തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; കെ-6 മിസൈല്‍ കടലിന്നടിയില്‍നിന്ന് കുതിക്കും

തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; കെ-6 മിസൈല്‍ കടലിന്നടിയില്‍നിന്ന് കുതിക്കും
തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; കെ-6 മിസൈല്‍ കടലിന്നടിയില്‍നിന്ന് കുതിക്കും
Share  
2025 Jun 27, 03:17 PM
MANNAN

ന്യൂഡല്‍ഹി: അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം പൂര്‍ത്തിയാകുന്നു. കെ-6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാനാകും. അതായത് മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ എന്നതാണ് മിസൈലിന്റെ വേഗം. നിലവില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴില്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ് കെ-6. മുന്‍ഗാമികളായ കെ-4, കെ-5 മിസൈലുകളെ അപേക്ഷിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കെ-6. 2030ല്‍ മിസൈല്‍ പരീക്ഷണം നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.


8000 കിലോമീറ്ററോളം ദൂരത്തില്‍ ഇന്ത്യയ്ക്ക് ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലാണിത്. പരമ്പരാഗത പോര്‍മുനകളും ആണവായുധവും വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍. ഇന്ത്യയുടെ നാവിക ആണവ പ്രതിരോധത്തിന്റെ നട്ടെല്ലായി മാറുന്ന അത്യാധുനിക ആയുധമാകും ഇത്. അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ( സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍- എസ്.എല്‍.ബി.എം) ആയാണ് കെ-6നെ വികസിപ്പിക്കുന്നത്. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് നേവല്‍ സിസ്റ്റം ലബോറട്ടറി ( എ.എസ്.എല്‍)യാണ് മിസൈലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.


കെ-6 മിസൈല്‍ പദ്ധതി 2017-ലാണ് ആരംഭിച്ചത്. വെറും എട്ടുവര്‍ഷം കൊണ്ട് മിസൈല്‍ വികസനം അതിന്റെ പൂര്‍ണതയിലേക്ക് എത്തുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനീസ് കടന്നുകയറ്റം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അതിവേഗം മിസൈല്‍ വികസനം നടന്നത്. നിലവില്‍ ചൈനയുടെ പക്കലുള്ള ജെ.എല്‍-3 എന്ന എസ്.എല്‍.ബി.എമ്മിന് 9000 കിലോമീറ്ററോളം പ്രഹരപരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും പ്രതിരോധത്തിനായി ആക്രമണ ശേഷി ഉയര്‍ത്തുന്നത്.


ഹൈപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ മിക്ക രാജ്യങ്ങളുടെയും പ്രതിരോധ സംവിധാനങ്ങള്‍ക്ക് കെ-6 മിസൈലിനെ തടയാനാകില്ല. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. അതായത് ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകും. ഇതിനായുള്ള മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റി എന്‍ട്രി വെഹിക്കിള്‍ - എം.ഐ.ആര്‍.വി എന്ന ടെക്‌നോളജി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ്. ഒരേസമയം ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകുമെന്നതിനാല്‍ കെ-6 മാരകമായ ആയുധമായി മാറുന്നു. അതിനാല്‍ ഇവയുടെ ആക്രമണം തടസപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമാണ്. ലോകത്ത് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ സ്വന്തമായുള്ളു. യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ സാങ്കേതിക വിദ്യവശമുള്ളു. ഈ എലൈറ്റ് ക്ലബ്ബിലാണ് ഇപ്പോള്‍ ഇന്ത്യയും. വിക്ഷേപണങ്ങളുടെ എണ്ണം കുറയ്ക്കാനും അതേസമയം തന്നെ ശത്രുവിന് മേല്‍ പരമാവധി ആഘാതം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.


8000 കിലോമീറ്ററോളം ദൂരത്തേക്ക് ആക്രമണം നടത്താമെന്നതിനാല്‍ സുരക്ഷിതമായ ദൂരത്തിലിരുന്ന് കടലിനടിയില്‍നിന്ന് ശത്രുവിനെ ആക്രമിക്കാനാകുമെന്നതാണ് കെ-6 മിസൈല്‍ കൊണ്ടുള്ള മെച്ചം. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് ഇത്. 12 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 3000 കിലോയോളം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും.


അതേസമയം, ഇന്ത്യയുടെ നിലവിലുള്ള അന്തര്‍വാഹിനികള്‍ക്ക് കെ-5 മിസൈലിനെ വഹിക്കാനാകില്ല. മിസൈലിന്റെ വലിപ്പം കൂടുതലായതാണ് കാരണം. അതിനാല്‍ ഇന്ത്യ തദ്ദേശീയമായി ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയൊരു അന്തര്‍വാഹിനി വികസിപ്പിക്കുന്നുണ്ട്. എസ്-5 എന്ന കോഡില്‍ വികസിപ്പിക്കുന്ന ഈ അന്തര്‍വാഹിനിക്ക് 16 കെ-6 മിസൈലുകള്‍ ഒരേസമയം വഹിക്കാനാകും. നിലവിലെ അരിഹന്ത് ക്ലാസിലുള്ള ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളേക്കാള്‍ ഭാരമുള്ളവയായിരിക്കും എസ്-5 ക്ലാസിലുള്ളവ. 13,000 ടണ്‍ ഭാരമുള്ളവയായിരിക്കും ഇവയെന്നാണ് വിലയിരുത്തല്‍.


ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ച 190 മെഗാവാട്ട് റിയാക്ടര്‍ ആയിരിക്കും അന്തര്‍വാഹിനിക്ക് ഊര്‍ജ്ജം നല്‍കുക. അരിഹന്ത് ക്ലാസിലുള്ള അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നത് 83 മെഗാവാട്ട് റിയാക്ടറാണ്. അന്തര്‍വാഹനിയുടെ ഡിസൈനും മറ്റ് കാര്യങ്ങളും ഏകദേശം പൂര്‍ത്തിയായി. 2027-ഓടെ നിര്‍മാണം ആരംഭിച്ച് 2030-ല്‍ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഉരുക്ക് നിര്‍മ്മിക്കുക സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ആയിരിക്കും. സ്റ്റെല്‍ത്ത് സവിശേഷതകള്‍ കൂടിയുള്ള അന്തര്‍വാഹിനിയാകും എസ്-5 ക്ലാസിലുള്ളവ.


നിലവില്‍ കരയില്‍നിന്നും കടലില്‍നിന്നും സമുദ്രത്തിനടിയില്‍നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ഈ ശേഷിയെ വര്‍ധിപ്പിക്കുന്ന മിസൈലാണ് കെ-6. നിലവില്‍ വികസിപ്പിക്കപ്പെട്ട ലോകത്തുള്ള ഏത് എസ്എല്‍ബിഎമ്മിനേക്കാളും വേഗമുള്ള ഹൈപ്പര്‍ സോണിക് മിസൈലാണ് കെ-6. ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്നി മിസൈലുകളുടെ വികസിത പതിപ്പാണ് കെ സീരിസിലുള്ള മിസൈലുകള്‍. എന്നാല്‍, അഗ്നി മിസൈലുകളേക്കാള്‍ വേഗവും, ഭാരക്കുറവും റഡാറുകളെ വെട്ടിക്കാനുള്ള കഴിവുമുള്ളവയാണ് കെ സീരിസിലുള്ള മിസൈലുകള്‍. ഇവയുടെ ഗതിനിര്‍ണയ സംവിധാനങ്ങളുള്‍പ്പെടെ എല്ലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ്. ലക്ഷ്യമിട്ട സ്ഥലത്ത് 90 മുതല്‍ 100 മീറ്റര്‍ അടുത്ത് വരെ ആക്രമണം നടത്താന്‍ കെ-6 മിസൈലിന് സാധിക്കും.


നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കെ സീരിസിലെ പ്രധാന മിസൈലുകള്‍ ഇവയാണ്. കെ-4- 3500 കിലോമീറ്ററാണ് പ്രഹരപരിധി. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനകളില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ-5 മിസൈല്‍. 5000 മുതല്‍ 6000 കിലോമീറ്ററാണ് പ്രഹരപരിധി. ഇവയുടെ വികസനം പൂര്‍ത്തിയായി.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2