വിവരങ്ങൾ വാച്ചിലെ ആപ് വഴി അറിയാൻ കഴിയും. അപസ്മാരം, പ്രമേഹം പോലുള്ള ആരോഗ്യ സ്ഥിതി കൈകാര്യം ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്താം. ആപ്പിനുള്ള പേറ്റന്റ് തേടാനുള്ള ശ്രമത്തിലാണ് ചെമ്മനാട് കളനാട് ചാത്തങ്കൈ റോഡ് മാസ്റ്റേഴ്സ് വില്ലയിൽ ഫസലുൽറഹിമാന്റെയും സൈദയുടെയും മകളായ ആയിഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group