റാന്നി : മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് നാടെങ്ങും ശരണം വിളികളോടെ ഭക്തർ വരവേൽപ് നൽകി. വിവിധ ക്ഷേത്രഭരണസമിതികളുടെയും ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. നിലവിളക്കും പൂക്കുലയുംവെച്ച് വായ്ക്കുരവയോടെയാണ് വഴിയിലുടനീളം സ്വീകരിച്ചത്. പറ സമർപ്പണത്തിന് വഴിയിലുടനീളം ഭക്തർ കാത്ത് നിന്നതിനാൽ പതിവിലും രണ്ട് മണിക്കൂറിലധികം വൈകിയാണ് ഘോഷയാത്ര റാന്നിയിലെത്തിയത്. തങ്കയങ്കി ദർശിക്കുന്നതിനായി സ്വീകരണ സ്ഥലങ്ങളിലെല്ലാം ഭക്തരുടെ തിരക്കായിരുന്നു.
ചൊവ്വാഴ്ച രാവിലെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര ചൊവ്വാഴ്ച നാലുമണിയോടെയാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നി താലൂക്കിലേക്ക് പ്രവേശിച്ചത്. ഉതിമൂട്, ഡിപ്പോപ്പടി, വലയകലുങ്ക്, വാളിപ്ലാക്കൽപടി, മന്ദിരംപടി, മണികണ്ഠനാൽത്തറ, ബ്ലോക്ക് പടി എന്നിവിടങ്ങളിലൊക്കെ ഭക്തർ വരവേല്പ് നൽകി. തോട്ടമൺകാവ് ക്ഷേത്രകവാടത്തിൽ എത്തിയ ഘോഷയാത്രയെ ക്ഷേത്ര ദേവസ്വം ഭാരവാഹികൾ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വരവേറ്റു. ഇവിടെനിന്ന് റാന്നി ഹിന്ദുധർമ പരിഷത്തിന്റെ നേതൃത്വത്തിൽ ഭക്തർ വാദ്യമേളങ്ങൾ, കർപ്പൂരാഴി, മുത്തുക്കുടകൾ, വായ്ക്കുരവ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ റാന്നി രാമപുരം ക്ഷേത്രഗോപുരത്തിലേക്ക് സ്വീകരിച്ചാനയിച്ചു. രാമപുരത്തേക്ക് പുറപ്പെട്ട ഘോഷയാത്രയെ അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തോട്ടമണ്ണിലും ജനമൈത്രി പോലീസ് നേതൃത്വത്തിൽ റാന്നി സ്റ്റേഷൻ പടിയിലും സ്വീകരിച്ചു. പെരുമ്പുഴയിൽവെച്ച് പ്രമോദ് നാരായൺ എം.എൽ.എ. ഘോഷയാത്രയെ സ്വീകരിച്ചു. ഇവിടെനിന്ന് താലപ്പൊലിയുടെ അകമ്പടിയോടെ രാമപുരം ക്ഷേത്ര ഗോപുരത്തിങ്കൽ എത്തി. രാമപുരം ക്ഷേത്രോപദേശക സമിതി, എൻ.എസ്.എസ്.റാന്നി യൂണിയൻ, വിവിധ ഹൈന്ദവസംഘടനകൾ, റാന്നി, ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവയെല്ലാം ചേർന്ന് സ്വീകരിച്ചു. ഭക്തരുടെ വൻ തിരക്കാണ് ഇക്കുറിയും ഇവിടെ ഉണ്ടായിരുന്നത്. തിരുവിതാംകൂർ ഹിന്ദുധർമപരിഷത്തിന്റെ നേതൃത്വത്തിൽ അയ്യപ്പൻ കഞ്ഞി വിതരണവും നടന്നു.
വിശ്രമത്തിന് ശേഷം 6.30-ഓടെയാണ് ഇക്കുറി ഇവിടെനിന്ന് ഘോഷയാത്ര പുറപ്പെട്ടത്. ഇടക്കുളം അയ്യപ്പക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണുക്ഷേത്രം, മാടമൺ ഹൃഷികേശക്ഷേത്രം എന്നിവിടങ്ങളിലൊക്കെ ഭക്തരും ക്ഷേത്രഭരണ സമിതികളും ചേർന്ന് സ്വീകരിച്ചു. രാത്രി പത്തുമണിയോടെ പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെത്തി. ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ചേർന്ന് വലിയ വരവേല്പ് നൽകി. ചൊവ്വാഴ്ച രാത്രിയിൽ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലായിരുന്നു വിശ്രമം.
ബുധനാഴ്ച രാവിലെ എട്ടിന് അവിടെനിന്ന് പുറപ്പെടും. ഒമ്പതിന് ളാഹ സത്രം, 10-ന് പ്ലാപ്പള്ളി, 11-ന് നിലയ്ക്കൽ, ഒന്നിന് ചാലക്കയം, 1.30-ന് പമ്പ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 3.30-ന് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പുറപ്പെടും. 6.15-ന് സന്നിധാനത്തെത്തിക്കുന്ന തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന നടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group