ശബരിമല: മണ്ഡലകാലം പകുതി പിന്നിട്ടതോടെ അയ്യപ്പ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. കാനനപാതയിലും തീർഥാടക പ്രവാഹം. ഇന്നലെ വരെ 35,000 തീർഥാടകരാണ് കാനന പാതയിലൂടെ കാൽനടയായി എത്തിയത്.
മണ്ഡല കാലം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ ദർശനം നടത്തിയത് വെള്ളിയാഴ്ചയാണ്–89,840 പേർ. അതിൽ 17,425 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണു മല കയറിയത്. ഇന്നലെയും തീർഥാടകരുടെ പ്രവാഹം തുടർന്നു. ഉച്ചപൂജ കഴിഞ്ഞു നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി. അതിൽ 9960 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പുലർച്ചെ 3 മുതൽ 9 വരെയുള്ള കണക്കനുസരിച്ച് 35,979 പേരാണ് മലകയറി എത്തിയത്.
പമ്പ വരെ വാഹനത്തിൽ എത്താൻ സൗകര്യമുണ്ടെങ്കിലും വ്രതനിഷ്ഠയിൽ മനസ്സിനെ പൊന്നമ്പലമാക്കി കാട്ടിലെ ദുർഘട പാതകൾ താണ്ടി അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. കരിമല, പുല്ലുമേട് എന്നീ രണ്ട് പാതകളും സജീവമാണ്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18317 തീർഥാടകരും ഇതിനോടകം സന്നിധാനത്തെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group