ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാട്ടുകാർ നടത്തുന്ന ഒരേയൊരു ആഘോഷമാണ് ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി. ദേശത്തുള്ളവർ നടത്തുന്നതുകൊണ്ട് ‘പിള്ളേര് താലപ്പൊലി’ എന്നാണ് വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ ജനകീയ ആഘോഷത്തിന്. എന്നാൽ, ‘ഗുരുവായൂർ താലപ്പൊലിസംഘം’ ആഘോഷം ഏറ്റെടുത്തിട്ട് ഇത് അറുപതാംവർഷമാണ്. 1965-ൽ ആണ് താലപ്പൊലിസംഘം രജിസ്റ്റർ ചെയ്തത്.
എഴുത്തുകാരായ പുതൂർ ഉണ്ണികൃഷ്ണൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവർ താലപ്പൊലിസംഘത്തിന്റെ ആദ്യകാല സാരഥികളിൽപ്പെടുന്നു. പട്ടത്താക്കിൽ കുട്ടിരാമൻ നായർ, വെള്ളൂർ കൃഷ്ണൻകുട്ടിനായർ, അപ്പാണി മേനോൻ, രാമൻ പണിക്കർ തുടങ്ങി പ്രമുഖരുടെ പരിശ്രമങ്ങളും ഗുരുവായൂർ താലപ്പൊലിയെ പ്രശസ്തിയിലേക്കെത്തിച്ചു. എൻ. പ്രഭാകരൻ നായർ, ഇ. കൃഷ്ണാനന്ദ്, മോഹൻദാസ് ചേലനാട്, ചൊവ്വല്ലൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ഇപ്പോഴത്തെ പ്രധാന സാരഥികൾ.
പാട്ടുത്സവത്തോടെ തുടക്കം
കണ്ണന്റെ ഇടത്തേ അരികിലുള്ള ഭഗവതിക്ക് കളമെഴുത്തോടെയാണ് ചടങ്ങുകളുടെ ആരംഭം. എല്ലാ വർഷവും ധനു ഒന്നിന് ഭഗവതിയുടെ വാതിൽമാടത്തു കൂറയിട്ട് കളമെഴുത്തു തുടങ്ങും. ഊരാളൻ മല്ലിശ്ശേരി നമ്പൂതിരിപ്പാടിന്റെ അനുവാദത്തോടെ, കണക്കെഴുത്തുകാരൻ കൂടിയായ കണ്ടിയൂർ പട്ടത്ത് നമ്പീശന്റെയും പുതിയേടത്ത് പിഷാരടിയുടെയും സാന്നിധ്യത്തിൽ മാരാർ ശംഖുമുഴക്കുന്നതോടെയാണ് ചടങ്ങുകൾ.
കല്ലാറ്റ് കുറുപ്പുമാർക്കാണ് കളമെഴുത്തിന്റെ അവകാശം. 45 വർഷമായി ആറ്റൂർ കൃഷ്ണദാസ് കുറുപ്പാണ് ഇതിന് നേതൃത്വം. ഗുരുവായൂർ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലിക്കു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ, ഈ ജനകീയ ആഘോഷം ‘താലപ്പൊലിസംഘം’ ഏറ്റെടുത്തിട്ട് അറുപതാം വർഷമാണ്
കാവിറങ്ങി പുറത്തേക്ക്... നാലരമണിക്കൂർ...
ഞായറാഴ്ചയാണ് താലപ്പൊലിയുത്സവം. അന്നു ഗുരുവായൂരപ്പന്റെ ശ്രീലകം രാവിലെ 11.30-ന് അടച്ചാൽ ഭഗവതിയുടെ പുറപ്പാടുചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12-ന് ദേവി സർവാഭരണഭംഗിയോടെ കാവിറങ്ങും. നാലരമണിക്കൂറോളം ഭക്തർക്കിടയിലായിരിക്കും കാവിലമ്മ. താലപ്പൊലിക്ക് മാത്രമേ ഇങ്ങനെയൊരു കാഴ്‌ചയുള്ളൂ.
പഞ്ചവാദ്യം കലാശിച്ചാൽ മേളം. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ദേവി മഞ്ഞളിൽ ആറാടും. ഗുരുവായൂരിലെ ആഘോഷങ്ങളിൽ ഏറ്റവും മനോഹരമായ കാഴ്‌ചകളിൽ ഒന്നാണിത്. കുളപ്രദക്ഷിണം കഴിഞ്ഞാൽ നാലരയ്ക്കുശേഷം ഭഗവതി കാവേറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group