
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കണം-
സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി
കോഴിക്കോട് : ഏതുവിശ്വാസത്തിന്റെ പേരിലായാലും മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളം നടന്നു വരുന്ന സത്സംഗങ്ങളുടെ സമാപനസമ്മേളനം വിശ്വജ്ഞാനമന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

ജാതിയുടെയും മതത്തിന്റെയും ഉൾപ്പിരിവുകൾക്കും പോരാട്ടങ്ങൾക്കുമാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് . നാമെല്ലാം ദൈവത്തിന്റെ മക്കളാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിന്റെ പേരിലാണ് കലഹിക്കുന്നത്. ആരാധനാലയങ്ങൾ സന്ദർശിക്കാനും ആ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ശാന്തിയും സമാധാനവും നുകരാനും ജാതിമതവർണ്ണവ്യത്യാസങ്ങൾ തടസ്സമാകരുത്. വ്യത്യസ്ത മതത്തിലുളളവർക്ക് ഒരുമിച്ചിരിക്കാൻ ഇടമുണ്ടാകണം. ജാതിയോ, മതമോ മറന്ന് മനുഷ്യനെന്ന ഏകാത്മസിദ്ധാന്തത്തിൽ എത്തിച്ചേരാനുളള ഇടമാണ് ശാന്തിഗിരിയെന്നും രാജ്യത്തിന്റെ ബഹുസ്വരതയും നാനാത്വവും ഉയർത്തിപ്പിടിക്കുന്ന മാനവികതയുടെ സന്ദേശമാണ് ആശ്രമം മുന്നോട്ടൂവെയ്ക്കുന്നതെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ എം. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്തംഗം അജിത.എ.കെ, ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ഗുരുസവിധ്, സ്വാമി ജനതീർത്ഥൻ, സ്വാമി ആത്മബോധ, സ്വാമി ജഗത്രൂപൻ, സ്വാമി ആത്മധർമ്മൻ, ആശ്രമം അഡൈ്വസറി കമ്മിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ സബീർ തിരുമല, റ്റി. പി. കേളൻ, സി.ബി. മുരളിചന്ദ്രൻ , പി.എം.ചന്ദ്രൻ, ഷീബ.പി.വി, ഷാജി.കെ.എം, അഭിനന്ദ്. സി.എസ്, കുമാരി ആദിത്യ.കെ.ചന്ദ്രൻ, എം.ജുബിൻ ബാബു എന്നിവർ പ്രസംഗിച്ചു.
ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന 'ഗുരുവിനെ അറിയാൻ' എന്ന ആദ്ധ്യാത്മിക മാസികയുടെ പ്രചരണ പരിപാടിക്കും സത്സംഗത്തിൽ തുടക്കമായി.

ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന ശാന്തിഗിരി പരമ്പരയുടെ ആഘോഷമാണ് പൂജിതപീഠം സമർപ്പണം. 'എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാൻ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും' എന്ന ഗുരുവാക്കിനെ അന്വർത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകൾ കടന്ന് ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണിത്. എല്ലാവർഷവും ഫെബ്രുവരി 22 ന് വ്രതാനുഷ്ഠാനങ്ങളോടെയും പ്രാർത്ഥനാസങ്കൽപ്പങ്ങളോടെയും ഈ ദിനം പൂജിതപീഠംസമർപ്പണദിനമായി ആഘോഷിക്കും. അന്നേ ദിവസം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന അർദ്ധവാർഷിക കുംഭമേളയോടെയാണ് പൂജിതപീഠം സമർപ്പണം ആഘോഷങ്ങൾക്ക് സമാപനമാകുക.
ഫോട്ടോ : കോഴിക്കോട് വിശ്വജ്ഞാനമന്ദിരത്തിൽ നടന്ന ശാന്തിഗിരി പൂജിതപീഠം സത്സംഗങ്ങളുടെ സമാപനസമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു. സബീർ തിരുമല,സ്വാമി ജനതീർത്ഥൻ, സ്വാമി ജഗത്രൂപൻ, സ്വാമി ആത്മബോധ,സ്വാമി ആത്മധർമ്മൻ, സി.ബി. മുരളിചന്ദ്രൻ, ഷാജി. കെ.എം, ചന്ദ്രൻ. എം, അജിത.എ.കെ, പി. എം.ചന്ദ്രൻ, ജനനി പൂജ, ഷീബ.പി.വി, ടി.പി. കേളൻ തുടങ്ങിയവർ സമീപം



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group