കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്നത് ആരാധനമാത്രമല്ല, അശരണർക്കും നിരാലംബർക്കും ഒരു കൈ സഹായവും ക്ഷേത്രത്തിൽനിന്നു ലഭിക്കും. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈവിധ്യമാർന്ന കാരുണ്യപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം, ചികിത്സാസഹായം, വിവാഹസഹായം തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങളാണ് കണിച്ചുകുളങ്ങര ദേവസ്വം നടപ്പാക്കുന്നത്.
പാവപ്പെട്ട കുടുംബങ്ങളിലുള്ളവർക്ക് നഴ്‌സറിമുതൽ ബിരുദാനന്തരബിരുദ പഠനംവരെ നടത്താൻ ദേവസ്വം സഹായിക്കും. വിവാഹത്തിന് സഹായധനത്തിനൊപ്പം മറ്റു സൗകര്യങ്ങളും സൗജന്യമായി നൽകും. കോവിഡ്കാലത്ത് ഒന്നരക്കോടി രൂപയുടെ സഹായധനമാണ് ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്തത്. ഭവനനിർമാണ പദ്ധതിയും ദേവസ്വം നടപ്പാക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭവനപദ്ധതിയിൽനിന്ന് സാങ്കേതിക കാരണങ്ങളാൽ സഹായം കിട്ടാത്ത ഏഴു പാവപ്പെട്ടവർക്ക് വീടും നിർമിച്ചു നൽകി. ബാങ്കുകളുടെ പ്രവർത്തനം സജീവമാകുംമുൻപ് കണിച്ചുകുളങ്ങരക്കാർക്ക് വായ്പ നൽകിയിരുന്നതും ക്ഷേത്രത്തിൽനിന്നാണ്.
ക്ഷേത്രവരുമാനം പാവപ്പെട്ടവർക്കെന്ന് വെള്ളാപ്പള്ളി
ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനം നിർധനരെ സഹായിക്കാൻ പ്രയോജനപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആരാധനാലയങ്ങൾ സമ്പത്ത് സംഭരിക്കേണ്ട സ്ഥലമല്ല. അതെല്ലാം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നതാണ് ഈശ്വരനിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group