പറവൂർ : വടക്കുംപുറം ദേശവിളക്ക് ഗ്രാമത്തിന്റെ ഒരുമയുടെ ഉത്സവമായി ആഘോഷിച്ചു. ആശാൻ മൈതാനിയിൽ വാഴപ്പോളകൊണ്ട് ശബരിമല ക്ഷേത്രമാതൃകയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടത്തിയ ദേശവിളക്ക് കാണുന്നതിന് ആയിരങ്ങളെത്തി. മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ദീപാരാധന. കൂട്ടുകാട് സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്നും ഉടയാടകളും കൊച്ചങ്ങാടി ബാലപരമേശ്വരി ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പും തിരുമനാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽനിന്ന് വാളും ചിലമ്പും അരമണിയും എഴുന്നള്ളിപ്പിന് തെയ്യം, ചിന്ത്, കാവടി, ശിങ്കാരിമേളം, താലം, പഞ്ചവാദ്യം എന്നിവ അകമ്പടിയായി. മൂന്നാനകളുടെ എഴുന്നള്ളിപ്പുമുണ്ടായി. സർവമത സമ്മേളനം വടക്കുംപുറം ജുമാ മസ്ജിദ് പ്രസിഡന്റ് എ.എസ്. അബ്ദുൾസലാം, കൂട്ടുകാട് പള്ളി വികാരി ഫാ. പോൾ കുര്യാപ്പിള്ളി, എൻ.കെ. സുഗതൻ തന്ത്രി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പേട്ടതുള്ളൽ, തെയ്യം, ശാസ്താംപാട്ട്, എതിരേല്പ്, ആഴിപൂജ എന്നിവയും നടന്നു. അന്നദാനത്തിന് അയ്യായിരത്തോളം പേർ പങ്കെടുത്തു. ജിജോ ദേവസി, കെ.ടി. അഖിൽ, ടി.പി. ഗോപീകൃഷ്ണ എന്നിവർ ഭാരവാഹികളായുള്ള അയ്യപ്പഭക്തജന സമിതിയാണ് ദേശവിളക്കിന് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group