പുല്ലുമേട് : പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ പുല്ലുമേട്ടിൽ മണിക്കൂറുകളോളം കാത്തിരുന്ന അയ്യപ്പഭക്തരുടെ മനംനിറഞ്ഞു. മകരജ്യോതി ഭക്തരുടെ മനസ്സിനും പുണ്യംപകർന്നതോടെ മണിക്കൂറുകൾക്കുമുമ്പേ പുല്ലുമേട്ടിൽ തമ്പടിച്ചിരുന്ന ഭക്തർ മേടിറങ്ങി.
മൂടൽമഞ്ഞ് ആശങ്കപ്പെടുത്തിയിരുന്നെങ്കിലും മൂന്ന് തവണയും പുല്ലുമേട്ടിൽനിന്ന് ഭക്തർക്ക് കൃത്യമായി മകരവിളക്ക് ദർശിക്കാനായി. വള്ളക്കടവ് വഴി 1885, സത്രം വഴി 3360, ശബരിമലയിൽനിന്ന് 2000 പേരടക്കം 7245 പേരാണ് പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിന് എത്തിയത്. ഇതിൽ 820 പേർ സന്നിധാനത്തേക്ക് തിരിച്ചിറങ്ങി. കഴിഞ്ഞ വർഷം ആറായിരത്തിഅഞ്ഞൂറോളം പേരാണ് ദർശനം നേടിയത്. രാത്രി ഏഴോടെയാണ് പുല്ലുമേട്ടിൽനിന്ന് ഭക്തരുടെ മടക്കം തുടങ്ങിയത്.
ഇത്തവണയും സുഗമ മകരജ്യോതി ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽ വിപുലമായ സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ബി.എസ്.എൻ.എൽ. താത്കാലിക ടവർ പുല്ലുമേട്ടിൽ സജ്ജീകരിച്ചത് വാർത്താവിനിമയത്തിനും ആശയവിനിമയത്തിനും സഹായകരമായി.
എറണാകുളം റേഞ്ച് ഡി.ഐ.ജി. സതീഷ് ബിനോ, മുഖ്യ വനംമേധാവി ഗംഗ സിങ്, കളക്ടർ വി.വിഗ്നേശ്വരി, ചീഫ് വൈൽഡ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, സബ്കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം. ഷൈജു പി.ജേക്കബ്, കട്ടപ്പന എ.എസ്.പി. രാജേഷ് കുമാർ, ഡിവൈ.എസ്.പി.മാരായ വിശാൽ ജോൺസൺ, മധു ബാബു, രാജ്മോഹൻ, പെരിയാർ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ്, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. എം.ജി. വിനോദ്, അഗ്നിരക്ഷാസേനയുടെ ജില്ലാ മേധാവി കെ.ആർ. ഷിനോയ്, തഹസിൽദാർ സീമ ജോസഫ്, വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഡി. സുവർണകുമാർ, വി.കെ. സുരേന്ദ്രൻ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ കെ.നായർ, ബെന്നി ഐക്കര, പ്രിയാ ടി.ജോസഫ് തുടങ്ങിവരും പുല്ലുമേട്ടിലുണ്ടായിരുന്നു.
ശരണമന്ത്രം നിറഞ്ഞ് പരുന്തുംപാറയും പാഞ്ചാലിമേടും
ശരണമന്ത്രങ്ങളും അയ്യപ്പഭജനകളും നിറഞ്ഞു. മകരജ്യോതി കണ്ടുതൊഴുത് നൂറുകണക്കിന് അയ്യപ്പന്മാർ. പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ഇത്തവണ ഭക്തരുടെ തിരക്കേറെയായിരുന്നു.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 6.43-ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ഭക്തർ കർപ്പൂരം തെളിയിച്ച് ശരണം വിളിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമെത്തിയ ശബരിമല തീർഥാടകർ രാവിലെമുതൽ പരുന്തുംപാറയുടെയും പാഞ്ചാലിമേടിന്റെയും മലനിരകളിൽ തമ്പടിച്ചിരുന്നു.
ശരണം വിളികളാലും ഭജനകളാലും ഇവർ ഇവിടെ മറ്റൊരു ലോകം തീർത്തു. ആറുമണിയോടെ സഞ്ചാരികളും പ്രദേശവാസികളും കൂട്ടമായി എത്തിയതോടെ ഇരുസ്ഥലങ്ങളിലും ഉത്സവപ്രതീതിയായി.
ശബരിമലയിലെ തിരക്കുമൂലം ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ഒട്ടേറെ തീർഥാടകരാണ് പ്രദേശത്ത് മകരജ്യോതി ദർശിക്കാൻ മുറിയെടുത്ത് തങ്ങിയിരുന്നത്.
പീരുമേട്, പെരുവന്താനം പഞ്ചായത്തുകളും വിവിധ വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പോലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളും മികച്ചതായിരുന്നു. വനം, അഗ്നി രക്ഷാസേന, റവന്യൂ, ജലവിഭവം, ആരോഗ്യം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group