ഗൂഗിൾപേ രൂപത്തിലും
സൈബർ തട്ടിപ്പ് ; വേണം ജാഗ്രത
തൃശൂർ :പൊലീസ് ചമഞ്ഞും സിബിഐ ചമഞ്ഞും പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം ഗൂഗിൾപേ വഴിയും പണം തട്ടുന്നു. അച്ഛന്റെയൊ, മക്കളുടെയോ സുഹൃത്തുക്കളെന്ന് പറഞ്ഞാണ് ഫോൺ വിളിച്ച് ഗൂഗിൾ പേ വഴി പണം തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം തൃശൂർ കൈപ്പറമ്പ് കളത്തിക്കാട്ടിൽ രാജന്റെ മകൾ മിനു രാജുവിൽ നിന്ന് ഇത്തരത്തിൽ പണം തട്ടാൻ ശ്രമം നടന്നു. എന്നാൽ ജാഗ്രതമൂലം പണം നഷ്ടപ്പെട്ടില്ല. വിമുക്തഭടനായ രാജന്റെ സഹപ്രവർത്തകനായ ഗുപ്ത എന്ന് പേര് പരിചയപ്പെടുത്തിയാണ് മിനുവിന് ഫോൺ വന്നത്. ഹിന്ദിയിലായിരുന്നു സംസാരം. ആശുപത്രി ആവശ്യത്തിന് അച്ഛന് 15000 രൂപ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന്റെ ഫോണിൽ നെറ്റ് പ്രശ്നം ഉണ്ടെന്നും പറഞ്ഞു. അച്ഛന്റെ ആവശ്യത്തിനായി മകളെ സഹായിക്കാനെന്നോണം സുഹൃത്ത് 10,000 രൂപ മിനുവിന് ഗൂഗിൾ പേ ചെയ്‌തതായും പറഞ്ഞു. 10,000 രൂപ ലഭിച്ചതായി സന്ദേശവും ഫോണിൽ തെളിഞ്ഞു. 5,000 കൂടി വീണ്ടും അയച്ചു. സന്ദേശം നോക്കാൻ പറഞ്ഞു. 5,000 രൂപയ്ക്ക് പകരം 50,000 ലഭിച്ചതായാണ് സന്ദേശം. ‘അയ്യോ തെറ്റി, ഒരു പൂജ്യം കൂടി പോയി. തിരിച്ച് ഉടൻ 45,000 രൂപ ഗൂഗിൾ പേ ചെയ്യുവാൻ പറഞ്ഞ് ഫോൺ നമ്പർ അയച്ചു. സംശയം തോന്നിയ മകൾ അച്ഛനെ വിളിച്ചതോടെ തട്ടിപ്പാണെന്ന് മനസ്സിലായി. അതേ സമയം ഫോണിൽ പണം കൈമാറിയതായി മെസെജ് വരികയും ചെയ്‌തു. എന്നാൽ വന്നത് ബാങ്കിന്റെ സന്ദേശം അല്ലെന്നും വ്യാജമാണെന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടിലും പണം ക്രെഡിറ്റ് ആയിട്ടില്ല.
അച്ഛൻ രാജന്റെ സഹപ്രവർത്തകനായിരുന്ന കേണൽ ഗുപ്തയുമായി മിനു പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അദ്ദേഹമായിരിക്കും വിളിക്കുന്നതെന്നാണ് കരുതിയത്. കബളിപ്പിക്കൽ ചിന്ത തോന്നിയില്ല. പണം പെട്ടെന്ന് തിരിച്ചയക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംശയമായത്. മിനു ഡൽഹിയിൽ ഫ്രഞ്ച് എംബസിയിൽ പ്രോട്ടോകോൾ ഓഫീസറാണ്. ജോലിത്തിരക്കുകൾക്കിടയിലും മിനു പെട്ടെന്ന് ഉണർന്ന് ചിന്തിച്ചതിനാൽ പണം നഷ്ടപ്പെട്ടില്ല. നിരവധിപേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായാണ് സൂചന. അപകടവും ആശുപത്രിക്കേസുകളും പറഞ്ഞാണ് തട്ടിപ്പ്. പണം ക്രെഡിറ്റ് ആയ സന്ദേശം കാണുമ്പോൾ മറ്റൊന്നും ആലോച്ചിക്കാതെ പൈസ തിരിച്ച് അയക്കുവാൻ സാധ്യതയുണ്ടാകും. ഫോൺ കോളുകൾ വരുമ്പോൾ ജാഗ്രതവേണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group