വത്തിക്കാന്‍ ലോകമത പാര്‍ലമെന്റ്: ലോകസമാധാനത്തിന് പ്രകാശം പകരാന്‍ :
സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം
ശ്രീനാരായണ ഗുരുദേവന്‍ ആലുവയില്‍ സംഘടിപ്പിച്ച സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ച് വത്തിക്കാനില്‍ വച്ച് നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളിലായി ലോകമതപാര്‍ലമെന്‍റ് സംഘടിപ്പിക്കു കയാണ്.
ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ക്രിസ്തുദേവന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നതുമായ വത്തിക്കാനില്‍ വച്ച് സര്‍വ്വാദരണീയനായ മാര്‍പാപ്പ പങ്കെടുത്ത് അനുഗ്രഹിക്കുന്നതുമായ ഈ മഹാസമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു നവീന അധ്യായം കുറിക്കുകയാണ്.
സ്നേഹത്തിന്റെ അവതാര മൂര്‍ത്തിയായ ക്രിസ്തുദേവന്റെ അദ്ധ്യാത്മിക ചൈതന്യത്തില്‍ പരിഭൂഷിതമായ അന്തരീക്ഷത്തില്‍ ലോകമതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ തത്വദര്‍ശന ത്തിന്റെ വെളിച്ചത്തില്‍ മതത്തിന്റെ ഏകതയും സൗഹാര്‍ദ്ധവും സമന്വയവും വിളംബരം ചെയ്യുകയാണ്.
പലമതസാരവുമേകം, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, മാനവരൊക്കെയും ഒന്ന്, അതാണ് നമ്മുടെ മതം പൊതുജയിപ്പതസാദ്ധ്യം’ തുടങ്ങിയ ഗുരുദര്‍ശനത്തിന്റെ വെളിച്ചത്തില്‍ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന താത്വികമായ നിലപാടിലാണ് സര്‍വ്വമത സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍റ്, ദുബായ്, അബുദാബി, – ഗള്‍ഫ് രാജ്യങ്ങള്‍ ഇംഗ്ലണ്ട്, അമേരിക്ക, തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അഭിവന്ദ്യനായ മാര്‍പാപ്പ തിരുമേനിക്ക് പുറമേ കര്‍ദ്ദിനാള്‍ മിഖ്വേല്‍ ആംഗല്‍ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദൈവദശകം ഇറ്റാലിയന്‍ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്തത് ആലാപനം ചെയ്തുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത്.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഗുരുവിന്റെ മതസമന്വയത്തെക്കുറിച്ച് പ്രസംഗിക്കും. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ സര്‍വ്വമതസമ്മേളനം എന്നഗ്രന്ഥം ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് (സബ്രീന ലത്തീഫ്) ഗുരുവും ലോകസമാധാനവും ഇംഗ്ലീഷ് വിവര്‍ത്തനം (വേണു, തിരുവനന്തപുരം) എന്നീ ഗ്രന്ഥങ്ങള്‍ യോഗത്തില്‍ വച്ച് പ്രകാശനം ചെയ്യും.
പാണക്കാട് സാദിഖ്അലി തങ്ങള്‍, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, രജ്ജിത്സിംഗ് പഞ്ചാബ്, എ.വി. അനൂപ് മെഡിമിക്സ്, കെ. മുരളീധരന്‍ മുരളിയ, ഡോ. സി.കെ.രവി, ഗോപുനന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ നിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി, ഇന്‍റര്‍ ഫെയ്സ് ഡയലോഗിന്റെ അധ്യക്ഷന്‍ റവ.ഫാദര്‍ മിഥിന്‍ ജെ. ഫ്രാന്‍സിസ്, മോഡറേറ്ററായി നടത്തുന്ന മതസംഗമത്തില്‍ ഹൈന്ദവ, ക്രൈസ്തവ ഇസ്ലാം, ജൂതപ്രതിനിധികള്‍ സംബന്ധിക്കും.
ശ്രീനാരായണ ദര്‍ശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സച്ചിദാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തും. ശ്രീമത് ശുഭാംഗാനന്ദ സ്വാമികള്‍, ശ്രീമത് ഋതംഭരാനന്ദ സ്വാമികള്‍ ശ്രീമത് ധര്‍മ്മചൈതന്യസ്വാമികള്‍, ശ്രീമത് അസംഗാനന്ദഗിരി സ്വാമികള്‍, ശ്രീമത് വീരേശ്വരാനന്ദ സ്വാമികള്‍, ശ്രീമത് ഹംസതീര്‍ത്ഥ സ്വാമികള്‍, സ്വാമിനി ആര്യനന്ദാദേവി തുടങ്ങിയവര്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സംസാരിക്കും.
ശ്രീനാരായണഗുരു അക്ഷരാര്‍ത്ഥത്തില്‍ ഒരു വിശ്വഗുരുവായിരുന്നു. സംസ്കൃതം, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിലായി ഗുരുദേവന്‍ രചിച്ച എഴുപതോളം വരുന്ന കൃതികളില്‍ ഒരിടത്തുപോലും കേരളം എന്നോ ഇന്ത്യ എന്നോ തുടങ്ങി ഒരു പ്രാദേശികപദവും കടന്നു വരുന്നില്ല.
ജഗത്ത്, ലോകം തുടങ്ങിയ പദങ്ങളെല്ലാം ഗുരുദേവകൃതികളിലുണ്ട്. ഗുരുദര്‍ശനത്തിന്റെ അന്തര്‍ധാര ലോകസമാധാനമാണ്.
ഗുരുവിന്റെ പേരില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമതപാര്‍ലമെന്‍റില്‍ ലോകസമാധാനത്തിന് പ്രകാശം ഏകമെന്നാണ് സംഘടനാ സമിതിയുടെ പ്രത്യാശ. കുപ്രസിദ്ധമായ പശ്ചിമേശ്യന്‍ പ്രശ്നത്തിന്റെ പരിഹാരം മതത്തിനുപരി മനുഷ്യനെ കാണുക എന്നതാണ്. ദൈവമക്കളായ മുഴുവന്‍ ആളുകളും ആത്മസഹോദരരാണ് ഇത് തന്നെയാണ് ഗുരുദര്‍ശനത്തിന്റെ അന്തസത്തയും.
ശ്രീനാരായണഗുരുദേവന്റെ വിശ്വഗുരുത്വവും സാര്‍വ്വലൗകീകമായ മഹിമാവിശേഷവും തിളങ്ങി പ്രകാശിക്കുന്ന ഒന്നാണ് ആലുവയിലെ സര്‍വ്വമതമഹാസമ്മേളനം.
നമുക്കറിയാം ലോകചരിത്രത്തിലാദ്യമായി ഒരു സര്‍വ്വമതസമ്മേളനം നടന്നത് അമേരിക്കയിലെ ചിക്കാഗോയിലാണ് എന്നത്. ഇത് പ്രചുരപ്രചാരം നേടി ജനഹൃദയങ്ങളില്‍ മാറ്റൊലി കൊള്ളുന്നു.
എന്നാല്‍ ഈ സമ്മേളനം ലക്ഷണമൊത്ത സര്‍വ്വമതസമ്മേളനമാണ് എന്ന് പറയുക വയ്യ. കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികം സംബന്ധിച്ച ഒരാഘോഷമായിരുന്നു അത്. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളുടേയും വൈശിഷ്ട്യം ഒന്നാണെന്ന് ഉപദേശിക്കുവാന്‍ പര്യാപ്തമാകുമാറ് നടത്തിയ എല്ലാ മതങ്ങളെയും കുറിച്ചുള്ള ഒരു പഠന സമീക്ഷയായിരുന്നു അത് എന്ന് പറയുവാനാകില്ല. പ്രധാനമായും സംഘാടകര്‍ ഉദ്ദേശിച്ചത് ക്രിസ്തുമത വൈശിഷ്ട്യം ജനഹൃദയങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു. എന്നാല്‍ വിവേകാനന്ദസ്വാമികളുടേയും ഭാരതത്തിലെ പല മഹത്തുക്കളുടേയും സാന്നിധ്യം കൊണ്ട് ഒരു സര്‍വ്വമതസമ്മേളനത്തിന്റെ കെട്ടുംമട്ടും ഉരുത്തിരിഞ്ഞു എന്നതാണ് സത്യം.
ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ ബുദ്ധന്‍ അഹിംസാധര്‍മ്മത്തിന് മുഖ്യത കല്‍പ്പിച്ചു. ക്രിസ്തുവിന്റെ കാലത്ത് സ്നേഹത്തിന്റെ അഭാവമായിരുന്നു. അതിനാല്‍ ക്രിസ്തു സ്നേഹത്തിന് പ്രാധാന്യം നല്‍കി. നബിയുടെ കാലത്ത് സാഹോദര്യത്തിന്‍ മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം.
അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ആവശ്യമെന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നും മോചനം.
ഗുരുദേവന്റെ ഈ തിരുവായ്മൊഴികള്‍ തികച്ചും അര്‍ത്ഥവത്തായ ഒരു സത്യത്തിലേക്ക് നമ്മെ നയിക്കുന്നു. അവിടുന്ന് ജാതി മത ഭേദചിന്തകള്‍ക്കതീതമായി ജനതയെ മോചിപ്പിക്കുവാന്‍ ബുദ്ധന്‍, ക്രിസ്തു, നബി എന്നീ ജഗത് ഗുരുക്കന്‍മാരുടെ പരമ്പരയില്‍ വന്നനുഭവിച്ച ഒരു മഹാത്മാവാണ്. ഗുരുവിന്റെ ജീവിതവും ദര്‍ശനവും മനന വിഷയമാക്കുന്ന ഒരാള്‍ക്ക് ഇതെത്രയും വാസ്തവമാണെന്ന് ബോദ്ധ്യമാകും.
അതേ, ജാതിമതാദി ഭേദചിന്തകളൊന്നുമില്ലാതെ ഒരു സമൂഹത്തിന്റെ സൃഷ്ടി അത് അവിടുത്തെ പ്രവര്‍ത്തനങ്ങളുടെയെല്ലാം പരമലക്ഷ്യമായിരുന്നു.
മനുഷ്യരെ വിഭിന്നതട്ടുകളാക്കി നിര്‍ത്തുന്നത് മതഭേദചിന്തയാണ്. അതിനാല്‍ ‘പലമതസാരവുമേകം’ എന്ന സിദ്ധാന്തം വെളിപ്പെടുത്തുവാന്‍ ഒരു സര്‍വ്വമതസമ്മേളനം സംഘടിപ്പിക്കുന്നത് എത്രയും നന്നായിരിക്കുമെന്ന് ഗുരുദേവന്‍ കണ്ടു.
അത് ആലുവായിലെ അദ്വൈതാശ്രമത്തില്‍ വച്ചാകാം. കാരണം, രണ്ടില്ലാത്ത ഒന്നിനെ അദ്വൈതബോധത്തെ സാക്ഷാത്ക്കരിക്കുവാന്‍ വേണ്ടിയുള്ളതാണല്ലോ അദ്വൈതാശ്രമം.
ആശ്രമത്തിന്റെ ഭരണകര്‍ത്താവായി മുക്ത്യാര്‍ നാമാവായി തന്റെ പ്രിയശിഷ്യന്‍ സത്യവ്രതസ്വാമികള്‍ അവിടെ ഉണ്ട്.
സമത്വത്തിന്റെ പ്രതീകമായ സത്യവ്രതസ്വാമികളുടെ ചുമതലയില്‍ സര്‍വ്വമതസമ്മേളനം സംഘടിപ്പിക്കുവാന്‍ ഗുരുദേവന്‍ നിശ്ചയിച്ചു. അതിന് ഗുരുവിനെ പ്രേരിപ്പിച്ച മറ്റ് ചില പ്രധാന സംഗതികളുണ്ടായി.
അക്കാലത്തെ കേരളത്തിലെ സാമൂഹികനില ഭദ്രവും ശോഭനവുമായിരുന്നില്ല. അന്തരീക്ഷമാകെ ജാതിമതാദി ഭേദചിന്തകളാകുന്ന പൊടിപടലങ്ങള്‍ നിറഞ്ഞ് മേഘാവൃതമായിരുന്നു.
ഇനിയൊന്ന് ആര്‍ത്തലച്ച് പെയ്യുവാന്‍ ഒരുപക്ഷേ അധികനേരം വേണമെന്നില്ല.
അന്തരീക്ഷം അത്രയധികം ഭയാനകമായിരുന്നു. മാത്രമല്ല മതപരിവര്‍ത്തന വ്യഗ്രതയും എങ്ങും ദൃശ്യമായിത്തുടങ്ങിയിരുന്നു.
കൂടാതെ തെക്കേ മലബാറിലെ ‘മാപ്പിളലഹള’ കേരളത്തില്‍ രക്തരൂഷിതമായ ഒരു അധ്യായത്തെത്തന്നെ രചിച്ചു കഴിഞ്ഞിരുന്നു. ‘കല്‍പനാശക്തിയെപ്പോലും തോല്‍പിച്ച് ഭയങ്കരവും പൈശാചികവുമായ ആ കൊടുങ്കാറ്റിനെ’ ആസ്പദമാക്കിയാണല്ലോ മഹാകവി കുമാരാശാന്‍ ‘ദുരവസ്ഥ’ എന്ന കാവ്യം തന്നെ രചിച്ചത്. ഈ മാപ്പിളലഹളയും ഗുരുവിന്റെ ചിന്താമണ്ഡലത്തെ സ്പര്‍ശിച്ചിരിക്കാനിടയുണ്ട്.
1924 മാര്‍ച്ച് 3, 4, 5 തീയതികളിലായിരുന്നു സമ്മേളനങ്ങള്‍. മാര്‍ച്ച് 3 നു ഉച്ചകഴിഞ്ഞ് 3 മണിയോടെ നാനാജാതി മതസ്ഥരെക്കൊണ്ട് സമ്മേളനപന്തല്‍ നിറഞ്ഞുകവിഞ്ഞു.
സത്യവ്രതസ്വാമികള്‍ ശ്രീനാരായണഗുരുദേവനെ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് വേദിയിലേക്ക് ആനയിച്ചു. അവിടുന്നാകട്ടെ ഗംഭീരമായ ആ വേദിയുടെ ഒരു ഭാഗത്ത് “മോദസ്ഥിരനായി” ആരിലും ഭക്തിയും ചൈതന്യവും പ്രകാശിപ്പിക്കുന്ന കനകകാന്തി വിഗ്രഹമായി ഉപവിഷ്ടനായി. തുടര്‍ ന്ന് അതിഥികളെ ഗസ്റ്റ് ഹൗസില്‍ നിന്നും വേദിയിലേക്ക് ആനയിച്ചു. എല്ലാ വിശിഷ്ടാതിഥികളും വേദിയിലെത്തി.
ബോധാനന്ദസ്വാമികള്‍, നരസിംഹസ്വാമികള്‍, വിദ്യാനന്ദസ്വാമികള്‍, ആത്മാനന്ദസ്വാമികള്‍ (രാമന്‍ ഗുരുക്കള്‍) തുടങ്ങിയ സന്ന്യാസിശിഷ്യന്മാരും ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, എന്‍. കുമാരന്‍ (എസ്. എന്‍. ഡി.പി. യോഗം ജനറല്‍ സെക്രട്ടറി), സി. കൃഷ്ണന്‍ വക്കീല്‍, കെ.പി. കയ്യാലക്കല്‍, സി.വി. കുഞ്ഞിരാമന്‍ തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാരും സമ്മേളന പന്തലിന്റെ മുന്‍ ഭാഗത്ത് ഹാജരായി.
സാധു ശിവപ്രസാദ്, മഞ്ചേരി രാമയ്യര്‍, മഞ്ചേരി രാമകൃഷ്ണയ്യര്‍, പണ്ഡിറ്റ് ഋഷിറാം, കൃഷ്ണയ്യങ്കാര്‍, എബ്രഹാം സേലം, കൊറ്റിയത്ത് കൃഷ്ണന്‍ വക്കീല്‍, പി.റ്റി. ഗീവര്‍ഗ്ഗീസ്, മൊയ്തീന്‍മൗലവി, കെ. കെ. കുരുവിള തുടങ്ങിയ വിശിഷ്ടാതിഥികള്‍ അനുപമേയനായ മഹാഗുരുവിനെ വന്ദിച്ച് നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ ഉപവിഷ്ടരായി.
തുടര്‍ന്ന് യോഗനടപടികള്‍ ആരംഭിച്ചു. ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ ഭദ്രദീപം തെളിയിച്ച് സര്‍വ്വമതമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം പാഠശാലയിലെ ബോര്‍ ഡിംഗ് വിദ്യാര്‍ത്ഥികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ ആ മഹാസംഭവത്തിന്റെ തിരശ്ശീല ഉയര്‍ന്നു. തുടര്‍ന്ന് നടന്നത് സ്വാഗതപ്രസംഗമാണ്.
സമ്മേളനത്തിന്റെ സംഘാടകന്‍ എന്ന നിലയിലും ഗുരുദേവന്റെ പ്രതിനിധി എന്ന നിലയിലും ആ മഹനീയ കൃത്യം നിര്‍വ്വഹിച്ചത് സത്യവ്രത സ്വാമികള്‍ തന്നെയായിരുന്നു.
സിലോണില്‍ നിന്നും വന്ന പ്രതിനിധി ബുദ്ധമതത്തെക്കുറിച്ചുപ്രസംഗിച്ചു. ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം തിയോസഫിക്കല്‍ സിദ്ധാന്തം, ജൈനമതം, യഹൂദമതം, ബ്രഹ്മസമാജം, വൈഷ്ണവമതം, ആര്യസമാജം, ബഹായി ധര്‍മ്മം എന്നീ മതദര്‍ശനങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പ്രസംഗിച്ചതെന്ന് കാണാവുന്നതാണ്.
ലോകചരിത്രത്തിലെ ഒന്നാമത്തേത് എന്നു വിശേഷിപ്പിക്കാവുന്ന സര്‍വ്വമത മഹാസമ്മേളനമാണ് ആലുവയില്‍ നടന്നത്. മതമല്ല വലുത് മനുഷ്യനാണ് എന്ന താത്ത്വികദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് അത് നടന്നത്. ‘
മാനവരൊക്കെയും ഒന്ന് അതാണ് നമ്മുടെ മതം’ എന്ന് ഗുരുദേവന്‍ അരുളി ചെയ്തിട്ടുണ്ട്. ‘സാഹോദര്യം സര്‍വ്വത്ര’ ഇതായിരുന്നു ഗുരുദേവന്റെ ദര്‍ശനം. സര്‍വ്വമതസമ്മേളനത്തിന്റെ അടിസ്ഥാനതത്ത്വവും ഇതുതന്നെ. ലോകചരിത്രത്തില്‍ തന്നെ ശ്രദ്ധേയമാണ് ചിക്കാഗോ സമ്മേളനം. അമേരിക്കയിലെ ചിക്കാഗോ സമ്മേളനം വിവേകാനന്ദസ്വാമികളുടെ പങ്കാളിത്തത്തോടെ അവിസ്മരണീയമായി.
സ്വാമിജി അമേരിക്കയിലെ ‘എന്റെ സഹോദരീ സഹോദരന്മാരെ’ എന്നു സംബോധന ചെയ്യുന്നതിനും 5 വര്‍ഷം മുമ്പ് 1888-ല്‍ ‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ’ ഏകലോകത്തെ ഗുരുദേവന്‍ വിഭാവനം ചെയ്തു കഴിഞ്ഞിരുന്നു.
സര്‍വ്വമതസമ്മേളനത്തെത്തുടര്‍ന്ന് ശിവഗിരിയില്‍ ഗുരുദേവന്‍ ഒരു സര്‍വ്വമത പാഠശാലക്ക് തുടക്കം കുറിച്ചു. ഭാരതീയ വേദാന്ത ദര്‍ശനവും ധര്‍മ്മപഥവും ബൈബിളും ഖുറാനും ഇതര മതഗ്രന്ഥങ്ങളും ഇവിടെ പാഠ്യവിഷയങ്ങളാണ്. ഇന്നും ശിവഗിരിയില്‍ നടക്കുന്ന ഈ മതമഹാപാഠശാലയില്‍ ജാതിമതഭേദമെന്യേ ആര്‍ക്കും ചേര്‍ന്നു പഠിക്കാവുന്നതാണ്.
മുഴുവന്‍ ചെലവുകളും ശിവഗിരി മഠം വഹിച്ചുകൊള്ളും. ശിവഗിരി മഠം ഭാരവാഹികളെക്കൂടാതെ ശ്രീ. കെ.ജി. ബാബുരാജന്‍ ബഹറിന്‍, (ചെയര്‍മാന്‍) ചാണ്ടിഉമ്മന്‍ എം.എല്‍.എ., ജനറല്‍ കണ്‍വീനര്‍, സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വ്വമതസമ്മേളനം വത്തിക്കാനില്‍ സംഘടിപ്പി ക്കുന്നത്. വത്തിക്കാനിലെ ഫാ. മോന്‍ ജോര്‍ജ് ജേക്കബ് പൂവക്കാട് (ഇദ്ദേഹം വൈദികവൃത്തിയില്‍ നിന്ന് മെത്രാപ്പൊലീത്ത ആകാതെ നേരിട്ട് കര്‍ദ്ദിനാളാകുവാന്‍ ഭാഗ്യം ലഭിച്ചു.
സര്‍വ്വമതമഹാസമ്മേളനം വത്തിക്കാനില്‍ സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയതിന് ദൈവം നല്‍കിയ വരദാനമായി ഇതിനെകണക്കാക്കാം. ഈ സമ്മേളനം സംഘടിപ്പിക്കുന്നതിന് മുഴുവന്‍ സഹായവും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും നടക്കുന്നത്.) കൂടാതെ ശ്രീ. ലത്തീഫ് (ഇറ്റലി), പ്രൊഫ. സബ്രീനാ ലത്തിഫ് ( ഇറ്റലി) മെല്‍ബിന്‍ (ഇറ്റലി) തുടങ്ങിയവര്‍ മുഖ്യസംഘാടകരായി. എം.എല്‍.എ മാരായ സനീഷ്കുമാര്‍, സജീവ് ജോസഫ്, പി.വി. ശ്രീനിജന്‍, ഇനിഗോസ്, ഇരുദയദാസ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിള, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പറമ്പില്‍, ഫാ. ഡേവിസ് ചിറമേല്‍ തുടങ്ങിയ വൈദികന്‍മാരും പങ്കെടുക്കും.
കെ മുരളീധരന്‍ (അബുദാബി) ഡോ. സുധാകരന്‍ ദുബായ്, സുരേഷ്കുമാര്‍ മധുസൂദനന്‍ മുംബൈ, ശ്യാം പനയിക്കല്‍ പ്രഭു, ഡോ. സിദ്ദിഖ് അഹമ്മദ്, രാജന്‍ അമ്പലത്തറ, ഡോ. പി. ജെ. അജയന്‍, ഡോ. കെ. സുധാകരന്‍, അഡ്വ. വി.കെ. മുഹമ്മദ്, ദിനേശ് ബാബു, ഡോ. ഷിറാസ് ബാവ, ബിജു പാലയ്‌ക്കല്‍, ഇ.എം. നജീബ് വാഴപ്പിള്ളില്‍, ജോസഫ് മാത്യു, ഷിഹാബുദ്ദീന്‍ കരിയത്ത്, അനില്‍ തടാലില്‍, ഡോ.എസ്.എസ്.ലാല്‍, ബെന്നി ഇന്‍ഡോനേഷ്യ, ദുബായ് പോലീസ് മേജര്‍ ഒമര്‍ അല്‍ മര്‍സൂക്വി, ജോജി ചാലക്കുടി തുടങ്ങി 150 ഓളം പ്രതിനിധികള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
29 ന് വൈകുന്നേരം മതസമന്വയവും മതസൗഹാര്‍ദ്ധവും ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള സ്നേഹവിരുന്ന്.
30 ന് നടക്കുന്ന സമ്മേളനത്തില്‍ മാര്‍പാപ്പ ആശിര്‍വദിച്ചു സംസാരിക്കും. വത്തിക്കാനിലെ വിവിധ മടങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബര്‍ 1-ാം തീയതി ഇറ്റലിയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം എന്നിവയാണ് മുഖ്യപരിപാടികള്‍.
കൂടാതെ ആദരണീയനായ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതിനിധിസംഘം ഇറ്റലിയിലെ വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഗുരുദേവന്റെ കൃതികളും ജീവിതചരിത്രവും ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും മലയാളത്തിലുമുള്ളത് പ്രതിനിധികള്‍ക്ക് വിതരണം ചെയ്യുന്നതാണ്.
വത്തിക്കാന്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഡല്‍ഹി, ചെന്നൈ, യു.കെ. ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലും സര്‍വ്വമത സമ്മേളനങ്ങള്‍ നടത്തുവാന്‍ തീരുമാനമാനമായിട്ടുണ്ട്.
Ccourtesy: Janmabhumi
എഴുത്ത് : സത്യൻ മാടക്കര
സത്യൻ മാടാക്കരക്കൊപ്പം ശ്രീ .ചൂര്യായി ചന്ദ്രൻ മാസ്റ്റർ
ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രത്തിൽ
( ഫയൽകോപ്പി )
ശ്രീനാരയണഗുരു
രചന:മഹിജ തോട്ടത്തിൽ
ഈ യുഗം കണ്ട മനുഷ്യ ജന്മോത്തമൻ
ശ്രീമത് നാരായണൻ. ശ്രീ നാരായണ ഗുരു..
ജാതിദേദം മതദ്വേഷമില്ലാത്തൊരു
മാതൃകാ സ്ഥാനമെൻ നാടിനെ തീർത്ത ശ്രീ.
കണ്ണാടി കണ്ടറിയാത്തവർക്കായ് ഗുരു
കണ്ണാടി മുന്നിൽ പ്രതിഷ്ഠിച്ചു കാണുവാൻ..
"അഹം ബ്രഹ്മാസ്മി"ആ തത്ത്വമിതെ ത്ര
ലളിതമായ് കണ്ണാടി കാട്ടി പഠിപ്പിച്ചു ?
മാനവജാതി അതൊന്നിൽ പിറന്നു നാം
മറ്റുണ്ട് ജാതികൾ പക്ഷിമൃഗാദികൾ
എന്ത് ജാതി മതം? അർത്ഥമില്ലാത്തവ
നന്നായ് വരേണം മനുഷ്യൻ നന്നാവണം!
സർവ്വം ന്യസിക്കലാ സന്യാസമെങ്കിൽ
ആ സന്യാസിയല്ല ശ്രീ. നാരായണ ഗുരു
നേടിയ സിദ്ധിവിശേഷങ്ങൾ സോദരർക്കായി
സമർപ്പിച്ചു ഈ യുഗപുരുഷൻ !
കാലമിതെത്ര മുന്നോട്ട് കുതിച്ചാലും
മാറാതെ നിൽക്കുമീ മാറ്റം എന്നാക്കിലും
മാനവവംശമീ മണ്ണിലുള്ളക്കാലം
ശ്രീ ഗുരുദേവ പ്രസക്തി വിളങ്ങിടും !
രചന:മഹിജ തോട്ടത്തിൽ
പ്രഭാഷണ കലയുടെ വടക്കൻ തമ്പുരാൻ വി കെ സുരേഷ് ബാബു ഡിസംബർ 22ന് ചോമ്പാലയിൽ
ചോമ്പാല : ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെ നാൽപ്പത്തിരണ്ടാം വാർഷികാഘോഷച്ചടങ്ങിൽ വിശിഷ്‌ഠാതിഥിയായെത്തും .
പാടിയും പറഞ്ഞും മലയാളികളുടെ മനസ്സിൽ തരംഗമായി ,പ്രവാഹമായി ,കടലിരമ്പമായി മാറിയ പ്രഭാഷണ കലയിലെ താരരാജാവ് വി .കെ സുരേഷ് ബാബു അന്നേദിവസം വൈകിട്ട് ആറ് മണിക്ക് ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും
ഡിസംബർ 9 മുതൽ 22 വരെ നീളുന്ന വാർഷികാഘോഷ പരിപാടിയിൽ വിദ്യാർഥികൾക്കും പൊതുജനങ്ങ ൾക്കുമായി പ്രത്യേകം കലാകായിക മത്സരങ്ങൾ നടക്കും .
ശ്രീനാരായണഗുരു പഠനകേന്ദ്രം മാതൃസമിതിയും ചോമ്പാലയിലെ കലാകായിക പ്രതിഭകളുമൊരുക്കുന്ന നാട്ടരങ്ങ് തുടങ്ങിയ പരിപാടികളും നടക്കും .
അഴിയൂർ സ്വദേശിയും പ്രമുഖ കവിയും കവിതാരചനയിൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവും പൊതു പ്രവർത്തകയുമായ മഹിജ തോട്ടത്തിലിനെ ചടങ്ങിൽവികെസുരേഷ്ബാബു
പൊന്നാടയണിയിച്ചാദരിക്കും
'ഓർമ്മയിൽ അന്ന് ' എന്ന നാടൻപാട്ട് സിഡിയുടെ പ്രകാശനകർമ്മം വടകര ഡി വൈ എസ് പിആർ .ഹരിപ്രസാദ് നിർവ്വഹിക്കും.
മുൻ ഇന്ത്യൻ വോളിബോൾ കോച്ച് പി .സേതുമാധവൻ സമ്മാനദാനം നിർവഹിക്കും
പഠനകേന്ദ്രം പ്രസിഡൻറ് എം.വി.ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷചടങ്ങിൽ പഠനകേന്ദ്രം സെക്രട്ടറി കെ .കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ആഘോഷ കമ്മിറ്റി ചെയർമാൻ സജിത് ബാബു ചോമ്പാല നന്ദിയും പ്രകാശിപ്പിക്കും
ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group