
റിയോ ഡി ജനൈറോ: നിർമിതബുദ്ധിയുടെ (എഐ) ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന് 17-ാം ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. മാനുഷികമൂല്യങ്ങളും ശേഷികളും ഉത്തേജിപ്പിക്കാനുള്ള ഉപാധിയാണ് എഐയെന്നും അതുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കുന്നതിന് തുല്യപ്രാധാന്യം നൽകണമെന്നും മോദി പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനൈറോയിൽ ദ്വിദിന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായിനടന്ന എഐ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഐയുടെ ആഘാതങ്ങൾ സംബന്ധിച്ച് അടുത്തവർഷം ഇന്ത്യയിൽനടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രിക്‌സ് രാജ്യങ്ങളെ മോദി ക്ഷണിച്ചു. 21-ാം നൂറ്റാണ്ടിൽ മാനവരാശിയുടെ പുരോഗതിയും അഭിവൃദ്ധിയും സാങ്കേതികവിദ്യയെ, പ്രത്യേകിച്ച് എഐയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് മോദി പറഞ്ഞു. 'സർവതിനും എഐ' എന്ന മന്ത്രത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.
അപൂർവധാതുക്കളുടെയും അതു സ്വന്തമാക്കാനുള്ള സാങ്കേതികവിദ്യയുടെയും വിതരണശൃംഖലയ്ക്കായി ബ്രിക്‌സ് പ്രവർത്തിക്കണമെന്ന് മോദി പറഞ്ഞു, ഈ വിഭവങ്ങൾ ഒരുരാജ്യവും സ്വാർഥനേട്ടത്തിനായോ മറ്റുള്ളവർക്കെതിരായ ആയുധമായോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപൂർവധാതുക്കളുടെ കയറ്റുമതിയിൽ മുന്നിൽനിൽക്കുന്ന ചൈന ഇക്കാര്യത്തിൽ സുതാര്യത കാണിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് മോദിയുടെ പ്രസ്താവന.
ഉച്ചകോടിയുടെ ഇടവേളയിൽ ക്യൂബൻ പ്രസിഡൻ്റ് മിൽ ഡയസ്-കാനെലുമായും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ബിൻ ഇബ്രാഹിമുമായും മോദി വെവ്വേറെ കൂടിക്കാഴ്ചനടത്തി. ആയുർവേദം, ഇന്ത്യയുടെ ഏകീകൃത ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ, ദുരന്തനിവാരണം, നൈപുണിവികസനം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ക്യൂബയും തീരുമാനിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് മോദിയും അൻവർ ഇബ്രാഹിമും ചർച്ചനടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group