വിണ്ണിൽ മാത്രം കണ്ടു കൊതിച്ചിട്ടുള്ള അമ്പിളി മാമൻ മണ്ണിൽ തൊട്ടപ്പോൾ മുതിർന്നവർ പോലും കുഞ്ഞുങ്ങളായി.
ഡിസംബർ അഞ്ചിന്റെ സന്ധ്യയിൽ തിരുവനന്തപുരം കനകക്കുന്നിലാണ് ആ വിസ്മയം സംഭവിച്ചത്.ചന്ദ്രൻ ഭൂമിയിൽ ഇറങ്ങുമെന്ന വാർത്ത കേട്ടു വെയിൽ ചാഞ്ഞപ്പോഴേ പുരുഷാരം തടിച്ചുകൂടി.
കാഴ്ച്ച നേരിൽ കണ്ടപ്പോൾ അവർ അത്ഭുത പരതന്ത്രംരായി.മൊബൈൽ കാമറയിൽ അവരത് ഒപ്പിയെടുത്തു.'അമ്പി ളി യമ്മാവാ താമര കുമ്പിളിലെന്തുണ്ട്?' എന്നു പഴന്തലമുറയിൽ പെട്ടവർ അറിയാതെ പാടി.
ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം മുൻകൂട്ടി തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്. അഞ്ചാം തീയതി വൈകുന്നേരം 7 മണി മുതൽ ആറാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി വരെ ചന്ദ്രബിംബം ഭൂമിയെ തൊട്ടു നിന്നു. ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസത്തിലാണ് ചന്ദ്രഗോളം ഉദിച്ചുയർന്നത്..
പരിപാടിയെപ്പറ്റി കണ്ടവരിൽ നിന്ന് ഇതുവരെ ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൂക് ജെറമിന്റെ പ്രഭാഷണത്തിന് അവസരം ലഭിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിഇടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ലൂക് ജെറം സംസാരിക്കുന്നുണ്ട്.
ഏറെ സന്തോഷം നൽകുന്നത് അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള പ്രതികരണമാണ്. യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂൺ' കാണുന്നതിന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തി.
കേരളത്തിൽ എത്രപേർക്ക് ഇപ്പോഴും ഈ പരിപാടിയുടെ ആഴം മനസ്സിലായിട്ടുണ്ടെന്നറിയില്ല. കാരണം പരമ്പരാഗത മാധ്യമങ്ങളുൾപ്പെടെ ഇതിനു നൽകിയിട്ടുള്ള പ്രചാരണം വളരെ പരിമിതമാണ്. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനം സൗജന്യമായിരുന്നു...
ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.
ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കിയത്.
മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിച്ചത്. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിച്ചത്. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടായിരുന്നു...
റിപ്പോർട്ട് :ജി .ഹരി നീലഗിരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group