പഴയ വാട്‌സാപ്പ് സന്ദേശങ്ങള്‍ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്‌തേ പറ്റൂ.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും ഈ സൗകര്യം ലഭിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്‌സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം
- ചാറ്റോ ഗ്രൂപ്പോ തുറക്കുക.
- പേരില്‍ ക്ലിക്ക് ചെയ്യുക
- സെര്‍ച്ച് ബട്ടണ്‍ തിരഞ്ഞെടുക്കുക
- ആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.
- ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
വര്‍ഷങ്ങളായി ഒരേ ഫോണില്‍ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പഴയ ചാറ്റുകള്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാവും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്‌സാപ്പ് വിവിധ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനകം ഈ ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ എത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ വാട്‌സാപ്പ് വേഗം അപ്‌ഡേറ്റ് ചെയ്യുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group