ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതോടെ ബാര്‍ഡിന് ലഭിക്കും. ഒപ്പം ബാര്‍ഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും കഴിയും.
ഇമേജ് ജനറേഷന്‍
പുതിയ അപ്‌ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. ആവശ്യമായ വിവരങ്ങള്‍ വിശദമാക്കിയുള്ള നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഈ സംവിധാനം ഇതിനകം മറ്റ് വിവിധ എഐ മോഡലുകളില്‍ നമ്മള്‍ കണ്ടതാണ്. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 എഐ മോഡലാണ് ഉന്നത ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിര്‍മിക്കാനായി ബാര്‍ഡില്‍ ഉപയോഗിക്കുക.
ചിത്രനിര്‍മിതിയില്‍ ഗുണമേന്മയും വേഗവും ഒരുപോലെ നല്‍കാന്‍ ഇമേജന്‍ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. സിന്ത്‌ഐഡി സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ ആയിരിക്കും ഇവ. അതുകൊണ്ടുതന്നെ മനുഷ്യ നിര്‍മിത ചിത്രങ്ങളെയും എഐ ചിത്രങ്ങളേയും വേര്‍തിരിച്ചറിയാന്‍ സാധിക്കും.
ദോഷകരമായ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. അക്രമാസക്തമായതും, അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ അവഗണിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ വ്യക്തികളെ പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുമാവില്ല.
വിവിധ ഭാഷകളില്‍ വസ്തുത പരിശോധിക്കാനുള്ള കഴിവ്
40 ഓളം ഭാഷകളിലുള്ള ഡബിള്‍ ചെക്ക് ഫീച്ചറും ബാര്‍ഡില്‍ ഇപ്പോള്‍ ലഭിക്കും. ബാര്‍ഡിന്റെ തന്നെ പ്രതികരണങ്ങളുടെ വസ്തുതകള്‍ പരിശോധിക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. ഇതിനായി പ്രത്യേകം ഐക്കണ്‍ നല്‍കിയിട്ടുണ്ടാവും. നേരത്തെ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണിത് ലഭിച്ചിരുന്നത്. ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകള്‍ ഇപ്പോഴുണ്ട്. ഇതുവഴി കൂടുതല്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാര്‍ഡിന് സാധിക്കും.
ജെമനി പ്രോ കൂടുതല്‍ ഭാഷകളില്‍
ബാര്‍ഡില്‍ ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം ഗൂഗിളിന്റെ ജനറേറ്റീവ് ഭാഷാ മോഡലായ ജെമിനി പ്രോയുടെ കഴിവുകള്‍ 40 ല്‍ അധികം ഭാഷകളില്‍ ലഭ്യമാക്കും. 230 ല്‍ ഏറെ രാജ്യങ്ങളില്‍ ഇത് ലഭിക്കും. ജെമിനിയുടെ പിന്‍ബലത്തില്‍ ബാര്‍ഡിന്റെ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group