ഒറ്റനോട്ടത്തിൽ തട്ടിപ്പാണെന്നുതോന്നുന്ന കാര്യങ്ങളിൽ വീണ്ടും ചെന്നുചാടാതിരിക്കാൻ വിവേചനബുദ്ധി ഉപയോഗിക്കേണ്ടത് നമ്മളാണ്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചാൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക എന്നതാണ് അതിൽ പ്രധാനം
പ്രബുദ്ധകേരളത്തിൽ, സാധാരണക്കാരും പ്രഗല്‌ഭരും പ്രൊഫഷണലുകളും ഒരുപോലെ ഹൈടെക് സൈബർ തട്ടിപ്പുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഒരേരീതിയിൽ ഒരേപോലെ, അതേ കുരുക്കുകളിൽ വീണ്ടും വീണ്ടും... നൈജീരിയക്കാരും രാജ്യത്തെ സൈബർ തട്ടിപ്പുകാരും അതിന്റെ പ്രാരംഭകാലംമുതൽ നമ്മളെ നോട്ടമിട്ടതുമുതൽ പോലീസും മാധ്യമങ്ങളും സർക്കാരും ബോധവത്‌കരണവുമായി സമയാസമയങ്ങളിൽ രംഗത്തുണ്ട്. എന്നിട്ടും അതിവേഗത്തിൽ ജനങ്ങൾ അതേ തട്ടിപ്പുകളിൽച്ചെന്നു ചാടിക്കൊണ്ടേയിരിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് ഇത്തരമൊരു തട്ടിപ്പിൽനിന്നു രക്ഷപ്പെട്ട വാർത്തയാണ് ഏറ്റവും പുതിയത്. സൈബർ തട്ടിപ്പുകൾ സംബന്ധിച്ച് പോയമാസം മാതൃഭൂമി ‘സൈബർ തിരുട്ടിടങ്ങൾ’ എന്ന പരമ്പരതന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതു വായിച്ച് ഇത്തരമൊരു തട്ടിപ്പിൽനിന്നു രക്ഷപ്പെട്ട വാർത്തയും വന്നു.
കുറ്റാന്വേഷണ വിദഗ്ധരുടെ മെയ്‌വഴക്കത്തോടെ, ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ച് മണിക്കൂറുകളോളം ‘വെർച്വൽ അറസ്റ്റി’ലാക്കുകയും ഒടുവിൽ രക്ഷപ്പെടാനുള്ള മാർഗം കാണിച്ചുകൊടുത്ത് ആ പേരിൽ പണംതട്ടുകയും ചെയ്യുന്ന സ്ഥിരം പദ്ധതിയായിരുന്നു ജെറി അമൽദേവിന്റെ കാര്യത്തിലും അരങ്ങേറിയത്. അറിയാത്ത നമ്പറിൽനിന്ന് ഒരു കോൾവരും, അത് നിങ്ങളുടെപേരിൽ അയച്ച കൂറിയറിൽ എം.ഡി.എം.എ.യോ കഞ്ചാവോ ഉണ്ടെന്നു പറഞ്ഞാകാം. അല്ലെങ്കിൽ നരേഷ് ഗോയലെന്നോ മറ്റേതെങ്കിലും പ്രമാദമായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് താങ്കളുടെ അക്കൗണ്ടിൽനിന്നും പണം കൈമാറിയെന്നു പറഞ്ഞാകാം. ഈ നരേഷ് ഗോയലിന്റെ പേരുപറഞ്ഞാണ് ഗിവർഗീസ് മാർ കുറിലോസിനെ അടുത്തിടെ പറ്റിച്ചത്, അതേ ആളുടെ പേരിൽ, അതേ പദ്ധതിയാണ് ജെറി അമൽദേവിന്റെ അടുത്തും പ്രയോഗിച്ചത്. രണ്ടുപേരെയും സി.ബി.ഐ.യുടെ പേരുപറഞ്ഞാണ് ഭയപ്പെടുത്തിയത്. രേഖകളും ഐഡന്റിറ്റി കാർഡുകളും കാണിച്ച് വിശ്വാസംവരുത്തി ഇവരെ അക്ഷരാർഥത്തിൽ ‘വെർച്വർ കസ്റ്റഡിയി’ലാക്കുകയായിരുന്നു. സുപ്രീംകോടതിയുടെ കീഴിലുള്ളതോ, റിസർവ് ബാങ്കിന്റെയോ അക്കൗണ്ട് എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ആ അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിക്കുകയാണ് ഈ തട്ടിപ്പുകാരുടെ പൊതുരീതി. ജെറി അമൽദേവിന്റെ കാര്യത്തിൽ പണമയക്കാൻ ബാങ്കിലെത്തിയപ്പോൾ മാനേജർ സജിനമോൾ പണം അയക്കാൻ കഴിയില്ലെന്ന് കട്ടായം പറഞ്ഞതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. അങ്ങനെ ഒരു സംശയംപോലും തോന്നാത്തവർ ഇതേരീതിയിൽ വീണ്ടും വീണ്ടും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതടക്കം പുറത്തുവന്ന ഹൈടെക് സൈബർ തട്ടിപ്പുകളിൽ പൊതുവായിക്കാണുന്നത്, കുറ്റാന്വേഷണ വിദഗ്ധരുടെ അതേ തന്ത്രങ്ങളും ആളുകളെ മാനസികമായി തളർത്തി അടിമപ്പെടുത്താനുള്ള മാർഗങ്ങളും ഉപയോഗിച്ച് ഇരകളെ വരുതിയിലാക്കാനുള്ള ശ്രമമാണ്. അവർ സ്വയം കണ്ടുപിടിച്ച ‘വെർച്വൽ കസ്റ്റഡി’യാണ് അവരുടെ പ്രധാന ടൂൾ. ഇവിടെ എല്ലാരംഗത്തും പ്രബുദ്ധരായ, എന്തിന് ഐ.ടി. പ്രൊഫഷണലുകൾപോലും വീണുപോകുന്നു. അവിടെയാണ് തട്ടിപ്പുകൾ പുറത്തറിഞ്ഞിട്ടും മലയാളികളെങ്ങനെ അതേപോലുള്ള തട്ടിപ്പുകളിൽ വീണ്ടും വീണ്ടും ഇരയാകുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്.
27,680 ബാങ്ക് അക്കൗണ്ടുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പൂട്ടിച്ചത്. കംബോഡിയയിലേക്കും ലാവോസിലേക്കുമൊക്കെയുള്ള സൈബർ തട്ടിപ്പ് സംഘങ്ങളിലേക്ക് മലയാളി ടെക്കികളെ റിക്രൂട്ട് ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമവും സജീവമായിനടക്കുന്നു. വ്യാജ സിംകാർഡുകൾ കണ്ടെത്തി ബ്ലോക്കുചെയ്തും, സൈബർ സെല്ലിന്റെ ഇടപെടൽ ശക്തമാക്കിയും സർക്കാർ സംവിധാനങ്ങൾ സജീവമായി രംഗത്തുണ്ട്. ഈ രംഗത്തേക്ക് പുതിയ സൈബർ കമാൻഡോകളെ നിയമിക്കാനുള്ള കേന്ദ്രനീക്കവും സ്വാഗതാർഹമാണ്. പ്രതിമാസം ശരാശരി 15 കോടി രൂപയാണ് കേരളത്തിൽനിന്നുമാത്രം സൈബർ തട്ടിപ്പുകാർ കൊണ്ടുപോകുന്നത് എന്നാണ് കണക്ക്. രാജ്യത്ത് ഈ വർഷം ഇതുവരെ തട്ടിയെടുത്തത് ഏകദേശം 7000 കോടിവരും.
ഓൺലൈൻ ട്രാൻസാക്‍ഷനുകൾ വഴി പണം അയച്ച് കെണിയിൽ കുടുങ്ങുന്നവരുടെ പുറത്തറിയാത്ത കഥകൾ ഒട്ടേറെയുണ്ട്. പണം ഇരട്ടിപ്പിക്കൽ, സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കൽ എന്നൊക്കെ പറഞ്ഞ് തട്ടിപ്പുകൾ ഒട്ടേറെയാണ്. സമാനമായ തട്ടിപ്പുകൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അതിനർഥം ജനങ്ങൾ മുൻസംഭവങ്ങൾ അറിയുന്നില്ല എന്നുതന്നെയാണ്. പത്രമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകളും പരമ്പരകളും ഗൗരവമായി വായിക്കാത്തവരാണ് പലപ്പോഴും കുഴികളിൽച്ചാടുന്നത്. ഒറ്റനോട്ടത്തിൽ തട്ടിപ്പാണെന്നുതോന്നുന്ന കാര്യങ്ങളിൽ വീണ്ടും ചെന്നുചാടാതിരിക്കാൻ വിവേചനബുദ്ധി ഉപയോഗിക്കേണ്ടത് നമ്മളാണ്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചാൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക എന്നതാണ് അതിൽ പ്രധാനം. പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടപെടലാണെങ്കിൽ സ്വന്തം ബാങ്കുകളുമായി ബന്ധപ്പെടാം. നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാനുള്ള മനസ്സുണ്ടാകുക എന്നതാണ് അതിപ്രധാനം.( കടപ്പാട് :മാതൃഭൂമി )
സൂക്ഷിച്ചോ… ഇത് AI തട്ടിപ്പ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള പണം തട്ടിപ്പ് കേരളത്തിലുമെത്തി. വർഷങ്ങൾ പരിചയമുള്ള സുഹൃത്തുക്കൾ വരെ അവർ പോലും അറിയാതെ വീഡിയോ കോളിൽ എത്തും. കോൾ എടുക്കുന്നയാൾക്ക് ഒരു സംശയവും തോന്നില്ല. കാരണം വീഡിയോ കോളിൽ വന്നിരിക്കുന്നത് സാക്ഷാൽ സുഹൃത്ത് തന്നെയല്ലേ. ആവശ്യപ്പെട്ടാൽ സഹായം നല്കാതിരിക്കാനാകുമോ.
സംശയത്തിന്റെ ഒരു കണിക പോലും തോന്നില്ല.
അങ്ങനെ കേരളത്തിൽ ആദ്യമായി വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപ്പെട്ട കഥ ഞെട്ടിക്കുന്നതാണ്. തന്ത്രം ഇതാണ്. നിർമിത ബുദ്ധിയിലെ ഡീപ് ഫേക്കിങ് സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത്തരം വീഡിയോ കോളുകൾ സൂക്ഷിക്കുക. ഈ രീതിയില്‍ രാജ്യത്ത് നടക്കുന്ന ആദ്യ തട്ടിപ്പാണ് ഇതെന്നാണ് സൈബര്‍ പൊലീസ് നല്‍കുന്ന സൂചന. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ആണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
ഇതോടെ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈൻ വഴി നഷ്ടമായാല്‍ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി കേരളാ പൊലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാം. ഒരു ലക്ഷം രൂപക്ക് മുകളില്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചാല്‍ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടെത്താനായിട്ടാണ് പ്രത്യേക സംഘത്തെ നിയമിച്ചത്. 1930 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം ഉടൻ അറിയിച്ചാല്‍, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.
വർഷങ്ങളായി നമുക്ക് പരിചയമുള്ള ഒരു വ്യക്തിയായി ചമഞ്ഞ് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുകയും വീഡിയോ കോളിൽ വരെ നേരിട്ട് എത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തന്ത്രം. ഒടുവിൽ കോഴിക്കോട് നടന്ന നിർമ്മിതബുദ്ധി ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ കേരളാ പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം സജീവമായി ഇടപെട്ടു. പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ ഒടുവിൽ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു.
സാങ്കേതികവിദ്യ വളരുന്ന വേഗത്തിൽ തന്നെ ആണ് അതിന് ചൂടുപിടിച്ചുള്ള തട്ടിപ്പുകളും വികസിക്കുന്നത്. ഇന്റർനെറ്റ് ബാങ്കിങ്ങിനുള്ള otp സഹിതം തട്ടിയെടുത്ത് ലക്ഷക്കണക്കിന് രൂപ ആളുകളിൽ നിന്ന് വെട്ടിച്ച കഥകൾ ഇന്ന് സാധാരണയായി കേൾക്കാറുണ്ട്. എന്നാൽ ഇതിനെയെല്ലാം കടത്തിവിട്ടുന്ന രീതിയിൽ യഥാർത്ഥത്തിൽ നാം ഓരോരുത്തരും ഭയപ്പെടേണ്ട രീതിയിലുള്ള ഒരു തട്ടിപ്പിന്റെ കഥയാണ് കോഴിക്കോട് നടന്നതും സൈബർ വിഭാഗം അതിന്റെ വേരുകൾ തേടിപ്പിടിച്ചു തകർത്തതും.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹൈടെക്ക് AI മാഫിയ 40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് രാധാകൃഷ്ണന് വീഡിയോകോളിൽ ലഭിച്ചത്. പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബൈയിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40000 രൂപ ആവശ്യപ്പെട്ടയാൾക്കു രാധാകൃഷ്ണൻ സംശയം കൂടാതെ ആ തുക കൈമാറി. എന്നാൽ അയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർത്ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകി.
സൈബർ പോലീസ് ഓപ്പറേഷൻ ഇങ്ങനെ
പരാതി ലഭിച്ചതിനു പിന്നാലെ കോഴിക്കോട് ഡി.സി.പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. നിര്‍മിത ബുദ്ധിയിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുഹൃത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍, ആമസോണ്‍ പേ വഴി അയച്ച പണം മുംബൈയിലെ രത്‌നാകര്‍ ബാങ്കിന്റെ അക്കൗണ്ടിലാണ് ക്രഡിറ്റ് ആയതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ നിന്നും 10,000 രൂപ വീതം നാലു തവണകളായി ഇതേ ബാങ്കിന്റെ മഹാരാഷ്ട്രയിലുള്ള ബ്രാഞ്ചിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്നും വിരമിച്ച പാലാഴി സ്വദേശി രാധാകൃഷ്ണന്‍ ഹൈടെക് തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് വാട്‌സ് ആപ്പ് കാള്‍ വന്ന ദിവസം തന്നെ മറ്റു മൂന്ന് സുഹൃത്തുക്കള്‍ക്കും ഫോണ്‍ വന്നിട്ടുണ്ട്. പക്ഷെ, അവരാരും പണം കൈമാറിയിട്ടില്ല. രാധാകൃഷ്ണന്റെ പേരില്‍ മറ്റു രണ്ടു പേര്‍ക്കും കാള്‍ പോയിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ വിപുലമായ കണ്ണി പ്രവര്‍ത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ജനങ്ങൾ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ഡി.സി.പി കെ.ഇ.ബൈജു പറഞ്ഞു.
കേരളാ പോലീസ് മുന്നറിയിപ്പ്
പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ തീർച്ചയായും ഒഴിവാക്കുക. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
അതിവേഗത്തിൽ സ്പീഡ് ട്രാക്കിംഗ്
വിവരം നല്‍കാൻ വൈകുന്തോറും തട്ടിപ്പുകാര്‍ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ വിവരം കൈമാറുകയാണ് അന്വേഷണത്തിന് വേണ്ടത്. വിദേശത്തേക്ക് പഠന വിസ നല്‍കാമെന്ന് വാഗ്ദനാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. ഓണ്‍ ലൈൻ വായ്പകള്‍ നല്‍കിയ ശേഷം തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊലീസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവര്‍ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ തട്ടിപ്പിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും നോഡല്‍ ഓഫീസര്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
തട്ടിപ്പുകൾ ഈ വിധവും
വിദേശത്ത് നിന്നും ഉയര്‍ന്ന വിലയ്ക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നല്‍ണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നല്‍കാൻ നികുതി അടക്കണം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകളും ഇപ്പോൾ സർവ സാധാരണമാണ്. ഇതുകൂടാതെ വാട്ട്സ്ആപ്പും മെസഞ്ചറും ഉപയോഗിച്ച് വീഡിയോ കോളുകള്‍ വഴി മോര്‍ഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പും വ്യാപകമാണ്. courtesy : Iam Channel
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group